സ്വർഗ്ഗ ക്ഷേത്രം
ബീജിങ്ങിൽ സ്ഥിതിചെയ്യുന്ന ഒരു സുപ്രധാന ക്ഷേത്ര സമുച്ചയമാണ് സ്വർഗ്ഗ ക്ഷേത്രം(ചൈനീസ്: 天坛; ഇംഗ്ലീഷ്: Temple of Heaven) എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഈ ക്ഷേത്രത്തെ ടെമ്പിൾ ഓഫ് ഹെവൻ എന്നാണ് പറയുന്നത്. താവോവോമതക്കാരുടെ ആരാധനാലയം കൂടിയായിരുന്നു ഈ ക്ഷേത്രം[1]. വാർഷിക വിളവെടുപ്പ് മികച്ചതാകുവാനായി മിങ്, ക്വിങ് രാജവംശത്തിലെ ചക്രവർത്തിമാർ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു.[2] ബീജിങ്ങിലെ വിലക്കപ്പെട്ട നഗരം പണികഴിപ്പിച്ച യോങ്ല് (Yongle) ചക്രവർത്തി തന്നെയാണ് ഈ ക്ഷേത്രസമുച്ചയവും നിർമിച്ചത്. 1406മുതൽ 1420വരെയുള്ള കാലയളവിലായിരുന്നു ഇത്. പിന്നീട് വന്ന ജിയാജിങ് (Jiyajing) ചക്രവർത്തി ക്ഷേത്രസമുച്ചയം കൂടുതൽ വിപുലീകരിക്കുകയും ടെമ്പിൽ ഓഫ് ഹെവെൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നീ ആരാധനാമൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകളിൽ പണിതുയർത്തി. 18ആം നൂറ്റാണ്ടിൽ ക്വിയാങ്ലോങ് (Quianlong) ചക്രവർത്തിയുടെ ഭരണകാലത്ത് ഈ ക്ഷേത്രം വിപുലമായ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമായി. രണ്ടാം കറുപ്പുയുദ്ധത്തിന്റെ നാളുകളിൽ ആംഗ്ലോ-ഫ്രഞ്ച് സഖ്യം ഈ ക്ഷേത്രത്തിൽ തമ്പടിച്ചിരുന്നു. 1900-ൽ ബോക്സർ കലാപകാലത്ത് അഷ്ടരാഷ്ട്രസഖ്യത്തിന്റെ(Eight Nation Alliance) കീഴിലായിരുന്നു. അവർ ഈ ക്ഷേത്രത്തെ ബീജിങ്ങിലെ സേനയുടെ താൽകാലിക ക്യാമ്പായി ഉപയോഗിച്ചു. ഒരുവർഷത്തോളം ഈ സ്ഥിതി തുടർന്നു. ഇത് കെട്ടിടഭാഗങ്ങൾക്ക് ക്ഷതംസംഭവിക്കുവാനും ക്ഷേത്രത്തിലെ പുരാവസ്തുക്കൾ മോഷണപ്പെടാനും ഇടയായി. ക്വിങ് രാജവംശത്തിന്റെ പതനത്തോടെ ഈ ക്ഷേത്രത്തിന്റെ നടത്തിപ്പും അവതാളത്തിലായി. 1914-ൽ ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ യുവാൻ കൈഷെക് ഈ ക്ഷേത്രത്തിൽ വെച്ച് ഒരു പ്രാർത്ഥനാചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. തന്നെ സ്വയം ചൈനീസ് റിപ്പബ്ലിക്കിന്റെ ചക്രവർത്തിയായി അവരോധിക്കുന്നതിന്റെ ഒരു ഭാഗമായിരുന്നു ഇത്. 1918-ൽ ക്ഷേത്രം ഒരു ഉദ്യാനമായി മാറ്റപ്പെടുകയും, ആദ്യമായി പൊതുജനങ്ങൾക്ക് തുടർന്നുകൊടുക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം 1998ലാണ് ക്ഷേത്രത്തിന് ലോകപൈതൃക പദവി ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഒരു മഹത്തായ മാനവ സംസ്കാരത്തിന്റെ ഉദ്ഭവത്തെ വിവരിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കൃതി എന്നാണ് ഇതിനെ യുനെസ്കൊ വിശേഷിപ്പിച്ചത്.[3] അവലംബം
പുറത്തേക്കുള്ള കണ്ണികൾസ്വർഗ്ഗ ക്ഷേത്രം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia