ഹൂറൺ തടാകം
ഹൂറൺ തടാകം വടക്കേ അമേരിക്കയിലെ പഞ്ച മഹാ തടാകങ്ങളിൽ രണ്ടാമത്തെ വലിയ തടാകമാണ്. ഇതിന്റെ തെക്കും പടിഞ്ഞാറും ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനവും വടക്കും കിഴക്കും കാനഡയിലെ പ്രവിശ്യയായ ഒണ്ടാറിയോയും അതിരുകളായി വരുന്നു. ഈ മേഖലയിൽ അധിവസിച്ചിരുന്ന ഹൂറോൺ ജനങ്ങളെ അനുസ്മരിച്ച് ആദ്യകാല ഫ്രഞ്ച് പര്യവേക്ഷകരാണ് ഈ പേരു നൽകിയത്. ഹൂറോൺ തടാക പ്രദേശത്തുനിന്നു തെളിവുകൾ ശേഖരിച്ചതിനാലാണ് ഹുറോനിയൻ ഗ്ലേസിയേഷന് ആ പേരു നൽകപ്പെട്ടത്. തടാകത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നോർത്ത് ചാനലും ജോർജിയൻ ബേയും ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് വരെ ഇതിന്റെ നീളം 206 മൈൽ (331 കിലോമീറ്റർ) ആണ്. 23,000 ചതുരശ്ര മൈൽ വരുന്ന തടാകത്തിന്റെ ഉപരിതലം ഒഴിവാക്കിയുള്ള ഇതിന്റെ നീർത്തടപ്രദേശത്തിന്റെ ആകെ വിസ്താരം 51,700 ചതുരശ്ര മൈൽ (133,900 ചതുരശ്ര കിലോമീറ്റർ) ആണ്. തടാകത്തിനുള്ളിലേയ്ക്കുള്ള ജലപ്രവാഹം മക്കിനാക്ക് ഇടുക്കുവഴി മിഷിഗൺ തടാകത്തിൽനിന്നും സമീപ പ്രദേശങ്ങളിലൂടെ ഒഴുകുന്ന നിരവധി അരുവികളിൽനിന്നുമായാണ്. സെന്റ് ക്ലയർ നദി, സെന്റ് ക്ലയർ തടാകം, ഡെട്രോയിറ്റ് നദി എന്നിവയിലൂടെ തെക്കേ അറ്റത്തുകൂടി ഇതിലെ ജലം ഈറി തടാകത്തിലേയ്ക്കു പതിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 577 അടി (176 മീ) ഉയരം വരെ നീളുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 750 അടിയാണ്. ഈ തടാകത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തായി മാണിറ്റൗലിൻ ദ്വീപുപോലെ അനേകം ദ്വീപകൾ സ്ഥിതിചെയ്യുന്നു. മറ്റു നിരവധി ദ്വീപുകൾ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മക്കിനാക്ക് സ്ടെയിറ്റിലും, മിഷിഗൺ തീരത്തെ സഗിനാവ് ബേയിലുമായി സ്ഥിതിചെയ്യുന്നു. തടാകത്തിനു കുറുകേ തെക്കുപടിഞ്ഞാറൻ ദിശയിലാണ് സഗിനാവ് ബേ സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia