മെംഫിസ് ഐക്യനാടുകളിലെ ടെന്നസീ സംസ്ഥാനത്തിൻറെ തെക്കു പടിഞ്ഞാറൻ കോണിലുള്ള ഒരു പട്ടണമാണ്. ഷെൽബി കൌണ്ടിയുടെ കൌണ്ടി സീറ്റുകൂടിയാണീ പട്ടണം. വുൾഫ് നദിയും മിസിസ്സിപ്പി നദിയുടെയും സംഗമസ്ഥാനത്തിന് തെക്കായി നാലാം ചിക്കാൻസോ ബ്ലഫിലാണ് (നദിയുടെ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്തു നിന്ന് 50 മുതൽ 200 അടിവരെ – 20-60 മീറ്റർ- ഉയരമുള്ള ചങ്കുത്തായ പ്രദേശം) പട്ടണം നിലനിൽക്കുന്നത്.
മെംഫിസ് പട്ടണത്തിലെ 2013 ലെ ജനസംഖ്യ 653,450 ആയിരുന്നു. ടെന്നസി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണിത്. മിസിസ്സിപ്പി മേഖലയിലെ ഏറ്റവും വലിയ പട്ടണവും വിശാല തെക്കുകിഴക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ വലിയ പട്ടണവും ഐക്യനാടുകളിലെ 23 ആമത്തെ വലിയ പട്ടണവുമാണ് മെംഫിസ്. വിശാല മെംഫിസ് മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകളനുസരിച്ച് 1,317,314 ആയിരുന്നു.[5] ഇത് മെംഫിസിനെ, നാഷ്‍വില്ലെ കഴിഞ്ഞാൽ, ടെന്നസിയിലെ രണ്ടാമത്തെ വലിയ മെട്രോപോളിറ്റൻ മേഖലയെന്ന സ്ഥാനത്തേയ്ക്ക് ഉയർത്തുന്നു. 1819 ൽ സ്ഥാപിക്കപ്പെട്ട മെംഫിസിന് ടെന്നസിയിലെ മറ്റു പ്രധാന പട്ടണങ്ങളേക്കാൾ പ്രായം കുറവാണ്. പിൽക്കാല പ്രസിഡന്റായ് ആൻഡ്രൂ ജാക്സൺ, ജഡ്ജി ജോൺ ഓവർട്ടൺ എന്നിവരോടൊപ്പം ഒരു കൂട്ടം ധനാഢ്യരായ അമേരിക്കക്കാർ വ്യക്തമായ രൂപരേഖ പ്രകാരമാണ് ഈ പട്ടണം നിർമ്മിച്ചത്.[6] മെംഫിസ് പട്ടണത്തിലെ താമസക്കാരൻ മെംഫിയൻ എന്നും മെംഫിസ് മേഖല പ്രത്യേകിച്ച് മീഡിയകളിലും മറ്റും മെംഫിസ് എന്നോ മിഡ്-സൌത്ത് എന്നോ അറിയപ്പെടുന്നു.
ഭൂമിശാസ്ത്രം
ടെന്നസിയുടെ തെക്കുപടിഞ്ഞാറൻ കോണിലാണ് മെംഫിസ് പട്ടണം നിലനിൽക്കുന്നത്. ഈ പ്രദേശം സ്ഥിതിത ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 35°7′3″N89°58′16″W / 35.11750°N 89.97111°W / 35.11750; -89.97111 ആണ്.[7] യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 324.0 സ്ക്വയർ മൈലാണ് (839.2 km2). ഇതിൽ 315.1 സ്ക്വയർ മൈൽ പ്രദേശം (816.0 km2) കരഭൂമിയും ബാക്കി 9.0 സ്ക്വയർ മൈൽ (23.2 km2), അഥവാ 2.76 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[8]