മേരി റീഡ്
മാർക്ക് റീഡ് എന്നുകൂടി അറിയപ്പെടുന്ന മേരി റീഡ് (ജീവിതകാലം: 1685 - 28 ഏപ്രിൽ 1721) ഒരു ഇംഗ്ലീഷ് കടൽക്കൊള്ളക്കാരിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെ "കടൽക്കൊള്ളയുടെ സുവർണ്ണ കാലഘട്ടത്തിന്റെ" അത്യുന്നതിയിൽ കടൽക്കൊള്ളയ്ക്ക് ശിക്ഷിക്കപ്പെട്ട ചുരുക്കം ചില വനിതകളിലുൾപ്പെടുന്ന മേരിയും ആൻ ബോണിയും എക്കാലത്തെയും കുപ്രസിദ്ധ വനിതാ കടൽക്കൊള്ളക്കാരികളായി അറിയപ്പെടുന്നു. മേരി റീഡ് 1685-ൽ ഇംഗ്ലണ്ടിൽ ജനിച്ചു. ആദ്യകാലത്ത് മാതാവിന്റെ പ്രേരണയാൽ പാരമ്പര്യമായുള്ള പണം ലഭിക്കുന്നതിനായി ചെറുപ്പത്തിൽത്തന്നെ ആൺകുട്ടിയായി വേഷം ധരിക്കാൻ തുടങ്ങിയ അവർ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നതിനായി തന്റെ കൌമാരകാലത്തും ആൺകുട്ടിയായി വേഷപ്പകർച്ച നടത്തിയിരുന്നു. പിന്നീട് വിവാഹിതയായ അവർ ഭർത്താവിന്റെ മരണത്തെത്തുടർന്ന് 1715 ഓടെ വെസ്റ്റ് ഇൻഡീസിലേക്ക് താമസം മാറി. 1720 ൽ അവൾ ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനായിരുന്ന ജാക്ക് റാക്കാമിനെ കണ്ടുമുട്ടുകയും പുരുഷവേഷത്തിൽ മറ്റൊരു വനിതയായ ആൻ ബോണിയോടൊപ്പം അയാളുടെ സംഘാംഗങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരിയായുള്ള അവളുടെ പ്രവർത്തനം വളരെ വിജയകരമായിരുന്നുവെങ്കിലും 1720 നവംബറിൽ അവളും ആൻ ബോണിയും ജാക്ക് റാക്കാമും അറസ്റ്റിലായതോടെ ഇത് കുറച്ചുകാലത്തേയ്ക്കു മാത്രമേ നീണ്ടുനിന്നുള്ളൂ. റാക്കാമിനെ വിചാരണചയ്ത് വേഗത്തിൽ വധിച്ചെങ്കിലും റീഡും ബോണിയും ഗർഭവതികളാണെന്ന് അവകാശപ്പെട്ടതിനാൽ അവരുടെ വധശിക്ഷയിൽ കാലതാമസം നേരിടുകയുണ്ടായി. 1721 ഏപ്രിലിൽ ഗർഭാവസ്ഥയിൽ നിന്നുള്ള സങ്കീർണതകളുടെ ഫലമായുണ്ടായ ജ്വരം ബാധിച്ച് മേരി റീഡ് മരണമടഞ്ഞു. ആദ്യകാലജീവിതം1685 ൽ ഇംഗ്ലണ്ടിലാണ് മേരി റീഡ് ജനിച്ചത്. ഒരു നാവികനെ വിവാഹം കഴിച്ചിരുന്ന മേരിയുടെ മാതാവിന് അദ്ദേഹത്തിൽ ഒരു പുത്രനുണ്ടായിരുന്നു.[1] ഭർത്താവ് സമുദ്രയാത്രയിൽ അപ്രത്യക്ഷനായതിനുശേഷമുള്ള ഒരു വിവാഹേതരബന്ധത്തിൽ മേരിയുടെ മാതാവ് ഗർഭവതിയായി. രാജ്യത്തെ സുഹൃത്തുക്കളോടൊപ്പം താമസിച്ചുകൊണ്ട് തന്റെ ഗർഭാവസ്ഥ മറയ്ക്കാൻ റീഡിന്റെ മാതാവ് ശ്രമിച്ചു. താമസിയാതെ, അവളുടെ പുത്രൻ മരണമടയുകയും അവർ മേരിക്ക് ജന്മം നൽകുകയും ചെയ്തു. സാമ്പത്തിക പരാധീനതിയിൽ, അന്തരിച്ച ഭർത്താവിന്റെ മാതാവിൽ നിന്നു ധനസഹായം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മരിയയെ അവരുടെ മരിച്ചുപോയെ മകനായി വേഷംമാറ്റാൻ മാതാവ് തീരുമാനിച്ചു. മുത്തശ്ശി സ്‌പഷ്‌ടമായി കബളിപ്പിക്കപ്പെടുകയും, മേരിയുടെ കൌമാരകാലത്ത് അവളും മാതാവും പാരമ്പര്യസ്വത്തിലെ അവകാശത്തിൽ ജീവിതം നയിക്കുകയും ചെയ്തു. ആൺകുട്ടിയായി വസ്ത്രം ധരിച്ച മേറി റീഡ് ആദ്യം ഒരു പരിചാരകനായി ജോലി ചെയ്യുകയും തുടർന്ന് ഒരു കപ്പലിൽ ജോലി കണ്ടെത്തുകയും ചെയ്തു.[2] മേരി പിന്നീട് ഫ്രഞ്ചുകാർക്കെതിരെ ഡച്ച് സേനയുമായി സഖ്യമുണ്ടാക്കിയിരുന്ന ബ്രിട്ടീഷ് മിലിട്ടറിയിൽ ചേർന്നു പ്രവർത്തിച്ചു, (ഇത് ഒൻപതു വർഷ യുദ്ധത്തിലോ സ്പാനിഷ് പിന്തുടർച്ചയുദ്ധത്തിലോ ആയിരുന്നിരിക്കാം). പുരുഷ വേഷത്തിൽ, യുദ്ധത്തിൽ തന്റെ കഴിവു തെളിയിച്ച മേരി റീഡ് ഒരു ഫ്ലെമിഷ് പട്ടാളക്കാരനുമായി പ്രണയത്തിലാകുകയും വിവാഹത്തോടെ തന്റെ സ്ത്രീത്വം വിശദീകരിക്കേണ്ടിവരുമെന്നതിനാൽ സൈന്യത്തിലെ ജോലി ഒഴിവാക്കുകയും ചെയ്തു. അവർ താമസിയാതെ വിവാഹിതരാകുകയും അങ്ങനെ ആദ്യമായി ഒരു സ്ത്രീയായി സ്വയം അവതരിപ്പിക്കാൻ മേരിക്ക് കഴിയുകയും ചെയ്തു. അവർ തങ്ങളുടെ സൈനിക കമ്മീഷനും സുഹൃത്തുക്കളുടെ ആയുധ സമ്മാനങ്ങളും ധനസഹായമായി ഉപയോഗിച്ചുകൊണ്ട് നെതർലാൻഡിലെ ബ്രെഡ കാസിലിനടുത്ത് "ഡി ഡ്രൈ ഹോഫിജേഴ്സ്" എന്ന ഒരു സത്രം സ്വന്തമാക്കി. കുറച്ച് വർഷങ്ങൾക്ക് ശേഷം, മേരിയുടെ ഭർത്താവിനെ ഒരു ദുഷ്ടനായ ഉപഭോക്താവ് കുത്തുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം രക്തസ്രാവം മൂലം മരിച്ചുവെന്നു പറയപ്പെടുന്നു. ഭർത്താവിന്റെ നേരത്തേയുള്ള മരണശേഷം, റീഡ് നെതർലാൻഡിൽ പ്രഛന്ന വേഷത്തിൽത്തന്നെ തന്റെ സൈനിക സേവനവും പുനരാരംഭിച്ചു. സമാധാനകാലത്ത് യുദ്ധത്തിൽ മുന്നേറ്റത്തിന് അവസരമില്ലാത്തതിനാൽ അവർ ജോലി ഉപേക്ഷിച്ച് കരീബിയൻ പ്രദേശത്തേക്ക് കപ്പൽയാത്ര നടത്തി.[3] കടൽക്കൊള്ളക്കാരിയായുള്ള ജീവിതം![]() 1718 ന്റെ പ്രാരംഭത്തിൽ മേരി വീണ്ടും പുരുഷവേഷം ധരിച്ചുകൊണ്ട് ഒരു വ്യാപാര കപ്പലിൽ കരീബിയൻ കടലിൽ എത്തി. ജാക്ക് റാക്കാമിന്റെയും അയാളുടെ കൂട്ടാളി ആൻ ബോണിയുടെയും നേതൃത്വത്തിലുള്ള കടൽക്കൊള്ളക്കാരുടെ കപ്പൽ അവരെ ആക്രമിക്കുകയും മേരി റീഡ് അവരുടെ സംഘത്തിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു (ഒരുപക്ഷേ നിർബന്ധിതയായി). പിന്നീട് കീഴടങ്ങിയ കടൽക്കൊള്ളക്കാർക്ക് മാപ്പ് നൽകുന്ന ഒരു രാജകീയ ഉത്തരവ് അവർ അംഗീകരിച്ചു. പിന്നീട് അവർ സ്പെയിനിനെതിരെ ഇംഗ്ലണ്ടിനായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ വ്യക്തിയെന്ന നിലയിൽ കടൽക്കൊള്ളക്കാരെ തുരത്തുന്ന ഒരു കപ്പലിനെ റിക്രൂട്ട് ചെയ്തുവെങ്കിലും കപ്പലിലുണ്ടായ ഒരു കലാപത്തിൽ പങ്കുചേർന്നതോടെ വീണ്ടും കടൽക്കൊള്ളക്കാരിയായി. 1720-ൽ അവൾ ഡ്രാഗൺ എന്ന കപ്പലിൽ കടൽക്കൊള്ളക്കാരനായ ജോൺ "കാലിക്കോ ജാക്ക്" റാക്കാമിനോടും കൂട്ടാളിയായ ആൻ ബോണിയും ചേർന്നു. അവർ അപ്പോഴും പുരുഷന്മാരുടെ വസ്ത്രം ധരിച്ചിരുന്നതിനാൽ ഒരു പുരുഷനാണെന്ന് ഇരുവരും വിശ്വസിച്ചു. പക്ഷേ ജോൺ റാക്കാമിന് അവൾ ശരിക്കും ഒരു സ്ത്രീയാണെന്ന് ഇതിനകം മനസിലായിരുന്നുവെന്നും പറയപ്പെടുന്നു. 1720 ഓഗസ്റ്റ് 22 ന് മൂവരും നസ്സാവു തുറമുഖത്ത് നിന്ന് വില്യം[4] എന്ന സായുധ പത്തേമാരി മോഷ്ടിച്ചു.[5][6] റീഡ്, ബോണി തുടങ്ങിയ സ്ത്രീ കടൽക്കൊള്ളക്കാർ പുരുഷ മേധാവിത്വമുള്ള ഒരു അന്തരീക്ഷത്തിൽ തങ്ങളുടെ സ്തീകളെന്ന സ്വത്തം മറച്ചുവെച്ചതെങ്ങനെയെന്ന് പണ്ഡിതന്മാർക്ക് തീർച്ചയില്ല.[7] എന്നിരുന്നാലും, ചില പണ്ഡിതന്മാർ, കപ്പലുകളിൽ ജോലി സ്ഥലത്തെ ഉറപ്പിക്കുന്ന ഒരു പ്രായോഗിക വസ്ത്രമെന്ന നിലയിൽ സ്ത്രീ കടൽക്കൊള്ളക്കാരും മുട്ടോളമെത്തുന്ന കാലുറ ധരിച്ചത് അവരുടെ അസ്തിത്വം മറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കാമെന്നു സമർത്ഥിക്കുന്നു. കപ്പലിലെ വാസം സ്വഗ്രഹത്തിലെ വാസത്തിനു തുല്യമായി മേരി റീഡിന് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഇതിനിടെ മറ്റൊരാൾ അവളോട് താൽപര്യം കാണിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായ മേരി തന്റെ സ്വത്വം വെളിപ്പെടുത്തിയതോടെ അവളുടെ ആരാധകനും (ആൻ ബോണി) താൻ ഒരു വേഷംമാറിയ സ്ത്രീയാണെന്ന് വ്യക്തമാക്കി. മറ്റാരോടും പറയില്ലെന്ന് ഇരുവരും യോജിപ്പിലെത്തുകയും രണ്ട് സ്ത്രീകളും താമസിയാതെ ആത്മസുഹൃത്തുക്കളായി മാറുകയും ചെയ്തു. മേരി റീഡ് വളരെ നല്ല ഷൂട്ടർ ആയിരുന്നതോടൊപ്പം ആൻ ബോണിയെപ്പോലെ ഏറെക്കുറെ മികച്ച വാൾപ്പയറ്റുകാരിയുമായിരുന്നു. കപ്പലിലാകമാനം രക്തദാഹികളായാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ഇരുവരും തമ്മിൽ പ്രണയബന്ധമാണെന്നു തെറ്റിദ്ധരിച്ച കാമുകൻ റാക്കാമിന്റെ അസൂയ ഇല്ലാതാക്കാൻ ബോണി അദ്ദേഹത്തോട് മേരി റീഡ് ഒരു സ്ത്രീയാണെന്ന സത്യം വെളിപ്പെടുത്തി.[8] ബോണിയും റീഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹങ്ങൾ ഒരു സംഘട്ടത്തിലേയ്ക്കെത്തുന്ന അവസ്ഥയിലായിരുന്ന അപ്പോൾ.[9] റാക്കാമിന് ഇതിൽ ഒരു പ്രശ്‌നവുമില്ലായിരുന്നുവെങ്കിലും മൂന്ന് പേർക്കുമിടയിൽ എന്തോ ബന്ധമുണ്ടെന്ന് ജോലിക്കാർക്കിടയിൽ അടക്കംപറച്ചിലുണ്ടായി. പിന്നീട് മേരിയും ഒരു കടൽക്കൊള്ളക്കാരനുമായി പ്രണയത്തിലായി. കടൽക്കൊള്ളക്കാരുടെ ഇരയായിരുന്ന ഡൊറോത്തി തോമസ്, റീഡിന്റെയും ബോണിയുടെയും ഒരു വിവരണം അവശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു: അവർ "പുരുഷന്മാരുടെ ജാക്കറ്റും നീളൻ കാലുറയും തലയിൽ കെട്ടിയിരിക്കുന്ന തൂവാലകളും ധരിച്ചിരുന്നു: കൂടാതെ ... ഓരോരുത്തരുടെയും കൈയിൽ വടിവാളും തോക്കും ഉണ്ടായിരുന്നു. അവർ ശാപവാക്കുകളുരുവിടുകയും അവളെ [ഡൊറോത്തി തോമസിനെ] കൊല്ലാൻ കൂട്ടാളികളോട് അലറിവിളിക്കുകയും ചെയ്തു. "അവരുടെ ആകാരത്തിൽനിന്ന് " അവർ സ്ത്രീകളാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ഡൊറോത്തി തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്.[10] കീഴടക്കലും തടവുംറാക്കാമിന്റെ കടൽക്കൊള്ളയിലെ വിജയകരമായ പ്രയാണം ഏകദേശം മൂന്ന് നാല് മാസം വരെ നീണ്ടുനിന്നു. 1720 നവംബർ 15 ന് കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യാൻ നിയോഗിക്കപ്പെട്ട ഗവർണർ വുഡ്സ് റോജേഴ്സിന്റെ പ്രതിനിധിയായ ക്യാപ്റ്റൻ ജോനാഥൻ ബാർനെറ്റ് ജമൈക്കയിലെ കോളനിയുടെ പടിഞ്ഞാറൻ തീരത്തുള്ള നെഗ്രിൽ പോയിന്റിൽ മറ്റൊരു ഇംഗ്ലീഷുകാരുടെ സംഘവുമായി മദ്യ പാർട്ടി നടത്തവേ അത്ഭുതകരമായി റാക്കാമിന്റെ സംഘത്തെ കീഴടക്കി.[11] കടൽക്കൊള്ളക്കാരുടെ യാനത്തിനു തീയിട്ടതോടെ റക്കാമിന്റെ സംഘവും അവരുടെ "അതിഥികളും" സ്ത്രീകളെ ബാർനെറ്റിന്റെ ബോർഡിങ് പാർട്ടിയോടു യുദ്ധം ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ട് ഓടിപ്പോയി.[12] തലേന്ന് വൈകുന്നേരം മുതൽ മദ്യപിച്ചിരുന്നതിനാൽ സംഘാംഗങ്ങൾക്ക് എതിർക്കാൻ കഴിഞ്ഞില്ല, മേരിയും ആൻ ബോണിയും മാത്രമേ അവരുടെ അറസ്റ്റിനെ ചെറുത്തുനിന്നുള്ളു. പുരുഷന്മാർ മുന്നോട്ടുവന്ന് അവരോട് യുദ്ധം ചെയ്യാതിരുന്നപ്പോൾ കോപത്തോടെ റീഡ് വെടിവയ്ക്കുകയും, ഒരാളെ കൊല്ലുകയും, മറ്റുള്ളവരെ മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. ഒടുവിൽ ബാർനെറ്റിന്റെ സംഘം സ്ത്രീകളെ കീഴടക്കി. "ക്വാർട്ടർ" അഭ്യർത്ഥിച്ച റാക്കാം നിരുപാധികം കീഴടങ്ങി.[13] ജമൈക്കയിലെ സ്പാനിഷ് ടൌണിൽ റാക്കാമിനെയും സംഘത്തെയും അറസ്റ്റുചെയ്ത് വിചാരണയ്ക്ക് വിധേയമാക്കുകയും അവിടെ കടൽക്കൊള്ളയുടെ പേരിൽ തൂക്കിലേറ്റപ്പെടുകയും ചെയ്തു. റീഡ്, ബോണി എന്നിവർക്കു ഇതേ ശിക്ഷ വിധിച്ചുവെങ്കിലും സ്ത്രീകൾ ഇരുവരും ഗർഭവതികളാണെന്നു വെളിപ്പെടുത്തിയതിനാൽ അവരുടെ വധശിക്ഷ താൽക്കാലികമായ നിർത്തൽ ചെയ്തു.[14] ജയിലിൽ ആയിരിക്കുമ്പോൾ കടുത്ത ജ്വരബാധ മൂലം റീഡ് മരിച്ചു. ജമൈക്കയിലെ സെന്റ് കാതറിൻ പള്ളിയുടെ രേഖകളിൽ 1721 ഏപ്രിൽ 28 ന് അവളുടെ സംസ്കാരമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.[15] കുഞ്ഞിനെ അടക്കം ചെയ്തതായി രേഖകളൊന്നുമില്ലാത്തത് ഗർഭിണിയായിരിക്കുമ്പോൾ അവൾ മരിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia