യൂറിയ
CO(NH2)2 എന്ന രാസസൂത്രമുള്ള ഒരു കാർബണികസംയുക്തമാണു് യൂറിയ അഥവാ കാർബമൈഡ്. രണ്ടു —NH2 തന്മാത്രാഗ്രൂപ്പുകൾ ഒരു കാർബോണിൽ (C=O) ഫങ്‌ഷണൽ ഗ്രൂപ്പുമായി ചേർന്ന നിലയിലാണു് യൂറിയയുടെ രാസഘടന. ജീവികളിലെ ഉപാപചയപ്രവർത്തനങ്ങളിൽ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ് യൂറിയയ്ക്ക് ഉള്ളത്, കൂടാതെ മൃഗങ്ങളുടെ മൂത്രത്തിലെ പ്രധാനപ്പെട്ട നൈട്രജൻ അടങ്ങിയ വസ്തുവും യൂറിയ ആണ്. നിറമില്ലാത്ത, മണമില്ലാത്ത ഖരരൂപത്തിലുള്ള യൂറിയ വളരെ നന്നായി ജലത്തിൽ ലയിക്കുകയും സാധാരണയ്ക്ക് വിഷമില്ലാത്തതുമാണ്. ജലത്തിൽ ലയിച്ച അവസ്ഥയിൽ ഇത് അമ്ലഗുണമോ ക്ഷാരഗുണമോ കാണിക്കുന്നില്ല. പല പ്രക്രിയകളിലും ശരീരം യൂറിയ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം നൈട്രജൻ പുറംതള്ളലാണ്. കരൾ രണ്ട് അമോണിയ തന്മാത്രകളെയും കാർബൺ ഡയോക്സൈഡിനെയും യോജിപ്പിച്ച് യൂറിയ ഉണ്ടാക്കുന്നു, ഇതിനെയാണ് യൂറിയ സൈക്കിൾ എന്നു പറയുന്നത്. വളം ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ രാസവ്യവസായങ്ങളിലെ ഒരു അസംസ്കൃതവസ്തുവാണ്. അജൈവവസ്തുക്കളിൽ നിന്നും യൂറിയ നിർമ്മിക്കാമെന്ന വോയ്ലറുടെ കണ്ടുപിടിത്തം രസതന്ത്രത്തിലെ ഒരു നാഴികക്കല്ലാണ്. ജീവനുള്ള വസ്തുക്കളിൽ നിന്നും ഉണ്ടാകുന്ന ഒരു വസ്തു അജൈവികമായ വസ്തുക്കളിൽ നിന്നും പരീക്ഷണശാലയിൽ ഉണ്ടാക്കാമെന്ന കാര്യം അത്രയും കാലം നിലനിന്നിരുന്ന ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും പ്രാഥമികമായിത്തന്നെ വ്യത്യസ്തമാണെന്നും രണ്ടും രണ്ടുതരം നിയമങ്ങളാലാണ് ഭരിക്കപ്പെടുന്നതുമെന്നുള്ള സിദ്ധാന്തത്തിനേറ്റ(doctrine of vitalism) തിരിച്ചടിയായിരുന്നു. അവലംബം
Urea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia