1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ ഏറ്റവും വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.
1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ[1] വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ്[2], കറുത്ത മാൻപേട[3][4], കറുത്തമുത്ത്[5][6] എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.
ജീവിതരേഖ
22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക് ജനിച്ച വിൽമ, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, തുടർച്ചയായ ചികിത്സക്കൊടുവിൽ പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി[7].
കായികരംഗം
വിൽമ റുഡോൾഫ്, 1961
പതിനൊന്നാം വയസ്സ് മുതൽ കായികപരിശീലനം നേടിത്തുടങ്ങിയ വിൽമ, തുടക്കത്തിൽ ഊന്നുവടിയുമായാണ് പരിശീലനം നടത്തിയിരുന്നത്[8]. പതിനാറാം വയസ്സായപ്പോഴേക്കും ഒരുവിധം നന്നായി ഓടാൻ സാധിച്ചിരുന്നു. എഡ് ടെമ്പിൾ എന്ന പരിശീലകന്റെ ശിക്ഷണത്തിൽ വർഷങ്ങൾക്കകം മികച്ച കായികതാരമായി വളർന്നു[8]. 1956-ലെ മെൽബൺ ഒളിമ്പിക്സിൽ നൂറുമീറ്റർ റിലേയിൽ വെങ്കലം നേടിയ വിൽമ, 1960-ലെ റോം ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി[9][10][11][12]. 1962-ൽ കായികരംഗത്ത് നിന്ന് വിരമിച്ചു.
അന്ത്യം
1994-ൽ വിൽമയ്ക്ക് മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ടു. അതേവർഷം നവംബർ 12-ന് നാഷ്‌വില്ലയിലെ വസതിയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു. 54 വയസ്സ് പ്രായമായിരുന്ന അവൾക്ക് [13] നാല് മക്കളുണ്ടായിരുന്നു[14]. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു.