ദുർഗാപൂജ
ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ അഥവാ ആദിപരാശക്തിയുടെ പ്രതീകമായി ദുർഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയിൽ ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെയും ആരാധിക്കുന്നു. ഇതാണ് നവദുർഗ്ഗ. പഞ്ചാബികൾക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്നാട്ടിൽ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്നു ദിവസം പാർവതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു. കേരളത്തിൽ ഇത് പൂജവയ്പ്പിന്റെയും വിദ്യാരംഭത്തിന്റെയും സംഗീതം, നൃത്തം തുടങ്ങിയ കലകളുടെയും ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവിൽ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങ്. ചിലയിടങ്ങളിൽ വൃശ്ചിക തൃക്കാർത്തികക്കും ദുർഗ്ഗാപൂജ നടത്താറുണ്ട്. ഐതിഹ്യംക്രൂരനായ മഹിഷാസുരൻ തപസുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകൾ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവർഷം നീണ്ടുനിന്ന മഹായുദ്ധത്തിൽ മഹിഷാസുരൻ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാർ ശിവനേയും മഹാവിഷ്ണുവിനേയും ശരണം പ്രാപിച്ചു. അവരുടെ ശരീരത്തിൽ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയിൽ പതിച്ച് ദുർഗാദേവി രൂപംകൊണ്ടു. ദേവന്മാർ ആയുധങ്ങളും ആഭരണങ്ങളും ദുർഗാദേവിക്ക് നൽകി. ഹിമവാൻ ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുർഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം.ഹിന്ദു പുരാണങ്ങൾ പ്രകാരം ദേവി പാർവ്വതിയുടെ രാജസ ഭാവം ആണ് ദേവി ദുർഗ്ഗ.
|
Portal di Ensiklopedia Dunia