ഹോഴ്സ്‌ഹെഡ് നെബുല
ബർണ്ണാഡ് 33 എന്നു കൂടി അറിയപ്പെടുന്ന ഹോഴ്സ്‌ഹെഡ് നെബുല ഒരു ഇരുണ്ട നീഹാരികയാണ്.[1] ശബരൻ നക്ഷത്രഗണത്തിലെ ത്രിമൂർത്തികളിലെ കിഴക്കേ അറ്റത്തുകിടക്കുന്ന അൽനിതക് എന്ന നക്ഷത്രത്തിനു ദിശയിലാണ് ഇതിന്റെ സ്ഥാനം. ഓറിയോൺ മോളിക്യൂലർ ക്‌ളൗഡ് കോംപ്ലക്സ് എന്ന വലിയ ധൂളീപടലത്തിന്റെ ഭാഗമായ ഓറിയോൺ ബി ജയന്റ് മോളിക്യൂലർ ക്‌ളൗഡ് ചെറിയ ധൂളീപടലത്തിന്റെ ഭാഗമാണ് ഇത്. 1888 ൽ സ്കോട്ടിഷ് വാനശാസ്ത്രജ്ഞയായ വില്യാമിന ഫ്ലെമിംഗ് ഹാർവാർഡ് കോളെജ് ഒബ്സർവേറ്ററിയിൽ ഇതിന്റെ ചിത്രം ആദ്യമായി എടുക്കുന്നത്.[2] ഹോർസ്ഹെഡ് നെബുല ഭൂമിയിൽ നിന്ന് ഏകദേശം 1500 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇതിന്റെ ഇരുണ്ട ധൂളീപടലങ്ങൾ ഒരു കുതിരത്തലയുടെ രൂപത്തിൽ ദൃശ്യമാകുന്നതു കൊണ്ടാണ് ഇതിന് ഹോഴ്സ്‌ഹെഡ് നെബുല എന്നു പേരു വന്നത്.[3] ഇതിന്റെ പശ്ചാത്തലത്തിലുള്ള അയണീകരിക്കപ്പെട്ട ഹൈഡ്രജൻ വാതകമാണ് ഇതിന്റെ വർണ്ണഭംഗിക്ക് കാരണം. വളരെയേറെ സാന്ദ്രത കൂടിയ ധൂളീപടലം ഇതിന്റെ ഇരുണ്ട നിറത്തിനും കാരണമാകുന്നു. ഇതിന്റെ തിളക്കം കൂടിയ ഭാഗങ്ങൾ നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ്. അവലോകനംഇപ്പോഴും നക്ഷത്രങ്ങൾ രൂപപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഓറിയോൺ മോളിക്യൂലർ ക്‌ളൗഡ് കോംപ്ലക്സ് എന്ന ധൂളീപടലത്തിന്റെ ഒരു ഭാഗമാണ് ഹോഴ്സ്ഹെഡ് നീഹാരിക. ഉത്തരാർദ്ധഗോളത്തിൽ ശിശിരകാല രാത്രികളിലും ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മകാല രാത്രികളിലും ആകാശത്ത് വ്യക്തമായി കാണാവുന്ന ശബരൻ അഥവാ ഓറിയോൺ എന്ന നക്ഷത്രമണ്ഡലത്തിലാണ് ഇത് കാണപ്പെടുന്നത്. 6.8 ആണ് ഇതിന്റെ കാന്തിമാനം.[4] നക്ഷത്രങ്ങളെ ജനിപ്പിയ്ക്കുന്ന ഈ ധൂളീപടലത്തിൽ ഏതാണ്ട് നൂറോളം വ്യത്യസ്ത തരത്തിലുള്ള വാതകങ്ങളും പൊടിപടലങ്ങളും ഉണ്ടെന്നാണ് കണക്കാക്കിയിരിയ്ക്കുന്നത്. ഈ പൊടിപടലങ്ങളിൽ വലുതും സങ്കീർണങ്ങളുമായ വ്യത്യസ്ത തരം ഓർഗാനിക് സംയുക്തങ്ങളും ഉൾപ്പെടുന്നുവെന്നാണ് കണക്കുകൂട്ടൽ.[5] സിഗ്മ ഓറിയോണിസ് എന്ന സമീപനക്ഷത്രത്തിന്റെ സാന്നിധ്യം മൂലം അയോണീകരിയ്ക്കപ്പെട്ട ഹൈഡ്രജൻ മൂലമാണ് ഇതിന് ചുവപ്പ്/പിങ്ക് നിറം ലഭിയ്ക്കുന്നത്. ഇതിലെ കാന്തികമണ്ഡലങ്ങൾ മൂലം ഇതിലെ വാതകങ്ങൾ വ്യത്യസ്ത പ്രവാഹങ്ങളിൽ അകപ്പെടുന്നതുമൂലം ഇതിന്റെ ചിത്രങ്ങളിൽ നീണ്ട വരകൾ കാണാം.[6] കത്തുന്ന ഹൈഡ്രജന്റെ ഒരു പാളി ഇതിന് അതിരിടുന്നു. ഈ അതിർത്തിയ്ക്ക് രണ്ടുവശത്തുമുള്ള നക്ഷത്രങ്ങളുടെ സാന്ദ്രതയിൽ ഗണ്യമായ വ്യത്യാസം കാണപ്പെടുന്നു.[4] ഏതാണ്ട് 30 സൂര്യന്മാരെ ജനിപ്പിയ്ക്കാനുള്ള പൊടിപടലങ്ങൾ ഈ നീഹാരികയിൽ ഉണ്ടെന്നു കണക്കാക്കുന്നു.[4] ഓറിയോൺ ബി ജയന്റ് മോളിക്യൂലാർ ക്‌ളൗഡ് എന്ന വൻ ധൂളീപടലത്തിലെ സാന്ദ്രത കുറഞ്ഞതും കൂടിയതുമായ രണ്ടു മേഖലകളെ വേർതിരിയ്‌ക്കുന്ന അതിരിലാണ് ഹോഴ്സ്ഹെഡ് നീഹാരിക സ്ഥിതി ചെയ്യുന്നത്. ഇതിൽ ഇരുണ്ട ഭാഗത്ത് ഇനിയും നക്ഷത്രങ്ങളെ ജനിപ്പിയ്ക്കാനാവശ്യമായ ദ്രവ്യം ആവശ്യത്തിനുണ്ടെങ്കിൽ മറ്റേ ഭാഗത്ത് നക്ഷത്രങ്ങൾ ഉണ്ടായിക്കഴിഞ്ഞതാണ്. ആ നക്ഷത്രങ്ങളിൽ നിന്നുള്ള വികിരണങ്ങൾ അവിടെയുള്ള പൊടിപടലങ്ങളെ ദുർബലപ്പെടുത്തിക്കഴിഞ്ഞു. ഇരുണ്ട മറ്റേ പകുതിയിൽ ധാരാളമുള്ള കാർബൺ മോണോക്സയിഡ് പോലുള്ള വാതകങ്ങൾ ഈ വികിരണങ്ങളിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്നു. എന്നാൽ ഈ മേഖലകളുടെ അതിരിൽ ഉള്ള കാർബൺ മോണോക്സയിഡ് തന്മാത്രകൾ പ്രകാശമാനമായ പകുതിയിൽ നിന്നുള്ള നക്ഷത്രങ്ങളുടെ വികിരണം ഏറ്റ് അയോണീകരണം സംഭവിച്ച് കാർബൺ ആറ്റങ്ങളും അയോണുകളുമായി വേർതിരിഞ്ഞു കഴിയുന്നു. ഈ അയോണീകരണത്തിരമാല താരതമ്യേന സാന്ദ്രത കൂടിയ കുതിരത്തലയുടെ ഭാഗത്ത് ആഞ്ഞടിയ്ക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ഉയർന്ന സാന്ദ്രത മൂലം കൂടുതൽ ഉള്ളിലേയ്ക്ക് കടക്കുന്നില്ല. ഇവിടുത്തെ അയോണീകരണത്തിന്റെ തോതും അവയുടെ ചലനങ്ങളുമാണ് ഈ നീഹാരികയ്ക്ക് ഈ പ്രത്യേക ആകൃതി നൽകുന്നത്.[4][7] ഇവിടുത്തെ ഉയർന്ന സാന്ദ്രത മൂലം ഇതിനു പുറകിൽ നിന്നും വരുന്ന വികിരണങ്ങളെ തടയുന്നതുകൊണ്ടാണ് ഈ നീഹാരിക ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്.[8] ചിത്രശാല
![]() അവലംബം
പുറംകണ്ണികൾHorsehead Nebula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia