രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്‌പൂർ(ഹിന്ദി: जयपुर). പിങ്ക് സിറ്റി എന്ന അപരനാമത്തിലും ജയ്പൂർ അറിയപ്പെടുന്നു. 1727-ൽ മഹാരാജാ സവാഇ ജയ് സിങ് II ആണ് ഈ നഗരം സ്ഥാപിച്ചത്.
പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ. [അവലംബം ആവശ്യമാണ്]
1727ൽ മഹാരാജ സ്വായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699മുതൽ 1744വരെയായിരുന്നു സ്വായ് ജയ് സിങിന്റെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ആമ്പർ നഗരമായിരുന്നു സ്വായ് ജയ് സിങിന്റെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം വിദ്യാധർ ഭട്ടാചാര്യ എന്നയാളുടെ മേൽനോട്ടത്തിൽ വാസ്തുശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിന്റെ നിർമ്മാണം ആരംഭിച്ചു.
പരമ്പരാഗത, ആധുനിക വ്യവസായങ്ങൾക്ക് പേരുകേട്ട നഗരമാണ് ജയ്പൂർ. സ്വർണം, വജ്രം, രത്നകല്ലുകൾ എന്നിവയുടെ കയറ്റുമതിയിൽ പേരുകേട്ട ഒരു ഏഷ്യൻ നഗരം കൂടിയാണ് ജയ്പൂർ.