ലിത്തോഗ്രാഫി![]()
കല്ലോ (ലിത്തോഗ്രാഫിക് ചുണ്ണാമ്പുകല്ല്) മിനുസമായ പ്രതലമുള്ള ഒരു ലോഹത്തകിടോ ഉപയോഗിച്ച് അച്ചടിക്കുന്ന ഒരു രീതിയാണ് ലിത്തോഗ്രാഫി (ഗ്രീക്ക് ഭാഷയിലെ λίθος, ലിത്തോസ്, "കല്ല്" + γράφειν, ഗ്രാഫേയ്ൻ, "എഴുതുക" എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ഈ വാക്കുണ്ടായിട്ടുള്ളത്). 1796-ൽ ജെർമൻ എഴുത്തുകാരനും നടനുമായ അലോയിസ് സെനെഫെൽഡർ എന്നയാൾ നാടകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു ചെലവുകുറഞ്ഞ രീതി എന്ന നിലയിലാണ് ഇത് കണ്ടുപിടിച്ചത്.[1][2] അക്ഷരങ്ങളോ ചിത്രങ്ങളോ കടലാസിലേയ്ക്കോ അനുയോജ്യമായ മറ്റു പ്രതലങ്ങളിലേയ്ക്കോ അച്ചടിക്കാൻ ലിത്തോഗ്രാഫി ഉപയോഗിക്കാവുന്നതാണ്.[3] ലിത്തോഗ്രാഫിക് ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഫലകത്തിൽ എണ്ണ/കൊഴുപ്പ്/മെഴുക് എന്നിവകൊണ്ട് വരച്ച ചിത്രമായിരുന്നു ആദ്യകാലത്ത് ലിത്തോഗ്രാഫിയിൽ ഉപയോഗിച്ചിരുന്നത്. ഇതിൽ ആസിഡ് (എച്ചിങ്ങ്) ഗം അറബിക് എന്നിവയുടെ മിശ്രിതവും ജലവും ഉപയോഗിച്ചശേഷം മഷി ചില സ്ഥലങ്ങളിലേ ഒട്ടിപ്പിടിക്കുകയുള്ളൂ. എണ്ണ/കൊഴുപ്പ്/മെഴുക് എന്നിവ ഉപയോഗിക്കാത്ത പ്രദേശങ്ങളിൽ മഷി പിടിക്കുകയില്ല. ഈ കല്ലിൽ നിന്ന് ഒരു കടലാസിലേയ്ക്ക് മഷി അച്ചടിക്കാൻ എളുപ്പമാണ്. ആധുനിക ലിത്തോഗ്രാഫിയിൽ ചിത്രം ഒരു അലൂമിനിയം തകിടിൽ പോളിമർ പൂശിയാണ് തയ്യാറാക്കുന്നത്. ലിത്തോഗ്രാഫി ഉപയോഗിച്ച് അച്ചടിക്കുവാൻ ഒരു കൽഫലകത്തിന്റെ പരന്ന പ്രതലത്തിൽ ചെറിയ പരുപരുപ്പുണ്ടാക്കി—എച്ച് ചെയ്ത്—വെള്ളത്തിൽ നനയുന്നതുമൂലം എണ്ണയിൽ ലയിച്ച മഷി പറ്റിപ്പിടിക്കാത്തതും (ഹൈഡ്രോഫിലിക്) മഷി പറ്റിപ്പിടിക്കുന്നതുമായ (ഹൈഡ്രോഫോബിക്) മേഖലകളാക്കി വേർതിരിക്കുന്നു. സർഫേസ് ടെൻഷൻ മൂലം ജലത്തെ വികർഷിക്കുന്നതും മഷി പറ്റിപ്പിടിക്കുന്നതുമായ ഭാഗമാണ് ഹൈഡ്രോഫോബിക് മേഖല. ചിത്രം പ്ലേറ്റിൽ നിന്ന് നേരിട്ട് പ്രിന്റ് ചെയ്യാവുന്നതാണെങ്കിലും ഇങ്ങനെ ചെയ്താൽ തലതിരിഞ്ഞ ബിംബമായിരിക്കും പേപ്പറിൽ പതിയുക. ആദ്യം ചിത്രം ഒരു റബ്ബർ ഷീറ്റിലേയ്ക്ക് പകർത്തിയശേഷം കടലാസിൽ അച്ചടിച്ചാൽ ശരിയായ രീതിയിലുള്ള (തലതിരിയാത്ത) ചിത്രം അച്ചടിക്കാനാകും. ഇതാണ് ഓഫ്സെറ്റ് പ്രിന്റിംഗ്. പ്രിന്റിംഗ് സാങ്കേതികവിദ്യ എന്ന നിലയിൽ ലിത്തോഗ്രാഫിയും ഇന്റാഗ്ലിയോ അച്ചടിയും തമ്മിൽ വ്യത്യാസമുണ്ട്. ഇതിൽ അച്ചടിക്കുപയോഗിക്കുന്ന പ്ലേറ്റിൽ മഷി കൊള്ളുന്നതിനായി എൻഗ്രേവ് ചെയ്യുകയോ, പരുക്കനാക്കുകയോ, സ്റ്റിപ്പിൾ ചെയ്യുകയോ ആണ് ചെയ്യുന്നത്. മരത്തിന്റെ അച്ചുപയോഗിച്ചുള്ള അച്ചടിയിലും, ലെറ്റർപ്രെസ്സ് അച്ചടിയിലും മഷി അച്ചിന്റെ ഉയർന്ന ഭാഗത്താണ് പറ്റിപ്പിടിക്കുന്നത്. പുസ്തകങ്ങളുടെയോ അതുപോലെ വലിയ അളവിലുള്ള മറ്റ് അച്ചടികൾക്കോ ഓഫ്സെറ്റ് ലിത്തോഗ്രാഫി എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും സാധാരണയായി ഉപയോഗത്തിലുള്ള അച്ചടിരീതി. ലിത്തോഗ്രാഫി എന്ന വാക്ക് ഫോട്ടോലിത്തോഗ്രാഫി എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, മൈക്രോഇലക്ട്രോമെക്കാനിക്കൽ സിസ്റ്റങ്ങൾ എന്നിവ നിർമ്മിക്കാനാണ് ഫോട്ടോലിത്തോഗ്രാഫി ഉപയോഗിക്കുന്നത്. ലിത്തോഗ്രാഫിയുടെ തത്ത്വങ്ങൾഒരു ലളിതമായ രാസപ്രക്രീയയാണ് ലിത്തോഗ്രാഫിയിൽ അച്ചടിക്കാനുള്ള രൂപം തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഒരു രൂപത്തിന്റെ പോസിറ്റീവ് ഭാഗം വെള്ളത്തെ വികർഷിക്കുന്ന വസ്തുകൊണ്ടുണ്ടാക്കിയതും ("ഹൈഡ്രോഫോബിക്") നെഗറ്റീവ് രൂപം വെള്ളത്തിൽ നനയുന്ന തരവുമാണ് ("ഹൈഡ്രോഫിലിക്"). പ്ലേറ്റ് മഷിയും വെള്ളവും കലർന്ന മിശ്രിതവുമായി സാമീപ്യത്തിൽ വരുമ്പോൾ മഷി പോസിറ്റീവ് ചിത്രത്തിലും ജലം നെഗറ്റീവ് ഇമേജിലും പറ്റിപ്പിടിക്കും. ഇത് പരന്ന പ്രതലം കൊണ്ട് അച്ചടി സാദ്ധ്യമാക്കുന്നു. ഈ മാർഗ്ഗം മൂലം വളരെ ദീർഘസമയം വളരെയധികം വിശദാംശങ്ങളുള്ള ചിത്രങ്ങൾ അച്ചടിക്കാൻ സാധിക്കും. ലിത്തോഗ്രാഫിയുടെ ആദ്യകാലത്ത് പരന്ന ചുണ്ണാമ്പുകല്ലാണ് ഇതിനായി ഉപയോഗിച്ചിരുന്നത് (അതിനാലാണ് "ലിത്തോഗ്രാഫി" എന്ന് ഈ രീതിക്ക് പേരുവന്നത്). എണ്ണമയമുള്ള ചിത്രം കല്ലിൽ പതിച്ചശേഷം വെള്ളവും ഗം അറബിക്കും ചേർന്ന മിശ്രിതം അതിനുമേൽ ഉപയോഗിക്കും. ഗം എണ്ണമയമില്ലാത്ത പ്രതലത്തിൽ ഒട്ടിപ്പിടിക്കും. അച്ചടിക്കുമ്പോൾ വെള്ളം ഗം അറബിക്കുള്ള പ്രതലത്തിൽ പറ്റുന്നതുകൊണ്ടും എണ്ണമയമുള്ള മഷി ഗം അറബിക് ഇല്ലാത്ത ഭാഗത്ത് പറ്റുകയുമാണ് ചെയ്യുന്നത്. ചുണ്ണാമ്പുകല്ലിലെ ലിത്തോഗ്രാഫി![]() എണ്ണയും ജലവും തമ്മിലുള്ള വികർഷണമാണ് ലിത്തോഗ്രാഫിക്കുപയോഗിക്കുന്ന സാങ്കേതികവിദ്യ. മെഴുകു ക്രയോൺ പോലെയുള്ള വസ്തുവുപയോഗിച്ചാണ് കല്ലിൽ ചിത്രം വരയ്ക്കുക. ചിത്രം വരച്ചശേഷം നൈട്രിക് ആസിഡ് HNO അച്ചടിക്കുമ്പോൾ കല്ല് വെള്ളമുപയോഗിച്ച് നനച്ചുകൊണ്ടിരിക്കും. ഇത് ഗം അറബിക് പറ്റിയ പ്രതലം നനഞ്ഞിരിക്കാൻ കാരണമാകും. പ്ലേറ്റിൽ ലിൻസീഡ് ഓയിൽ പോലുള്ള എണ്ണകളുള്ള അച്ചടിമഷി പുരട്ടിയാൽ ഗം അറബിക് ഇല്ലാത്ത സ്ഥലത്തുമാത്രമേ ഇത് പറ്റുകയുള്ളൂ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് സെനെഫെൽഡർ ബഹുവർണ്ണ ലിത്തോഗ്രാഫി പരീക്ഷിച്ചിരുന്നു. ഇത് പെയിന്റിംഗുകൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം 1819-ൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] 1837-ൽ ഗോഡ്ഫ്രോയ് എൻഗൽമാൻ ഫ്രാൻസിൽ ക്രോമോലിത്തോഗ്രാഫി എന്നപേരിൽ ബഹുവർണ്ണ ലിത്തോഗ്രാഫിക് അച്ചടി ആരംഭിച്ചിരുന്നു.[1] ഓരോ വർണ്ണങ്ങൾക്കും പ്രത്യേകം കല്ലുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എത്ര കല്ലുകളുണ്ടോ അത്രയും പ്രാവശ്യം ഒരു കടലാസിൽ പ്രിന്റ് ചെയ്യേണ്ടിയിരുന്നു. ചിത്രം ഒരേയിടത്ത് പതിയുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അക്കാലത്തെ പോസ്റ്ററുകളിൽ ഒരേ നിറമുള്ള വലിയ ഭാഗങ്ങൾ കാണപ്പെട്ടിരുന്നത് ഈ അച്ചടി രീതിയുടെ പരിമിതി കാരണമായിരുന്നു. 1852-നു ശേഷം ലിത്തോഗ്രാഫി രീതിയുപയോഗിച്ചായിരുന്നു ഇംഗ്ലീഷ് ഭൂപടങ്ങൾ അച്ചടിച്ചിരുന്നത്. പെനിൻസുല യുദ്ധസമയത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭൂപടങ്ങൾ ഈ രീതിയുപയോഗിച്ചായിരുന്നു തയ്യാറാക്കിയിരുന്നത്."[5] ആധുനിക ലിത്തോഗ്രാഫിക് പ്രക്രീയ![]() പോസ്റ്ററുകൾ, ഭൂപടങ്ങൾ, പത്രങ്ങൾ പാക്കേജിംഗ് തുടങ്ങിയവ അച്ചടിക്കാനായി ലിത്തോഗ്രാഫി ഉപയോഗിക്കുന്നു. മിനുസമുള്ളതും വലിയതോതിൽ നിർമ്മിക്കുന്നതുമായ എല്ലാ വസ്തുക്കളിലെയും പ്രിന്റ് ലിത്തോഗ്രാഫ്ഇ ഉപയോഗിച്ചാവും ചെയ്തിരിക്കുക. മിക്ക പുസ്തകങ്ങളും ഓഫ്സെറ്റ് ലിത്തോഗ്രാഫി ഉപയോഗിച്ചാണ് പ്രിന്റ് ചെയ്യുന്നത്. ഓഫ്സെറ്റ് ലിത്തോഗ്രാഫി ഫോട്ടോഗ്രാഫിക് പ്രക്രീയയെ ആശ്രയിച്ചാണിരിക്കുന്നത്. അലൂമിനിയമോ, മൈലാറോ പേപ്പറോ കൊണ്ടുള്ള പ്രിന്റിംഗ് പ്ലേറ്റാണ് ഇതിനുപയോഗിക്കുന്നത്. ഈ പ്രിന്റിംഗ് പ്ലേറ്റിൽ പ്രകാശം തട്ടിയാൽ മാറ്റമുണ്ടാകുന്ന ഒരു എമൽഷൺ പൂശിയിട്ടുണ്ടാവും. ഇതിനുമീതേ ഒരു നെഗറ്റീവ് ചേർത്തുവയ്ക്കുകയും അൾട്രാവയലത് പ്രകാശം അതിനുമീതേ പതിപ്പിക്കുകയും ചെയ്യും. ഡെവലപ്പ് ചെയ്തശേഷം എമൽഷണിൽ നെഗറ്റീവ് ഇമേജിന്റെ തലതിരിഞ്ഞ രൂപം പതിഞ്ഞിട്ടുണ്ടാവും. ലേസർ ഇമേജിംഗ്, കമ്പ്യൂട്ടറിൽ നിന്ന് പ്ലേറ്റിലേയ്ക്ക് നേരിട്ട് പകർത്തുന്ന വിദ്യ എന്നിവയും അൾട്രാവയലറ്റ് പ്രകാശത്തിനു പകരം ഉപയോഗിക്കാറുണ്ട്. എമൽഷണിൽ പതിഞ്ഞ രൂപമല്ലാത്ത ഭാഗം ഒരു രാസപ്രക്രീയയിലൂടെ പണ്ട് നീക്കം ചെയ്തിരുന്നുവെങ്കിലും പുതിയ രീതിയിൽ അതിന്റെ ആവശ്യമില്ല. ![]() ഈ പ്ലേറ്റ് പ്രിന്റിംഗ് പ്രെസ്സിൽ ഒരു സിലിണ്ടറിൽ പതിപ്പിക്കും. റോളറുകൾ ഇതിൽ വെള്ളം നനച്ചുകൊണ്ടിരിക്കും. ഇമേജ് പതിഞ്ഞ ഭാഗം വെള്ളത്തിനെ വികർഷിച്ചുകൊണ്ടിരിക്കും. മഷി പതിപ്പിക്കുന്ന റോളറുകൾ സിലിണ്ടറിൽ ഇമേജ് പതിഞ്ഞ ഭാഗത്ത് മഷി തേച്ചുകൊണ്ടിരിക്കും. ഈ സിലിണ്ടർ ഒരു റബ്ബർ ബ്ലാങ്കറ്റ് പതിച്ച സിലിണ്ടറിലേയ്ക്ക് മഷി കൈമാറ്റം ചെയ്യുകയും അതിൽ നിന്ന് കടലാസിലേയ്ക്ക് ഇമേജ് പകർത്തുകയുമാണ് ചെയ്യുന്നത്. കടലാസ് റബ്ബർ ബ്ലാങ്കറ്റ് സിലിണ്ടറിനും സമ്മർദ്ദം നൽകാനുള്ള ഒരു ഇമ്പ്രഷൻ സിലിണ്ടറിനും ഇടയിലാണ് കടന്നുപോകുന്നത്. ഈ രീതി ഓഫ്സെറ്റ് ലിത്തോഗ്രാഫി എന്നറിയപ്പെടുന്നു.[6] മൈക്രോലിത്തോഗ്രാഫിയും നാനോലിത്തോഗ്രാഫിയും10 മൈക്രോമീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള ചിത്രങ്ങൾ അച്ചടിക്കുന്നത് മൈക്രോലിത്തോഗ്രാഫിയായാണ് പരിഗണിക്കുന്നത്. 100 നാനോമീറ്ററിൽ ചെറിയ രൂപങ്ങൾ അച്ചടിക്കുന്നത് നാനോലിത്തോഗ്രാഫിയായി കണക്കാക്കുന്നു. ഫോട്ടോലിത്തോഗ്രാഫി ഇത്തരമൊരു രീതിയാണ്. സെമികണ്ടക്ടർ നിർമ്മാണത്തിനും മൈക്രോചിപ്പുകൾ നിർമ്മിക്കുന്നതിനു ഇതുപയോഗിക്കുന്നു. ഇലക്ട്രോൺ ബീം ലിത്തോഗ്രാഫി വളരെ സൂക്ഷ്മമായ അച്ചടിക്ക് ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. ധാരാളം സാങ്കേതികവിദ്യകൾ വികസിപ്പിക്കപ്പെടുന്നുമുണ്ട്. നാനോ ഇംപ്രിന്റ് ലിത്തോഗ്രാഫി, ഇന്റർഫെറൻസ് ലിത്തോഗ്രാഫി, എക്സ്റേ ലിത്തോഗ്രാഫി, എക്സ്ട്രീം അൾട്രാവയലറ്റ് ലിത്തോഗ്രാഫി, മാഗ്നറ്റോലിത്തോഗ്രാഫി, സ്കാനിംഗ് പ്രോബ് ലിത്തോഗ്രാഫി എന്നിവ ഇത്തരം ചില മാർഗ്ഗങ്ങളാണ്. ലിത്തോഗ്രാഫി കലയുടെ മാദ്ധ്യമം എന്ന നിലയിൽ![]() പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ലിത്തോഗ്രാഫിക്ക് അച്ചടിയിൽ ചെറിയ സ്വാധീനമേ ചെലുത്താൻ സാധിച്ചിരുന്നുള്ളൂ. ജർമനിയിലായിരുന്നു ഈ സമയത്ത് ഇത്തരം അച്ചടി കൂടുതലും നടന്നിരുന്നത്. തന്റെ അച്ചടിശാല പാരീസിലേയ്ക്ക് 1816-ൽ മാറ്റിയ ഗോഡ്ഫ്രോയ് എൻഗൽമാൻ ഇതിന്റെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വലിയ തോതിൽ വിജയിച്ചു. 1820-കളിൽ ഡെൽക്രോയി, ഗെറിക്കോൾ മുതലായ കലാകാരന്മാർ ഈ സാങ്കേതികവിദ്യ സ്വീകരിക്കാൻ തുടങ്ങി. ലണ്ടനും ഇത്തരം അച്ചടി നടക്കുന്ന ഒരു കേന്ദ്രമായി മാറി. ഗോയ ബോർഡിയോവിൽ ലിത്തോഗ്രാഫി ഉപയോഗിച്ചുള്ള ഒരു ശ്രേണി അച്ചടിക്കുകയുണ്ടായി - ദി ബുൾസ് ഓഫ് ബോർഡിയോ (1828) എന്നായിരുന്നു ഇതിന്റെ പേര്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇത് പത്രങ്ങളിലും മറ്റും ഉപയോഗിച്ചുതുടങ്ങി. 1890-കളിൽ കളർ ലിത്തോഗ്രാഫി ഫ്രെഞ്ച് കലാകാരന്മാരുടെയിടയിൽ പ്രസിദ്ധിയാർജ്ജിച്ചു. 1900-കളിൽ ഈ മാദ്ധ്യമം കളറിലും ഒറ്റനിറത്തിലും അച്ചടി ഏറ്റവും കൂടുതൽ നടക്കുന്ന രീതിയായി. ഫ്രാൻസ് അമേരിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇത് കൂടുതൽ ഉപയോഗിച്ചിരുന്നത്. ചിത്രശാല
ഇതും കാണുക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾLithography എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia