സെവൻത് ഡേ (ചലച്ചിത്രം)
അഖിൽ പോൾ തിരക്കഥയെഴുതി ശ്യാംധർ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സെവൻത് ഡേ (7th Day).[2] 42 വയസ്സുള്ള ഡേവിഡ് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു കുറ്റാന്വേഷണകഥയാണ് പറയുന്നത്.[3] ടൊവിനോ തോമസ്, അനു മോഹൻ, വിനയ് ഫോർട്ട്, യോഗ് ജാപ്പെ, ജനനി അയ്യർ, പ്രവീൺ പ്രേം എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[4] കഥഒരു ക്രിസ്തുമസ് രാത്രിയിൽ ഡേവിഡ് എബ്രഹാം (പൃഥ്വിരാജ്) എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ തന്നോടു തന്നെ നടത്തുന്ന സംഭാഷണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ക്രിസ്മസ് പാർട്ടി കഴിഞ്ഞു മടങ്ങവേ ഡേവിഡിന്റെ ജീപ്പ് ഒരു ബൈക്കിൽ ഇടിക്കുന്നു. ബൈക്കിലുണ്ടായിരുന്ന ഷാൻ (വിനയ് ഫോർട്ട്), വിനു (അനു മോഹൻ) എന്നിവർക്കു പരിക്കേൽക്കുകയും ഡേവിഡ് അവരെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ വച്ച് അപ്രതീക്ഷിതമായി വിനുവിനെ കാണാതാകുന്നു. വിനുവിന്റെ തിരോധാനത്തിൽ ഷാനും അത്ഭുതപ്പെടുന്നു. വിനുവിന്റെയും ഷാനിന്റെയും പെരുമാറ്റത്തിൽ ഡേവിഡ് എബ്രഹാമിനു ചില സംശയങ്ങൾ തോന്നുന്നു. അദ്ദേഹം ഷാനിനോട് പ്രശ്നമെന്താണെന്ന് അന്വേഷിക്കുന്നുവെങ്കിലും ഒന്നും തുറന്നുപറയുവാൻ ഷാൻ തയ്യാറാകുന്നില്ല. ഷാനിനെ അയാളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകവേ തന്റെ പേര് ഡേവിഡ് എബ്രഹാം ഐ.പി.എസ്. എന്നാണെന്നും താൻ ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണെന്നും ഡേവിഡ് വെളിപ്പെടുത്തുന്നു. ഷാനിനെ വീട്ടിലെത്തിച്ചതിനു ശേഷമാണ് ഡേവിഡ് മടങ്ങിയത്. പിറ്റേ ദിവസം വിനുവിന്റെ മരണവാർത്ത കേൾക്കുന്ന ഡേവിഡ് അതേക്കുറിച്ച് അന്വേഷിക്കുവാനായി ഷാനിന്റെ വീട്ടിൽ പോകുന്നു. ഷാൻ തന്റെ സുഹൃത്തുക്കളായ വിനു, എബി (ടൊവിനോ തോമസ്), ജെസീക്ക (ജനനി അയ്യർ), സൈക്കിൾ (പ്രവീൺ പ്രേം) എന്നിവരുടെ ജീവിതകഥ ഡേവിഡിനോടു പറയുന്നു. വിനു ഒരു ഇന്റർനെറ്റ് കഫേ നടത്തിയാണ് ജീവിച്ചിരുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ചുവെങ്കിലും സൈക്കിൾ ഇപ്പോൾ കുറച്ചു സാമ്പത്തിക പ്രതിസന്ധിയിലാണ്. എബിയും ജെസിയും ഒരു അനാഥാലയത്തിലാണ് വളർന്നത്. അഞ്ച് സുഹൃത്തുക്കളും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. വിനുവും ജെസിയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം മറ്റുള്ളവർ വളരെ വൈകിയാണ് മനസ്സിലാക്കുന്നത്. ഒരു ദിവസം വിനുവിന്റെ ഇന്റർനെറ്റ് കഫേയിൽ പോലീസുകാർ പരിശോധന നടത്തുന്നുവെങ്കിലും അവിടെ നിന്നും അനധികൃതമായ ഒരു വസ്തുവും കണ്ടെത്താൻ കഴിയുന്നില്ല. അന്നു രാത്രിയിൽ വിനുവിന്റെ വീട്ടിൽ ചില ഗുണ്ടകൾ എത്തുകയും വിനുവിനെയും കുടുംബത്തെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്റ്റഫർ മോറിയാർട്ടി എന്നയാളുടെ 1.75 കോടി രൂപ വിനുവിന്റെ കൈയ്യിലുണ്ടെന്നും അത് വീണ്ടെടുക്കുവാനായി ക്രിസ്റ്റഫർ തങ്ങളെ അയച്ചതാണെന്നും ഗുണ്ടാതലവൻ വെളിപ്പെടുത്തുന്നു. പണം തിരികെ നൽകുവാൻ അവർ വിനുവിന് 36 മണിക്കൂർ സമയം നൽകുന്നു. പക്ഷേ ഈ സംഭവത്തിൽ വിനു തീർത്തും നിരപരാധിയായിരുന്നു. ഇന്റർനെറ്റ് കഫേയിലുണ്ടായിരുന്ന പണം താനാണ് മാറ്റിയതെന്നു സൈക്കിൾ തന്റെ കൂട്ടുകാരോടു വെളിപ്പെടുത്തുന്നു. എന്നാൽ ആ പണം പക്ഷേ സൈക്കിളിന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു. ക്രിസ്റ്റഫറിനെയും ഗുണ്ടകളെയം ഭയന്ന് വിനുവും കൂട്ടുകാരും ഒളിവിൽ പോകുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിനിടയിൽ ഷാൻ കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടുന്നു. പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം ഷാൻ വിനുവിനെ കണ്ടുമുട്ടിയപ്പോഴാണ് ഡേവിഡ് എബ്രഹാമിന്റെ ജീപ്പുമായുള്ള അപകടം നടക്കുന്നത്. ഷാനിൽ നിന്നും ഇത്രയും കാര്യങ്ങൾ കേട്ടറിഞ്ഞ ഡേവിഡ് വിനുവിന്റെ മരണത്തെക്കുറിച്ച് ഏകനായി അന്വേഷണം നടത്തുന്നു. ക്രിസ്തുമസിനു തുടങ്ങിയ അന്വേഷണം ഏഴു ദിവസങ്ങൾ കൊണ്ട് പൂർത്തിയാകുന്നു. വിനുവും ജെസിയും തമ്മിലുള്ള പ്രണയെത്തെക്കുറിച്ച് മനസ്സിലാക്കിയ എബിയാണ് ക്രിസ്റ്റഫറിന്റെ പണം വിനുവിന്റെ കഫേയിൽ വച്ചതെന്ന് അന്വേഷണത്തിൽ തെളിയുന്നു. വിനുവിനെ കൊന്ന് ജെസിയെ സ്വന്തമാക്കുവാനായി എബി നടത്തിയ നാടകമാണ് എല്ലാ സംഭവങ്ങൾക്കും പിന്നിലെന്നും വെളിപ്പെടുന്നു. എബിയുടെ പദ്ധതി മനസ്സിലാക്കുന്ന വിനുവും ജെസിയും സൈക്കിളും അക്ഷരാർത്ഥത്തിൽ ഞെട്ടുന്നു. എബിക്കു തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുമെങ്കിലും ജെസി അവനോടു ക്ഷമിക്കുവാൻ തയ്യാറാകുന്നില്ല. അതോടെ തന്റെ സുഹൃത്തുക്കളുടെ പഴയ എബിയായി ഇനി ജീവിക്കുവാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്ന എബി ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുന്നു. വിനുവിന്റെ ശരീരപ്രകൃതിയോടു സാദൃശ്യമുണ്ടായിരുന്നതിനാൽ എബിയുടെ മരണത്തെ എല്ലാവരും വിനുവിന്റെ മരണമായി തെറ്റിദ്ധരിച്ചു. മരിക്കും മുമ്പ് ഒളിപ്പിച്ചു വച്ചിരുന്ന പണം എബി തന്റെ കൂട്ടുകാർക്കു കൈമാറിയിരുന്നു. ഇത്രയും കാര്യങ്ങൾ വിനുവിൽ നിന്നും ജെസിയിൽ നിന്നും കേട്ടറിയുന്ന ഡേവിഡ് എബ്രഹാം മറ്റു ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തുന്നു. ക്രിസ്റ്റഫർ മോറിയാർട്ടിയുടെ അനേകം ഏജന്റുമാരിൽ ഒരാളായിരുന്നു എബി. ക്രിസ്റ്റഫറിന്റെ 1.75 കോടിയുടെ കള്ളപ്പണമാണ് എബി ഒളിപ്പിച്ചുവച്ചത്. പ്രായത്തിന്റെ പക്വതയില്ലായ്മകൊണ്ട് വിനുവും കൂട്ടുകാരും ചെയ്ത അബദ്ധങ്ങളാണ് എല്ലാത്തിനും കാരണമെന്ന് മനസ്സിലാക്കുന്ന ഡേവിഡ് അവർക്കെതിരെ കൊലപാതകത്തിനും മറ്റും കേസെടുക്കുവാൻ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞാൽ നാളെ ക്രിസ്റ്റഫറോ ജുഡീഷ്യറിയോ വിനുവിനോടും കൂട്ടുകാരോടും നീതി കാണിക്കില്ലെന്നു ഡേവിഡ് മുന്നറിയിപ്പും നൽകുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിൽ നിന്നും കുറച്ചു കള്ളപ്പണം കണ്ടെത്തിയെന്നു പറഞ്ഞുകൊണ്ട് ഈ കേസ് അവസാനിപ്പിക്കാമെന്നും എല്ലാവരും സമാധാനമായി വീട്ടിലേക്കു മടങ്ങിപ്പോകണമെന്നും ഡേവിഡ് അവരോടു പറയുന്നു. പണം ഡേവിഡിനു കൈമാറിയ ശേഷം വിനുവും കൂട്ടുകാരും വീട്ടിലേക്കു മടങ്ങുന്നു. യാത്രാമധ്യേ ഷാൻ ചില സംശയങ്ങൾ വിനുവിനോടും കൂട്ടരോടും ചോദിക്കുന്നു. ഇത്രയും നേരം നമ്മളോടൊപ്പമുണ്ടായിരുന്ന ഡേവിഡ് എബ്രഹാം ഐ.പി.എസ്. ശരിക്കും ആരാണ്? അയാൾ തന്റെ യൂണിഫോമോ തിരിച്ചറിയൽ രേഖയോ കാണിച്ചിരുന്നോ? അയാളൊരു പോലീസുകാരനാണ് എന്നതിന് എന്തു തെളിവാണുള്ളത്? ഷാനിന്റെ ഈ ചോദ്യങ്ങൾ വിനുവിനെയും കൂട്ടരെയും ഏറെ ചിന്തിപ്പിക്കുന്നു. ഡേവിഡ് എബ്രഹാം ഐ.പി.എസ്. എന്ന പോലീസുദ്യോഗസ്ഥനായി അവർക്കു മുമ്പിലെത്തിയത് സാക്ഷാൽ ക്രിസ്റ്റഫർ മോറിയാർട്ടി തന്നെയാണെന്നു സൂചിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. അഭിനയിച്ചവർ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia