ജിഗ്മേ ദോർജി വാങ്ചുക്
ജിഗ്മേ ദോർജി വാങ്ചുക് (2 മേയ് 1929 – 21 ജൂലൈ 1972) ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്നു. ഭൂട്ടാനും പുറം ലോകവുമായുള്ള ബന്ധം ആരംഭിച്ചതും ഭൂട്ടാൻ ജനാധിപത്യത്തിലേയ്ക്കുള്ള ആദ്യ ചുവടുകൾ വച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ജീവിതരേഖ1929-ൽ ത്രൂഫാങ് കൊട്ടാരത്തിലാണ് ഇദ്ദേഹം ജനിച്ചത്.[2] കലിമ്പോങ്ങിൽ ബ്രിട്ടീഷ് മാതൃകയിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സ്കോട്ട്‌ലാന്റിലും സ്വിറ്റ്സർലന്റിലും ഉന്നതവിദ്യാഭ്യാസം നേടി.[3] 1951-ൽ ഇദ്ദേഹം കേസാങ് ചോഡൻ വാങ്ചുക്കിനെ (ജനനം 1930) വിവാഹം കഴിച്ചു. ഇദ്ദേഹത്തിന്റെ കിരീടധാരണം പുനഖ സോങ്ങിൽ വച്ച് നടന്നത് 1952 ഒക്റ്റോബർ 27-നാണ്.[3] ആധുനിക ഭൂട്ടാന്റെ പിതാവ്1972-ൽ അവസാനിച്ച ഇദ്ദേഹത്തിന്റെ 20 വർഷ ഭരണക്കാലത്ത് ഭൂട്ടാനിലെ നിലവിലുണ്ടായിരുന്ന വ്യവസ്ഥയുടെ മാറ്റം ആരംഭിച്ചു.[4] ഭരണസംവിധാനത്തിലും സമൂഹത്തിലും ഇദ്ദേഹം ധാരാളം മാറ്റങ്ങൾ വരുത്തി. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതിനൊപ്പം ഭൂട്ടാന്റെ സുരക്ഷ ഉറപ്പുവരുത്തുവാനും ഇദ്ദേഹം ശ്രമിച്ചു. 1962-ൽ വിദേശസഹായം സ്വീകരിക്കുവാനുള്ള കൊളംബോ പ്ലാനിൽ ഭൂട്ടാൻ അംഗമായി.[5] സാമ്പത്തികവും സാങ്കേതികവുമായ സഹായത്തിന്റെ പ്രധാന സ്രോതസ്സ് ഇന്ത്യയായിരുന്നു. ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവും നശിക്കാതെ തന്നെ ആധുനികവൽക്കരണം നടത്തുന്നതിൽ ഇദ്ദേഹത്തിന്റെ ആസൂത്രണം വിജയിച്ചു.[4] ഇദ്ദേഹം ഒരു പ്രകൃതിസംരക്ഷണവാദിയായിരുന്നു. 1966-ൽ ആരംഭിച്ച മാനസ് വനസംരക്ഷണകേന്ദ്രം ഈ മേഖലയിൽ ആദ്യമുണ്ടായവയിൽ ഒന്നാണ്.[6] രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പരിഷ്കാരങ്ങൾകുടിയാന്മാരായിരുന്ന തൊഴിലാളികൾക്ക് ഇദ്ദേഹം ഭൂമിയിൽ അവകാശം അനുവദിച്ചുനൽകി.[7] അടിമകളെപ്പോലെ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് ഇദ്ദേഹം സ്വാതന്ത്ര്യം നൽകി. ഇദ്ദേഹം അധികാരമേറ്റ കാലയളവിൽ ഭൂട്ടാനിൽ രാജാവിന്റെ ഇഷ്ടപ്രകാരമായിരുന്നു ഭരണം നടന്നിരുന്നത്. 1953-ൽ പുനഖയിലെ സോങ്ങിൽ ഇദ്ദേഹം ദേശീയ ജനപ്രതിനിധി സഭ ആരംഭിച്ചു.[4] ഭുമി, മൃഗങ്ങൾ, വിവാഹം, അനന്തരാവകാശം, സ്വത്ത് എന്നിവ സംബന്ധിച്ച നിയമങ്ങൾ എഴുതപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1959-ൽ ത്രിംസുങ് ചെന്മോ എന്ന പേരിൽ പരമോന്നത നിയമം ദേശീയ അസംബ്ലി പാസാക്കി.[8] ജില്ലകളിലെല്ലാം ഇദ്ദേഹം ന്യായാധിപന്മാരെ നിയമിച്ചു. 1968-ൽ ഒരു ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. സാമ്പത്തിക രംഗത്ത് പരിഷ്കാരങ്ങൾ വരുത്തുന്നതിന് മുൻപാണ് ഭരണരംഗത്തെ ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. 1955 മുതൽ നികുതിപിരിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തി. ധാന്യമായും മറ്റും വാങ്ങിയിരുന്ന നികുതി പണമായി വാങ്ങാൻ ആരംഭിച്ചു.[7] 1963-ൽ റോയൽ ഭൂട്ടാൻ സൈന്യം നിലവിൽ വന്നു. ഉദ്യോഗസ്ഥർക്ക് ധാന്യമായും മറ്റും നൽകിയിരുന്ന ശമ്പളത്തിന് പകരം പണമായി നൽകുവാൻ ആരംഭിച്ചു. 1968-ൽ പുതിയ വകുപ്പുകൾ ആരംഭിച്ചു.[9] സംസ്കാരവും വിദ്യാഭ്യാസവുംബുദ്ധമതവുമായി ആഴത്തിലുള്ള ബന്ധമുള്ള ഭൂട്ടാനിലെ സംസ്കാരം നിലനിർത്തുന്നതിൽ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. 1967-ൽ ഭാഷയും സംസ്കാരവും പഠിക്കുവാനുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹം സ്ഥാപിച്ചു (ഷിംടോഘ റിഗ്ഷുങ് ലോബ്ദ്ര).[4] സോങ്‌ഘ ഭാഷയുടെ വ്യാകരണം വികസിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭം ഇദ്ദേഹത്തിന്റെ കാലത്താണുണ്ടായത്. പടിഞ്ഞാറൻ ഭൂട്ടാനിലും കിഴക്കൻ ഭൂട്ടാനിലും ഇദ്ദേഹം മികവിന്റെ കേന്ദ്രങ്ങളായ രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു.[4] അടിസ്ഥാനസൗകര്യ വികസനംഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, ആശയവിനിമയം എന്നീ രംഗങ്ങളിലെ വികസനം ആരംഭിച്ചത് ഇന്ത്യയുടെ സഹായത്തോടുകൂടിയാണ്. ജിഗ്മേ ദോർജി വാങ്ചുക് 1954-ൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു 1958 സെപ്റ്റംബറിൽ ഭൂട്ടാൻ സന്ദർശിച്ചു. ജിഗ്മേ ദോർജി വാങ്ചുക് രാജാവ് അതിനുശേഷം പലവട്ടം ഇന്ത്യ സന്ദർശിക്കുകയുണ്ടായി.[4] 1958-ൽ ഇന്ത്യ ഭൂട്ടാൻ സന്ദർശിച്ചശേഷമാണ് ഭൂട്ടാനിലെ അടിസ്ഥാനസൗകര്യ വികസനം ആരംഭിച്ചത്. 1959-ൽ റോഡ് നിർമ്മാണം ആരംഭിച്ചു. 1961-ലെ ആദ്യ പഞ്ചവത്സരപദ്ധതിയിൽ 177 കിലോമീറ്റർ റോഡ് നിർമ്മിക്കുവാനുള്ള ആസൂത്രണം ഉൾക്കൊള്ളിച്ചിരുന്നു. മൂന്ന് ആശുപത്രികൾ, 45 ക്ലിനിക്കുകൾ എന്നിവ ഈ പദ്ധതി പ്രകാരം നിർമിച്ചു.[4][10] 1961-ൽ തിംഫുവിൽ റോഡ് ഗതാഗതം ആരംഭിച്ചു. 1971-ൽ ഇദ്ദേഹം വാങ്ഡിഫോഡ്രാങ്, ടോങ്സ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ ഉദ്ഘാടനം ചെയ്ത സമയത്ത് ഭൂട്ടാനിലെ ഗതാഗതസംവിധാനം വളരെ മെച്ചപ്പെട്ടിരുന്നു.[4] ഭൂട്ടാനിലെ ആരോഗ്യരംഗം പൂർണ്ണമായി സൗജന്യമാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഒരു കൃഷി വകുപ്പും സ്ഥാപിക്കപ്പെട്ടു. വിദേശബന്ധങ്ങൾഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഇദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം വളർത്തുവാൻ ഇദ്ദേഹം ശ്രമിച്ചു. ഇന്ത്യ കഴിഞ്ഞ് ബംഗ്ലാദേശ് സ്വതന്ത്രരാജ്യമാണെന്ന് അംഗീകരിച്ച രണ്ടാമത്തെ രാജ്യം ഭൂട്ടാനാണ്.[4] 1971-ൽ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭൂട്ടാൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടി. ഐക്യരാഷ്ട്രസഭയിലെ 125-ആം അംഗമാണ് ഭൂട്ടാൻ.[11] സ്ഥാനപ്പേരുകൾ
ബഹുമതികൾദേശീയ ബഹുമതികൾ
വിദേശ ബഹുമതികൾ
ഇതും കാണുകഅവലംബങ്ങൾ
ബാഹ്യ അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾJigme Dorji Wangchuck എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia