തോമായുടെ സുവിശേഷം1945 ഡിസംബർ മാസം ഈജിപ്തിലെ നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരത്തിൽ ഉൾപ്പെട്ട ഒരു അപ്രാമാണിക ക്രിസ്തീയ വചന-സുവിശേഷമാണ് തോമായുടെ സുവിശേഷം. പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഭാഗങ്ങളും മറ്റൊരു യേശുശിഷ്യനായ പീലിപ്പോസിന്റേതെന്നു പറയപ്പെടുന്ന ഒരു സുവിശേഷവും ഉൾപ്പെടെ 12 വാല്യങ്ങളിലായി 52 കൃതികൾ അടങ്ങിയ ഒരു ശേഖരത്തിന്റെ ഭാഗമായാണ് ഇതു കണ്ടുകിട്ടിയത്. ക്രിസ്തീയലിഖിതങ്ങൾക്ക് ആദ്യമായി ഒരു അംഗീകൃതസംഹിത നിശ്ചയിച്ചുകൊണ്ടുള്ള സഭാപിതാവ് അലക്സാണ്ഡ്രിയയിലെ മെത്രാൻ അത്തനാസിയൂസിന്റെ ഒരു കത്ത് സൃഷ്ടിച്ച അങ്കലാപ്പിൽ കുഴിച്ചുമൂടപ്പെട്ടവയാണ് ഈ കൃതികളെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു.[൧] ![]() ഗ്രന്ഥശേഖരത്തിലെ വാല്യങ്ങളിൽ, ആധുനിക പണ്ഡിതന്മാർ രണ്ടാം വാല്യം(Codex-II) എന്നു വിളിക്കുന്ന വാല്യത്തിലെ ഏഴു കൃതികളിൽ രണ്ടാമത്തേതായ ഈ രചനയിൽ കോപ്റ്റിക് ഭാഷയിൽ, യേശുവിന്റേതായി പറയപ്പെടുന്ന 114 വചനങ്ങളാണുള്ളത്.[൨] ഈ വചനങ്ങളിൽ ഏതാണ്ട് പകുതിയോളം, കാനോനിക സുവിശേഷങ്ങളിൽ ഉള്ളവയും അവശേഷിക്കുന്നവ അവയിൽ കാണപ്പെടാത്തവയുമാണ്. യേശുശിഷ്യനായ തോമായുമായി ബന്ധപ്പെട്ട പാരമ്പര്യം ശക്തമായിരുന്ന സിറിയയിൽ ഉൽഭവിച്ചതാകാം ഈ രചന.[1]
പശ്ചാത്തലം![]() ![]() "ജീവിക്കുന്ന യേശു അരുൾചെയ്ത്, ദിദീമൂസ് യൂദാ തോമാ രേഖപ്പെടുത്തിയ വചനങ്ങൾ" എന്ന ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം.[3] കൊയ്നേ ഗ്രീക്കിലെ 'ദിദീമൂസ്' എന്ന പേരിനും അരമായയിലെ 'തോമാ' എന്ന പേരിനും 'ഇരട്ട' എന്ന ഒരേയർത്ഥമാണുള്ളത്. തോമായെക്കുറിച്ചുള്ള ഈ പരാമർശം അടിസ്ഥാനമില്ലാത്തതാണെന്നും അതിനാൽ ഈ കൃതി ആരുടേതാണെന്ന് പറയുക വയ്യെന്നും കരുതുന്ന പണ്ഡിതന്മാർ ഏറെയുണ്ട്.[4] ആദ്യകാലക്രിസ്തീയതയിലെ ജ്ഞാനവാദികളെപ്പോലെയുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനിടയിൽ ആകാം ഇതിന്റെ ഉത്ഭവം. [5] ഭൗതികലോകത്തേയും ശാരീരികമായ അസ്തിത്വത്തേയും മുഖ്യമായും തിന്മയായി കാണുന്ന ജ്ഞാനവാദവീക്ഷണം ഇതിലുടനീളമുണ്ട്. ഗൂഢമായ ദൈവികജ്ഞാനത്തിന്റെ പ്രാപ്തിയിലൂടെ ആത്മശരീരങ്ങളുടെ ദ്വന്ദഭാവത്തെ അതിജീവിച്ച് ആത്മീയമായ ഐക്യം പ്രാപിക്കാമെന്ന നിലപാടിന് ഇത് ഊന്നൽ കൊടുക്കുന്നു. ഈ അവസ്ഥയിലെത്തുന്നവർ മാനുഷികമായ പരിമിതികളെ മറികടക്കുന്നു. കൂദാശകളെക്കുറിച്ചോ, യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങളിൽ പ്രാധാനമായിരുന്ന വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ചോ ഇതിൽ ഒന്നുമില്ല. ക്രിസ്തീയപാരമ്പര്യത്തിന്റെ മുഖ്യധാരയ്ക്കു പുറത്തുള്ളതായി ഇതു പരിഗണിക്കപ്പെടാൻ ഇതാണ് കാരണം.[6] തോമായുടെ സുവിശേഷം ജ്ഞാനവാദരചന അല്ലെന്നും നാഗ് ഹമ്മദിയിലെ ജ്ഞാനവാദഗ്രന്ഥശേഖരത്തിന്റെ ഭാഗമായി കണ്ടെത്തി എന്നതൊഴികെ, ഇതിനെ ജ്ഞാനവാദരചനയായി കണക്കാക്കാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കരുതുന്നവരുണ്ട്.[7] നാഗ് ഹമ്മദി ശേഖരത്തിന്റെ തന്നെ ഭാഗമായിരുന്ന "തർക്കക്കാരനായ തോമായുടെ പുസ്തകം" എന്ന കൃതിയും "തോമായുടെ നടപടികൾ" എന്നു പേരുള്ള മറ്റൊരു രചനയും ഇതേ അപ്പസ്തോലന്റെ പേരിൽ അറിയപ്പെടുന്നതായുണ്ട്. തോമായുടെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തെ തെളിവായി പിന്തുണയ്ക്കുന്നില്ലെങ്കിലും അതിനെ തെളിവായി നിഷേധിക്കുന്നുമില്ല. ആതിനാൽ അത് ജ്ഞാനവാദത്തെ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല എന്നും വാദിക്കാം. താനാരാണെന്ന ചോദിച്ചവർക്ക് കൃത്യമായ മറുപടി നൽകാതെ, കണ്മുന്നിലുള്ളത് അവർ കാണാത്തതെന്ത് എന്ന മറുചോദ്യം ചോദിക്കുകയാണ് ഈ കൃതിയിൽ യേശു ചെയ്യുന്നത്. കാനോനിക സുവിശേഷങ്ങളിലെ യോഹന്നാൻ 12:16, ലൂക്കാ 18:34 എന്നീ ഭാഗങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പ്രതികരണം. സമാന്തരസുവിശേഷങ്ങളുടെ ആധുനിക വിശകലനത്തിൽ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളുടെ രണ്ടു പൊതുസ്രോതസ്സുകളിൽ ഒന്നായി ഊഹിക്കപ്പെടുന്ന 'Q' (Quelle - സ്രോതസ്) എന്ന രചനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തോമായുടെ സുവിശേഷത്തിന്റെ കണ്ടെത്തൽ ആക്കം കൂട്ടി. ആഖ്യാനം ഇല്ലാതെ വചനങ്ങളുടെ മാത്രം സമാഹാരമായ ഈ രചനയുടെ സ്വഭാവം പങ്കുപറ്റുന്നതായിരുന്നിരിക്കാം 'Q' എന്നു പലരും കരുതുന്നു.[8] ഉള്ളടക്കംഉള്ളടക്കത്തിലും വീക്ഷണത്തിലും "തോമായുടെ സുവിശേഷം" നാലു കാനോനിക സുവിശേഷങ്ങളിൽ നിന്നും പുതിയനിയമവുമായി ബന്ധപ്പെട്ട ഇതര സന്ദിഗ്ധരചനകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. കാനോനിക സുവിശേഷങ്ങളെപ്പോലെ, യേശുവിന്റെ ജീവിതാഖ്യാനമല്ല ഈ കൃതി; യേശുവിന്റേതായി പറയപ്പെടുന്ന അരുളപ്പാടുകളാണ് ഇതിലുള്ളത്. അവയിൽ ചിലത് ഒറ്റപ്പെട്ടു നിൽക്കുന്നതും മറ്റുള്ളവ ഹ്രസ്വമായ പ്രഭാഷണത്തിന്റേയോ അന്യാപദേശത്തിന്റേയോ ഭാഗമായുള്ളവയുമാണ്. 65-ആം വചനത്തിൽ യേശുവിന്റെ മരണത്തിന്റെ സൂചന ഉണ്ടായിരിക്കാം.[9] ഇതിലെ എങ്കിലും യേശുവിന്റെ കുരിശാരോഃഹണത്തേയോ, ഉയിർത്തെഴുന്നേല്പിനെയോ, അന്തിമവിധിയേയോ ഇതു പരാമർശിക്കുന്നില്ല; യേശുവിന്റെ മിശിഹാബോധവും ഇതിൽ കാണാനില്ല.[10][11] കാനോനിക സുവിശേഷങ്ങളുടെ വായനക്കാർക്ക് പരിചിതമായ പല വചനങ്ങളും ബിംബങ്ങളും ഉപമകളും തോമായുടെ സുവിശേഷത്തിലും കാണാം. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ, മലയിൽ പണിയപ്പെട്ട നഗരത്തിന്റെ ഉപമ, കല്യാണവിരുന്നിന്റെ ഉപമ, ദുഷ്ടരായ കാര്യസ്ഥന്മാരുടെ ഉപമ എന്നിവ ഈ കൃതിയിലും വ്യത്യസ്തരൂപത്തിലാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആകെയുള്ള 114 വചനങ്ങളിൽ പലതും ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും വ്യതിരിക്തമാണ്.[6] മാതൃകകൾഈ രചനയിലെ വചനങ്ങളുടെ വൈവിദ്ധ്യം പ്രകടമാക്കുന്ന ചില മാതൃകകൾ താഴെ കൊടുക്കുന്നു[12]
ഓക്സിറിങ്കസ് ശകലങ്ങൾതോമ്മായുടെ സുവിശേഷത്തിന്റെ എന്ന ലഭ്യമായ ഒരേയൊരു സമ്പൂർണ്ണപ്രതിയാണ് നാഗ് ഹമ്മദിയിൽ കണ്ടുകുട്ടിയത്. എങ്കിലും ആ കണ്ടെത്തലിനെ തുടർന്ന്, "തോമ്മായുടെ സുവിശേഷത്തിലെ" യേശുവചനങ്ങളിൽ ചിലത് 1898-ൽ ഈജിപ്തിലെ ഓക്സിറിങ്കസിൽ നിന്നു കിട്ടിയ ഗ്രീക്കു ഭാഷയിലുള്ള കൈയെഴുത്തുപ്രതികളിലും മറ്റുചില ആദ്യകാല ക്രിസ്തീയലിഖിതങ്ങളിലും ഉള്ളതായി തിരിച്ചറിഞ്ഞു.[13] തുടർന്ന് തോമ്മായുടെ സുവിശേഷത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ രചനാകാലം ക്രി..വ. 80-നടുത്ത്, ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായൈക്യമില്ല. നാഗ് ഹമ്മദി പുസ്തകങ്ങളുടെ തന്നെ കാലം മൂന്നോ നാലോ നൂറ്റാണ്ടുകൾ ആയിരിക്കാമെന്നു കരുതപ്പെടുന്നു. കുറിപ്പുകൾ൧ ^ "കോപ്റ്റിക് ബൈൻഡിങ്ങ്" എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഒരു രീതി ഉപയോഗിച്ച് തുന്നിക്കെട്ടിയുണ്ടാക്കി ഒരു മൺഭരണിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഗ്രന്ഥങ്ങൾ കണ്ടെത്തിയത് ഒരു കൂട്ടം കർഷകരാണ്. ഭരണി പൊട്ടിച്ച അവർ അശ്രദ്ധമായി കൈകാര്യം ചെയ്യുക മൂലം പുസ്തകങ്ങളിൽ പലതിനും ഗണ്യമായ കേടു സംഭവിച്ചു. ൨ ^ ഈ വചനങ്ങൾക്കും വചനഖണ്ഡങ്ങൾക്കും ക്രമസംഖ്യകൾ നൽകിയത് ആധുനികപണ്ഡിതന്മാരാണ്. മൂലപാഠം ആവിധം ക്രമീകരിക്കപ്പെട്ടിട്ടുള്ളതല്ല. അവലംബം
Gospel of Thomas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia