മെസോഅമേരിക്ക![]() വടക്കേ അമേരിക്കയിലെ ചരിത്രപരവും സാംസ്കാരികപരവുമായി പ്രാധാന്യം വഹിക്കുന്ന ഒരു ഭൂഭാഗമാണ് മെസോഅമേരിക്ക. ഏകദേശം മധ്യ മെക്സിക്കോ മൂതൽ ബെലീസ്, ഗ്വാട്ടിമാല, ഹോണ്ടുറാസ്,നിക്കരാഗ്വ,വടക്കൻ കോസ്റ്റാറിക്ക എന്നിവയിലൂടെ പരന്ന് കിടക്കുന്നു മെസോഅമേരിക്ക. ഇവിടെയാണ് 15, 16, നൂറ്റാണ്ടുകളിലെ കോളനിവത്കരണത്തിന് മുൻപ് പ്രീ കൊളംബിയൻ സമൂഹങ്ങൾ അഭിവൃദ്ധിപ്രാപിച്ചത്.[1][2] പ്രാചീന സംസ്കൃതികൾ സ്വതന്ത്രമായി ഉടലെടുത്ത ലോകത്തിലെ ആറ് സ്ഥലങ്ങളിൽ ഒന്നാണ് മെസോഅമേരിക്ക. മെസോഅമേരിക്കയുടെ സാംസ്കാരികഭൂവിൽ തദ്ദേശീയമായി വികസിച്ച വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കൂട്ടം കാണാം. ബിസി 7000ത്തോടടുപ്പിച്ച് ചോളം, ബീൻസ്, തക്കാളി, ഉരുളക്കിഴങ്ങ്, അവക്കാഡോ മുതലായ വിളകളും കൂടാതെ ടർക്കി,നായ എന്നീ ജീവികളെയും ഇണക്കിയെടുക്കാൻ കഴിഞ്ഞതോടെ വേട്ടയും ശേഖരണവുമായി നാടോടിശൈലിയിൽ ജീവിച്ചിരുന്ന പാലിയോ-ഇന്ത്യൻ ഗോത്രങ്ങൾ പതിയെ ശാന്തമായ കാർഷികഗ്രാമ ജീവിതത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. തുടർന്ന് വന്ന ഒരു മാറ്റത്തിന്റെ കാലം ആ ഭൂഭാഗമാകെ സങ്കീർണ്ണമായ ഐതിഹ്യങ്ങളും, മതങ്ങളും, ഗണിതവും, കാലഗണനാരീതികളും, കായികഇനങ്ങളും, വ്യത്യസ്തമായ വസ്തുവിദ്യകളും വികസിപ്പിച്ചു. ഈ കാലത്ത് ഗ്രാമങ്ങൾ സാമൂഹികചട്ടക്കൂടുകൾ ദൃഢമാക്കുകയും മൂപ്പൻ സമ്പ്രദായം ഉരുവാവുകയും ചെയ്തു. ഇവ വലിയ സാമ്പത്തിക കേന്ദ്രങ്ങളായി. വ്യാപാരപാതകൾ ഗ്രാമങ്ങൾക്കിടയിൽ തുറക്കപ്പെട്ടു. അവയിലൂടെ വിലപിടിപ്പുള്ള രത്നങ്ങളും, കൊക്കോയും, സിന്നബറും, പിഞ്ഞാണങ്ങളും ഒഴുകി. ചക്രവും, അടിസ്ഥാന ലോഹസംസ്കരണവും അവർ കണ്ടുപിടിച്ചെങ്കിലും ഈ സാങ്കേതികവിദ്യകൾക്ക് മെസോഅമേരിക്കൻ സംസ്കാരങ്ങളിൽ വലിയ സ്വാധീനശക്തികളാവാൻ സാധിച്ചില്ല.[3] ഓൾമെക് സംസ്കാരമായിരുന്നു ആദ്യത്തെ സങ്കീർണസംസ്കാരങ്ങളിൽ ഒന്ന്. മെക്സിക്കൻ ഉൾക്കടലിൽ തീരങ്ങളിൽ തുടങ്ങി തെഹുവാന്റെപെക് ഇസ്തുമസ് വരെ ഉൾനാടുകളിലേക്ക് വികസിച്ചിരുന്നു ഈ നാഗരികത. ഓൾമെക്കുകളും ചിയപയിലും, ഗ്വാട്ടിമാലയിലും ഓക്സാകയിലും ഉള്ള വിവിധ നാഗരികതകളും തമ്മിൽ അടിക്കടിയുണ്ടായ സമ്പർക്കവും സാംസ്കാരികകൈമാറ്റവും മെസോഅമേരിക്കൻ സാംസ്കാരികഭൂവിന് അടിത്തറപാകി. ഇതിന് മെസോഅമേരിക്കയുടെ ശക്തമായ വ്യാപാരപാതകൾ പിൻബലം നൽകി. ഈ സാംസ്കാരികവികാസകാലത്ത് വ്യത്യസ്ത മതവിശ്വാസങ്ങളും കലാ വാസ്തുശില്പ സങ്കേതങ്ങളും മേഖലയാകെ വ്യാപിച്ചു. ഇതിനു ശേഷമുള്ള കാലഘട്ടത്തിലാണ് മായൻ വംശജർക്കിടയിൽ നാഗരികമായ രാഷ്ട്രഘടന രൂപപ്പെട്ടത്. ഇതിനു മുന്നോടിയായി എൽ മിറാഡോർ, കാലക്മുൽ, ടികൾ, സപോറ്റിക് മുതലായ കേന്ദ്രങ്ങൾ ഉയർന്നു വന്നു. ഈ കാലയളവിൽ തന്നെ ആദ്യ മെസോഅമേരിക്കൻ ലിപി സങ്കേതം എപി-ഓൾമെക്, സാപോറ്റിക് സംസ്കാരങ്ങളിൽ ഉത്ഭവിച്ചു. മെസോഅമേരിക്കൻ എഴുത്തുവിദ്യയുടെ പാരമ്യം മായൻ ഹീറോഗ്ലിഫിക്സ് ലിപിയായിരുന്നു. എഴുത്തുവിദ്യ സ്വയം വികസിച്ച മൂന്നു സാംസ്‌കാരിക ഭൂമികകളിൽ ഒന്നാണ് മെസോഅമേരിക്ക.[4] പ്രാചീന ചൈനയും സുമേറിയയും ആണ് മറ്റു രണ്ട് പ്രദേശങ്ങൾ. മെസോഅമേരിക്കയുടെ സുവർണകാലത്ത് മധ്യ മെക്സിക്കോയിൽ തിയോറ്റിഹുവാകാൻ പട്ടണം ഉയർന്നുവന്നു. ഇവിടം കേന്ദ്രീകരിച്ച് ഒരു സൈനിക സാമ്പത്തിക സാമ്രാജ്യം വളർന്നു. അവരുടെ അധികാരം തെക്ക് മായൻ സാമ്രാജ്യം വരെയും വടക്കോട്ടും വളർന്നു. എഡി 600ൽ ഈ സാമ്രാജ്യം തകർന്നപ്പോൾ മധ്യ മെക്സിക്കോയിലെ ബാക്കി വലിയ രാഷ്ട്രീയ കേന്ദ്രങ്ങൾ തമ്മിൽ അധികാര മത്സരത്തിനത് വഴിവെച്ചു. ഈ സമയത്ത് വടക്കുനിന്ന് നഹുവ വിഭാഗത്തിൽ പെട്ട ജനങ്ങൾ തെക്കോട്ട് മെസോഅമേരിക്കയിലേക്ക് കുടിയേറിത്തുടങ്ങി. വൈകാതെ ഓട്ടോ-മംഗുയൻ ഭാഷക്കാരെ പുറത്താക്കി അവർ മധ്യ മെക്സിക്കോയിൽ സാമ്പത്തികമായും സാംസ്കാരികമായും അധികാരം സ്ഥാപിച്ചു. സുവർണകാലത്തിനു ശേഷം ആദ്യകാലങ്ങളിൽ മധ്യ മെക്സിക്കോയിൽ ടോൾറ്റെക്, മിക്സ്റ്റെക്, ചിച്ചെൻ ഇത്സാ, മായാപാൻ മുതലായ സംസ്കാരങ്ങൾ മുന്നിട്ടു നിന്ന്. ആ കാലഘട്ടത്തിന്റെ അവസാനം ആയപോളെക്കും ആസ്ടെക് മെസോഅമേരിക്കയിലെ മിക്കഭാഗങ്ങളും ചേർത്ത് സാമ്രാജ്യം സ്ഥാപിച്ചു.[5] പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തോടെ മെസോഅമേരിക്കൻ സംസ്കാരങ്ങളുടെ പ്രത്യേകമായ വികാസത്തിന്റെ അവസാനമായി. തുടർന്നു വന്ന നൂറ്റാണ്ടുകളിൽ മെസോഅമേരിക്കയിലെ തനത് സംസ്കാരങ്ങൾ സ്പാനിഷ് കോളനിഭരണത്തിനടിപ്പെട്ടു. മെസോഅമേരിക്കൻ സംസ്കാരങ്ങളുടെ ഭാഗങ്ങൾ ഇന്നും മെസോഅമേരിക്കൻ ജനതയിൽ നിലനിൽക്കുന്നു. പല ആചാരങ്ങളും മെസോഅമേരിക്കൻ വേരുകളിലേക്ക് ഇന്നും വിരൽചൂണ്ടുന്നു.[6] അവലംബം
|
Portal di Ensiklopedia Dunia