സമീർ അമിൻ
വിഖ്യാതനായ മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു സമീർ അമീൻ(3 സെപ്റ്റംബർ 1931 – 12 ഓഗസ്റ്റ് 2018). മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക ഘടനകളെയും ആഗോളവൽക്കരണ പ്രവണതകളെയും ആഴത്തിൽ പഠിച്ച അമീൻ, നവ ഉദാര നയങ്ങളുടെ തകർച്ച അനിവാര്യമാണെന്നു പ്രവചിച്ചു. സർഗാത്മക മാർക്സിസ്റ്റ‌് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്[1]. അദ്ദേഹം അവതരിപ്പിച്ച യൂറോസെൻട്രിസം എന്ന ആശയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[2] ജീവിതരേഖഈജിപ്ഷ്യൻ-ഫ്രഞ്ച് ദമ്പതികളുടെ മകനായ സമീർ അമീൻ 1957 മുതൽ 1960 വരെ ഈജിപ്തിലെ പ്ലാനിങ് ഏജൻസിയിൽ ജോലി ചെയ്തു. അക്കാലത്തെ അവിടുത്തെ ഭരണാധികാരിയായിരുന്ന ഗമാൽ അബ്ദുൽ നാസർ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അദ്ദേഹം അദ്ദേഹം അവിടം വിട്ടു. മാലിയിലെ ആസുത്രണ സംവിധാനവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു. 1966 മുതൽ ഫ്രാൻസിൽ പ്രൊഫസറായി നിയമിതനായി. പാരിസിൽ എത്തിയ ശേഷം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായെങ്കിലും സോവിയറ്റ് മാർക്സിസ്റ്റ് പ്രയോഗത്തോട് വിയോജിച്ച് പാർട്ടി വിട്ടു. മാവോയിസ്റ്റുകളുമായും അദ്ദേഹം ബന്ധം പുലർത്തി. കെയ്റോയിൽ പഠിപ്പിക്കുന്ന കാലത്ത് ഈജിപ്തിലെ നാസർ, ടാൻസാനിയയിലെ നെരേര, ഘാനയിലെ എൻക്രുമ തുടങ്ങിയവരുമെല്ലാമായി ഇടപെട്ട് പ്രവർത്തിച്ചു.1980 മുതൽ തേഡ് വേൾഡ് ഫോറത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. മസ്തിഷ്‌ക ട്യൂമറിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അമീൻ 2018 ഓഗസ്റ്റ് 12 ന് അന്തരിച്ചു. ആഗോളവൽക്കരണത്തിന്റെ വിമർശകൻധനിക രാജ്യങ്ങൾ സംഘടിതമായി വിപണി നിയന്ത്രിക്കുന്ന മുതലാളിത്ത ഭരണക്രമമെന്ന് ആഗോളവൽക്കരണത്തെ നിർവചിച്ചു. സാങ്കേതികവിദ്യ, പ്രകൃതിവിഭവങ്ങൾ, ധനസമ്പത്ത്, ആഗോള മാധ്യമം, ആയുധസാമഗ്രികൾ എന്നിങ്ങനെ അഞ്ച് മേഖലയിലെ കുത്തകവൽക്കരണത്തിലൂടെയാണ് ആഗോളവൽക്കരണം മേധാവിത്വം നിലനിർത്തുന്നതെന്ന് നിരീക്ഷിച്ചു. പ്രധാന സംഭാവനകൾമൂന്നാം ലോക രാജ്യങ്ങളിലെ മുതലാളിത്ത വികസനത്തെക്കുറിച്ചും അവികസിതവാസ്ഥയെക്കുറിച്ചുമുള്ള മാർക്സിസ്റ്റ് പഠനമാണ് സമീർ അമീന്റെ പ്രധാന സംഭാവന. മൂന്നാം ലോക രാജ്യങ്ങളെ പാപ്പരീകരിച്ചുകൊണ്ടാണ് ഒന്നാം ലോക രാജ്യങ്ങൾ വികസിക്കുന്നതെന്നായിരുന്നു അദ്ദേഹം മുഖ്യമായും വാദിച്ചത്. സാമ്രാജ്യത്വമെന്നത് മുതലാളിത്ത വികസനത്തിന്റെ ഒരു ഘട്ടത്തിൽ ഉണ്ടാകുന്നതല്ലെന്നും മുതലാളിത്തത്തിൽ അന്തർലീനമായ സ്വഭാവസവിശേഷതയാണെന്നുമായിരുന്നു സമീർ അമീന്റെ വാദം. മുതലാളിത്തം അതിന്റെ ചരിത്രത്തിൽ രണ്ട് പ്രതിസന്ധികളാണ് നേരിട്ടതെന്നാണ് സമീർ അമീൻ വാദിക്കുന്നത്. 1871 മുതൽ 1945വരെയായിരുന്നു ആദ്യഘട്ടം. രണ്ടാമത്തത് 1971ൽ തുടങ്ങിയെന്നും സമീർ അമീൻ വാദിച്ചു. ഒരു സാമൂഹ്യ സംവിധാനം എന്ന നിലയിൽ മുതലാളിത്തം തീർത്തും അപ്രസക്തമായി എന്നായിരുന്നു സമീർ അമീന്റെ വിലയിരുത്തൽ. തൊഴിലാളികളുടെ മുന്നേറ്റങ്ങളെയും സംഘടനകളെയും അംഗീകരിക്കാത്ത ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് പ്രതിലോമ പ്രസ്ഥാനമാണെന്ന് കടുത്ത വിമർശനമുയർത്തി. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ഏജന്റുമാരായാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. കൃതികൾമുതലാളിത്തത്തെക്കുറിച്ചും മാർക്‌സിസത്തെക്കുറിച്ചും മുപ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥം “അവികസനത്തിന്റെ തുടക്കം– ആഗോളതലത്തിലെ മുതലാളിത്ത മൂലധന സ്വരൂപണം” എന്നതാണ്. അദ്ദേഹം 1957ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിന്റ വികസിത രൂപമാണ് ഈ ഗ്രന്ഥം.[3]
ഗ്ലോബലൈസേഷൻ )
പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
Some writings by Samir Amin available on-line:
Critical review: |
Portal di Ensiklopedia Dunia