സാറാസ് 2021 ലെ മലയാള റൊമാൻ്റിക് കോമഡി ചലച്ചിത്രമാണ്. അക്ഷയ് ഹരീഷ് രചനയും ജൂഡ് ആന്റണി ജോസഫ് സംവിധാനവും നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ സണ്ണി വെയ്ൻ, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[3][4]ഷാൻ റഹ്മാൻ സംഗീതവും രണദിവെ ഛായാഗ്രഹണവും റിയാസ് കെ. ബദർ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചലച്ചിത്രം 2021 ജൂലൈ 5 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തു.[5][6]
കഥാസംഗ്രഹം
ഒരു കുട്ടിക്ക് ജന്മം നൽകാൻ ആഗ്രഹമില്ലാത്ത ഒരു പെൺകുട്ടിയാണ് സാറ വിൻസെന്റ്(അന്ന ബെൻ). ചലച്ചിത്രമേഖലയിൽ സഹസംവിധായകയായി ജോലി ചെയ്യുന്ന അവളുടെ ഏറ്റവും വലിയ സ്വപ്നം ഒരു സ്വതന്ത്ര സംവിധായകയാകുക എന്നതാണ്. മക്കൾ വേണ്ടെന്ന അവളുടെ കാഴ്ചപ്പാടിന് അനുസൃതമായി ചിന്തിക്കുന്ന ജീവൻ ഫിലിപ്പിനെ(സണ്ണി വെയ്ൻ) അവൾ വിവാഹം കഴിക്കുന്നു. സാറയുടെ ജീവിതത്തിലും ജോലിയിലും ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും സിനിമ തുടർന്നു പറയുന്നു.