പരപ്പനാട് രാജവംശത്തിലാണ് എൽ.പി.ആർ വർമ്മ ജനിച്ചത്. ടിപ്പുവിന്റെ പടയോട്ടകാലത്ത് പഴയ തെക്കുംകൂർ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ വടക്കൻ കേരളത്തിൽ നിന്നും വന്നു താമസിച്ചവരാണ് എൽ.പി.ആറിന്റെ മുൻതലമുറക്കാർ. ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ച ഈ കുടുംബത്തിൽ നിന്നുമായിരുന്നു തിരുവിതാംകൂർ രാജകുമാരിമാർ വിവാഹം ചെയ്തിരുന്നത് (ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി, ഭരണി തിരുനാൾ ലക്ഷ്മി ബായി). ചങ്ങനാശ്ശേരിപുഴവാത്ലക്ഷ്മീപുരം കൊട്ടാരത്തിൽ മംഗളാബായിയുടെയും വാസുദേവൻ നമ്പൂതിരിപ്പാടിൻറേയും മകനായി 1927 ഫെബ്രുവരി 18ന് കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. ചങ്ങനാശ്ശേരിയിൽ തന്നെയാണ് അദ്ദേഹം ബാല്യകാലം കഴിച്ചു കൂട്ടിയത്. ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ എസ്.എസ്.എൽ.സി. വരെ പഠിച്ചു. അതിനുശേഷം തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ മാവേലിക്കര വീരമണി അയ്യരുടേയും, മധുര കേശവ ഭാഗവതരുടേയും ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. അവിടെ നിന്നും അദ്ദേഹം ഗാനഭൂഷണം പാസ്സായി.
20 വയസ്സു മുതൽ സംഗീത കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. കേരളാ തീയറ്റേഴ്സ്, കെ.പിഏ.സി തുടങ്ങിയ നാടക സമിതികൾക്കു വേണ്ടി സംഗീതസംവിധാനം ചെയ്തു. 1960 ൽപുറത്തിറങ്ങിയ 'സ്ത്രീ ഹൃദയ'മാണ് ആദ്യ ചിത്രം. തന്റെ 33-ആം വയസ്സിൽ ഇറങ്ങിയ ഈ സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തിയത്. ആകെ 15 ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതമേകിയത്. 'ഉപാസന', 'വീടിനു പൊൻമണിവിളക്കു നീ' എന്നീ ഗാനങ്ങൾ അദ്ദേഹത്തിൻറെ സൃഷ്ടികളാണ്.
ഗായകൻ പി. ജയചന്ദ്രനെ അനശ്വരമാക്കിയ ഉപാസന എന്ന ഒറ്റഗാനം മതി എൽ.പി.ആറിന്റെ മഹത്ത്വമറിയാൻ. വയലാറിന്റെ ധാരാളം ഗാനങ്ങൾക്ക് സംഗീതം നല്കിയത് എൽ.പി.ആർ ആയിരുന്നു. സംഗീതസംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും കേരളത്തിലെ സംഗീതരംഗത്ത് തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ അവസാന കാലഘട്ടത്തിൽ സംഗീത ഗവേഷണത്തിൽ മുഴുകിയിരിന്നിരുന്നു. കേരളസംഗീതത്തിന്റെ ആലാപനശൈലികളെപ്പറ്റിയുള്ള പ്രബന്ധരചനയിലായിരുന്നു അദ്ദേഹം. വയലാറുമായി ചേർന്ന് ഇദ്ദേഹമൊരുക്കിയ മറ്റൊരു അനശ്വരഗാനം കൂടിയുണ്ട്. അജ്ഞാതസഖീ... ആത്മസഖീ എന്ന ഗാനം. വയലാർ മരിക്കുന്നതിന്റെ തലേനാൾ എൽപിആറിന്റെ വീട്ടിലായിരുന്നു വിശ്രമം.
അവാർഡുകൾ
ദേശീയപുരസ്കാരം(1969 )
ശാസ്ത്രീയസംഗീതത്തിന് സംഗീത നാടക അക്കാഡമി അവാർഡ്(1978)
നാടകസംഗീതസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് (1985)
'ഒള്ളതു മതി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ബോംബേയിൽ നിന്ന് സ്പെഷ്യൽ ഒരു അവാർഡും ലഭിച്ചിട്ടുണ്ട്.
ജീവിത പങ്കാളി: മായാറാണി വർമ്മ
മക്കൾ: പ്രേംകുമാർ, ശോഭാ നന്ദനവർമ്മ, ബീന, രാജ്കുമാർ
അന്ത്യം
അവസാനകാലത്ത് മോശം ആരോഗ്യത്തിനിടയിലും എൽ.പി.ആർ. കച്ചേരികൾ അവതരിപ്പിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം ഏതാനും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. 2003 ജൂലൈ 6-ന് തന്റെ 76ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംഗീത രത്നാകര അവാർഡ്
എൽ.പി.ആർ വർമ്മ ഫൌണ്ടേഷൻ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തുടങ്ങീയ അവാർഡാണ് സംഗീത രത്നാകര അവാർഡ്. ആദ്യ "സംഗീത രത്നാകര പുരസ്കാരം" ലഭിച്ചത് ശ്രീ യേശുദാസിനായിരുന്നു.
ആലപിച്ച ഗാനങ്ങൾ
അവൻ വരുന്നൂ (ചിത്രം: അവൻ വരുന്നു)
നാളത്തെ ലോകത്തിൽ (ചിത്രം: കിടപ്പാടം)
പറന്നു പറന്നു പറന്നു (ചിത്രം: സ്വർഗ്ഗം നാണിക്കുന്നു)
വർണ്ണപുഷ്പങ്ങൾ (ചിത്രം: മേയർ നായർ)
സംഗീതം പകർന്ന ഗാനങ്ങൾ
അക്കരപ്പച്ചയിലെ (ചിത്രം: സ്ഥാനാർത്ഥി സാറാമ്മ) പാടിയത്: കെ ജെ യേശുദാസ്, പി ലീല
അക്കരെ അക്കരെ (നാടകം: രാഗം)
അജ്ഞാതസഖീ ആത്മസഖീ (ചിത്രം: ഒള്ളതു മതി) പാടിയത്: കെ ജെ യേശുദാസ്
ആവേ മരിയ (ചിത്രം: തൊട്ടാവാടി) പാടിയത്: എസ് ജാനകി, കോറസ്