കലംകാരികൈകൾ കൊണ്ട് ചായം പൂശി ചിത്രങ്ങൾ വരച്ചതോ, തടിക്കട്ടകളിൽ ചായംമുക്കി അച്ചടിച്ചതോ ആയ ഒരിനം പരുത്തിതുണികളാണ് കലംകാരി (Kalamkari) .പേർഷ്യൻ ഭാഷയിൽനിന്നും കടംകൊണ്ടതാണ് കലംകാരി എന്ന വാക്ക്. പേന, കൈപ്പണി വൈദഗ്ദ്ധ്യം എന്നർത്ഥം വരുന്ന രണ്ട് പേർഷ്യൻ വാക്കുകൾ കൂടിച്ചേർന്നാണ് കലംകാരി എന്ന വാക്കുണ്ടായത്. പേര് സ്വീകരിച്ചത് പേർഷ്യൻ ഭാഷയിൽ നിന്നാണെങ്കിലും കലംകാരിയുടെ വരവ് ആന്ധ്രയിൽ നിന്നാണ്. ഇന്ത്യയിൽ രണ്ട് തരം സവിശേഷമായ കലംകാരി വിദ്യകൾ നിലവിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മച്ചിലിപട്ടണം ശൈലിയും. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രാമീണ ഗായകരുടെയും ചിത്രകാരന്മാരുടെയും ഒരു സംഘം ആന്ധ്രയിലാകെ ഹിന്ദു പുരാണകഥകൾ പാടിയും പറഞ്ഞും അലഞ്ഞുനടന്നിരുന്നുവത്രേ. പിന്നീടവർ തങ്ങളുടെ കഥകൾ പലതും പേന വെച്ച് ചിത്രങ്ങളായി വരച്ച് പ്രദർശിപ്പിക്കാൻ തുടങ്ങി. ഈ ചിത്രങ്ങളാണ് കലംകാരിയുടെ ആദ്യരൂപം. മോഹൻജൊദാരോ പ്രദേശങ്ങളിൽ നിന്ന് കലംകാരിയുടെ ആദ്യരൂപങ്ങൾ ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. മുഗൾ രാജാക്കന്മാർ ഗോൽക്കൊണ്ട, കോമണ്ഡൽ പ്രദേശങ്ങളിൽ ക്വലംകാർസ് എന്നറിയപ്പെടുന്ന ചിത്രകാരന്മാരെ ഈ കല കൂടുതൽ പരിശീലിപ്പിച്ചു. ഗോൽക്കൊണ്ട സുൽത്താന്മാർ തങ്ങളുടെ ഭരണകാലത്തും കലംകാരിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നും ആന്ധ്രാപ്രദേശിലെ വിവിധ ഗ്രാമങ്ങളിൽ ഈ കല പരിശീലിപ്പിക്കുകയും ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ശ്രീകാളഹസ്തി കലംകാരി- ഇതിൽ പേന ഉപയോഗിച്ച് കൈ കൊണ്ട് പരുത്തിതുണികളിൽ ചിത്രങ്ങൾ വരച്ച് ചായം പൂശുന്നു. പൂർണ്ണമായും കൈകളുപയോഗിച്ച് ചെയ്യുന്ന ഈ വിദ്യ ക്ഷേത്ര പരിസരങ്ങളിൽ രൂപം കൊണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു മതപരമായ താദാത്മ്യമാണുള്ളത്. രാമായണത്തിലേയും മഹാഭാരതത്തിലേയും പുരാണങ്ങളിലേയും ദേവീദേവന്മാരേയും ദൃശ്യവിഷയങ്ങളുമാണ് ശ്രീകാളഹസ്തി കലംകാരി ചിത്രീകരിക്കുന്നത്. പ്രകൃതിയിൽ നിന്നും കിട്ടുന്ന നിറങ്ങൾ മാത്രം ഉപയോഗിക്കുന്ന ഈ ഹസ്തകലയിൽ പതിനേഴ് അധികശ്രമമുള്ള ഘട്ടങ്ങളാണുള്ളത്.
അവലംബം
കൂടുതൽ അറിവിന്
പുറത്തേക്കുള്ള കണ്ണികൾKalamkari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia