പന്തേനോസ്
ഗ്രീക്ക് ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും അലക്സാണ്ട്രിയൻ വേദശാസ്ത്രകേന്ദ്രത്തിലെ ആദ്യകാല പണ്ഡിതനും ആയിരുന്നു പന്തേനോസ് (ഗ്രീക്ക്: Πάνταινος; മരണം 200നടുത്ത്)[4] തത്വശാസ്ത്രജ്ഞനായ പന്തേനോസ്, അലക്സാണ്ട്രിയയിലെ പന്തേനോസ് എന്നിങ്ങനെയും ഇദ്ദേഹം അറിയപ്പെടുന്നു. ക്രൈസ്തവ വേദശാസ്ത്രകേന്ദ്രങ്ങളിലെ ഏറ്റവും പുരാതനവും ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വളർച്ചയിൽ പിൽക്കാലത്ത് നിർണ്ണായക സംഭാവന കൊടുത്തിട്ടുള്ളതുമായ അലക്സാണ്ട്രിയിലെ വേദശാസ്ത്ര കേന്ദ്രത്തിന്റെ സ്ഥാപകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവചരിത്രംറോമാ സാമ്രാജ്യത്തിലെ സിസിലി സ്വദേശിയായിരുന്നു പന്തേനോസ്. യവന തത്വചിന്തകനായ ക്സേനോയുടെ സ്റ്റോയിക് തത്വശാസ്ത്രധാരയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം. ക്രി. വ. 180മുതൽ അലക്സാണ്ട്രിയയിൽ ഒരു തത്വശാസ്ത്രൻ എന്ന നിലയിൽ ഇദ്ദേഹം പ്രസിദ്ധിയാർജ്ജിച്ചു. ക്രിസ്തുമതം സ്വീകരിച്ച ഇദ്ദേഹം അവിടെ ശക്തമായ ഒരു ക്രൈസ്തവ വേദശാസ്ത്രകേന്ദ്രം വളർന്നുവരുന്നതിനും പങ്കുവഹിച്ചു.[5] ക്രിസ്തുമതത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം താൻ പരിശീലിച്ച യവന തത്വചിന്തയുമായി അവയെ പൊരുത്തപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. അലക്സാണ്ട്രിയയിൽ അദ്ദേഹത്തിൻറെ ഏറ്റവും പ്രമുഖനായ ശിഷ്യനായിരുന്നു ക്ലമെന്റ്. അവിടത്തെ വേദശാസ്ത്ര കേന്ദ്രത്തിന്റെ തലവൻ എന്ന നിലയിൽ പന്തേനോസിന്റെ പിൻഗാമിയായി അറിയപ്പെട്ട ക്ലെമെന്റ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് 'സിസിലിക്കാരനായ തേനീച്ച' എന്നാണ്.[6][7] ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ പിൽക്കാല വികാസത്തിൽ, പ്രത്യേകിച്ച് ബൈബിളിന്റെ വ്യാഖ്യാനം, ത്രിത്വം, ക്രിസ്തുവിജ്ഞാനീയം, എന്നീ മേഖലകളിൽ, ഈ വേദശാസ്ത്ര കേന്ദ്രം വഹിച്ച പങ്ക് അദ്ദേഹത്തിൻറെ സ്വാധീനത്തിന്റെ തെളിവാണ്. ആദിമകാല ക്രിസ്തുമതത്തിൽ ജ്ഞാനവാദികളുടെ സ്വാധീനത്തിനെതിരെ അന്ത്യോഖ്യയിലെ സെറാപ്പിയോൺ നടത്തിയ ഇടപെടലുകൾക്ക് ഏറ്റവും കൂടുതൽ പിന്തുണ കൊടുത്തിരുന്നത് ഇദ്ദേഹമാണ്. ![]() ഒരു അധ്യാപകൻ എന്നതിന് പുറമേ പന്തേനോസ് ഒരു ക്രിസ്തുമത പ്രചാരകൻ കൂടിയായിരുന്നു എന്ന് കേയ്സറിയായിലെ യൗസേബിയോസ് വിവരിക്കുന്നുണ്ട്.[8] രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ അധിവസിച്ചിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തു എന്നും അവിടെവച്ച് അന്യമതങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരുമായി സംവാദത്തിൽ ഏർപ്പെട്ടു എന്നും അങ്ങനെ ക്രിസ്തുമത വിശ്വാസം അവിടെ ശക്തമാകുന്നതിന് കാരണമായി എന്നും യൗസേബിയോസിന്റെ വിവരണത്തിൽ ഉണ്ട്. അദ്ദേഹം ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ഇടയിൽ ബർത്തലോമിയോ ശ്ലീഹാ അവർക്ക് കൊടുത്ത മത്തായി ശ്ലീഹായുടെ സുവിശേഷത്തിന്റെ ഹെബ്രു ലിഖിതം കണ്ടെത്തി എന്നും അങ്ങനെയൊന്ന് അവരിൽ നിന്ന് അദ്ദേഹം ഉപഹാരമായി സ്വീകരിച്ചാണ് അലക്സാണ്ട്രിയയിലേക്ക് മടങ്ങിപ്പോയത് എന്നും യൗസേബിയോസ് കൂട്ടിച്ചേർക്കുന്നു.[9][10] സുറിയാനി ക്രൈസ്തവ സമൂഹങ്ങൾ ഇതിനോടകം ഇന്ത്യയിൽ പലഭാഗങ്ങളിൽ രൂപപ്പെട്ടിരിക്കാനും ഹെബ്രായ അല്ലെങ്കിൽ അറമായ ലിപിയിലുള്ള പുതിയ നിയമ ഭാഗങ്ങൾ അവർ ഉപയോഗിച്ചിരിക്കാനും ഉള്ള സാധ്യതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. മത്തായി ശ്ലീഹാ ഹെബ്രായ യഹൂദർക്ക് എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന പുരാതന സുവിശേഷത്തിന്റെ ഒരു പതിപ്പ് ആയിരുന്നിരിക്കാം പന്തേനോസ് ഇന്ത്യയിൽ നിന്ന് കണ്ടെത്തിയത്. മാർത്തോമാ നസ്രാണികളുടെ ഭാഷയിൽ വലിയ പരിജ്ഞാനം ഇല്ലാതിരുന്ന പന്തേനോസ്, 'മാർ തോമാ' എന്നത് 'ബർ തൊൽമായി' എന്ന് തെറ്റിദ്ധരിച്ചതാകാം എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.[11][12] ഇന്ത്യയിലെ മലബാർ തീരത്ത് സ്ഥിതി ചെയ്തിരുന്ന മുസിരിസ് എന്ന തുറമുഖത്ത് ഈജിപ്തുകാർ അക്കാലത്ത് നിത്യസന്ദർശകരായിരുന്നു.[13] ഇന്ത്യ സന്ദർശിച്ച പന്തേനോസ് അവിടുത്തെ ബ്രാഹ്മണരുടെയും തത്വചിന്തകരുടെയും ഇടയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചു എന്ന് ജെറോമും (347 – 420) രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ സ്വതന്ത്രമായി ഈ വിഷയത്തിൽ ജെറോമിന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടാവാൻ ഇടയില്ല. യൗസേബിയോസിന്റെ 'സഭാചരിത്രം' (ഹിസ്തോറിയാ എക്ക്ലേസിയാസ്തികാ) തന്നെ ആയിരിക്കാം ജെറോം ഇതിന് ആവലംബമാക്കിയത്.[14] പന്തേനോസിന്റെ നിരവധി ബൈബിൾ പ്രബോധനങ്ങൾ തന്റെ കാലത്തും പ്രചാരത്തിൽ ഉണ്ടെന്നും ജെറോം രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ പന്തേനോസിന്റെ കൃതികൾ ഒന്നുംതന്നെ ഇന്ന് അവശേഷിക്കുന്നില്ല.[15] പൊതുവേ ക്രൈസ്തവ സഭകൾ ജൂലൈ 7ാം തീയതിയാണ് പന്തേനോസിന്റെ തിരുനാൾ ആചരിക്കുന്നത്.[2][16][3] കോപ്റ്റിക് വിഭാഗക്കാരുടെ ആരാധനാക്രമത്തിലെ സിനാക്സേറിയം (അനുസ്മരണം) 'പന്തേനോസും ക്ലെമെന്റും' എന്ന് പരമാർശിക്കുന്നുണ്ട്. പോൾ 6ാമൻ മാർപ്പാപ്പ വിശുദ്ധ മർക്കോസിന്റെ തിരുശേഷിപ്പുകൾ അവർക്ക് തിരിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് പഓനി 15ന് ചേർത്തിരിക്കുന്ന രൂപത്തിലാണ് ഇത് കാണപ്പെടുന്നത്.[17][18][19] ആധുനിക പഠനങ്ങൾഅലക്സാണ്ട്രിയയിലെ ക്ലെമെന്റ്, ഒരിജെൻ എന്നിവരെ സാർവ്വത്രികതാവാദം പഠിപ്പിച്ചത് പന്തേനോസ് ആണെന്ന് യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് അമേരിക്കയിലെ ചരിത്രകാരനായ ജെ. ഡബ്ല്യു. ഹാൻസൻ വാദിക്കുന്നു (1899).[20] എന്നാൽ രക്ഷയും സ്വതന്ത്ര ഇച്ഛയും തമ്മിലുള്ള ഒരു സംഘർഷം ക്ലെമെന്റിന്റെ ആശയങ്ങളിൽ പ്രകടമാണെന്ന് വിലയിരുത്തപ്പെടുന്നതിനാലും,[21] അദ്ദേഹവും ഒരിജെനും എല്ലാ മർത്യാത്മാക്കളുടെയും സാവത്രിക അനുരഞ്ജനം വ്യക്തമായി പഠിപ്പിച്ചിട്ടില്ല എന്നതിനാലും ഹാൻസന്റെ വിശകലനത്തിന് വ്യാപക സ്വീകാര്യത ലഭിച്ചിട്ടില്ല.[22] അവലംബം
ബാഹ്യ കണ്ണികൾ
|
Portal di Ensiklopedia Dunia