ക്രിക്കറ്റിൽ ബൗളർ എറിയുന്ന പന്തിനെ ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തടയുകയോ അടിച്ചകറ്റുകയോ ചെയ്ത് വിക്കറ്റ് സംരക്ഷിക്കുന്ന പ്രക്രിയയെയാണ് ബാറ്റിങ്ങ്. ബാറ്റിങ്ങ് ചെയ്യുന്ന വ്യക്തിയെ ബാറ്റ്സ്മാൻ എന്നാണ് വിളിക്കുന്നത്. റൺസ് നേടുക എന്ന ക്രിക്കറ്റിലെ പ്രാഥമികമായ ആവശ്യം നിറവേറ്റുന്ന പ്രക്രിയ കൂടിയാണ് ബാറ്റിങ്ങ്. വിക്കറ്റ് സംരക്ഷിക്കുന്നതിനൊപ്പം ടീമിനുവേണ്ടി പരമാവധി റൺസ് നേടുക എന്നത് ഏതൊരു ബാറ്റ്സ്മാന്റെയും കർത്തവ്യമാണ്.
ശൈലികൾ
ഇടംകൈയ്യൻ ബാറ്റ്സ്മാന്മാർ- ഇടതുവശത്തേക്ക് ചരിഞ്ഞുനിന്ന് ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാന്മാരാണ് ഇടംകൈയ്യൻ ബാറ്റ്സ്മാന്മാർ. ഇത്തരക്കാരുടെ ഇടതുകൈക്കായിരിക്കും കൂടുതൽ പ്രഹരശേഷി ഉണ്ടാകുന്നത്. യുവ്‌രാജ് സിങ്, ആദം ഗിൽക്രിസ്റ്റ് മുതലായ കളിക്കാർ ഇടംകൈയ്യൻ ബാറ്റ്സ്മാന്മാരാണ്.
വലംകൈയ്യൻ ബാറ്റ്സ്മാന്മാർ- വലതുവശത്തേക്ക് ചരിഞ്ഞുനിന്ന് ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാന്മാരാണ് വലംകൈയ്യൻ ബാറ്റ്സ്മാന്മാർ. ഇത്തരക്കാരുടെ വലതുകൈക്കായിരിക്കും കൂടുതൽ പ്രഹരശേഷി ഉണ്ടാകുന്നത്. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി മുതലായ കളിക്കാർ വലംകൈയ്യൻ ബാറ്റ്സ്മാന്മാരാണ്.
ഷോട്ടുകൾ
വിവിധ ഷോട്ടുകൾ കളിക്കുന്നതിലൂടെയാണ് ബാറ്റ്സ്മാൻ റൺസ് നേടുകയും, തന്റെ വിക്കറ്റ് സംരക്ഷിക്കുകയും ചെയ്യുന്നത്. ബോളിന്റെ വേഗതയും, ദിശയും, തിരിവുമെല്ലാം കണക്കിലെടുത്താണ് ബാറ്റ്സ്മാൻ ഷോട്ട് തീരുമാനിക്കുന്നത്. ക്രിക്കറ്റിൽ സാധാരണയായി കണ്ടുവരുന്ന പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകൾ താഴെപ്പറയുന്നവയാണ്;
ലംബമായ ഷോട്ടുകൾ
ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ ബാറ്റിന്റെ മുഖഭാഗം ഗ്രൗണ്ടിന് ലംബമായിയാണ് വരുന്നത്.
പ്രതിരോധാത്മക ഷോട്ടുകൾ- ഫ്രണ്ട് ഫുട്ട് ഡിഫൻസ്, ബാക്ക് ഫുട്ട് ഡിഫൻസ്
ഗ്ലാൻസ് ഷോട്ടുകൾ- ലെഗ് ഗ്ലാൻസ്, ഓഫ് ഗ്ലാൻസ്
ഡ്രൈവ് ഷോട്ടുകൾ- കവർ ഡ്രൈവ്, ഓഫ് ഡ്രൈവ്, സ്ട്രെയിറ്റ് ഡ്രൈവ്, ഓൺ ഡ്രൈവ്, സ്ക്വയർ ഡ്രൈവ്
തിരശ്ചീനമായ ഷോട്ടുകൾ
ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ സാധാരണയായി ബാറ്റ് ഗ്രൗണ്ടിന് തിരശ്ചീനമായാണ് വരുന്നത്.