അനുകാന്തികതബാഹ്യമായി പ്രയോഗിക്കുന്ന കാന്തികക്ഷേത്രത്താൽ ചില വസ്തുക്കൾ ദുർബലമായി ആകർഷിക്കപ്പെടുകയും ആ കാന്തികക്ഷേത്രത്തിന്റെ ദിശയിൽ അവയിൽ പ്രേരിത കാന്തികക്ഷേത്രങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന കാന്തികതയുടെ ഒരു രൂപമാണ് അനുകാന്തികത (Paramagnetism). എന്നാൽ, പ്രതികാന്തിക (Diamagnetic) വസ്തുക്കൾ ഇതിന് വിപരീതമായി കാന്തികക്ഷേത്രങ്ങളാൽ വികർഷിക്കപ്പെടുകയും പ്രയോഗിച്ച കാന്തികക്ഷേത്രത്തിന്റെ വിപരീത ദിശയിൽ അവയിൽ കാന്തികക്ഷേത്രങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. [1] അനുകാന്തിക വസ്തുക്കളിൽ 1 നെക്കാൾ അല്പം കൂടുതൽ ആപേക്ഷിക കാന്തികതാര്യതയുളള രാസ മൂലകങ്ങളും ചില സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.(അതായത്, ഒരു ചെറിയ ധന കാന്തിക സ്വാധീനം അവയിലുണ്ട്) അതിനാലാണ് അവ കാന്തികക്ഷേത്രങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇങ്ങനെ പ്രേരിതമാകുന്ന കാന്തിക ആഘൂർണം (Magnetic moment) രേഖീയവും താരതമ്യേന ദുർബലവുമാണ്. ഈ പ്രഭാവം തിരിച്ചറിയുന്നതിന് സംവേദനക്ഷമമായ ഒരു അനലിറ്റിക്കൽ ബാലൻസ് ആവശ്യമാണ്. അനുകാന്തിക പദാർത്ഥങ്ങളിലെ ആധുനിക അളവുകൾ ഒരു SQUID മാഗ്നെറ്റോമീറ്റർ ഉപയോഗിച്ചാണ് നടത്തുന്നത്. പദാർത്ഥങ്ങളിൽ ജോഡിയാക്കാത്ത ഇലക്ട്രോണുകളുടെ സാന്നിധ്യം മൂലമാണ് അനുകാന്തികത ഉണ്ടാകുന്നത്, അതിനാൽ അപൂർണ്ണമായി പൂരിപ്പിച്ച ആറ്റോമിക് ഭ്രമണപഥങ്ങളുള്ള മിക്ക ആറ്റങ്ങളും അനുകാന്തികമാണ്, എന്നിരുന്നാലും ചെമ്പ് പോലുള്ളവ ഇതിന് അപവാദമാണ്. ജോഡിയാക്കാത്ത ഇലക്ട്രോണുകൾക്ക് ഭ്രമണം മൂലമുളള കാന്തിക ദ്വിധ്രുവ ആഘൂർണമുണ്ട്. അങ്ങനെ അവ ചെറുകാന്തങ്ങൾ പോലെ പ്രവർത്തിക്കുന്നു. ബാഹ്യ കാന്തികക്ഷേത്രത്തിന്റെ സ്വാധീനം മൂലം ഇലക്ട്രോണുകളുടെ ഭ്രമണം കാന്തികക്ഷേത്രത്തിന് സമാന്തരമായി മാറുന്നു, ഇത് മൊത്തത്തിലുളള ആകർഷണത്തിന് കാരണമാകുന്നു. അനുകാന്തിക വസ്തുക്കളിൽ അലുമിനിയം, ഓക്സിജൻ, ടൈറ്റാനിയം, ഇരുമ്പ് ഓക്സൈഡ് (FeO) എന്നിവ ഉൾപ്പെടുന്നു. ഒരു വസ്തു അനുകാന്തികമാണോ പ്രതികാന്തികമാണോ എന്ന് നിശ്ചയിക്കാൻ രസതന്ത്രത്തിൽ ലളിതമായ സാമാന്യ തത്ത്വം ഉപയോഗിക്കുന്നു: [2] ഒരു പദാർത്ഥത്തിലെ എല്ലാ ഇലക്ട്രോണുകളും ജോഡിയാക്കപ്പെട്ടാൽ ആ വസ്തു പ്രതികാന്തികവും ജോഡിയാക്കാത്ത ഇലക്ട്രോണുകൾ ഉളള പക്ഷം അത് അനുകാന്തികവും ആയിരിക്കും.
|
Portal di Ensiklopedia Dunia