സ്കാബീസ്
സർകോപ്റ്റെസ് സ്കാബീ എന്ന മൈറ്റ് മൂലം തൊലിയിൽ ഉണ്ടാകുന്ന ചൊറി രോഗമാണ് സ്കാബീസ് - scabies.[1] അതിവേഗം പകരുന്ന ഒരു ചർമ്മരോഗമാണിത്. എല്ലാ പ്രായക്കാരെയും ഈ രോഗം ബാധിക്കുന്നു. നേരിട്ടുള്ള സ്പർശനം വഴി മാത്രമാണ് രോഗം പകരുന്നത്. ഹസ്തദാനം നൽകിയാൽ പോലും ഈ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. അസാധ്യമായ ചൊറിച്ചിലും ചർമ്മത്തിലെ ചുവന്ന പാടുകളും കുരുക്കളുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രാത്രിയിലാണ് ചൊറിച്ചിൽ കൂടുന്നത്. മൈറ്റുകൾ ചർമ്മം തുരക്കുമ്പോളും, സഞ്ചരിക്കുമ്പോഴുമാണ് ചൊറിച്ചിലിനു കാരണമാകുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ജീവികളെ കാണുവാൻ സാധ്യമല്ല. മൈക്രോസ്കോപ്പിലൂടെയാണ് ഇവയെ നിരീക്ഷിക്കാൻ സാധിക്കുക. കൂടിയ ആർദ്രതയും കുറഞ്ഞ ഊഷ്മാവും രോഗത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. സാധാരണ തണുപ്പുകാലങ്ങളിലാണ് ഈ അസുഖം കൂടുതലായും കാണപ്പെടാറുള്ളത്. കൊതുക്, സാധാരണ മൂട്ട, ചൂടുകുരുക്കൾ മുതലായവയുടെ പാടുകളാണെന്നു കരുതി സ്കാബീസ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വിജയകരമായ ചികിത്സയ്ക്കു ശേഷം വീണ്ടും ഈ അസുഖം കാണപ്പെടാൻ സാധ്യതയുണ്ട്. ആദ്യം അണുബാധ ഉണ്ടായി ഒരാൾ രണ്ടു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ ആദ്യം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. തുടർന്ന് 24 മണിക്കൂറിനകം ലക്ഷണങ്ങൾ പൂർണ്ണമാകുന്നു. വിരലുകളുടെ ഇടയിൽ, കാൽപാദങ്ങളിൽ, കക്ഷം, വയറിന്റെ മടക്കുകളിൽ, ലിഗം, നിതംബം, സ്തനങ്ങളുടെ അടിയിൽ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.[9] മിക്കവരുടെയും ശരീരത്തിൽ S ആകൃതിയിൽ വരകൾ കാണപ്പെടുന്നു. പെർമെത്രിൻ ക്രീമുകളും ഐവർമെക്ടിൻ ഗുളികകൾ, ആന്റിഹിസ്റ്റമിൻ ഗുളികകൾ എന്നിവ ഇതിനെതിരയി ഉപയോഗിക്കുന്നു. രോഗം പിടിപ്പെട്ടവർ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ ഉപയോഗിച്ചാലും ഈ രോഗം പകരുന്നു. അതിനാൽ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ രോഗം വീണ്ടും വരാനും പകരാനും കാരണമാകുന്നു. മൈറ്റുകൾ ശരീരത്തിൽ കയറിപ്പറ്റിയാലും ചിലപ്പോൾ രണ്ടുമുതൽ ആറാഴ്ച്ചവരെ ലക്ഷണങ്ങളൊന്നും ചിലപ്പോൾ കാണിക്കില്ല. എന്നാൽ തൊലിക്കുള്ളിൽവെച്ചുതന്നെ 2.5 സെന്റീമീറ്റർ വ്യാപ്തിയിൽ ഇവയ്ക്ക് പടരുവാൻ സാധിക്കും. 24 മുതൽ 36 മണിക്കൂർ വരെ സാധാരണ റൂം ഊഷ്മാവിൽ മൈറ്റുകൾക്ക് ജീവിക്കുന്നു. ഇവ പറക്കുകയോ മറ്റൊരിടത്തേക്ക് ചാടുകയോ ഇല്ല. സ്പർശനത്തിലൂടെയൊ നേരിട്ടുള്ള ഇടപെടലിലൂടെയൊ മാത്രം പകരുന്ന മൈറ്റുകൾ ലൈംഗിക ബന്ധത്തിലൂടെയും മനുഷ്യരിൽ പകരുന്നു.
സൂചിമുനയേക്കാൾ ചെറുതാണ് രോഗം പരത്തുന്ന മൈറ്റുകൾ. 0.3mm-0.4mm മാത്രമാണ് പെൺ ജീവികളുടെ വലിപ്പം. മൈറ്റുകൾക്ക് കണ്ണുകൾ ഇല്ല. ആൺ ജീവികൾക്ക് ഇതിന്റെ പകുതിയെ വലിപ്പമുള്ളു. ചർമ്മത്തിനു പുറമേ എത്തിപ്പെടുന്ന പെൺമൈറ്റുകൾ ഉടൻ തന്നെ ചർമ്മം തുരന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമം തുടങ്ങുന്നു. ചർമ്മത്തെ ദ്രവിപ്പിച്ചു കളയാൻ കഴിവുള്ള ചില എൻസൈമുകൾ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ സഹായത്തോടെ മൈറ്റുകൾ ചർമ്മം തുരന്ന് അകത്തു പ്രവേശിക്കുന്നു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചർമ്മത്തിനുള്ളിൽ പ്രവേശിക്കുന്നു. ഉള്ളിലെത്തിയ മൈറ്റുകൾ ഉടൻ തന്നെ മുട്ട ഇടുവാൻ തുടങ്ങുന്നു. ഇതിനായി ചർമ്മത്തിനുള്ളിൽ ദ്വാരം ഉണ്ടാക്കുന്നു.1 സെന്റീമീറ്റർ വരെയുള്ള മാളങ്ങൾ വരെ തൊലിക്കടിയിൽ ഉണ്ടാക്കാറുണ്ട്. തൊലിയിലുണ്ടാക്കിയ ഓരോ ഓരോ കുഴിയിലും രണ്ടോ മൂന്നോ മുട്ടകൾ ഓരോ ദിവസവും ഇടുന്ന മൈറ്റുകൾ 30 ദിവസം കൊണ്ട് അറുപതു മുട്ടകൾവരെയിടുന്നു. മൂന്നു മുതൽ ഏഴു ആഴ്‌ചക്കുള്ളിൽ പക്വതയെത്തിയ മൈറ്റുകളായി ഇവ മാറും. മനുഷ്യചർമ്മത്തിനടിയിൽ വെച്ചുതന്നെയാണ് മൈറ്റുകൾ ജീവിതചക്രം പൂർത്തിയാക്കുക. 2 മാസത്തോളും ആയുസുള്ള മൈറ്റുകൾ ജീവിതകാലം മുഴുവൻ മുട്ടകളിടുന്നു. അവസാനം ദ്വാരത്തിന്റെ അറ്റത്തായി ഇവ ചത്തിരിക്കും. മൂന്നു മുതൽ എട്ടു ദിവസം കൊണ്ട് മുട്ട വിരിഞ്ഞു പുറത്തു വരുന്ന മൈറ്റുകൾ രണ്ട്-മൂന്ന് ആഴ്ചകൾ കൊണ്ട് വളർന്ന് വലുതാകുന്നു. ഇവയിലെ ആൺമൈറ്റുകൾ പെൺമൈറ്റുകളെ തേടി പുറപ്പെടുന്നു. ആയുസ്സിൽ ഒരിക്കൽ മാത്രം ഇണ ചേരുന്ന അൺമൈറ്റുകളുടെ ആയുസ്സ് അതോടെ അവസാനിക്കുന്നു. പെൺമൈറ്റുകൾ ചർമ്മം തുരന്ന് മുട്ടയിടാൻ ആരംഭിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾScabies എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia