ഹെൻഡ്രി ഹഡ്സൺ
ഹെൻഡ്രി ഹഡ്സൺ (c.1565 - 1611) പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് സമുദ്ര പര്യവേക്ഷകനും, നാവികനും ആയിരുന്നു. ഇന്നത്തെ കാനഡയുടെയും അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ സംസ്ഥാന മേഖലകളിലൂടെയുമുള്ള പര്യവേഷണങ്ങളുടെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. 1607 ലും 1608 ലും, ഇംഗ്ലീഷ് വ്യാപാരികൾക്കുവേണ്ടി കാത്തേയിലേയ്ക്കു (ചൈന) നയിക്കുമെന്നു കേട്ടറിവുള്ള ആർട്ടിക് ധ്രുവത്തിനു മുകളിലൂടെയുള്ള ഒരു വടക്കുകിഴക്കൻ പാത തിരയുന്നതിന് ഹഡ്സൺ രണ്ടു ശ്രമങ്ങൾ നടത്തുകയുണ്ടായി. 1609 ൽ അദ്ദേഹം വടക്കേ അമേരിക്കയിൽ ഇറങ്ങുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വേണ്ടി ഒരു വടക്കുപടിഞ്ഞാറൻ പാത തെരയുന്ന ഉദ്യമത്തിൽ ആധുനിക ന്യൂയോർക്ക് മെട്രോപ്പോളിറ്റൻ പ്രദേശത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പര്യവേക്ഷണം നടത്തുകയും ചെയ്തു. ഹഡ്സൺ നദിയിലൂടെ അദ്ദേഹം നാവികയാത്ര നടത്തുകയും പിന്നീട് ഇതിന് അദ്ദേഹത്തിന്റെ പേരു നല്കപ്പെടുകയും ഇത് ഈ പ്രദേശത്തെ ഡച്ച് കോളനിവൽക്കരണത്തിന് അടിത്തറ പാകുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പാതയ്ക്കുവേണ്ടി തുടർന്നുകൊണ്ടിരുന്ന തന്റെ അവസാന പര്യവേക്ഷണ യാത്രയിൽ ഹഡ്സൺ കടലിടുക്ക്, ബൃഹത്തായ ഹഡ്സൺ ഉൾക്കടൽ എന്നിവ അദ്ദേഹം കണ്ടെത്തുകയുണ്ടായി. 1611-ൽ ജെയിംസ് ബേയുടെ തീരപ്രദേശത്ത അതികഠിനമായ തണുപ്പുകാലത്തിനുശേഷം കൂടുതൽ പടിഞ്ഞാറേയ്ക്കു പോകുവാനുള്ള സമ്മർദ്ദം സഹപ്രവർത്തകരിൽ ചെലുത്താൻ ശ്രമിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന നാവികർ ഇതിന് വിസമ്മതിക്കുകയും അവർ കപാലമുയർത്തുകയും ചെയ്തു. കലാപകാരികൾ അദ്ദേഹത്തോടൊപ്പം മകനേയും മറ്റ് 7 പേരെയും ഉപേക്ഷിച്ച് അവിടെനിന്ന് കടന്നുകളയുകയും ചെയ്തു. ഹഡ്സണേയോ സഹപ്രവർത്തകരെയോ പിന്നീടൊരിക്കലും ആരും കണ്ടെത്തുകയുണ്ടായില്ല. അവലംബം
|
Portal di Ensiklopedia Dunia