ചെന്തുരുണി വന്യജീവി സങ്കേതം
![]() ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്.[2]കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക[3] എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തിൽവെച്ച് സംഗമിച്ച് കല്ലടയാറായി ഒഴുകുന്നത് കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172.403 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു[4]. 1550 മീറ്റർ ഉയരമുള്ള ആൽവർകുറിച്ചിയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.1257 ഇനം സപുഷ്പിസസ്യങ്ങളും, 62 ഇനം സസ്തനികൾ, 171 ഇനം പക്ഷികൾ, 36 ഇനം ഉരഗങ്ങൾ, 54 ഇനം ഉഭയജീവികൾ, 31 ഇനം മത്സ്യങ്ങൾ, 187 ഇനം ശലഭങ്ങൾ, 44 ഇനം തുമ്പികൾ, 40 ഇനം ഉറുമ്പുകൾ എന്നിവയെ ഇവിടെ കണ്ടു വരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും (സതേൺ ബേഡ്‌വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ ഓറിയന്റൽ ഗ്രാസ് ജുവൽ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia