ദലീപ് സിങ്
സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്നു ദലീപ് സിങ് (ജീവിതകാലം: 1838 സെപ്റ്റംബർ 6, ലാഹോർ – 1893 ഒക്ടോബർ 22, പാരീസ്). സാമ്രാജ്യത്തിലെ ആദ്യരാജാവായിരുന്ന രഞ്ജിത് സിങ്ങിന് അദ്ദേഹത്തിന്റെ ഇളയ ഭാര്യയായ ജിന്ദൻ കൗറിൽ പിറന്ന പുത്രനായിരുന്നു ദലീപ്. രാജാവായിരുന്നെങ്കിലും സ്വതന്ത്രമായി ഭരണം നടത്താനുള്ള അവസരം ഒരിക്കലും ദലീപിന് ലഭിച്ചിരുന്നില്ല. 1843-ൽ രാജാവായിരുന്ന സഹോദരൻ ഷേർ സിങ്ങിന്റെ മരണത്തെത്തുടർന്ന് അഞ്ചാംവയസിലാണ് ദലീപ് രാജാവായത്. പ്രായപൂർത്തിയാകാത്തതിനാൽ അമ്മയായ ജിന്ദനാണ് റീജന്റായി ഭരണം നടത്തിയത്. പഞ്ചാബിൽ ബ്രിട്ടീഷ് നിയന്ത്രണമാരംഭിച്ചതിനുശേഷം 1846 ഡിസംബറിൽ നിലവിൽ വന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദൻ ഭരണത്തിൽനിന്നു പുറത്താക്കപ്പെടുകയും അവർ പിന്നീട് നാടുകടത്തപ്പെടുകയും ചെയ്തു. ദലീപിന്റെ സംരക്ഷണം ബ്രിട്ടീഷ് റെസിഡന്റിന്റെ ചുമതലയിലാകുകയും ഭരണം, റെസിഡന്റിന്റെ കീഴിലുള്ള ഭരണസമിതിയുടെ ചുമതലയിലാകുകയും ചെയ്തു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ ഫലമായി പഞ്ചാബ്, ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടതോടെ ദലീപിനെയും ബ്രിട്ടീഷുകാർ നാടുകടത്തി. ഇദ്ദേഹം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു.[1] പിന്നീട് മാതാവിൻറെ ഉപദേശം സ്വീകരിച്ച് ക്രിസ്തുമതം ഉപേക്ഷിച്ച് സ്വന്തം അസ്തിത്വമായ സിഖ് മതത്തിലേക്ക് തന്നെ മടങ്ങി. അവലംബം
|
Portal di Ensiklopedia Dunia