സോഡിയത്തിന്റെ ലവണമായ, NaHCO3 രാസസമവാക്യമായുള്ള ഒരു രാസപദാർത്ഥമാണ് സോഡിയം ബൈകാർബണേറ്റ് അഥവാ അപ്പക്കാരം. (ഇംഗ്ലീഷ്:Baking Soda, Sodium bicarbonate). അരച്ചുവച്ച ധാന്യമാവുകൾ പൊങ്ങുന്നതിനും അവയ്ക്കു മാർദവം ലഭിക്കുന്നതിനും യീസ്റ്റിനു (yeast) പകരം ചേർക്കുന്ന പദാർഥമായതിനാലാണ് അപ്പക്കാരം എന്ന പേർ ലഭിച്ചത്. ധാന്യമാവിൽ സോഡിയം ബൈകാർബണേറ്റ് മാത്രം ചേർത്താൽ അല്പം ചവർപ്പുരുചിയുണ്ടാകാം. അതുകൊണ്ട് മറ്റു പല പദാർഥങ്ങളും ചേർന്ന ഒരു മിശ്രിതം ആണ് സാധാരണമായി അപ്പക്കാരമെന്ന നിലയിൽ ഉപയോഗിക്കുന്നത്. മിശ്രിതത്തിൽ ബേക്കിങ് സോഡ, ടാർടാറിക് അമ്ളം, ക്രീം ഒഫ് ടാർടാർ (പൊട്ടാസിയം ആസിഡ് ടാർട്രേറ്റ്), ഏതെങ്കിലും ഒരു ആലം എന്നിവ അടങ്ങിയിരിക്കും. മിശ്രിതത്തിലെ അമ്ളതയുള്ള വസ്തുക്കൾ ബൈകാർബണേറ്റുമായി നടത്തുന്ന രാസപ്രവർത്തനംമൂലം മാവിന്നകത്തു കാർബൺ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നു. തൻമൂലം മാവു പൊങ്ങുന്നതിനും കൂടുതൽ ആസ്വാദ്യമാകുന്നതിനും ഇടയാകുന്നു. അപ്പക്കാരത്തിൽ പലപ്പോഴും ഡൈസോഡിയമോ കാൽസിയമോ മഗ്നീഷ്യം ആസിഡ് ഫോസ്ഫേറ്റോ ചേർക്കാറുണ്ട്. കാർബൺ ഡൈഓക്സൈഡ് കൂടുതൽ കിട്ടുന്നതിന് മഗ്നീഷ്യം കാർബണേറ്റ് ചേർക്കാം. ഘടകങ്ങളെ ഉണക്കിപ്പൊടിച്ച് നേർത്ത അരിപ്പയിലൂടെ തെള്ളിയെടുത്തു മിശ്രണം ചെയ്ത് അപ്പക്കാരമുണ്ടാക്കി വായുരോധകങ്ങളായ ഭാജനങ്ങളിലാണ് സംഭരിക്കുന്നത്.
കിണ്വനം (fermentation) കൂടാതെ തന്നെ കാർബൺ ഡൈഓക്സൈഡ് ലഭ്യമാക്കുന്നു എന്നുള്ളതാണ് യീസ്റ്റിനെ അപേക്ഷിച്ച് അപ്പക്കാരത്തിനുള്ള പ്രധാനമായ മെച്ചം.
↑Ellingboe, J. L.; Runnels, J. H. (1966). "Solubilities of Sodium Carbonate and Sodium Bicarbonate in Acetone-Water and Methanol-Water Mixtures". J. Chem. Eng. Data. 11 (3): 323–324. doi:10.1021/je60030a009.
Bishop, D., J. Edge, C. Davis, and C. Goodman. "Induced Metabolic Alkalosis Affects Muscle Metabolism and Muscle Metabolism and Repeated-Sprint Ability". Medicine and Science in Sports Exercise, Vol. 36, No. 5, pp. 807-813, 2004.