ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം
ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താൻ അമീറത്തും, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുമായി 1839 മുതൽ 1842 വരെയുള്ള കാലത്ത് നടന്ന യുദ്ധമാണ് ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം എന്നറിയപ്പെടുന്നത്. മദ്ധ്യേഷ്യയിലെ ആധിപത്യത്തിനായി റഷ്യയും ബ്രിട്ടനും തമ്മിലുള്ള വൻ കളിയുടെ ഭാഗമായുള്ള ആദ്യത്തെ സംഘർഷങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചതിനു ശേഷം ബ്രിട്ടീഷുകാർക്ക് സംഭവിച്ച ആദ്യത്തെ പ്രധാനപ്പെട്ട തിരിച്ചടിയായും ഈ യുദ്ധത്തെ കണക്കാക്കുന്നു. മദ്ധ്യേഷ്യയിലെ റഷ്യൻ മുന്നേറ്റം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്ന് ഭയന്ന ബ്രിട്ടീഷുകാർ, തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണാധികാരിയെ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിക്കുകയും അതുവഴി റഷ്യൻ മുന്നേറ്റത്തിന് തടയിടുന്നതിനുമായി നടത്തിയ ശ്രമഫലമായാണ് ഈ യുദ്ധം നടന്നത്. കാബൂളിൽ നിലവിലുണ്ടായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച്, മുൻ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജയെ അധികാരത്തിലേറ്റാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ബ്രിട്ടീഷുകാർക്കൊപ്പം അവരുടെ സഖ്യകക്ഷിയായിരുന്ന സിഖുകാരും യുദ്ധത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുദ്ധത്തിൽ അവർ സജീവമായിരുന്നില്ല. 1839-ൽ നടന്ന യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കന്ദഹാറും കാബൂളും ബ്രിട്ടീഷുകാർ ദോസ്ത് മുഹമ്മദ് ഖാന്റെ ബാരക്സായ് വംശജരിൽ നിന്നും പിടിച്ചടക്കുകയും കാബൂളിൽ ഷാ ഷൂജയെ അധികാരത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടർന്ന് അഫ്ഗാനിസ്താനിൽ സൈനികകേന്ദ്രങ്ങളും മറ്റും സ്ഥാപിച്ച് ആധിപത്യം ശക്തമാക്കിയ ബ്രിട്ടീഷ് സേനക്ക്, 1841-ഓടെ തദ്ദേശീയരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവാങ്ങേണ്ടി വന്നു. മരണയാത്ര എന്നറിയപ്പെടുന്ന ഈ സേനാപിന്മാറ്റവേളയിൽ ബ്രിട്ടീഷ് സേനയിലെ എല്ലാവരും തന്നെ കൊല്ലപ്പെട്ടു. തുടർന്ന് 1842-ൽ ബ്രിട്ടീഷുകാർ പ്രതികാരാത്മകമായ ഒരു ആക്രമണം നടത്തിയെങ്കിലും ഈ വർഷം ഒക്ടോബറിൽ അഫ്ഗാനിസ്താനിൽ നിന്നും പിന്മാറി. അവസാനം, തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണകൂടം അഫ്ഗാനിസ്താനിൽ സ്ഥാപിക്കാൻ സാധ്യമല്ലെന്ന സ്ഥിതിയിൽ ദോസ്ത് മുഹമ്മദ് ഖാനെത്തന്നെ അഫ്ഗാനിസ്താനിൽ വീണ്ടും ഭരണത്തിലേറാൻ അനുവദിക്കേണ്ടി വരുകയും ചെയ്തു. പശ്ചാത്തലംപത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയുടെ സ്വാധീനം പേർഷ്യയിലും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിച്ചു. റഷ്യയുടെ മുന്നേറ്റം തടയുന്നതിനായി അഫ്ഗാനിസ്താനിൽ തങ്ങൾക്ക് നിയന്ത്രണമുള്ള ഭരണം ഉണ്ടാകേണ്ടത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. ദുറാനി സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അഫ്ഗാനികൾക്കുണ്ടായ ശക്തിക്ഷയം മുതലെടുത്ത്, 1823-ലെ നൗഷേറ യുദ്ധത്തിൽ, സിഖുകാർ, അഫ്ഗാനികളിൽ നിന്നും പെഷവാർ പിടിച്ചടക്കിയിരുന്നു. പിന്നീട് അഫ്ഗാനിസ്താനിൽ അധികാരത്തിലേറിയ ദോസ്ത് മുഹമ്മദ് ഖാൻ, 1836 മുതൽ പെഷവാർ സിഖുകാരിൽ നിന്നും തിരിച്ചുപിടിക്കാൻ ശ്രമം നടത്തി. എന്നാൽ സിഖുകാർ അക്കാലത്ത് ബ്രിട്ടീഷുകാരുടെ സഖ്യകക്ഷിയായതിനാൽ ശക്തമായ ആക്രമണങ്ങൾ പെഷവാറിലേക്ക് നടത്താൻ ദോസ്ത് മുഹമ്മദിന് സാധിച്ചില്ല.[3] ഇന്ത്യയിൽ പുതിയതായി അധികാരമേറ്റ ഗവർണർ ജനറൽ ഓക്ലന്റ് പ്രഭുവിനെ അഭിനന്ദിച്ചുകൊണ്ട് ദോസ്ത് മുഹമ്മദ് 1836-ൽ അദ്ദേഹത്തിന് ഒരു കത്തെഴുതിയിരുന്നു. സിഖുകാരെ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ഉപദേശവും ഇതിൽ ആരാഞ്ഞിരുന്നു. ഈ കത്താണ് മദ്ധ്യേഷ്യയിലേക്കുള്ള ബ്രിട്ടീഷ് നീക്കങ്ങൾക്ക് വഴിമരുന്നിട്ടത്.[4] ബ്രിട്ടീഷ് നയതന്ത്രശ്രമങ്ങൾ1837-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലന്റ് പ്രഭു, അലക്സാണ്ടർ ബർണസ് എന്ന സ്കോട്ട്ലന്റുകാരെ, കാബൂളിലേക്കയച്ചു. ഔദ്യോഗികമായി വ്യാപാരബന്ധങ്ങൾക്കു വേണ്ടിയായിരുന്നു ഈ സന്ദർശനമെങ്കിലും[൪] അഫ്ഗാനികളും സിഖുകാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതും[5] വടക്കുനിന്നുള്ള റഷ്യൻ ആക്രണങ്ങളെ തടയുക[6] എന്നതുമായി ഈ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. ചർച്ചകൾ ആദ്യമൊക്കെ നന്നായി പുരോഗമിച്ചെങ്കിലും ഓക്ലന്റ് പ്രഭുവിന്റെ ആവശ്യം പോലെ പെഷവാറിനു മേലുള്ള അവകാശവാദം കൈവിടാൻ അഫ്ഗാനികൾ തയാറയിരുന്നില്ല.[5] റഷ്യൻ-പേർഷ്യൻ മുന്നേറ്റങ്ങൾ1837 നവംബറിൽ പേർഷ്യൻ രാജാവ് മുഹമ്മദ് ഷാ ഖാജർ (ഭരണകാലം:1834-1848) റഷ്യക്കാരുടെ പിന്തുണയോടെ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്ത് ആക്രമിച്ചു. ഇക്കാലത്ത്, ഹെറാത്തിൽ ദോസ്ത് മുഹമ്മദ് ഖാന് നിയന്ത്രണമുണ്ടായിരുന്നില്ല. പകരം മുൻ ദുറാനി ഷാ ആയിരുന്നഷാ മഹ്മൂദിന്റെ പുത്രൻ കമ്രാൻ ആണ് ഇവിടെ അധികാരത്തിലിരുന്നത്. ദോസ്ത് മുഹമ്മദിന്റെ ആക്രമണം ഭയന്നിരുന്ന കമ്രാൻ സന്തോഷപൂർവ്വം ഹെറാത്ത് പേർഷ്യക്കാർക്ക് കൈമാറി. ഇതിനു ശേഷം 1837 ഡിസംബറിൽ ക്യാപ്റ്റൻ ഇവാൻ വിക്റ്റൊറോവിച്ച് വിറ്റ്കോവിച്ച് എന്ന ഒരു റഷ്യൻ ദൂതൻ കാബൂളിലെത്തി. പെഷവാറിന്റെ കാര്യത്തിൽ ബ്രിട്ടീഷുകാർക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന് ദോസ്ത് മുഹമ്മദ്, റഷ്യൻ ദൂതനെ ഉപചാരപൂർവ്വം സ്വീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിനിടെ കന്ദഹാറും പേർഷ്യക്കാർ പിടിച്ചടക്കി. കാബൂളിലെ ചർച്ചകൾ മാസങ്ങളോളം നീണ്ടു. 1838-ൽ ദോസ്ത് മുഹമ്മദ് ഖാനുമായി ധാരണയിലെത്താൻ സാധിക്കാതെ ബ്രിട്ടീഷ് ദൂതനായ ബർണസും റഷ്യൻ ദൂതനായ വിറ്റ്കോവിച്ചും മടങ്ങി. ഇതോടെ റഷ്യൻ പേർഷ്യൻ സംയുക്തമുന്നേറ്റത്തെ ഭയന്ന ബ്രിട്ടീഷുകാർ 1838 ജൂണിൽ പേർഷ്യൻ ഗൾഫിലെ ഖർഖ് ദ്വീപ് പിടീച്ചടക്കി പേർഷ്യക്കാരിൽ സമ്മർദ്ദം തീർത്തു. ഈ തന്ത്രത്തിന് ഫലമുണ്ടാകുകയും ഖാജറുകൾ അഫ്ഗാനിസ്താനിൽ തുടർന്നുള്ള മുന്നേറ്റത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.[5] ത്രികക്ഷി ഉടമ്പടിയും സിംല പ്രഖ്യാപനവുംറഷ്യൻ പേർഷ്യൻ ആക്രമണങ്ങൾക്ക് തൽക്കാലശാന്തി വന്നെങ്കിലും അഫ്ഗാനിസ്താനിൽ തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണാധികാരിയെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ഓക്ലന്റ് പ്രഭുവിന്റെ ലക്ഷ്യം. സിഖുകാരെയും ദോസ്ത് മുഹമ്മദിനെയും ഒരുമിച്ച് തങ്ങളുടെ സഖ്യത്തിൽ നിർത്താൻ കഴിയില്ലെന്ന് മനസ്സിലായതോടെ, സിഖുകാരുടെ പിന്തുണയോടെ മുൻ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷുജയെ വീണ്ടും അഫ്ഗാനിസ്താനിൽ ഭരണത്തിലേറ്റാൻ ബ്രിട്ടീഷുകാർ ശ്രമം തുടങ്ങി. ഇതിന്റെ മുന്നോടിയായി, അധികാരത്തിലെത്തിയാൽ പെഷവാറടക്കം സിന്ധുവിന് പടിഞ്ഞാറുള്ള സിഖ് നിയന്ത്രിതപ്രദേശങ്ങളിൽ അവകാശമുന്നയിക്കില്ലെന്ന ഒരു പരസ്പരധാരണയിൽ ഷാ ഷുജയും സിഖുകാരും, ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിൽ 1838 ജൂണിൽ ഒപ്പുവച്ചു. ട്രൈപാർട്ടൈറ്റ് ഉടമ്പടി (ത്രികക്ഷി ഉടമ്പടി) അഥവാ ട്രിപ്ലിക്കേറ്റ് ഉടമ്പടി എന്നെല്ലാം ഈ ഉടമ്പടി അറിയപ്പെടുന്നു. ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ അടിസ്ഥാനമായത് ഈ ഉടമ്പടിയാണ്. ഈ കരാറിന്റെ തുടർച്ചയെന്നോണം, 1838 ഒക്ടോബർ 1-ന് ഓക്ലന്റ് പ്രഭു സിംലയിൽ പുറത്തിറക്കിയ നയരേഖയിൽ ബ്രിട്ടീഷുകാരുടേയും സിഖുകാരുടേയും പ്രത്യക്ഷപിന്തുണയോടെ ഷാ ഷുജയെ വീണ്ടൂം അഫ്ഗാനിസ്താനിൽ ഭരണത്തിലേറ്റും എന്ന് പരസ്യമായി പ്രഖ്യാപിച്ചു[5]. യുദ്ധത്തിന്റെ ആദ്യഘട്ടം1838 നവംബറിൽ ബ്രിട്ടീഷുകാരുടെ വൻ സേന, പഞ്ചാബിലെ ഫിറോസ്പൂറിലെത്തി. 20,000-ത്തോളം പടയാളികളും 40,000-ത്തോളം പിന്നണീപ്രവർത്തകരും ഈ സൈന്യത്തിലുണ്ടായിരുന്നു.[5] നവംബർ 28-ന് ഫിറോസ്പൂരിൽവച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ ഓക്ലൻഡ് പ്രഭുവും സിഖ് രാജാവ് രഞ്ജിത് സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി.[7] ബ്രിട്ടീഷ് സൈന്യത്തെ തന്റെ അധീനപ്രദേശത്തുകൂടെ കടന്നുപോകാൻ രഞ്ജിത് സിങ് സമ്മതിക്കാത്തതിനെത്തുടർന്ന്[7] രണ്ട് വഴികളിലൂടെയാണ് സൈന്യം അഫ്ഗാനിസ്താനിലേക്ക് കടന്നത്. സിന്ധ് വഴി ചുറ്റിക്കറങ്ങി കന്ദഹാർ ലക്ഷ്യമാക്കിയാണ് സർ ജോൺ കീനിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം അഫ്ഗാനിസ്ഥാനിൽ കടന്നത്. ഷാ ഷൂജയും ഈ സംഘത്തിലുണ്ടായിരുന്നു. കേണൽ ഷെയ്ഖ് ബസ്സാവാന്റെ നേതൃത്വത്തിലുള്ള സിഖ് സേന പെഷവാറിൽ നിന്ന് ഖൈബർ ചുരം കടന്ന് കാബൂളിലേക്ക് നീങ്ങി. ഷാ ഷൂജയുടെ പുത്രൻ മുഹമ്മദ് തിമൂറിന്റെ സൈന്യവും ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ക്യാപ്റ്റൻ ക്ലോഡ് മാർട്ടിൻ വേഡും ഇവർക്കൊപ്പമുണ്ടായിരുന്നു. ത്രികക്ഷി ഉടമ്പടിക്ക് വിരുദ്ധമായി സിഖുകാർ അഫ്ഗാൻ യുദ്ധത്തിൽ സ്വന്തം സൈന്യത്തെ സജീവമായി[8] പങ്കെടുപ്പിച്ചില്ല. ഷാ ഷൂജ അധികാരത്തിലെത്തിയതിനു ശേഷം പെഷവാർ കൈയടക്കാൻ ശ്രമിച്ചാലോ എന്ന ഭയമായിരുന്നു ഇതിനു കാരണം.[5]. കന്ദഹാറും കാബൂളും പിടിച്ചടക്കുന്നു1838 ഡിസംബർ 10-ന് ബ്രിട്ടീഷ് സൈന്യം ഫിറോസ്‌പൂരിൽ നിന്നും സിന്ധ് വഴി കന്ദഹാറിലേക്ക് നീങ്ങാനാരംഭിച്ചു. 1839 മാർച്ച് 26-ന് ബോലൻ ചുരം കടന്ന് ഇവർ ക്വെത്തയിലെത്തി. ഏപ്രിൽ 25-ന് സൈന്യം കന്ദഹാറിൽ പ്രവേശിച്ചു. ഇതോടെ കന്ദഹാർ നിയന്ത്രിച്ചിരുന്ന ദോസ്ത് മുഹമ്മദിന്റെ സഹോദരന്മാർ പടിഞ്ഞാറോട്ട് പലായനം ചെയ്തു. ഏകദേശം 2 മാസക്കാലം കന്ദഹാറിൽ തങ്ങിയ സൈന്യം 1839 ജൂൺ 27-ന് കാബൂളിലേക്ക് നീങ്ങി. ജൂലൈ 23-ന് ബ്രിട്ടീഷ് സൈന്യം ഗസ്നി പിടിച്ചു. ദോസ്ത് മുഹമ്മദ് ഖാന്റെ മക്കളിലൊരാളായിരുന്ന ഗുലാം ഹൈദർ ഖാനെയായിരുന്നു ഇവിടെ ബ്രിട്ടീഷ് പടക്ക് നേരിടേണ്ടി വന്നത്. 1839 ഓഗസ്റ്റ് 7-ആം തിയതി കാബൂളിൽ കടന്ന ബ്രിട്ടീഷ് പട, ഷാ ഷൂജയെ കാബൂളിലെ ഭരണാധികാരിയായി വാഴിച്ചു. കാബൂളിൽ നിന്നും രക്ഷപെട്ട അമീർ ദോസ്ത് മുഹമ്മദ് ഖാനും രണ്ടു പുത്രന്മാരും, ബുഖാറയിലെ അമീർ, നാസർ അള്ളായുടെ സമീപം അഭയം തേടി. 1840-ൽ ദോസ്ത് മുഹമ്മദ് തിരിച്ചെത്തി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തെങ്കിലും പരാജയപ്പെടുകയും ബ്രിട്ടീഷുകാർക്കു മുൻപാകെ കീഴടങ്ങുകയും ചെയ്തു[5] അഫ്ഗാനിസ്താനിലെ സൈനികാക്രമണം വൻവിജയമെന്നാണ് ബ്രിട്ടീഷുകാർ തുടക്കത്തിൽ വിലയിരുത്തിയത്. ഈ പദ്ധതിയുടെ പ്രോത്സാഹകനായിരുന്ന ആയിരുന്ന വില്ല്യം ഹേ മക്നാട്ടന് ബാരനറ്റ് പദവി നൽകുകയും കാബൂളിലെ രാഷ്ട്രീയപ്രതിനിധിയായി നിയമിക്കുകയും ചെയ്തു. ഗവർണർ ജനറലായിരുന്ന ഓക്ലൻഡിന് ഏൾ പദവിയും ലഭിച്ചു.[7] അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ആധിപത്യംപുരാതന ഖോറസ്മിയയിലെ ഖീവ പിടിച്ചടക്കുന്നതിൽ റഷ്യക്കാർ പരാജയപ്പെട്ട് പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് നിയന്ത്രണം ശക്തിപ്പെട്ടു. കാബൂളിൽ ബ്രിട്ടീഷുകാർ ഒരു സൈനികത്താവളം തന്നെ പണികഴിപ്പിച്ചു. ബാമിയാൻ ചാരികാർ,ഖ്വലാത് ഇ ഗിത്സായ്, കന്ദഹാർ, ജലാലാബാദ് എന്നിവിടങ്ങളിലും സൈനികകേന്ദ്രങ്ങൾ സ്ഥാപിച്ചു. ദോസ്ത് മുഹമ്മദിനെ പരാജയപ്പെടുത്താൻ സാധിക്കുകയും ചെയ്തതോടെ, 1840 വരെ അഫ്ഗാനിസ്താനിൽ ബ്രിട്ടീഷുകാർക്ക് വിജയത്തിന്റെ കാലമായിരുന്നു എന്നു പറയാം.[5]. ബ്രിട്ടീഷ് ആധിപത്യം ക്ഷയിക്കുന്നു1841-ൽ അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ശക്തിക്ക് ക്ഷയം സംഭവിച്ചുതുടങ്ങി. അഫ്ഗാനികൾക്ക് വിവിധ മേഖലകളിൽ കരം ചുമത്താനുള്ള ബ്രിട്ടീഷ് തീരുമാനം, രാജ്യത്തെ വൻതോതിലുള്ള വിദേശസൈനികസാന്നിധ്യം തുടങ്ങിയ കാരണങ്ങൾ മൂലം തദ്ദേശീയരിൽ എതിർപ്പ് ഉടലെടുക്കുന്നതിന് കാരണമായി.[5] ബ്രിട്ടീഷുകാർ കരുതിയപോലെ, ഷാ ഷൂജക്ക് കാബൂളിൽ ജനപിന്തുണ നേടാനുമായില്ല.[7] ഇതിനു പുറമേ ബ്രിട്ടീഷുകാരെ അഫ്ഗാനിസ്താനിൽ നിന്നും തുരത്തുന്നതിന് ഹെറാത്തിലെ മഹ്മൂദ് ഷായുടെ പുത്രനായിരുന്ന കമ്രാനും, അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന യാർ മുഹമ്മദും പേർഷ്യക്കാരുടെ സഹായം തേടി. ഹെറാത്തികളെ അനുനയിപ്പിക്കാൻ ബ്രിട്ടീഷുകാർ ഒരു ശ്രമം നടത്തിയെങ്കിലും ഇതിൽ വിജയിക്കാതെ 1841-ൽ ബ്രിട്ടീഷ് പ്രതിനിധി മേജർ ഡി ആർക്കിടോഡ് ഹെറാത്തിൽ നിന്നും തിരികെപ്പോന്നു. 1841-ൽ ബ്രിട്ടീഷ് സൈന്യാധിപനായിരുന്ന ജനറൽ കോട്ടണ് പകരമെത്തിയ 60 വയസുകാരൻ മേജർ ജനറൽ വില്യം എൽഫിൻസ്റ്റോണിന്റെ കാര്യപ്രാപ്തിക്കുറവും അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ശക്തിക്ക് മങ്ങലേൽക്കുന്നതിൽ നിർണായകഘടകമായി. 1841 ഓഗസ്റ്റിൽ, തന്നെ കർത്തവ്യങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് ഇദ്ദേഹം ഇന്ത്യയിലെ തന്റെ മേലുദ്യോഗസ്ഥർക്ക് എഴുതിയിരുന്നു. മാസങ്ങൾക്കു ശേഷമാണ് ഇതിന്റെ അനുമതി വന്നത്. അതുവരെ തന്റെ ചുമതലകളിൽ വലിയ ശ്രദ്ധപുലർത്താതെ ഇന്ത്യയിലേക്ക് തിരിക്കാനായി എൽഫിൻസ്റ്റോൺ കാത്തിരിക്കുകയായിരുന്നു.[5] ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾ1841 സമയത്ത്, കാബൂളിനും പെഷവാറിനും ഇടയിലുള്ള പാതയിൽ പഷ്തൂണുകൾ വീണ്ടും ശക്തിപ്രാപിക്കുകയും കാബൂളിൽ ബ്രിട്ടീഷ് വിരുദ്ധർ ശക്തിയാർജ്ജിക്കുകയും ചെയ്തു. അഫ്ഗാനികളുടെ ഒളിപ്പോരിൽ ബ്രിട്ടീഷ് പട്ടാളം പൊറുതിമുട്ടി. 1841 നവംബർ 2-ന് കാബൂളിലെ നിയുക്ത റെസിഡന്റ് ആയിരുന്ന അലക്സാണ്ടർ ബർണസിനേയും, സഹോദരൻ ചാൾസ് ബർണസിനേയും ഒരു കൂട്ടം പ്രക്ഷോഭകാരികൾ നഗരമദ്ധ്യത്തിൽ വച്ച് വധിച്ചു. ബ്രിട്ടീഷുകാർക്കു കീഴിൽ പാവഭരണം നടത്തുന്ന ഷാ ഷൂജയുടെ നടപടികളിൽ കുപിതരായ അദ്ദേഹത്തിന്റെ മുൻകാല അനുയായികളാണ് ഈ അക്രമത്തിന് നേതൃത്വം നൽകിയതെന്നുകരുതുന്നു. ഈ നടപടിക്കെതിരെ ബ്രിട്ടീഷ് സേന പ്രതികരിക്കാതിരുന്നത്, ബ്രിട്ടീഷ് വിരുദ്ധരായ അഫ്ഗാനികളിൽ ആത്മവിശ്വാസമുണർത്തി. 1841-ൽ നവംബർ 25-ന് ദോസ്ത് മുഹമ്മദ് ഖാന്റെ പുത്രന്മാരിലൊരാളായ മുഹമ്മദ് അക്ബർ ഖാൻ ബുഖാറയിൽ നിന്ന് കാബൂളിൽ തിരിച്ചെത്തി ബ്രിട്ടീഷ് വിരുദ്ധരുടെ കൂട്ടത്തിൽ ചേർന്ന് തന്റെ സ്ഥാനമുറപ്പിക്കുകയുംചെയ്തു. തദ്ദേശീയരിൽ നിന്നുള്ള ശക്തമായ എതിർപ്പുമൂലം അഫ്ഗാനിസ്താനിൽ നിന്നും, ബ്രിട്ടീഷ് സൈന്യം പിന്മാറാനുള്ള ഒരു ധാരണാപത്രം 1841 ഡിസംബർ 11-ന് അഫ്ഗാനികളും ബ്രിട്ടീഷുകാരും തമ്മിൽ ഒപ്പുവച്ചു. എന്നാൽ ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തോടെ ഷാ ഷുജയുടേയും അതുവഴി സാദോസായ് വംശത്തിന്റേയും അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന ചില അഫ്ഗാനികൾ ബ്രിട്ടീഷ് പിന്മാറ്റത്തെ പിന്തുണച്ചിരുന്നില്ല. ദോസ്ത് മുഹമ്മദും മക്കളും വീണ്ടൂം അധികാരത്തിലെത്തുന്നതിൽ എല്ലാ അഫ്ഗാനികൾക്കും ഏകാഭിപ്രായമുണ്ടയിരുന്നില്ല. അഫ്ഗാനികൾക്കിടയിലെ ഈ ഭിന്നത ബ്രിട്ടീഷുകാർ മുതലെടുക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയം കണ്ടില്ല. ബ്രിട്ടീഷുകാരുടെ പദ്ധതി മനസ്സിലാക്കി അക്ബർ ഖാൻ, 1841 ഡിസംബർ 23-ന് കാബൂൾ സൈനികത്താവളത്തിന് പുറത്ത് വച്ച് അഫ്ഗാനികളുടേയ്യും ബ്രിട്ടീഷുകാരുടേയും ഒരു യോഗത്തിൽ രാഷ്ട്രീയപ്രതിനിധിയായിരുന്ന മക്നാട്ടനെയും മറ്റു ചിലരേയും കൊലപ്പെടുത്തി.[5] ബ്രിഗേഡിയർ വൈൽഡിന്റെ നേതൃത്വത്തിൽ പെഷവാറിൽ നിന്നും സഹായമെത്തിക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളും പരാജയപ്പെട്ടു. കടുത്ത തണുപ്പ് അതിജീവിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ സേനാംഗങ്ങൾക്ക് സാധിക്കാതിരുന്നതും, സിഖുകാരുടെ നിസ്സഹകരണവും ഇതിന്റെ കാരണങ്ങളായിരുന്നു.[7] കാബൂളിൽ നിന്നുള്ള ബ്രിട്ടീഷ് സേനാപിന്മാറ്റം (മരണയാത്ര)1842 ജനുവരി 1-ന് അഫ്ഗാനികളും ബ്രിട്ടീഷുകാരും തമ്മിൽ സേനാപിന്മാറ്റത്തിനായി ഒരു പുതിയ ധാരണയിലെത്തി. ഇതനുസരിച്ച് 1842 ജനുവരി 6-ആം തിയതി ഏതാണ് 16,500 പേരടങ്ങുന്ന ബ്രിട്ടീഷ് പട അഫ്ഗാനിസ്താനിൽ നിന്നും പിന്മാറ്റം തുടങ്ങി. സുരക്ഷിതമായ പിന്മാറ്റത്തിന് അവസരമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത അഫ്ഗാൻ നേതാക്കളുടെ പിന്തുണയോടു കൂടിയും അല്ലാതെയും ബ്രിട്ടീഷ് സേനക്കുമേൽ നാലുപാടു നിന്നും ആക്രമണം നടന്നു. മരണയാത്ര എന്നാണ് ഈ സേനാപിന്മാറ്റം അറിയപ്പെടുന്നത്. നിരവധി ബ്രിട്ടീഷ് സൈനികർ കീഴടങ്ങുകയും ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു. ബന്ദികളിൽ ജനറൽ എൽഫിൻസ്റ്റോണും ഉൾപ്പെട്ടിരുന്നു. ഏപ്രിൽ 23-ന് മരണമടഞ്ഞ ഇദ്ദേഹത്തെ ജലാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്. ജലാലാബാദിന് 45 കിലോമീറ്റർ തെക്കുപടിഞ്ഞാറായുള്ള ഗന്ദാമാകിൽ വച്ച് അവസാന ആക്രമണം ഉണ്ടാകുകയും ഇതിൽ അവശേഷിച്ച ബ്രിട്ടീഷ് പടയാളികളും കൊല്ലപ്പെട്ടു. ഈ യാത്രയിൽ ആകെ രക്ഷപ്പെട്ടത് ഡോക്ടർ ഡബ്ല്യു ബ്രൈഡോൺ ആയിരുന്നു. ജനുവരി 13-ന് ഇദ്ദേഹം ജലാലാബാദിലെത്തി. അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് പരാജയം ഇന്ത്യയിലെ ഗവർണർ ജനറലായിരുന്ന ഓക്ലന്റ് പ്രഭുവിനെ സ്ഥാനഭ്രഷ്ടനാക്കി. പകരം എല്ലൻബറോ പ്രഭു ഇന്ത്യയിലെ ഗവർണർ ജനറൽ ആയി. മാർച്ച് 10-ന് അഫ്ഗാനികൾ ഗസ്നിയും ബ്രിട്ടീഷുകാരിൽ നിന്നും കരസ്ഥമാക്കി. അപ്പോഴും ഖലാത് ഇ ഗിത്സായും കന്ദഹാറും ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്നു. ഇതിനിടെ കാബൂളിലെ അഫ്ഗാനികൾ ജലാലാബാദിലെ ബ്രിട്ടീഷ് സൈനികകേന്ദ്രത്തിലേക്ക് പടനയിക്കാൻ ഷാ ഷുജയെ നിർബന്ധിതനാക്കി. എന്നാൽ ഇതിൽ തോറ്റോടിയ ഇദ്ദേഹം കാബൂളിലെ ബാലാ ഹിസാറിന് സമീപത്ത് വച്ച് കൊല്ലപ്പെട്ടു.[5] ബ്രിട്ടീഷുകാരുടെ പ്രതികാരംസേനാപിന്മാറ്റത്തിലെ വൻതിരിച്ചടിക്കുശേഷം ബ്രിട്ടീഷുകാർ പ്രതികാരം ചെയ്യാനൊരുങ്ങി. അഫ്ഗാനിസ്താനിൽ കുടുങ്ങിപ്പോയതും തടവിലായതുമായ ബ്രിട്ടീഷ് സേനാംഗങ്ങളെ രക്ഷപ്പെടുത്തലും ഈ സൈനികനടപടിയുടെ ലക്ഷ്യങ്ങളായിരുന്നു. മേജർ ജനറൽ പൊള്ളോക്കിന്റെ നേതൃത്വത്തിൽ ഒരു സൈന്യം പെഷവാറിൽ നിന്ന് പുറപ്പെട്ട് 1842 ഏപ്രിൽ 5-ന് ഖൈബർ ചുരം കടന്നു. ബ്രിട്ടീഷ് സൈനികർ കുടുങ്ങിക്കിടന്നിരുന്ന അലി മസ്ജിദ് പിറ്റേന്നുതന്നെ പൊള്ളോക്ക് മോചിപ്പിച്ചു.[7] ഏപ്രിൽ 18-ന് ജലാലാബാദിലെത്തി. ഇത്തവണ ബ്രിട്ടീഷുകാർക്ക് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നില്ല. ഷാ ഷുജയുടെ മകനായിരുന്ന ഫത് ജംഗ് മാത്രമായിരുന്നു പറയത്തക്ക എതിരാളിയായിരുന്നത്. അഫ്ഗാനികളിലെ പോപൽസായ് വിഭാഗക്കാർ ഇയാളെ പിന്തുണച്ചിരുന്നെങ്കിലും ബാരക്സായ്കളുടെ പിന്തുണ ഇയാൾക്കുണ്ടായിരുന്നില്ല.[5] ബ്രിട്ടീഷുകാർക്ക് ജമ്മുവിൽനിന്നുള്ള രാജ ഗുലാബ് സിങ്, പെഷവാറിലെ സിഖ് പ്രതിനിധിഭരണാധികാരിയായിരുന്ന അവിറ്റബൈൽ, മഹ്താബ സിങ് എന്നിവരുടെ സഹായവും ലഭ്യമായിരുന്നു. ഇവർ പൊള്ളോക്ക് മുന്നേറിപ്പോയ ഇടങ്ങളിൽ കാവലുറപ്പിക്കലും പ്രധാനസേനക്ക് പിന്നിൽനിന്നുള്ള പിന്തുണയുമാണ് നൽകിയിരുന്നത്. സേനാമുന്നേറ്റം തുടരുന്നതിനിടയിൽ അഫ്ഗാനിസ്ഥാനിൽ നിന്നും പരിപൂർണ്ണമായി പിൻവാങ്ങുന്നതിന്, ബ്രിട്ടീഷ് സർക്കാർ നിർദ്ദേശിച്ചു. എന്നാൽ കാബൂളിലേക്ക് ആക്രമണം നടത്തി തടവുകാരെ മോചിപ്പിക്കണം എന്നായിരുന്നു പൊള്ളോക്കിന്റെ പക്ഷം. അന്നത്തെ ഗവർണർ ജനറലായിരുന്ന എല്ലൻബറോ പ്രഭു ഇത് അംഗീകരിച്ചു. 1842 ഓഗസ്റ്റിൽ പൊള്ളോക്കിന്റെ സൈന്യം കാബൂൾ ലക്ഷ്യമാക്കി നീങ്ങി. ഓഗസ്റ്റ് 30-ന് ഹെൻറി ലോറൻസിന്റെ നേതൃത്വത്തിൽ പിന്നണിയിലുണ്ടായിരുന്ന സിഖ് സൈന്യവും ഇവരോടൊപ്പം ചേരുകയും കാര്യമായ പോരാട്ടങ്ങൾക്കു ശേഷം സെപ്റ്റംബർ 16-ന് കാബൂളിൽക്കടക്കുകയും ചെയ്തു.[7] മൊത്തത്തിൽ 20000-ത്തോളം സൈനികർ പൊള്ളോക്കിന്റെ കീഴിലുണ്ടായിരുന്നു.[5] സമാന്തരമായി 1842 ഓഗസ്റ്റിൽ ജനറൽ നോട്ടിന്റെ നേതൃത്വത്തിൽ 6000 പേരടങ്ങുന്ന ഒരു സൈന്യം കന്ദഹാറിൽ നിന്ന് കാബൂൾ ലക്ഷ്യമാക്കി നീങ്ങി. ഓഗസ്റ്റ് 28-നും 31-നും ഇടയിൽ ഇവർ മുഖ്ഖറിൽ വച്ച് അഫ്ഗാനികളുമായി ഒരു യുദ്ധപരമ്പര തന്നെ നടത്തി. സെപ്റ്റംബർ മാസം ഇവർ ഗസ്നി പിടിച്ചടക്കി. ഗവർണർ ജനറൽ, എല്ലൻബറോ പ്രഭുവിന്റെ നിർദ്ദേശപ്രകാരം, ഗസ്നിയിലെ മഹ്മൂദിന്റെ ശവകുടീരത്തിന്റെ വാതിലുകൾ ഇളക്കിമാറ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നു[൧][൨][൩] സെപ്റ്റംബർ 19-ന് ജനറൽ നോട്ട്, കാബൂളിലെത്തി. കുറച്ചുദിവസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാർ കാബൂൾ നഗരം കൊള്ളയടിച്ചു. നിരവധി അഫ്ഗാനികളെ വധിച്ചു. ഇതിനു ശേഷം ഒക്ടോബർ 12-ന് ബ്രിട്ടീഷുകാർ കാബൂളിൽ നിന്നും പിന്മാറി. ഇതോടൊപ്പം ഫത് ജംഗിനേയും അയാളുടെ വലിയച്ഛനും മുൻ ഷായുമായിരുന്ന അന്ധനായ സമാൻ ഷായേയും ഇന്ത്യയിലേക്ക് കൊണ്ടു പോയി. ഫത് ജംഗിന്റെ ഇളയ സഹോദരൻ ഷാപുറിനെ കാബൂളിന്റെ ഭരണാധികാരിയാക്കുകയും ചെയ്തു. എന്നാൽ ദോസ്ത് മുഹമ്മദിന്റെ പുത്രനായ മുഹമ്മദ് അക്ബർ ഖാൻ, ഷാപൂറിനെ പുറത്താക്കി അധികാരത്തിലേറുകയും ഷാപൂറിനെ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു.[5] 1843 മാർച്ചിൽ ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്താനിൽ നിന്നും പിൻമാറി.[7] പരിസമാപ്തിതങ്ങളുടെ പരാജയങ്ങൾക്കു ശേഷം, ദോസ്ത് മുഹമ്മദ് ഖാനു മാത്രമേ അഫ്ഗാനിസ്താനിൽ ഒരു നിയന്ത്രണം ഉണ്ടാക്കാനും അതുവഴി റഷ്യക്കാരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാനാകുകയുള്ളൂ എന്നും ബ്രിട്ടീഷുകാർ മനസ്സിലാക്കി. അങ്ങനെ അമീർ ദോസ്ത് മുഹമ്മദിനെ അഫ്ഗാനിസ്താനിലേക്ക് മടങ്ങാൻ ബ്രിട്ടീഷുകാർ അനുവദിച്ചു. കാബൂളിലെത്തിയ അമീർ ദോസ്ത് മുഹമ്മദ്, അവിടെ മുഹമ്മദ്സായ് ഭരണം പുനഃസ്ഥാപിച്ചു.[5] ഈ യുദ്ധത്തിലെ പരാജയം മൂലം തുടർന്നുള്ള നാൽപ്പതുവർഷക്കാലം, അഫ്ഗാനിസ്താനിലെ കാര്യങ്ങളിലിടപെടാതെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം നിഷ്ക്രിയമായി നിന്നു. 1860-കളടെ പകുതിയോടെ മദ്ധ്യേഷ്യ മുഴുവൻ റഷ്യ ആധിപത്യം സ്ഥാപിച്ചിട്ടും ദോസ്ത് മുഹമ്മദിന്റെ പുത്രനും അദ്ദേഹത്തെത്തുടർന്ന് അമീർ സ്ഥാനത്തെത്തിയ ഷേർ അലിയുടെ അഭ്യർത്ഥനയുണ്ടായിരുന്നിട്ടും 1880 വരെ ഈ നിഷ്ക്രിയത്വം ബ്രിട്ടീഷുകാർ തുടർന്നു. കുറിപ്പുകൾ
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia