യിഷുവ്ഇസ്രയേൽ സ്ഥാപിതമാവുന്നതിന് മുൻപ് പലസ്തീനിലെ ജൂതകുടിയേറ്റക്കാരുടെ കൂട്ടത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദമാണ് യിഷുവ് ( ഹീബ്രു: ישוב). സെറ്റിൽമെന്റ് എന്നർത്ഥം വരുന്ന ഈ പദം ഇന്നും ആദ്യകാല കുടിയേറ്റക്കാരെ (1948-ന് മുൻപ്) സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു[1]. 1880-കളിൽ തന്നെ ഈ പദം ഉപയോഗിച്ചു തുടങ്ങി. 25,000 ജൂതന്മാരാണ് അക്കാലത്ത് പലസ്തീനിലുണ്ടായിരുന്നത്. 1918-ൽ ഒട്ടോമൻ ഭരണം അവസാനിച്ച്, 1920-ൽ ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീനിൽ നിലവിൽ വന്നതോടെയാണ് കുടിയേറ്റം ശക്തമായത്. 1948-ൽ ഇസ്രയേൽ രൂപീകരണസമയത്ത് ഈ സംഖ്യ 6,30,000 എന്നതിലെത്തി[2]. 1882-ൽ ആദ്യത്തെ സയണിസ്റ്റ് കുടിയേറ്റ തരംഗം ആരംഭിക്കുന്നതിന് മുൻപുള്ള ജൂതരെയും അവരുടെ പിൻതലമുറയെയും സൂചിപ്പിക്കാനായി ഓൾഡ് യിഷുവ് എന്ന് ഉപയോഗിക്കപ്പെടുന്നു. ഇവർ പൊതുവേ മതാഭിമുഖ്യമുള്ള യഹൂദരായിരുന്നു. പ്രധാനമായും ജറൂസലമിലും അനുബന്ധ പ്രദേശങ്ങളിലും ജീവിച്ചുവന്ന ഓൾഡ് യിഷുവ് ജൂതരിൽ, വളരെക്കുറച്ചുപേർ ജാഫ, ഹൈഫ, പെകീൻ, ഏക്രെ, നബ്‌ലുസ്, ഗാസ എന്നിവിടങ്ങളിലും താമസിച്ചുവന്നു. ജൂതസമൂഹത്തിന്റെ പിന്തുണയാലും സംഭാവനകളാലുമാണ് ഇവർ ഉപജീവനം നടത്തി വന്നത്[3]. സയണിസ്റ്റ് കുടിയേറ്റം ആരംഭിച്ച ശേഷം 1948 വരെ കുടിയേറിയ ജൂതരെയാണ് ന്യൂ യിഷുവ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. മതപരമായ കാരണങ്ങൾക്കുപരിയായി രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറ തേടിയാണ് സയണിസ്റ്റ് കുടിയേറ്റം രംഗത്ത് വന്നത്. വർഷങ്ങളോളം കുടിയേറ്റം ശക്തിയായി തുടരുകയും 1948-ൽ അറബ് ജനതയെ വീടുകളിൽ നിന്ന് ഓടിച്ചുകൊണ്ട് ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ കലാശിക്കുകയും ചെയ്തു. ഓൾഡ് യിഷുവ്ഒട്ടോമൻ സാമ്രാജ്യത്തിലെ തെക്ക് ഭാഗത്തായുള്ള ഓട്ടോമൻ സിറിയയിലെ ജൂത സമൂഹങ്ങളായിരുന്നു ഓൾഡ് യിഷുവ്[4]. സയണിസ്റ്റ് കുടിയേറ്റം തുടങ്ങുന്നത് വരെയും യാഥാസ്ഥിതിക ജൂതർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഗലീലിയിലെ സെഫാർദിക് വിഭാഗം, ഒട്ടോമൻ കാലത്തും മംലൂക്ക് കാലത്തും എറെറ്റ്സ് യിസ്രയേൽ പ്രദേശത്തെ മുസ്താർബി ജൂതർ എന്നിവരാണ് പലസ്തീനിലെ ആദ്യകാല യിഷുവുകൾ എന്ന് കണക്കാക്കപ്പെടുന്നു. പതിനെട്ട്-പത്തൊൻപത് നൂറ്റാണ്ടുകളിലായി യൂറോപ്പിൽ നിന്ന് അഷ്കെനാസി, ഹസിഡിക് എന്നീ വിഭാഗങ്ങൾ പലസ്തീനിലെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എത്തിയ യിഷുവ് അംഗങ്ങളാണ് മൂന്നാമത്തെ കുടിയേറ്റ തരംഗം സൃഷ്ടിച്ചത്[5]. ഓൾഡ് യിഷുവുകൾ പൊതുവെ സെഫാർദി ജൂതർ, അഷ്കനാസി ജൂതർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു[6]. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കുടിയേറ്റമാരംഭിച്ച ന്യൂ യിഷുവ് ജൂതരാണ് ഓൾഡ് യിഷുവ് എന്ന് ആദ്യമായി പ്രയോഗിക്കുന്നത് എന്ന് കാണാം. യഹൂദപാരമ്പര്യവുമായി ബന്ധപ്പെട്ട് ചരിത്രനഗരങ്ങളിൽ ഒതുങ്ങി താമസിച്ചിരുന്ന ഓൾഡ് യിഷുവുകൾ 1878-ൽ സ്ഥാപിച്ച പെറ്റാ ട്വിക്ക നഗരം പിന്നീട് ന്യൂ യിഷുവ് ജൂതർ വികസിപ്പിച്ചു. 1882-ൽ സ്ഥാപിതമായ ഹൊവൈവി സിയോണിന്റെ റിഷോൺ ലെസിയോൺ ആദ്യത്തെ ന്യൂ യിഷുവ് സെറ്റിൽമെന്റായി പരിഗണിക്കപ്പെടുന്നു. ഒട്ടോമൻ ഭരണത്തിൽഓട്ടോമൻ ഗവൺമെന്റിന് കീഴിലായിരുന്ന പലസ്തീൻ പ്രദേശത്തേക്കുള്ള ജൂത കുടിയേറ്റത്തെ അവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. തങ്ങളുടെ കുടിയേറ്റകേന്ദ്രങ്ങളുടെ നിലനിൽപ്പിനായി യിഷുവ് വിദേശസാമ്പത്തികസഹായം തേടിവന്നു. സയണിസ്റ്റ് ഓർഗനൈസേഷന് കീഴിൽ ഭൂമി ഏറ്റെടുക്കൽ, കൃഷിപരിശീലനം, നഗരവികസനം എന്നിവക്കായി 1908-ൽ പലസ്തീൻ ഓഫീസ് സ്ഥാപിക്കപ്പെട്ടു[7]. ഹീബ്രു ഭാഷാ വിദ്യാലയങ്ങൾ, ഉന്നതപഠനത്തിനായുള്ള ടെക്നിയോൺ എന്നിവ സ്ഥാപിക്കപ്പെട്ടു. കുടിയേറ്റകേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ഹാഷോമർ എന്ന സായുധസംഘം രൂപീകരിക്കപ്പെട്ടു. തൊഴിൽ സംഘടനകൾ, ആരോഗ്യ-സാംസ്കാരിക സംഘങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നവയുടെ ഏകോപനത്തിനായി ജ്യൂവിഷ് നാഷണൽ കൗൺസിൽ നിലവിൽ വന്നു. 1914 ആയപ്പോഴേക്കും ഓൾഡ് യിഷുവ് ജനസംഖ്യയെ മറികടന്ന് ന്യൂ യിഷുവ് ആധിപത്യം പുലർത്തിത്തുടങ്ങി. തങ്ങളുടെ സയണിസ്റ്റ് ലക്ഷ്യങ്ങൾ അവർ പ്രകടിപ്പിച്ചുതുടങ്ങി. ഒന്നാം ആലിയറഷ്യയിൽ നിന്ന് വംശശുദ്ധീകരണത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ജൂതരാണ് ഒന്നാം ആലിയയിലെ പ്രധാന കുടിയേറ്റക്കാർ. യെമനിൽ നിന്നുള്ള കുടിയേറ്റക്കാരും ഇതിൽ ഉൾപ്പെടുന്നു. കാൽ ലക്ഷത്തിലധികം പേരാണ് ഒന്നാം ആലിയയിൽ എത്തിയത്. ഹൊവൈവി സിയോൺ എന്ന പ്രസ്ഥാനമാണ് ഇതിനെ ഏകോപിപ്പിച്ചിരുന്നത്. അറബികളിൽ നിന്നും ഒട്ടോമൻ പ്രജകളുടെയും കയ്യിൽ നിന്ന് സാധ്യമായ രീതിയിൽ ഭൂമി വാങ്ങൽ നടത്തിക്കൂട്ടിയ ഹൊവൈവി സിയോൺ; യേശുദ് ഹമാല, റോഷ് പിന്ന, ഗെദേര, റിഷോൺ ലെസിയോൺ, നെസ് സിയോണ, റെച്ചോവോട്ട് തുടങ്ങിയ നിരവധി സെറ്റിൽമെന്റുകൾ സ്ഥാപിച്ചു. റോത്ത്ചൈൽഡ് കുടുംബമുൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഇതെല്ലാം നടന്നത്[8][9]. എലീസർ ബെൻയഹൂദ ആദ്യ ആലിയയിൽ കുടിയേറിയവ്രിൽ ഉൾപ്പെടുന്നു. ഹീബ്രു ഭാഷയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച അദ്ദേഹം നിസിം ബെച്ചാറിനൊപ്പം ഹീബ്രു വിദ്യാലയം സ്ഥാപിച്ചു. ഹീബ്രുവിൽ ആദ്യത്തെ പത്രം ആരംഭിച്ചതും അദ്ദേഹമായിരുന്നു. രണ്ടാം ആലിയരണ്ടാം ആലിയയിൽ (കുടിയേറ്റം) എത്തിയ കുടിയേറ്റക്കാർക്ക് ജോലി നൽകാൻ ഒന്നാം ആലിയയിലെത്തിയ ജൂതന്മാരിൽ സയണിസ്റ്റുകൾ നിർബന്ധം ചെലുത്തിവന്നു. കൃഷിപരിചയവും പരിചയസമ്പന്നരുമായ അറബ് തൊഴിലാളികൾക്ക് പൊതുവെ കൂലിയും കുറവായിരുന്നു. എന്നാൽ പുതിയ കുടിയേറ്റക്കാർ ശാരീരികക്ഷമത കുറഞ്ഞ ഇടത്തരക്കാരായിരുന്നു. അറബി തൊഴിലാളികളെ പുറത്താക്കി, ഇവർക്ക് കൂടിയ വേതനം നൽകണമെന്ന് സയണിസ്റ്റുകൾ ആവശ്യപ്പെട്ടത് ആദ്യ കുടിയേറ്റക്കാർക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. റഷ്യയിൽ തങ്ങൾ നേരിട്ട വിവേചനങ്ങളുടെ മറ്റൊരു രൂപമായി അറബികളോടുള്ള വിവേചനത്തെ അവർ കരുതി. അവലംബം
|
Portal di Ensiklopedia Dunia