മുത്തയ്യ മുരളീധരൻ
ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് മുത്തയ്യ മുരളീധരൻ. 1972 ഏപ്രിൽ 17ന് ശ്രീലങ്കയിലെ കാന്റിയിൽ ജനിച്ചു. മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. 2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽമനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തു.[3]. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് മുരളീധരൻ നേടിയിട്ടുണ്ട്. ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് മുരളി.[4] 2007 ഡിസംബർ 3നാണ് മുൻ റെക്കോർഡുടമയായ ഷെയിൻ വോണിനെ ഇദ്ദേഹം മറികടന്നത്.[5][6] ഇതിനുമുമ്പ്, 2004ൽ കോട്ണി വാഷിന്റെ 519 വിക്കറ്റുകൾ മറികടന്നപ്പോഴും ഇദ്ദേഹം ഈ റെക്കോർഡിന് ഉടമയായിരുന്നു. എന്നാൽ ആ വർഷംതന്നെ മുരളിക്ക് തോളിൽ ഒരു പരിക്ക് പറ്റുകയും വോൺ റെക്കോർഡ് മറികടക്കുകയും ചെയ്തു.[7] ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിലും ആദ്യ സ്ഥാനത്താണ് മുരളി.[8] ഒരു ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റ് എന്ന ശരാശരിയുള്ള മുരളി ക്രിക്കറ്റിലെ ഏറ്റവും പ്രഗൽഭരായ ബൗളർമാരിൽ ഒരാളാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മുരളി.[9] അവലംബം
|
Portal di Ensiklopedia Dunia