അംഗദ്ഗുരു രണ്ടാമത്തെ സിഖ് ഗുരുവാണ് (31 മാർച്ച് 1504 - 28 മാർച്ച് 1552). ആദ്യനാമം ലാഹിന എന്നായിരുന്നു. മുക്തസർ ജില്ലയിൽ മാതേ ദി സരായ് എന്ന സ്ഥലത്ത് ഒരു ഖത്രികുടുംബത്തിൽ ജനിച്ചു. ഇദ്ദേഹം തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീർന്നു. നാനാക്കിന്റെ കൃതിയായ ജപ്ജി സാഹിബ് ഒരു സിക്കുകാരൻ വായിക്കുന്നതുകേട്ട് അതിൽ ആകൃഷ്ടനായ ലാഹിന, നാനാക്കിന്റെ ശിഷ്യനാകാൻ തീരുമാനിച്ചു. തന്റെ ഗുരുവിന്റെ ഏതാജ്ഞയും സസന്തോഷം അനുസരിക്കാൻ ഇദ്ദേഹം തയ്യാറായി. ഈ വിശ്വസ്തശിഷ്യന്റെ അനുസരണശീലം കണ്ട് സന്തുഷ്ടനായ ഗോരഖ്നാഥ് എന്ന സിദ്ധൻ, നാനാക്കിനോട് ഇപ്രകാരം പറഞ്ഞു: താങ്കളുടെ അംഗത്തിൽനിന്ന് ജാതനായ ആൾ നിങ്ങളുടെ (സിക്കുകാരുടെ) ഗുരുവായിത്തീരും. അന്ന് അംഗദ് എന്ന നാമം ലാഹിനയ്ക്ക് നല്കപ്പെട്ടു. മരിക്കുന്നതിനുമുമ്പ് ഗുരുനാനാക്ക് തന്റെ പിൻഗാമിയായി ഗുരു അംഗദിനെ അംഗീകരിച്ചു (1539).
ആദിഗ്രന്ഥത്തിൽ അംഗദ്ഗുരുവിന്റെ വചനങ്ങളും ഉൾപ്പെടുന്നു. ഗുരു ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തിൽ, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് ഇദ്ദേഹം അനശ്വരമാക്കി. തന്റേതായ ചില പുതിയ ആശയങ്ങളും അംഗദ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ ഗുരുമുഖി ഏർപ്പെടുത്തുകയും ചെയ്തു; ഇത് ശാരദലിപിയുടെ ഒരു വകഭേദമാണ്. 1552-ൽ അംഗദ് ഗുരു നിര്യാതനായി.