മേഡൻ
മേഡൻ ഇന്തോനേഷ്യയിലെ ഉത്തര സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ നഗരമാണ്. സുമാത്ര ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന മേഡൻ, ജനസംഖ്യയനുസരിച്ച് ജക്കാർത്ത, സുരബായ, ബാന്റങ് എന്നിവ കഴിഞ്ഞാൽ ഇന്തോനേഷ്യയിലെ നാലാമത്തെ വലിയ നഗരമാണ്.[2] 2010 ലെ സെൻസസ് പ്രകാരം 2,097,610 പേർ വസിക്കുന്ന ഈ നഗരം, ജാവ ദ്വീപിന് പുറത്തുള്ള ഏറ്റവും കുടിയേറ്റ കേന്ദ്രവും സാംസ്കാരിക വൈവിധ്യമുള്ള ജനങ്ങൾ വസിക്കുന്ന പ്രദേശവുമാണ്.[3] മലാക്കാ കടലിടുക്ക് അതിരായുള്ളതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക പാതകളിലൊന്നിനു സമീപം സ്ഥിതിചെയ്യുന്നതുമായ മേഡൻ, ദ്വീപിന് ചുറ്റുമുള്ള പ്രദേശത്തെ തിരക്കേറിയ ഒരു നഗരമാണ്. ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള ഒരു പ്രവേശന കവാടമായ മേഡൻ നഗരത്തിലേയ്ക്ക് ബെലവാൻ തുറമുഖം, കുവാല നാമു അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി പ്രവേശനം സാദ്ധ്യമാണ്. ജക്കാർത്ത, സുരാബായ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനമുള്ള നഗരമാണിത്. ഈ നഗരത്തിന്റെ സമ്പദ്‍വ്യവസ്ഥ മലേഷ്യൻ നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതും (പ്രത്യേകിച്ച് പെനാങ്, കോലാലംപൂർ എന്നിവ), വ്യാപാരം, സേവനം, പ്രകൃതി വിഭവങ്ങളുടെ കൈമാറ്റം എന്നിവയിൽ സിംഗപ്പൂരുമായും നന്നായി ബന്ധപ്പെട്ടിരിക്കുന്നു. തുറമുഖവും വിമാനത്താവളവും ടോൾ റോഡിലൂടെയും റെയിൽ മാർഗ്ഗത്തിലൂടെയും നഗരകേന്ദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇൻഡോനേഷ്യയിൽ ട്രെയിൻ സർവീസിന്റെ പിന്തുണയുള്ള വിമാനത്താവളമുള്ള ആദ്യത്തെ നഗരമായി മേഡൻ മാറി. ഡെലി നദി, ബാബുറ നദി എന്നിവയുടെ സംഗമ സ്ഥാനത്തുള്ള ചതുപ്പുനിലം ആദ്യ കുടിയേറ്റ കേന്ദമെന്ന നിലയിൽ കാമ്പങ് മെഡാൻ പുത്രി (മെഡാൻ ഗ്രാമം) എന്ന പേരിൽ സ്ഥാപിച്ചത് കരോനീസ് വംശജനായ ഗുരു പട്ടിപ്പസ് എന്നയാളായിരുന്നു. 1632 ൽ ഡെലി സുൽത്താനേറ്റ് സ്ഥാപിക്കപ്പെടുകയും ട്യാങ്കു ഗോകാഹ് പഹ്ലാവൻ ആദ്യ രാജാവായിത്തീരുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ എട്ടാമത്തെ രാജാവായിരുന്ന സുൽത്താൻ മഹ്മൂദ് അൽ റാസിദ് പെർകാസ ആലം ഡച്ചുകാരുമായി ഒരു ബന്ധം ആരംഭിച്ചു. ഡച്ച് പുകയില വ്യാപാരിയായിരുന്ന ജേക്കബ് നിൻഹൂയിസ് ഡെലി നിലത്തിൽ പുകയില തോട്ടങ്ങൾ സ്ഥാപിക്കുന്നതിനു തുടക്കമിട്ടു. ഡെലി കമ്പനിയുടെ സ്ഥാപനത്തിനുശേഷം ഡച്ചുകാർ ഇവിടെ പുകയില വാണിജ്യ കേന്ദ്രം സ്ഥാപിച്ചപ്പോൾ പ്രദേശത്തിന്റെ പേര് മേഡൻ-ഡെലി എന്നാക്കി മാറ്റി. ഒമ്പതാം സുൽത്താനായിരുന്ന സുൽത്താൻ മഅ്മാൻ അൽ റാസിദ് പെർകാസ ആലത്തിന്റേയും പ്രശസ്ത ചൈനീസ് വ്യാപാരികളായിരുന്ന ടിജോങ് യോങ്ങ് ഹിയാൻ, ടിജോങ് എ എ ഫിയെ എന്നിവരുടേയും സഹായത്താൽ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികസനം സുസാദ്ധ്യമാകുകയും 'ഹെറ്റ് ലാന്റ് ഡോളർ, അക ദ ലാന്റ് ഓഫ് മണി' എന്ന അപരനാമത്തോടെ മെഡാൻ-ഡെലി ഒരു വലിയ വ്യാപാരകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. നഗരത്തിൽ നിന്ന് മേഡനു വടക്കു സ്ഥിതിചെയ്യുന്ന തുറമുഖ പട്ടണമായ ബലവാനിലേയ്ക്ക് റബ്ബർ, ചായ, തടി, പാം ഓയിൽ, പഞ്ചസാര എന്നീ ചരക്കുകൾ കൈമാറ്റം ചെയ്യുവാനാനും വ്യവസായങ്ങൾക്കുമായി ഡെലി റെയിൽവേ സ്ഥാപിക്കപ്പെട്ടു. പുതുതായി സ്വതന്ത്രമായ ഇന്തോനേഷ്യയ്ക്കെതിരായ ഡച്ച് "പോലീസ് നടപടികൾ" കാരണമായി 1947 ൽ സ്ഥാപിതമായ കിഴക്കൻ സുമാത്ര സംസ്ഥാനത്തിന്റെ തലസ്ഥാനമായി മേഡൻ മാറുകയും പിന്നീട് 1949 മുതൽ 1950 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്തോനേഷ്യയുടെ ഭാഗമായും മാറി. റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യ സ്ഥാപിക്കപ്പെട്ടതിനെത്തുടർന്ന്, 1950-പകുതിയോടെ മേഡൻ വടക്കൻ സുമാത്രയുടെ തലസ്ഥാനമായി മാറി. പദോത്പത്തിപതിനാറാം നൂറ്റാണ്ടിലെ ഒരു പോർച്ചുഗീസ് വ്യാപാരിയുടെ ഡയറി അനുസരിച്ച് മേഡൻ എന്ന പേര് തമിഴിൽ നിന്നുള്ള മൈദാൻ, മൈതാനം (തമിഴ്: மைதானம்) എന്നീ വാക്കുകളിൽ നിന്നും ഉരുത്തിരിഞ്ഞതാവണം. ഗ്രൌണ്ട് എന്നർത്ഥം വരുന്ന ഇത് മലയ് ഭാഷയിൽനിന്നു സ്വീകരിക്കപ്പെട്ടതാണ്. അവലംബം
|
Portal di Ensiklopedia Dunia