തൊഴിലാളിവർഗ സർവാധിപത്യംമാർക്സിസ്റ്റ് സാമ്പത്തിക സാമൂഹിക ചിന്താഗതിയനുസരിച്ച് തൊഴിലാളി വർഗം രാജ്യാധികാരം കൈയാളുന്ന രാഷ്ട്രീയ അവസ്ഥയെയാണ് തൊഴിലാളിവർഗ സർവാധിപത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജോസഫ് വെയ്ഡെമെയെർ രൂപപ്പെടുത്തിയ ഈ പദസഞ്ചയം പിന്നീട് 19ആം നൂറ്റാണ്ടിൽ മാർക്സും എംഗൽസും ഉപയോഗപ്പെടുത്തുകയായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രകാരം തൊഴിലാളിവർഗ സർവാധിപത്യം നേടിയെടുക്കുക എന്നതാണ് തൊഴിലാളിവർഗ വിപ്ലവത്തിലെ ആദ്യ ചുവട്.[1] കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക വീക്ഷണത്തിൽ, തൊഴിലാളിവർഗ വിപ്ലവത്തിനെ തുടർന്ന് അധികാരത്തിലേറുന്ന ഭരണകൂടത്തിന്റെ സ്വഭാവമാണ് തൊഴിലാളിവർഗ സർവാധിപത്യം. അതനുസരിച്ച്, വർഗസമരത്തിന്റെ പുതിയ രൂപങ്ങളിലേക്കുള്ള തുടർച്ചയുടെ ഭാഗമാണ് തൊഴിലാളിവർഗ സർവാധിപത്യം. അധികാരത്തിലേറുക എന്ന കേവലലക്ഷ്യത്തിലുപരിയായി അത് നിലനിർത്തുകയും, ബൂർഷ്വാ ഭരണയന്ത്രത്തെയും ബൂർഷ്വാ ബന്ധങ്ങളെയും തകർക്കുക വഴി അധികാരത്തിൽ നിന്ന് നിഷ്കാസിതരായ ബൂർഷ്വാസിയുടെ തിരിച്ചടികളെ ചെറുക്കുകയും തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ ലക്ഷ്യങ്ങളിൽപെടുന്നു [1]. സ്വഭാവംഭൂരിപക്ഷത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്ന ചൂഷക വ്യവസ്ഥിതികളായിരിക്കും ന്യൂനപക്ഷമായ ബൂർഷ്വാവർഗത്തിന്റെ കൈപ്പിടിയിലുള്ള ഭരണകൂടങ്ങൾ എന്നാണ് മാർക്സിസ്റ്റ് കാഴ്ചപാട്. നേരെ മറിച്ച്, വിപ്ലവാനന്തരമുള്ള തൊഴിലാളിവർഗ ഭരണകൂടമാകട്ടെ, പുതുതായി സ്ഥാപിക്കപ്പെട്ട സ്ഥിതിസമത്വസമൂഹത്തിന്റെ രീതികളോട് സമരസപ്പെടുവാനായി പ്രതിവിപ്ലവ സ്വഭാവമുള്ള ബൂർഷ്വാ വർഗത്തിന് മേൽ അധികാരപ്രയോഗം നടത്തുന്നതായിരിക്കും. അതായത്, അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിലുപരിയായി ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുക എന്നതായിരിക്കും. തൽഫലമായി ഭരണകൂടത്തിന്റെ തന്നെ ആവശ്യമില്ലാത്ത - ജനങ്ങൾ സ്വയം ഭരിക്കുന്ന വ്യവസ്ഥയിൽ സമൂഹം പരിണമിച്ച് എത്തുമ്പോൾ ഭരണകൂടം സ്വയം കൊഴിഞ്ഞു പോവുകയും (the state will wither away) ചെയ്യും [1]. "വർഗ്ഗസമരത്തെക്കുറിച്ചുള്ള ബോദ്ധ്യത്തെ തൊഴിലാളിവർഗ്ഗസർവാധിപത്യത്തെ സംബന്ധിച്ച ബോദ്ധ്യമായി വളർത്താൻ കഴിയുന്നവൻ മാത്രമാണ് യഥാർത്ഥ മാർക്സിസ്റ്റ്" എന്നു കരുതിയ ലെനിൻ തൊഴിലാളിവർഗ സർവാധിപത്യത്തെ "പഴയ സമൂഹത്തിലെ ശക്തികൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ, രക്തരൂക്ഷിതവും രക്തരഹിതവും, അക്രമാസക്തവും അഹിംസാത്മകവും, സായുധവും സാമ്പത്തികവും, പ്രബോധനപരവും ഭരണപരവും ആയ മാനങ്ങളുള്ള നിരന്തരമായ പോരാട്ടം" എന്നു വിശേഷിപ്പിച്ചു. [2] വിമർശനംഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റു റഷ്യയെ മുൻനിർത്തിയുള്ള വിലയിരുത്തലിൽ, തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ പ്രയോഗം അതിന്റെ സിദ്ധാന്തവുമായി എങ്ങനെ വഴിപിരിഞ്ഞുവെന്ന് വിഖ്യാതദാർശനികൻ ബെർട്രാൻഡ് റസ്സൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സോവിയറ്റു വ്യവസ്ഥയുടെ സുഹൃത്തുക്കൾക്കും, റഷ്യയിലെ കമ്മ്യൂണിസ്റ്റുകാർക്കും തൊഴിലാളിവർഗ്ഗ സർവാധിപത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത് വിപരീതസങ്കല്പങ്ങൾ ആയിരുന്നു: "ബോൾഷെവിഷത്തിന്റെ തത്ത്വവും പ്രയോഗവും" എന്ന കൃതിയിൽ റസ്സൽ ഇങ്ങനെ എഴുതി: "തൊഴിലാളികൾക്കു മാത്രം സമ്മതിദാനാവകാശം ഉണ്ടായിരിക്കുകയും നിയോജകമണ്ഡങ്ങൾ ഭൂമിശാസ്ത്രപരം മാത്രമായിരിക്കാതെ ഒരളവുവരെ തൊഴിലധിഷ്ഠിതമായിരിക്കുകയും ചെയ്യുന്ന ഒരു ജാതി പ്രാതിനിധ്യഭരണവ്യവസ്ഥയാണ് തൊഴിലാളിവർഗ സർവാധിപത്യമെന്ന് റഷ്യയുടെ സുഹൃത്തുക്കൾ കരുതുന്നു. ആ പ്രയോഗത്തിലെ "തൊഴിലാളിവർഗം" "തൊഴിലാളിവർഗം" തന്നെയാണെന്നും "സർവാധിപത്യം" മിക്കവാറും അതല്ലെന്നുമാണ് അവരുടെ വിശ്വാസം. എന്നാൽ സത്യം ഇതിനു നേർവിപരീതമാണ്. റഷ്യയിലെ കമ്മ്യൂണിസ്റ്റുകാരൻ "സർവാധിപത്യം" എന്നു പറയുമ്പോൾ അതിനു കല്പിക്കുന്നത് അക്ഷരാർത്ഥം തന്നെയാണ്. എന്നാൽ "തൊഴിലാളിവർഗം" എന്ന വാക്ക് അയാൾ ഉപയോഗിക്കുന്നത് ഒരുതരം വിരുദ്ധാർത്ഥത്തിൽ (Pickwickian sense) ആണ്. തൊഴിലാളിവർഗത്തിലെ "വർഗബോധമുള്ള" വിഭാഗം അതായത് കമ്മ്യൂണിസ്റ്റ് കക്ഷി എന്നാണ് അയാൾ അതിനു കല്പിക്കുന്ന അർത്ഥം" [3]. തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ പ്രയോഗം റഷ്യയിൽ പാർട്ടി കമ്മറ്റിയുടെയും അന്തിമമായി സ്റ്റാലിൻ എന്ന ഏകമനുഷ്യന്റെയും മാത്രം സർവാധിപത്യമായി പരിണമിച്ച കാര്യവും റസ്സൽ ചൂണ്ടിക്കാട്ടുന്നു.[4] അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia