വാൾട്ടർ ലെവിൻ
മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനും അദ്ധ്യാപകനുമാണ് വാൾട്ടർ ലെവിൻ. 2009-ൽ വിരമിച്ച ശേഷവും അവിടെ എമിറൈറ്റ്സ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു വരുന്നു. എം.ഐ.ടിയിലെ അദ്ദേഹത്തിന്റെ രസകരവും വിജ്ഞാനപ്രദവുമായ ലെക്ചറുകൾ ഇന്റർനെറ്റിൽ ലഭ്യമായതോടെയാണ് അദ്ദേഹം രാജ്യാന്തരപ്രശസ്തനായത്. പ്രതിവർഷം 20 ലക്ഷംപേർ ഈ ലെക്ചറുകൾ വീക്ഷിക്കുന്നു. നെതർലാന്റ്സിലെ ഒരു ജൂതകുടുംബത്തിൽ 1936 ജനുവരി 29-നാണ് ലെവിൻ ജനിച്ചത്. ഡെൽവ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നും 1965-ൽ ന്യൂക്ലിയാർ ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എക്സ്റേ-അസ്ട്രോണമി വിദഗ്ദ്ധനായ ബ്രൂണോ റോസിയുടെ ക്ഷണപ്രകാരമാണ് 1966-ൽ എം.ഐ.ടിയിൽ എത്തുന്നത്. അവിടെ പോസ്റ്റ്-ഡോക് ഗവേഷണത്തിനു ചേർന്ന അദ്ദേഹം അതേവർഷം തന്നെ അസ്സിസ്റ്റന്റ് പ്രൊഫസറായി. ചിത്രകലയിലും അതീവതല്പരനായ ലെവിൻ ചിത്രകലയുടെ ചരിത്രത്തെക്കുറിച്ചും ലെക്ചർ ചെയ്തിട്ടുണ്ട്. ക്ലാസ്സുകൾ ആകർഷകമാക്കാൻ വിചിത്രമായ പല പരീക്ഷണങ്ങൾക്കും ലെവിൻ മുതിരാറുണ്ട്. ക്ലാസ്സ്മുറിയുടെ മേൽത്തട്ടിൽ ഘടിപ്പിച്ച പെൻഡുലത്തിൽ സ്വയം തൂങ്ങിയാടി, അതിന്റെ ആവൃത്തിയും പിണ്ഡവും തമ്മിൽ ബന്ധമില്ലെന്ന് കാണിക്കും. റോക്കറ്റിന്റെ പ്രവർത്തനതത്ത്വം പഠിപ്പിക്കാനായി ഫയർ എക്സ്റ്റിങ്ഗ്വിഷർ ഘടിപ്പിച്ച മുച്ചക്ര സൈക്കിളിൽ ക്ലാസ്സ്മുറിയിൽ സഞ്ചരിക്കും. ഓരോ 50 മിനിറ്റ് ലക്ച്കറിനു പിന്നിലും 25 മണിക്കൂറിന്റെ തയ്യാറെടുപ്പുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്റെ ക്ലാസ്സുകളെ ആധാരമാക്കി 2011-ൽ ഫോർ ദി ലവ് ഓഫ് ഫിസിക്സ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അവലംബം
Walter Lewin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia