രാജൻ കേസ്അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാരവും മറ്റു സംഭവങ്ങളുമാണ് രാജൻ കേസ് എന്നറിയപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ ഭീകരതയുടെ പ്രതീകമായി രാജൻ കേസ് പലപ്പോഴും ഓർമ്മിക്കപ്പെടാറുണ്ട്. കോഴിക്കോട് റീജിയണൽ എഞ്ചിനീറിങ് കോളേജിലെ (ഇന്നത്തെ എൻ.ഐ.റ്റി) വിദ്യാർത്ഥിയായിരുന്ന പി. രാജൻ വാരിയരെ പോലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. അടിയന്തരാവസ്ഥ കഴിഞ്ഞു ആദ്യമായി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നു. നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ കൊല്ലപ്പെട്ടുവന്ന് പോലീസ് പിന്നീട് സമ്മതിച്ചു[1]. അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മന്ത്രിസഭയൊഴിയേണ്ടി വന്നു. രാജൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്നു കോടതി കണ്ടെത്തിയെങ്കിലും, കുറ്റക്കാർക്കെതിരെ തെളിവില്ലായിരുന്നതിനാൽ ശിക്ഷ അപ്പീലിൽ ഒഴിവാക്കപ്പെട്ടു. പശ്ചാത്തലംഅടിയന്തരാവസ്ഥക്കാലത്ത് പൗരന്മാർക്കുള്ള അവകാശങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പൊതുവേ ഇന്ത്യയിൽ പോലീസ് രാജ് നടപ്പിലാകുകയുണ്ടായി[1]. നക്സലുകളെ പിടികൂടുക എന്ന പ്രധാന ഉദ്ദേശത്തോടെ രണ്ട് പോലീസ് ക്യാമ്പുകൾ അക്കാലത്ത് കേരളത്തിൽ തുറന്നിരുന്നു. കക്കയം, ശാസ്തമംഗലം എന്നിവിടങ്ങളിലായിരുന്നു അവ. കക്കയം ക്യാമ്പിൽ മലബാർ സ്പെഷ്യൽ പോലീസിനെയായിരുന്നു പ്രധാനമായും വിന്യസിച്ചിരുന്നത്. കേരളത്തിലെ പ്രധാന നക്സലാക്രമണങ്ങളിൽ പലതും പോലീസ് സ്റ്റേഷനുകൾക്കെതിരായിരുന്നതും, നക്സലുകളെയും നക്സലുകളെന്നു സംശയിക്കുന്നവരെയും ശത്രുതാമനോഭാവത്തോടെ കാണാൻ പോലീസിനെ പ്രേരിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയെ തുടർന്ന് ഭരണകൂടത്തിന്റെ നിർലോഭ പിന്തുണയും ഇക്കാര്യത്തിൽ പോലീസിനു ലഭിച്ചിരുന്നു. രാജനെ കസ്റ്റഡിയിലെടുക്കൽകോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു രാജൻ. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞു വന്ന പോലീസ്, ഒരു കലാലയ മത്സരം കഴിഞ്ഞ് ഹോസ്റ്റലിലെത്തി സംഘം ചേർന്നിരുന്ന വിദ്യാർത്ഥികളോട് ആരാണ് രാജൻ എന്നു ചോദിക്കുകയും, താനാണ് രാജനെന്ന് പറഞ്ഞതിനെത്തുടർന്ന് രാജനെ കൊണ്ടുപോവുകയുമായിരുന്നു.(രാജൻ നക്സൽ ആയിരുന്നു എന്ന് പ്രമുഖ നക്സൽ നേതാവ് മുരളി കണ്ണമ്പിള്ളി കൗമുദി ടിവിയുടെ സ്ട്രൈറ്റ് ലൈൻ എന്ന അഭിമുഖത്തിൽ വെളിപ്പെടുത്തി) എന്നാൽ കരുണാകരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ കരുണാകരനെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്. 1976 മാർച്ച് ഒന്നിന്[2] പുലർച്ചെ 6:30-നു[3] ആയിരുന്നു രാജനെ പോലീസ് കസ്റ്റഡിയിലെടുത്തത് . കക്കയം പോലീസ് ക്യാമ്പിലേക്കായിരുന്നു രാജനെ കൊണ്ടുപോയിരുന്നത്. ഡി.ഐ.ജി. ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു. രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ വ്യാപാരസ്ഥാപനമായിരുന്ന പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോൾ ചാലിയുടെ മകൻ, ജോസഫ് ചാലിയേയും, പോലീസ് എഞ്ചിനീയറിങ് കോളേജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കൊണ്ടുപോയ വിദ്യാർത്ഥികളെ കാണാൻ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൾ ആയിരുന്ന കെ.എം. ബഹാവുദ്ദീനും അദ്ധ്യാപകനായിരുന്ന കെ.കെ. അബ്ദുൾ ഗഫാറും കക്കയം ക്യാമ്പിൽ പോയിരുന്നു. ജോസഫ് ചാലിയെ ക്യാമ്പിൽ കണ്ടെന്നും, രാജനെ കണ്ടില്ലെന്നും രാജൻ ഓടിപ്പോയെന്ന് ജയറാം പടിക്കൽ പറഞ്ഞെന്നും കെ.കെ. അബ്ദുൾ ഗഫാർ പറഞ്ഞിട്ടുണ്ട്[4]. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചതിനെത്തുടർന്ന് ജോസഫ് ചാലിയെ കുഴപ്പമൊന്നും സംഭവിക്കാതെ രക്ഷപെടുത്താൻ പോൾ ചാലിക്കായി[3]. മരണംസബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദ്ദനത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്[5][6]. പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും, ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും, കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ പറഞ്ഞിട്ടുണ്ട്[5]. രാജന്റെ മൃതദേഹം പിന്നീട് പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോവുകയാണുണ്ടായത്. രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, അല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അതല്ല മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു എന്നും വാദമുണ്ട്[3]. രാജന്റെ മരണശേഷം പുലിക്കോടനെ ക്യാമ്പിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല[6]. അടിയന്തരാവസ്ഥക്കാലത്ത് പോലീസിൽ കരാർ ഡ്രൈവറായിരുന്ന ഒരാൾ പീപ്പിൾ ചാനലിനു 2014 നവംബറിൽ നൽകിയ വെളിപ്പെടുത്തലിൽ[7], മൃതപ്രായനായ രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്ത് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാവുകയും ചെയ്തിരിക്കാം എന്നാണ്[8][9]. അന്വേഷണംഅന്ന് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന, പിന്നീട് അലീഗഢ് മുസ്‌ലീം സർവ്വകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രൊ. കെ.എം. ബഹാവുദ്ദീൻ, വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് ചെയ്ത വിവരം, ഹോസ്റ്റലിന്റെ ആക്ടിങ് വാർഡനായിരുന്ന ഗണിതാധ്യാപകൻ ഡോ. മുരളീധരൻ അറിയിച്ചതിനെ തുടർന്ന്, പോലീസ് പിടിച്ചുകൊണ്ടുപോയ വിദ്യാർത്ഥികളുടെ പിതാക്കന്മാരെ യഥാസമയം വിവരമറിയിച്ചു. തുടർന്ന് ഒരു വിദ്യാർത്ഥിയെ ക്യാമ്പിൽ നിന്ന് രക്ഷപെടുത്താൻ ആ വിദ്യാർത്ഥിയുടെ പിതാവിനു കഴിഞ്ഞുവെങ്കിലും, എറണാകുളത്ത് താമസിച്ചിരുന്ന രാജന്റെ പിതാവ് ഈച്ചരവാരിയർ അന്വേഷിച്ചറിഞ്ഞ് കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അദ്ദേഹം സുഹൃത്തായിരുന്ന മുഖ്യമന്ത്രി അച്യുതമേനോനേയും സമീപിച്ചു. എന്നാൽ മേനോൻ ഈ കാര്യത്തിൽ സഹായിച്ചില്ല എന്നു വാരിയർ അദ്ദേഹം എഴുതിയ ആത്മകഥയിൽ എടുത്തു പറയുന്നുണ്ട്. "എനിക്ക് പോയി ഉടുപ്പിട്ട് പോയി പിടിക്കാൻ പറ്റില്ലെല്ലോ" എന്ന് പറഞ്ഞ് പോയതിൽ പിന്നീട് അചുതമേനോൻ ദുഃഖിച്ചതായി പിന്നീട് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു[10]. ആഭ്യന്തരമന്ത്രിയായ കരുണാകരനും, ഡി.ഐ.ജി. ആയിരുന്ന ജയറാം പടിക്കലും ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കാര്യങ്ങൾ നടത്തിയിരുന്നത്.
അടിയന്തരാവസ്ഥക്ക് ശേഷം ഈച്ചരവാരിയർ, തടങ്കലിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളെ കോടതിയിൽ ഹാജരാക്കാനുള്ള ഹേബിയസ് കോർപ്പസ് ഹർജി 1977 മാർച്ച് 25-നു[11] ഫയൽ ചെയ്തു. കോഴിക്കോട് പോലീസ് സൂപ്രണ്ട് ആയിരുന്ന ലക്ഷ്മണ, ഡി.ഐ.ജി. ജയറാം പടിക്കൽ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ, എസ്.ഐ. പുലിക്കോടൻ നാരായണൻ തുടങ്ങിയവരൊക്കെ കേസിന്റെ ഭാഗമായി. അന്ന് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന കെ.എം. ബഹാവുദ്ദീന്റെ സുസ്ഥിരമായ നിലപാടുകൾ കോടതിയെ സ്വാധീനിക്കുകയും[3], രാജന്റെ കൊലപാതകം തെളിയാൻ കാരണമാവുകയും ചെയ്തു. കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന പറഞ്ഞ സർക്കാരിന്റെ വാദം, സ്വന്തം വിദ്യാർത്ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറിൽ, കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാമ്പിൽ എത്തിയ പ്രിൻസിപ്പാളിന്റെ സാക്ഷി മൊഴിയുടെ മുന്നിൽ കോടതി തള്ളിക്കളഞ്ഞു. വിദ്യാർത്ഥികളെ പ്രിൻസിപ്പാളിനെ അറിയിക്കാതെ കസ്റ്റഡിയിലെടുത്ത വിവരം, പ്രിൻസിപ്പാൾ കോളേജ് മാനേജ്മെന്റിനേയും, വിദ്യാഭ്യാസവകുപ്പിനേയും, വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളേയും അറിയിച്ചിട്ടുണ്ടായിരുന്നു എന്നതും തെളിവായി. തുടർന്ന് രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികൾ പിന്നീട് മൊഴിമാറ്റി. രാജൻ മരിച്ചിട്ടില്ലെന്നാണ് കരുണാകരൻ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു. രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയിൽ പ്രസംഗിച്ചു. പിന്നീട്, രാജൻ മരിച്ചെന്ന് കോടതിയിൽ പറഞ്ഞു[5]. രാജന്റെ മരണം ഉറപ്പായി എങ്കിലും, പ്രതികളുടെ മർദ്ദനമേറ്റാണ് രാജൻ മരിച്ചത് എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു. എങ്കിലും കരുണാകരന് രാജിവെക്കേണ്ടതായി വന്നു. കരുണാകരൻ പൊതുവേ ഉദ്യോഗസ്ഥർ തന്നെ ഒന്നും അറിയിച്ചില്ല എന്ന നിലപാടാണ് എടുത്തിരുന്നത്. ഉദ്യോഗസ്ഥർ ആകട്ടെ എല്ലാം മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന നിലപാടാണ് എടുത്തത്. ജയറാം പടിക്കൽ ഇതിനായി കരുണാകരനെ വിളിക്കാൻ ട്രങ്ക് കോൾ ബുക്ക് ചെയ്തതിന്റെ തെളിവും വിസ്താരവേളയിൽ ഹാജരാക്കിയിരുന്നു. വർഗ്ഗീസ് വധക്കേസിൽ തടവിലായിരുന്ന അന്നത്തെ ഡി.വൈ.എസ്.പി. ലക്ഷ്മണ (അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് എസ്.പി.) തടവിലിളവ് ലഭിച്ച് പുറത്ത് വന്നപ്പോൾ, അന്വേഷണത്തിലെ അപാകത കൊണ്ടാണ് രാജന്റെ മരണം തെളിയാതെ പോയതെന്നും, രാജനെ കസ്റ്റഡിയിലെടുത്ത ശ്രീധരൻ എന്ന ഉദ്യോഗസ്ഥനെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പ്രതിയോ സാക്ഷിയോ ആക്കുകയോ ചെയ്തില്ലെന്നും, രാജൻ മരണപ്പെട്ട വിവരം അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു[12][13]. 2006 ഏപ്രിൽ 14-ന് ഈ കേസിൽ പ്രധാന കക്ഷിയായിരുന്ന പ്രൊഫ. ഈച്ചര വാരിയർ 85-മത്തെ വയസ്സിൽ അന്തരിച്ചു. രാജന്റെ അമ്മ രാധ 2000-ൽ തന്നെ മരിച്ചിരുന്നു. നാൾവഴി
നിത്യജീവിതത്തിൽരാജൻ കേസ് ഇന്നും മലയാളിസമൂഹത്തിൽ പോലീസിന്റെയോ ഭരണകൂടത്തിന്റെയോ ഭീകരത ഉയർന്നു വരുന്ന സന്ദർഭത്തിലും പൊതുവേ അടിയന്തരാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസരത്തിലും ചർച്ചാവിഷയമാകുന്നുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia