പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ്വൈദ്യശാസ്ത്രത്തിൽ മഹാമാരി(pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ മഹാമാരി എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും മഹാമാരികൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്സ് പാൻഡെമിക്, H1N1 പാൻഡെമിക്, 1918-ലും 2009-ലും ഉണ്ടായ ഫ്ലൂ പാൻഡെമിക്കുകൾ, കൊറോണ വൈറസ് രോഗം 2019[1] എന്നിവ ഉദാഹരണങ്ങളാണ്.
The 1918–1919 "സ്പാനിഷ് ഫ്ലൂ" മഹാമാരി മൂലം ലോകവ്യാപകമായി അനേകം പേർ മരിച്ചു.
നിർവചനവും ഘട്ടങ്ങളും
"ലോകമാസകലമോ വളരെ വലിയ ഒരു പ്രദേശത്തെയോ ബാധിക്കുന്നതും അന്താരാഷ്ട്ര അതിർത്തികൾക്കുമപ്പുറം നാശം വിതയ്ക്കുന്നതുമായ പകർച്ചവ്യാധികളെ" മഹാമാരിയുടെ നിർവചനത്തിൽ പെടുത്താം.[2][3]
ലോകാരോഗ്യ സംഘടന ഇൻഫ്ലുവൻസ എന്ന രോഗം ആദ്യത്തെ ചില രോഗബാധകളിൽ നിന്ന് മഹാമാരി എന്ന അവസ്ഥയിലേയ്ക്ക് മാറുന്നതിന്റെ ആറു ഘട്ടങ്ങൾ തരം തിരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്. വൈറസ് പ്രധാനമായും മൃഗങ്ങളെ ബാധിക്കുന്നതാണ് ആദ്യ ഘട്ടം, ഇപ്പോൾ ചില മനുഷ്യർക്ക് മൃഗങ്ങളിൽ നിന്ന് രോഗബാധയുണ്ടാകും. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരാൻ തുടങ്ങും. അസുഖം ലോകവ്യാപകമായി പടരുന്നതാണ് അവസാന ഘട്ടം. [4]
കാൻസർ എന്ന അസുഖം ലോകവ്യാപകമായി കാണപ്പെടുകയും ധാരാളം പേർ ഈ അസുഖത്താൽ മരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനെ മഹാമാരി എന്ന ഗണത്തിൽ പെടുത്താനാവില്ല. പകർച്ചവ്യാധി അല്ലാത്തതാണ് കാരണം.
മഹാമാരികളെ നേരിടാൻ ഇൻഫ്ലുവൻസ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഡബ്ല്യൂ.എച്ച്.ഒ. 1999ൽ ഒരു രേഖ തയ്യാറാക്കിയിരുന്നു. 2005-ലും 2009-ലും ഈ രേഖ തിരുത്തപ്പെടുകയുമുണ്ടായി. [5][6] ഈ രേഖയുടെ എല്ലാ എഡിഷനുകളും ഇൻഫ്ലുവൻസയെപ്പറ്റിയാണ് പറയുന്നത്. വിറുലൻസ് (വൈറസിന്റെ പകരാനുള്ള ശേഷി), മോർട്ടാലിറ്റി റേറ്റ് (രോഗബാധിതരുടെ എത്ര ശതമാനം പേർ മരണമടയുന്നു എന്ന നിരക്ക്) എന്ന ഘടകങ്ങളെ ആശ്രയിച്ചാണ് രോഗം പടരുന്നതിന്റെ വിവിധ ഘട്ടങ്ങൾ തരംതിരിക്കപ്പെടുന്നത്.[7]
1969 മുതലാണ് എച്ച്.ഐ.വി. എയ്ഡ്സ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പടർന്നുപിടിച്ചത്.[8] എയിഡ്സുണ്ടാക്കുന്ന വൈറസായ എച്ച്.ഐ.വി. നിലവിൽ ഒരു മഹാമാരി ആണ്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിലും പൂർവ്വ മേഖലയിലും രോഗബാധിതർ ജനസംഖ്യയുറടെ 25% വരും. 2006-ൽ ദക്ഷിണാഫ്രിക്കയിൽ എച്ച്.ഐ.വി. ബാധിതരായ ഗർഭിണികൾ 29.1% ഉണ്ടായിരുന്നു.[9] ആരോഗ്യവിദ്യാഭ്യാസം പല രാജ്യങ്ങളിലെയും രോഗബാധയുടെ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് സഹായിച്ചിട്ടുണ്ട്. ഏഷ്യയിലും അമേരിക്കകളിലും രോഗബാധാനിരക്ക് വർദ്ധിച്ചുവരികയാണ്. 2025-ഓടെ ഇന്ത്യയിൽ 3.1 കോടി ആൾക്കാരും ചൈനയിൽ 1.8 കോടി ആൾക്കാരും ഈ അസുഖത്താൽ മരണമടയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. [10] ആഫ്രിക്കയിൽ എയിഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണം 2025 -ഓടെ 9 കോടി മുതൽ 10 കോടി വരെ ആയേക്കാമത്രേ.[11]
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ധാരാളം പാൻഡെമിക്കുകളുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന തരം സൂനോസിസുകളാണ് മിക്കവയും. മൃഗങ്ങളെ ഇണക്കിവളർത്താൻ തുടങ്ങിയതാണ് ഇത്തരം രോഗബാധകളുടെ തുടക്കം. ഇൻഫ്ലുവൻസ, ക്ഷയം എന്നിവ ഇത്തരം അസുഖങ്ങളിൽ പെടും. ചില പാൻഡെമിക്കുകൾ നഗരങ്ങളെ ആകെ നശിപ്പിച്ചിട്ടുണ്ട്. അതിൽക്കൂടുതൽ നാശനഷ്ടം വരുത്തിയിട്ടുള്ള ചില പാൻഡെമിക്കുകളുടെ പട്ടിക താഴെക്കൊടുക്കുന്നു:
ഏഥൻസിലെ പ്ലേഗ്, 430 BC. ടൈഫോയ്ഡ് പനി ഏതൻസ് സൈനികരിൽ നാലിലൊന്നിനെ കൊന്നൊടുക്കി. ചില വർഷങ്ങൾ കൊണ്ട് ജനസംഖ്യയിൽ നാലിലൊന്നും ചത്തൊടുങ്ങി. ഈ അസുഖം ഏഥൻസിന്റെ ആധിപത്യം ഇല്ലാതെയാക്കി. അസുഖത്തിന്റെ മാരകസ്വഭാവം പകരുന്ന നിരക്ക് കുറയാൻ കാരണമായി (അസുഖം ബാധിക്കുന്നവർക്ക് ഇത് മറ്റ് അധികം ആൾക്കാരിലേയ്ക്ക് പകരുന്നതിനു മുൻപേ മരണം സംഭവിക്കുമായിരുന്നുവത്രേ). ഈ മാരകരോഗത്തിന്റെ യഥാർത്ഥ കാരണം വളരെനാൾ അജ്ഞാതമായിരുന്നു. 2006 ജനുവരിയിൽ ഏഥൻസ് സർവ്വകലാശാലയിലെ ഗവേഷകർ നഗരത്തിനു താഴെയുണ്ടായിരുന്ന ഒരു കൂട്ട ശവക്കുഴിയിൽ നിന്നു ശേഖരിച്ച പല്ലുകൾ പഠനവിധേയമാക്കുകയും അതിൽ ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു.[18]
ഫ്രാൻസിലെ മാർസൈലിൽ 1720-1721 കാലത്ത് ബ്യൂബോണിക് പ്ലേഗ് ബാധിച്ചവരുടെ കൂട്ട ശവക്കുഴി.
ആന്റൊണീൻ പ്ലേഗ്, 165–180. വസൂരിയായിരുന്നിരിക്കണം കാരണം. സമീപ പൂർവ്വ പ്രദേശത്തുനിന്നും (Near East) മടങ്ങിവരുന്ന പട്ടാളക്കാരായിരിക്കണം അസുഖം കൊണ്ടുവന്നത്. അൻപതുലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം മരിക്കുകയുണ്ടായി. രോഗം ബാധിച്ചതിൽ നാലിലൊന്ന് ആൾക്കാർ മരിച്ചുപോയത്രേ.[19] ഈ മഹാമാരിയുടെ രണ്ടാം വരവിന്റെ മൂർദ്ധന്യത്തിൽ (പ്ലേഗ് ഓഫ് സൈപ്രിയൻ (251–266)) റോമിൽ 5,000 ആൾക്കാർ ഒരു ദിവസം മരിക്കുന്നുണ്ടായിരുന്നുവത്രേ.
ജസ്റ്റീനിയൻ പ്ലേഗ്, (541 മുതൽ 750 വരെ) ബ്യൂബോണിക് പ്ലേഗിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പകർച്ചവ്യാധി ആയിരുന്നു. ഈജിപ്റ്റിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഇത് കോൺസ്റ്റന്റിനോപ്പിളിൽ അടുത്ത വസന്തകാലത്ത് എത്തിപ്പെടുകയും (പ്രോകോപിയസ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ) 10,000 ആൾക്കാരെ ഒരു ദിവസം കൊന്നൊടുക്കുകയും ചെയ്തു. നഗരവാസികളിൽ 40% പേർ അസുഖം മൂലം മരിച്ചുപോയിട്ടുണ്ടാവണം. ഈ അസുഖം ബാധിച്ച പ്രദേശങ്ങളിലെ നാലിലൊന്നു മുതൽ പകുതി വരെ ജനങ്ങൾ മരിച്ചുപോവുകയുണ്ടായത്രേ.[20][21] 550-നും 700-നും ഇടയിൽ യൂറോപ്പിന്റെ ജനസംഖ്യ പകുതി കണ്ട് കുറയാൻ ഈ അസുഖം കാരണമായത്രേ.[22]
ബ്ലാക്ക് ഡെത്ത്, പതിനാലാം നൂറ്റാണ്ടിലാണ് ഇതാരംഭിച്ചത്. ഏഴരക്കോടി ആൾക്കാർ ലോകമാസകലം ഈ പാൻഡമിക് കാരണം മരണമടഞ്ഞു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. [23] ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു. ഏഷ്യയിൽ ആരംഭിച്ച അസുഖം 1348-ൽ യൂറോപ്പിലെത്തി. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. [24] ഇത് ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും.[25] ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്.[26] പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. [27] ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.[28] 1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു.[29] 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി.[30] ലണ്ടനിൽ 1665–66 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു. [31]
മൂന്നാം പാൻഡമിക്, പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൈനയിലാണ് ആരംഭിച്ചത്. മനുഷ്യവാസമുള്ള എല്ലാ ഭൂഘണ്ഡങ്ങളിലേയ്ക്കും ഈ പ്ലേഗ് പടർന്നുപിടിച്ചു. ഇന്ത്യയിൽ മാത്രം ഒരു കോടി ആൾക്കാർ പ്ലേഗ് ബാധ മൂലം മരണമടഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു.[32] 1900-1909 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പ്ലേഗ് ബാധയുണ്ടായി[33] ഇപ്പോഴും ഇടയ്ക്കിടെ മനുഷ്യരെ പ്ലേഗ് ബാധിക്കാറുണ്ട്.[34]
ആസ്ടെക്കുകൾ വസൂരി ബാധകാരണം മരണമടയുന്നു. ഫ്ലോറന്റൈൻ കോഡക്സ് (1540–1585 കാലഘട്ടത്തിൽ തയ്യാറാക്കിയത്)
യൂറോപ്യൻ പര്യവേഷകരും ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ജനങ്ങളും തമ്മിലുള്ള സമ്പർക്കം പലപ്പോഴും വളരെ മാരകസ്വഭാവമുള്ള പകർച്ചവ്യാധികൾ പടരാൻ കാരണമായിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ കാനറി ദ്വീപുകളിലെഗൗഞ്ചസ് എന്ന ജനവിഭാഗത്തിൽ ധാരാളം പേരെ കൊന്നൊടുക്കിയ അസുഖം ഉദാഹരണം. ഹിസ്പാനിയോളയിലെ മനുഷ്യരുടെ നല്ലൊരു ശതമാനം 1518-ൽ വസൂരി ബാധിച്ച് മരിക്കുകയുണ്ടായി. 1520-കളിൽ മെക്സിക്കോയിലും വസൂരി ബാധകാരണം ധാരാളം പേർ മരിക്കുകയുണ്ടായി. ടെനോടിറ്റ്ലാനിൽ മാത്രം 150,000 ആൾക്കാർ മരണമടഞ്ഞു. ഇവിടുത്തെ ചക്രവർത്തിയും മരിച്ചവരിൽ പെടും. 1530-കളിൽ പെറുവിൽ 1530 കളിൽ വസൂരി വൻ നാശമുണ്ടാക്കി. ഇത് യൂറോപ്യൻ കോളനിവൽക്കരണത്തെ വളരെ സഹായിച്ചിട്ടുണ്ട്.[35] പതിനേഴാം നൂറ്റാണ്ടിൽ മെക്സിക്കോയിലെ ഇരുപതു ലക്ഷം ആൾക്കാർ മീസിൽസ് ബാധയാൽ മരിക്കുകയുമുണ്ടായി. 1618 മുതൽ 1619 വരെയുള്ള കാലത്ത് വസൂരി കാരണം മസാച്ചുസെറ്റ്സ് ബേ പ്രദേശത്തെ 90% അമേരിക്കൻ ഇന്ത്യക്കാരും മരണമടഞ്ഞു.[36] 1770-കളിൽ പസഫിക് നോർത്ത് വെസ്റ്റ് പ്രദേശത്തെ 30% ആൾക്കാരും വസൂരി മൂലം മരിക്കുകയുണ്ടായി.[37] അമേരിക്കൻ സമതലത്തിൽ ജീവിച്ചിരുന്ന ആദിമവാസികളിൽ വൻ നാശമാണ് 1780–1782 കളിലും1837–1838 കാലഘട്ടത്തിലും ഉണ്ടായ വസൂരിബാധകളിൽ ഉണ്ടായത്.[38] ചില വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അമേരിക്കയിലെ ആദിമജനതയുടെ 95% തുടച്ചു നീക്കപ്പെട്ടത് പഴയലോകത്തിൽ നിന്നെത്തിയ വസൂരി, മീസിൽസ്, ഇൻഫ്ലുവൻസ തുടങ്ങിയ പകർച്ചവ്യാധികളിലൂടെയാണ്.[39] പല നൂറ്റാണ്ടുകൾ കൊണ്ട് യൂറോപ്യന്മാരിൽ ഈ അസുഖങ്ങൾക്കെതിരായ പ്രതിരോധശക്തി വർദ്ധിച്ചിട്ടുണ്ടായിരുന്നു. തദ്ദേശീയർക്ക് ഇത്തരം പ്രതിരോധശേഷി ഉണ്ടായിരുന്നില്ല.[40]
ഓസ്ട്രേലിയയിലെ തദ്ദേശീയ (അബൊറിജിനൽ) ജനതയുടെ 50%ബ്രിട്ടീഷ് കോളനിവാസത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ പകർച്ചവ്യാധികൾ മൂലം മരണമടയുകയുണ്ടായി. [41]ന്യൂസിലാന്റിലെമവോറി ജനതയുടെ നല്ലൊരു ഭാഗവും ഇത്തരം അസുഖങ്ങളാൽ മരണമടയുകയുണ്ടായി.[42] 1848–49 കാലത്ത് 40,000 ഹവായി വാസികൾ (150,000 പേരായിരുന്നു ആകെ ജനസംഖ്യ) മീസിൽസ്, വില്ലൻ ചുമ, ഇൻഫ്ലുവൻസ എന്നീ അസുഖങ്ങളാണ് ഈസ്റ്റർ ദ്വീപിലെ ജനങ്ങളിൽ ഭൂരിഭാഗം പേരെയും കൊന്നൊടുക്കിയത്.[43] 1875-ൽ മീസിൽസ് 40,000-ലധികം ഫിജിക്കാരുടെ മരണത്തിനിടയാക്കി. ഇത് ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. [44] ആൻഡമാനിലെ ധാരാളം ജനങ്ങളും മീസിൽസ് മൂലം മരിച്ചിട്ടുണ്ട്.[45]ഐനു ജനതയുടെ നല്ലൊരു ഭാഗം പത്തൊൻപതാം നൂറ്റാണ്ടിൽ ജപ്പാനിൽ നിന്നുള്ള കുടിയേറ്റക്കാർ കൊണ്ടുവന്ന അസുഖങ്ങൾ മൂലം മരണമടഞ്ഞിരുന്നു.[46]
സിഫിലിസ് എന്ന അസുഖം പുതിയ ലോകത്തുനിന്ന് യൂറോപ്പിലേയ്ക്ക് കൊളംബസിന്റെ യാത്രകൾക്കുശേഷം എത്തിപ്പെട്ടതാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികബന്ധത്തിലൂടെയല്ലാതെ പകരുന്ന ബാക്ടീരിയയാവണം സഞ്ചാരികൾ നാട്ടിലെത്തിച്ചതെന്നും യൂറോപ്പിൽ വച്ച് മ്യൂട്ടേഷനിലൂടെ കൂടുതൽ മാരകമായ അവസ്ഥയിലേയ്ക്ക് ബാക്ടീരിയകൾ മാറിയതാവാമെന്നും പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.[47]റിനൈസൻസ് കാലഘട്ടത്തിൽ സിഫിലിസ് ഇന്നത്തേതിനാക്കാൾ മാരകമായിരുന്നു.[48] 1602-നും 1796-നുമിടയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്ദേശം പത്തുലക്ഷം ആൾക്കാരെ ഏഷ്യയിൽ ജോലിചെയ്യാനായി അയച്ചിരുന്നു. ഇതിൽ മൂന്നിലൊന്നിൽ താഴെ ആൾക്കാർ മാത്രമേ തിരികെയെത്തിയുള്ളൂ. ഭൂരിപക്ഷവും അസുഖങ്ങൾ ബാധിച്ച് മരിക്കുകയായിരുന്നു.[49] ഇന്ത്യയിൽ മരിച്ചിട്ടുള്ള ബ്രിട്ടീഷ് പട്ടാളക്കാരിൽ യുദ്ധത്തിൽ മരണമടഞ്ഞവരേക്കാൾ കൂടുതൽ അസുഖങ്ങൾ ബാധിച്ചാണ് മരിച്ചിട്ടുള്ളത്. 1736-നും 1834-നും ഇടയിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 10% ഓഫീസർമാരേ ഇന്ത്യയിൽ നിന്ന് തിരികെ നാട്ടിലേയ്ക്ക് പോയിട്ടുള്ളൂ.[50]
1803-ൽ തന്നെ വസൂരിയുടെ വാക്സിൻ സ്പാനിഷ് കോളനികളിലെത്തിക്കാനും അവിടെ കുത്തിവയ്പ്പിലൂടെ രോഗപ്രതിരോധം കൊണ്ടുവരാനും ശ്രമം നടന്നിരുന്നുവത്രേ. ബാമിസ് എക്സ്പെഡിഷൻ എന്നായിരുന്നു ഈ പദ്ധതിയുടെ പേര്.[51] 1832-ൽ അമേരിക്കൻ ഐക്യനാടുകളുടെ സർക്കാർ അമേരിക്കൻ ആദിവാസികൾക്കായുള്ള വസൂരി വാക്സിനേഷനുള്ള പദ്ധതി നടപ്പാക്കിയിരുന്നു.[52] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ കോളനികളിലെ അസുഖങ്ങൾ ഇല്ലാതാക്കുക യൂറോപ്യൻ അധിനിവേശശക്തികളുടെ ഒരു മുൻഗണനാവിഷയമായിരുന്നു.[53]സ്ലീപ്പിംഗ് സിക്ക്നസ് പർക്കുന്നതു തടയാൻ സാധിച്ചത് ദശലക്ഷക്കണക്കിനാൾക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതുകൊണ്ടാണ്.[54] ഇരുപതാം നൂറ്റാണ്ടിൽ ലോകം ഇതുവരെ കണ്ടതിലും വലിയ ജനസംഖ്യാവളർച്ചയാണുണ്ടായത്. മരണനിരക്ക് കുറഞ്ഞത് ഇതിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രമാണ് ഇതിന് ഒരു പ്രധാന കാരണം.[55] T1900-ൽ 160 കോടിയായിരുന്ന ലോകജനസംഖ്യ ഇപ്പോൾ 700 കോടിയാണ്.[56]
കോളറ
ഒരു പ്രാദേശിക രോഗം എന്ന നിലയിൽ നിന്ന് ലോകത്തിൽ ഏറ്റവും വ്യാപകവും മാരകവുമായ അസുഖങ്ങളിൽ ഒന്ന് എന്ന നിലയിലേയ്ക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ കോളറ മാറുകയുണ്ടായി. ദശലക്ഷക്കണക്കിനാൾക്കാർ കോളറമൂലം മരണമടഞ്ഞിട്ടുണ്ട്.[57]
ആദ്യ കോളറ പാൻഡെമിക് 1816–1826. ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ഒതുങ്ങി നിന്നിരുന്ന കോളറ ബംഗാളിൽ നിന്നു തുടങ്ങി ഇന്ത്യയാകമാനം 1820-ഓടെ പടർന്നു. 10,000 ബ്രിട്ടീഷ് സൈനികരും അസംഖ്യം ഇന്ത്യക്കാരും ഈ വ്യാധിയിൽ മരണമടഞ്ഞു.[58] ഇത് ചൈന, ഇന്തോനേഷ്യകാസ്പിയൻ കടൽ മേഖല എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചു. ജാവ ദ്വീപിൽ മാത്രം ഒരുലക്ഷത്തിലധികം ആൾക്കാർ മരിച്ചു. ഇതും പിന്നാലെ വന്ന പാൻഡെമിക്കുകളും ധാരാളം ആൾക്കാരുടെ മരണത്തിന് കാരണമായി. ഒന്നരക്കോടിയിലധികം ആൾക്കാർ 1817-നും 1860-നും മദ്ധ്യേ ഈ അസുഖം മൂലം ഇന്ത്യയിൽ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. 2.3 കോടി ആൾക്കാർ 1865-നും 1917-നുമിടയിൽ ഇതേ അസുഖത്താൽ മരണമടയുകയുണ്ടായി. റഷ്യയിൽ ഇതേ സമയത്ത് 20 ലക്ഷം ആൾക്കാരാണ് മരണമടഞ്ഞത്.[59]
രണ്ടാം കോളറ പാൻഡെമിക് 1829–1851. അസുഖം റഷ്യയിലെത്തി. (കോളറ കലാപങ്ങൾ കാണുക). ഹങ്കറിയിൽ ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. ജർമനിയിൽ പാൻഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനിൽ 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. [60] ഫ്രാൻസ്, കാനഡയിലെ ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെന്യൂ യോർക്ക് എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു.[61] 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.[62] 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.[63]
മൂന്നാം കോളറ പാൻഡമിക് 1852–1860. ഇത് പ്രധാനമായും റഷ്യയെയാണ് ബാധിച്ചത്. Russia ഇവിടെ പത്തു ലക്ഷത്തിലധികം ആൾക്കാർ മരണമടഞ്ഞു. 1852-ൽ കോളറ ഇന്തോനേഷ്യയിലെത്തി. അവിടെനിന്നും ചൈന, ജപ്പാൻ എന്നിവിടങ്ങളിലും അസുഖം എത്തിപ്പെട്ടു. ഫിലിപ്പീൻസിൽ 1858-ലും കൊറിയയിൽ 1859-ലും രോഗബാധയുണ്ടായി. 1859-ൽ വീണ്ടും ബംഗാളിലുണ്ടായ അസുഖബാധ ഇറാൻ, ഇറാഖ്, അറേബ്യ, റഷ്യ എന്നിവിടങ്ങളിലേയ്ക്ക് രോഗം പടരാൻ കാരണമായി. [64] 1854–55 കാലത്ത് സ്പെയിനിൽ 236,000 ആൾക്കാർ ഈ അസുഖം മൂലം മരണമടഞ്ഞു.[65]മെക്സിക്കോയിൽ രണ്ടുലക്ഷം ആൾക്കാരാണ് അസുഖബാധിതരായത്.[66]
നാലാം കോളറ പാൻഡെമിക് 1863–1875. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് അസുഖം കൂടുതലായി പടർന്നത്. 30,000-നും 90,000-നുമിടയ്ക്ക് ഹജ്ജ് യാത്രികർ ഈ അസുഖത്താൽ മരണമടയുകയുണ്ടായി. 1866-ൽ 90,000 ആൾക്കാരാണ് കോളറ മൂലം റഷ്യയിൽ മരണമടഞ്ഞത്.[67]
1866-ൽ വടക്കേ അമേരിക്കയിൽ ഉണ്ടായ പകർച്ചവ്യാധിയിൽ 50,000 അമേരിക്കക്കാർ മരണമടഞ്ഞു. [63]
അഞ്ചാം കോളറ പാൻഡെമിക് 1881–1896. 1883–1887 സമയത്ത് യൂറോപ്പിൽ 250,000 ആൾക്കാരും 50,000 പേരെങ്കിലും അമേരിക്കയിലും മരണമടഞ്ഞു. 1892-ൽ 267,890 ആൾക്കാർ റഷ്യൻ സാമ്രാജ്യത്തിൽ കോളറ മൂലം മരണമടഞ്ഞു;[68] 120,000 പേർ സ്പെയിനിലും[69] 90,000 പേർ ജപ്പാനിലും 60,000 പേർ പേർഷ്യയിലും മരിക്കുകയുണ്ടായി.
1892-ൽ ഹാംബർഗിലെ ശുദ്ധജലവിതരണസംവിധാനത്തിൽ കോളറ അണുക്കൾ എത്തിപ്പെട്ടു. ഇതുമൂലം 8606 പേർ മരണമടഞ്ഞു.[70]
ആറാം കോളറ പാൻഡെമിക് 1899–1923. ഈ അസുഖം മൂലം യൂറോപ്പിൽ വലിയ ജീവനാശമുണ്ടായില്ല. പൊതുജനാരോഗ്യപാലനം മെച്ചപ്പെട്ടതായിരുന്നു കാരണം. റഷ്യയെ ഇത്തവണയും അസുഖം വെറുതേ വിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അഞ്ചുലക്ഷം ആൾക്കാർ റഷ്യയിൽ കോളറ ബാധിച്ച് മരണമടഞ്ഞു.[71] എട്ടു ലക്ഷത്തിലധികം ആൾക്കാരാണ് ഇതിൽ ഇന്ത്യയിൽ മരണമടഞ്ഞത്. 1902–1904 സമയത്ത് ഫിലിപ്പീൻസിൽ രണ്ടുലക്ഷത്തിലധികം ആൾക്കാർ മരണമടയുകയുണ്ടായി.[72] പത്തൊൻപതാം നൂറ്റാണ്ടു മുതൽ 1930 വരെ ഹജ്ജ് കർമത്തിനിടെ 27 തവണ കോളറ പകർച്ചവ്യാധി പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. 1907-നും 1908-നുമിടയിൽ 20,000-ലധികം തീർത്ഥാടകർ ഹജ്ജ് കർമത്തിനിടെ കോളറ ബാധിച്ചു മരിക്കുകയുണ്ടായി.[73]
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഗ്രീക്ക് വൈദ്യനായ ഹിപ്പോക്രേറ്റസ് 412 ബി.സി.യിൽ ഇൻഫ്ലുവൻസയെപ്പറ്റി വിവരിച്ചിരുന്നു. [74]
1580-ലാണ് ആദ്യ ഇൻഫ്ലുവൻസ പാൻഡെമിക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 10 മുതൽ 30 വർഷം കൂടുമ്പോൾ ഇൻഫ്ലുവൻസ പകർച്ചവ്യാധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.[75][76][77]
"ഏഷ്യാറ്റിക് ഫ്ലൂ" എന്ന അസുഖം 1889–1890 കാലത്താണ് പടർന്നുപിടിച്ചത്. 1889 മേയ് മാസത്തിൽ ഉസ്ബെക്കിസ്ഥാനിലെ ബുഘാര എന്ന സ്ഥലത്താണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1889 ഡിസംബറിൽ ഇത് വടക്കേ അമേരിക്കയിൽ എത്തിപ്പെട്ടു. 1890 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ തെക്കേ അമേരിക്കയും അസുഖബാധിതമായി. 1890 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അസുഖം ഇന്ത്യയിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഓസ്ട്രേലിയയിലും എത്തി. H2N8 എന്നയിനം ഫ്ലൂ വൈറസ് ആയിരുന്നു രോഗകാരി എന്നാണ് വിശ്വസിക്കുന്നത്. അസുഖം ബാധിക്കുന്നവരിലെ മരണനിരക്ക് ഈ അസുഖത്തിൽ വളരെക്കൂടുതലായിരുന്നു. പത്തുലക്ഷത്തോളം ആൾക്കാർ ഈ പാൻഡെമിക്കിൽ മരണമടഞ്ഞു. [78]
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനസമയത്താണ് (1918–1919) "സ്പാനിഷ് ഫ്ലൂ" എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ പാൻഡെമിക് പടർന്നുപിടിച്ചത്. 1918-ൽ കൻസാസിലെ ഫോർട്ട് റൈലിയിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1918 ഒക്റ്റോബറോടെ ഇത് ലോകമാസകലം ബാധിക്കുന്ന ഒരു പാൻഡെമിക്കായി മാറി. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് (50 കോടിയോളം ആൾക്കാർ) അസുഖബാധിതരായി എന്നാണ് അനുമാനിക്കപ്പെടുന്നത്.[79] അസാധാരണമാം വിധം മാരകമായിരുന്ന ഈ അസുഖം പെട്ടെന്നു തുടങ്ങുകയും പെട്ടെന്ന് അവസാനിക്കുകയുമായിരുന്നു. 18 മാസത്തിനുള്ളിൽ ഇത് പൂർണ്ണമായി അപ്രത്യക്ഷമായി.[79] ചില കണക്കുകൾ പ്രകാരം ലോകത്തിൽ ഈ അസുഖം മൂലം മരിച്ചവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്.[80] ഇന്ത്യയിൽ ഏകദേശം ഒരു കോടി എഴുപതുലക്ഷം ആൾക്കാർ മരിച്ചു.[81] ഈ വൈറസ് ശാസ്ത്രജ്ഞന്മാർ പുനഃസൃഷ്ടിച്ചിട്ടുണ്ട്. H1N1 വൈറസിന് പഴയ ഫ്ലൂ വൈറസുമായി ചെറിയതും പക്ഷേ പ്രധാനവുമായ ഒരു സാമ്യമുണ്ടത്രേ. [82]
1957-58 കാലത്തെ "ഏഷ്യൻ ഫ്ലൂ", H2N2 എന്ന തരം വൈറസാണുണ്ടാക്കിയത്. ഇത് ചൈനയിലാണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ലോകമാസകലം ഇരുപതു ലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം മരണമടയുകയുണ്ടായി.[83]
1968–69 കാലത്താണ് "ഹോങ്ക് കോങ് ഫ്ലൂ" പടർന്നുപിടിച്ചത്. H3N2 ഇനത്തിൽ പെട്ട വൈറസായിരുന്നു രോഗകാരി. പത്തു ലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം ലോകത്ത് മരണമടഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്.[84] രോഗകാരിയായ ഇൻഫ്ലുവൻസ എ വൈറസ് (H3N2) ഇപ്പോഴും അസുഖങ്ങളുണ്ടാക്കുന്നുണ്ട്.
ടൈഫസ്
ടൈഫസ് എന്ന അസുഖം സാമൂഹികക്കുഴപ്പങ്ങളുണ്ടാകുമ്പോഴാണ് തല പൊക്കുന്നത്. ക്യാമ്പ് ഫീവർ, ജയിൽ ഫീവർ, ഷിപ്പ് ഫീവർ എന്നീ പേരുകളിൽ ഈ അസുഖം കാണപ്പെടാൻ കാരണം മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അസുഖം തലപൊക്കുന്നതുകൊണ്ടാണ്. കുരിശുയുദ്ധങ്ങളുടെ കാലത്താണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. യൂറോപ്പിൽ ആദ്യമായി അസുഖം 1489-ൽ സ്പെയിനിലാണ് നാശം വിതച്ചത്. ക്രിസ്ത്യൻ സൈനികരും മുസ്ലീമുകളും തമ്മിൽ ഗ്രാനഡയിൽ വച്ചു നടന്ന യുദ്ധസമയത്തായിരുന്നു ഇത്. സ്പെയിനിന്റെ 3,000 സൈനികർ യുദ്ധത്തിലും 20,000 പേർ ടൈഫസ് അസുഖം മൂലവുമാണ് മരിച്ചത്. 1528-ൽ 18000 ഫ്രഞ്ച് സൈനികർ ഇറ്റലിയിൽ വച്ച് ഈ അസുഖം മൂലം മരണമടഞ്ഞു. ഫ്രാൻസിന് ഇറ്റലിക്കുമേലുണ്ടായിരുന്ന ആധിപത്യം ഇതോടെ സ്പെയിനിന് അടിയറവയ്ക്കേണ്ടിവന്നു. 1542-ൽ ഓട്ടോമാൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്യുകയായിരുന്ന 30,000 സൈനികർ ബാൾക്കൻ മേഖലയിൽ വച്ച് ടൈഫസ് മൂലം മരണമടഞ്ഞിരുന്നു.
മുപ്പതുവർഷ യുദ്ധത്തോടനുബന്ധിച്ച് (1618–1648), ഏകദേസം 80 ലക്ഷം ജർമനിക്കാർ ബ്യൂബോണിക് പ്ലേഗും ടൈഫസും കാരണം മരണമടഞ്ഞിരുന്നു.[85] 1812-ൽ റഷ്യയിൽ വച്ച് നെപ്പോളിയന്റെ മഹത്തായ സൈന്യം നശിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ടൈഫസ് ആയിരുന്നു. 450,000 സൈനികർ യുദ്ധത്തിനു പുറപ്പെട്ടെങ്കിലും 40,000 പേർ മാത്രമാണ് സൈനികച്ചിട്ടയിൽ തിരിച്ചെത്തിയത്.[86] 1813-ന്റെ തുടക്കത്തിൽ നെപ്പോളിയൻ 500,000 സൈനികരെ റഷ്യയിലെ നാശം മറികടക്കാനായി പുതുതായി നിയമിച്ചു. ആ വർഷം 219,000 സൈനികർ ടൈഫസ് ബാധിച്ചുമരിച്ചു.[87]അയർലാന്റിലെ പൊട്ടറ്റോ ഫാമിൻ കാരണമുണ്ടായ മരണങ്ങലിൽ ഒരു ഭാഗം ടൈഫസ് മൂലമായിരുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത് ടൈഫസ് ഉദ്ദേശം 150,000 മരണങ്ങൾ സെർബിയയിൽ നടക്കാൻ കാരണമായി. 1918 മുതൽ 1922 വരെ ഉദ്ദേശം രണ്ടരക്കോടി ടൈഫസ് രോഗബാധയും 30 ലക്ഷം മരണങ്ങളും റഷ്യയിലുണ്ടായതായി കണക്കാക്കപ്പെടുന്നു.[87] നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലെ ധാരാളം മരണങ്ങൾ ടൈഫസ് മൂലമായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്തെ യുദ്ധക്കുറ്റവാളികളെ പാർപ്പിച്ചിരുന്ന റഷ്യൻ ക്യാമ്പുകളിലും ടൈഫസ് മൂലം ധാരാളം മരണങ്ങളുണ്ടായിട്ടുണ്ട്. റഷ്യയുടെ തടവിലുണ്ടായിരുന്ന 57 ലക്ഷം നാസികളിൽ 35 ലക്ഷം പേർ ടൈഫസ് മൂലം മരിച്ചുവത്രേ.[88]
വസൂരി
വേരിയോള എന്ന രോഗാണു മൂലമുണ്ടാകുന്ന പകർച്ചാസ്വഭാവമുള്ള അസുഖമാണ് വസൂരി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് നാലുലക്ഷം യൂറോപ്യന്മാർ ഓരോ വർഷവും ഈ അസുഖം മൂലം മരണമടയുന്നുണ്ടായിരുന്നു.[89] ഇരുപതാം നൂറ്റാണ്ടിൽ 30 മുതൽ 50 കോടി വരെ മരണം വസൂരി കാരണമായി ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.[90][91] 1950-കളിൽ പോലും അഞ്ചു കോടി വീതം വസൂരി രോഗ കേസുകൾ ഓരോ വർഷവും ലോകത്തിൽ ഉണ്ടാകുന്നുണ്ടായിരുന്നു.[92]
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നടന്ന പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ കാരണം 1979 ഡിസംബറിൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടു. നാളിതുവരെ പൂർണ്ണമായി ഇല്ലാതാക്കപ്പെട്ട ഒരേയൊരു അസുഖം വസൂരിയാണ്.[93]
മീസിൽസ്
മീസിൽസ് പകരുവാനുള്ള സാദ്ധ്യത ഏറെയുള്ള അസുഖമാണ്. 90% ആൾക്കാരെയും പതിനഞ്ചു വയസ്സിനുള്ളിൽ മീസിൽസ് ബാധിക്കാറുണ്ട്. 1963-ൽ വാക്സിൻ തുടങ്ങും മുൻപ് വർഷം തോറും 30 ലക്ഷം മുതൽ 40 ലക്ഷം വരെ കേസുകൾ എല്ലാ വർഷവും അമേരിക്കയിൽ ഉണ്ടാകുമായിരുന്നു.[94] കഴിഞ്ഞ 150 വർഷം കൊണ്ട് മീസിൽസ് ബാധ കാരണം ലോകത്ത് 20 കോടി ആൾക്കാർ മരിച്ചിട്ടുണ്ടാവും എന്ന് കരുതപ്പെടുന്നു.[95] 2000-ൽ മാത്രം മീസിൽസ് ബാധ കാരണം ലോകത്ത് 777,000 ആൾക്കാർ മരിച്ചിട്ടുണ്ട്. ആ വർഷം ലോകത്ത് 4 കോടി മീസിൽസ് കേസുകളുണ്ടായിരുന്നു.[96]
മീസിൽസ് മനുഷ്യ സമൂഹങ്ങളിൽ സ്ഥിരമായി നിലനിൽക്കുന്ന തരം അസുഖമാണ് (എൻഡെമിക് അസുഖം). ഇതുകാരണം ധാരാളം ആൾക്കാർക്ക് അസുഖത്തിനെതിരേ പ്രതിരോധശേഷിയുണ്ടാവും. ജനങ്ങൾക്ക് പ്രതിരോധശേഷിയില്ലാത്ത സ്ഥലങ്ങളിൽ മീസിൽസ് പുതുതായി എത്തിപ്പെട്ടാലുണ്ടാകുന്ന വിപത്ത് കടുത്തതായിരിക്കും. 1529-ൽ ക്യൂബയിൽ ഉണ്ടായ മീസിൽസ് ബാധയിൽ ജനങ്ങളിൽ മൂന്നിൽ രണ്ടാൾക്കാർ മരിച്ചുപോയി. ഇവർ ഇതിനു മുൻപുണ്ടായ വസൂരി ബാധയെ അതിജീവിച്ചവരായിരുന്നു.[97] ഈ അസുഖം മെക്സിക്കോ, മദ്ധ്യ അമേരിക്ക, ഇൻക ജനത എന്നിവയ്ക്ക് വമ്പിച്ച നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.[98]
ക്ഷയം
ക്ഷയരോഗകാരിയായ മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന അണു ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ആൾക്കാരിലും കാണപ്പെടുന്നു. ഒരു സെക്കന്റിൽ ഒരാൾക്കെന്ന നിരക്കിൽ ഈ രോഗാണു പുതിയ ആൾക്കാരെ ബാധിക്കുന്നുമുണ്ട്.[99] ഇത്തരം രോഗാണുബാധയുടെ 5–10% ആൾക്കാർക്ക് ഭാവിയിൽ ക്ഷയരോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട് (രോഗാണു ബാധിച്ച എല്ലാവർക്കും രോഗമുണ്ടാവില്ല). അസുഖമുണ്ടായിക്കഴിഞ്ഞാൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പകുതിപ്പേരും മരിച്ചുപോകും. വർഷം തോറും 80 ലക്ഷം ആൾക്കാർക്ക് ക്ഷയരോഗബാധ ഉണ്ടാകുന്നുണ്ട്. 20 ലക്ഷം ആൾക്കാർ ഈ അസുഖം മൂലം ലോകമാസകലം വർഷം തോറും മരിക്കുന്നുണ്ട്.[100]
പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് മരിച്ചിരുന്നത് ക്ഷയരോഗം കാരണമായിരുന്നു.[101] 1918-ലും ഫ്രാൻസിൽ ആറു മരണങ്ങളിൽ ഒന്നിനു കാരണം ക്ഷയരോഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനസംഖ്യയുടെ 70 മുതൽ 90% വരെയാൾക്കാരെയും ക്ഷയരോഗാണു ബാധിച്ചിരുന്നു. പട്ടണങ്ങളിലെ തൊഴിലാളികളിൽ 40% പേരും മരിച്ചിരുന്നത് ക്ഷയരോഗം കാരണമായിരുന്നു.[102] ഇറ്റുപതാം നൂറ്റാണ്ടിൽ പത്തു കോടി ആൾക്കാർ ക്ഷയരോഗം കാരണം മരിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.[95] വികസ്വരരാജ്യങ്ങളിൽ ഇപ്പോഴും ക്ഷയരോഗം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്.[103] എയ്ഡ്സിന്റെ വരവ് വികസിത രാജ്യങ്ങളിലും ക്ഷയരോഗം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.
കുഷ്ടരോഗം
മൈകോബാക്ടീരിയം ലെപ്രേ എന്ന രോഗാണുവാണ് കുഷ്ടരോഗത്തിന്റെ രോഗകാരി. രോഗാണുബാധയുണ്ടായി രോഗം വരാൻ അഞ്ചുവർഷമോ അതിൽ കൂടുതലോ എടുക്കുന്ന തരം ക്രോണിക് അസുഖമാണിത്. 1985-നു ശേഷം ഒന്നരക്കോടി ആൾക്കാരെ ഈ രോഗത്തിൽ നിന്ന് ചികിത്സ മൂലം രക്ഷപെടുത്തിയിട്ടുണ്ട്. [104] 2002-ൽ, 763,917 പുതിയ കേസുകൾ കണ്ടുപിടിക്കപ്പെട്ടു. പത്തു ലക്ഷത്തിനും ഇരുപതു ലക്ഷത്തിനുമിടയിൽ ആൾക്കാർ ലെപ്രസി ബാധ കാരണം വികലാംഗരായിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു.[105]
600 മുതൽക്കെങ്കിലും ആൾക്കാരെ കുഷ്ടരോഗം ബാധിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. ചൈന, ഈജിപ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലെ പുരാതന സംസ്കാരങ്ങൾ ഈ അസുഖത്തെ തിരിച്ചറിഞ്ഞിരുന്നു.[106]ഉന്നത മദ്ധ്യകാലഘട്ടത്തിൽ പശ്ചിമ യൂറോപ്പിൽ ഇതിനു മുൻപുണ്ടായിട്ടില്ലാത്തവിധം കുഷ്ടരോഗബാധ പൊട്ടിപ്പുറപ്പെടുകയുണ്ടായി.[107][108] കുഷ്ടരോഗികളെ ചികിത്സിക്കുന്ന പല ആശുപത്രികളും ഈ സമയത്ത് ഉയർന്നുവരുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ സമയങ്ങളിൽ 19,000 ആശുപത്രികൾ യൂറോപ്പിലുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. [109]
മലേറിയ
ഭൂമദ്ധ്യരേഖാപ്രദേശത്തും അതിനടുത്തുള്ള പ്രദേശങ്ങളിലും മലേറിയ വ്യാപകമാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളുടെയും ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളുടെയും ഭാഗങ്ങളിൽ ഈ അസുഖം വ്യാപകമായി കാണപ്പെടുന്നു. എല്ലാ വർഷവും ഉദ്ദേശം 35 കോടി മുതൽ 50 കോടി വരെ മലേറിയ കേസുകളുണ്ടാകാറുണ്ട്.[110] ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലേറിയ ചികിത്സയുടെ ഒരു പ്രധാന വെല്ലുവിളി മരുന്നുകൾക്കെതിരേ രോഗകാരി നേടുന്ന പ്രതിരോധശേഷിയാണ്. ആർട്ടെമിസിനിൻ എന്ന മരുന്നൊഴികെ ബാക്കി മിക്ക മരുന്നുകൾക്കെതിരേയും പ്രതിരോധം വ്യാപകമായി കണ്ടുവരുന്നുണ്ട്.[111]
യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പണ്ട് മലേറിയ സാധാരണയായി കാണപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടങ്ങളിൽ നിന്ന് ഈ അസുഖം തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്.[112] റോമാ സാമ്രാജ്യത്തിന്റെ തളർച്ചയ്ക്ക് മലേറിയ ഒരു കാരണമായിരുന്നിരിക്കാം.[113] ഈ അസുഖത്തിന് റോമൻ ഫീവർ എന്ന് പേരുണ്ടായിരുന്നു. [114] അടിമ വ്യാപാരത്തിനൊപ്പമാണ് പ്ലാസ്മോഡിയം ഫാൽസിപ്പാറം എന്ന മലേറിയ രോഗകാരി (മറ്റു സ്പീഷീസ് രോഗകാരികളുമുണ്ട്) അമേരിക്കയിൽ എത്തിപ്പെട്ടത്. വിർജീനിയയിലെ ജേംസ്ടൗൺ എന്ന കോളനി തകർത്തത് മലേറിയ എന്ന അസുഖമാണ്. 1830-കളോടെ ഈ അസുഖം പസഫിക് തീരത്തെത്തിയിരുന്നു.[115] അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത് രണ്ടു വശത്തുനിന്നുമുള്ള സൈനികർക്കായി 12 ലക്ഷം പേർക്ക് മലേറിയ ബാധ വന്നിരുന്നു.[116] അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ 1930 കൾ വരെ ദശലക്ഷക്കണക്കിന് മലേറിയ ബാധകൾ ഉണ്ടാകുമായിരുന്നു. [117]
മഞ്ഞപ്പനി
മഞ്ഞപ്പനി പലവട്ടം വിനാശകരമായ പകർച്ചവ്യാധികൾ ഉണ്ടാക്കിയിട്ടുണ്ട്. [118] ന്യൂ യോർക്ക്, ഫിലാഡെൽഫിയ, ബോസ്റ്റൺ എന്നീ വടക്കൻ നഗരങ്ങളിൽ വരെ ഈ അസുഖം എത്തിയിട്ടുണ്ട്. 1793-ൽ അമേരിക്ക കണ്ടിട്ടുള്ള മഞ്ഞപ്പനി ബാധകളിൽ ഏറ്റവും മാരകമായ ഒന്നിൽ ഫിലാഡെൽഫിയയുടെ 10% ജനസംഖ്യ (5,000) പേർ മഞ്ഞപ്പനിക്കിരയായി.[119] പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടൺ ഉൾപ്പെടെ ജനങ്ങളിൽ പകുതിപ്പേരും നാടുവിട്ട് ഓടിപ്പോയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിനിൽ 300,000 ആൾക്കാർ മഞ്ഞപ്പനി ബാധിച്ച് മരിച്ചിട്ടുള്ളതായി കണക്കാക്കുന്നു. [120] കോളനി വാഴ്ച്ചക്കാലത്ത് പടിഞ്ഞാറൻ ആഫ്രിക്ക മലേറിയ, മഞ്ഞപ്പനി എന്നീ അസുഖങ്ങൾ കാരണം വെള്ളക്കാരന്റെ ശവക്കുഴി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [121]
കാരണമറിയാത്തവ
വളരെ ഗുരുതരമായിരുന്നുവെങ്കിലും പൂർണ്ണമായി അപ്രത്യക്ഷമായ ചില അസുഖങ്ങളുണ്ട്. ഈ അസുഖങ്ങളുടെ കാരണമെന്താണെന്നു പോലും ഇപ്പോൾ അറിവില്ല. ഇംഗ്ലീഷ് വിയർപ്പ് എന്നു വിളിക്കപ്പെട്ടിരുന്ന ഒരസുഖം പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിനെ ബാധിച്ചിരുന്നു. ഞൊടിയിടയിൽ ഇത് ആൾക്കാരെ കീഴ്പ്പെടുത്തിയിരുന്നുവത്രേ. ബ്യൂബോണിക് പ്ലേഗ് എന്ന അസുഖത്തേക്കാൾ ഭയമുളവാക്കിയിരുന്ന ഈ അസുഖം എന്തുകൊണ്ടാണ് വന്നതെന്നത് ഇപ്പോഴും അജ്ഞാതമാണ്.
ഭാവിയിൽ ഉണ്ടായേക്കാവുന്ന പാൻഡെമിക്കുകൾ സംബന്ധിച്ചുള്ള വ്യാകുലതകൾ
വൈറൽ ഹെമറാജിക് പനികൾ
ലാസ്സ ഫീവർ വൈറസ്, റിഫ്റ്റ് വാലി പനി, മാർബർഗ് വൈറസ്, എബോള വൈറസ്, ബൊളീവിയൻ ഹെമറാജിക് പനി എന്നിവ വലിയതോതിൽ പകരുന്നവയും വളരെ മാരകവുമായ അസുഖങ്ങളാണ്. ഇവ പാൻഡെമിക്കുകളാകാൻ സാദ്ധ്യതയുണ്ട്. രോഗബാധിതരായ ആൾക്കാർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപുള്ള ഇടവേള വളരെക്കുറവാണ് എന്നതാണ് ഈ അസുഖം പാൻഡെമിക് തലത്തിൽ പകരാത്തതിന്റെ ഒരു കാരണം. രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയവരെ ഒറ്റപ്പെടുത്തി പകർച്ച തടയുക എളുപ്പമാണ്. എങ്കിലും മ്യൂട്ടേഷനുകളിലൂടെ ഈ അസുഖങ്ങൾ പകരുവാനുള്ള ശേഷി കൂടുതലായി നേടിയെടുത്തേക്കാം.
ആന്റീബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം
ആന്റീബയോട്ടിക് മരുന്നുകൾ ബാധിക്കാത്ത ചില രോഗകാരികൾ ഇപ്പോൾ നിയന്ത്രണത്തിലായ പല അസുഖങ്ങളുടെയും തിരിച്ചുവരവിന് കാരണമായേക്കാം.[122] സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയരോഗാണു ഇത്തരം ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പലതരം മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയം പുതുതായി അഞ്ചുലക്ഷം പേരെ ഓരോ വർഷവും ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്.[123] ചൈനയിലും ഇന്ത്യയിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.[124] ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ 5 കോടി ആൾക്കാർക്ക് മൾട്ടി ഡ്രഗ് റെസ്റ്റിസ്റ്റന്റ് ട്യൂബർക്കുലോസിസ് (ഒന്നിൽ കൂടുതൽ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയം) ബാധിച്ചിട്ടുണ്ട്. ഇതിൽ 79 ശതമാനം അസുഖങ്ങളിലും മൂന്നോ അതിലധികമോ തരം ആന്റീബയോട്ടിക്കുകൾക്ക് എതിരേ പ്രതിരോധശേഷിയുള്ള ക്ഷയരോഗാണുവാണ് കാണപ്പെടുന്നത്. വളരെയധികം മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന ക്ഷയം (XDR TB) 2006-ൽ ആഫ്രിക്കയിൽ കണ്ടെത്തുകയുണ്ടായി. ഇത് 49 രാജ്യങ്ങളിൽ പിന്നീട് കണ്ടെത്തിയിരുന്നു. വർഷം തോറും 40,000 ഇത്തരം കേസുകൾ പുതുതായി ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അനുമാനിക്കുന്നു. [125]
കഴിഞ്ഞ ഇരുപതു വർഷമായി സ്റ്റാഫൈലോകോക്കസ് ഓറിയസ്, സെറേഷ്യ മാർസെസെൻസ്, എന്ററോകോക്കസ് തുടങ്ങിയ രോഗകാരികൾക്ക് വാൻകോമൈസിൻ, അമിനോഗ്ലൈക്കോസൈഡുകൾ, സെഫാലോസ്പോറിനുകൾ പോലുള്ള ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന അസുഖങ്ങൾക്ക് പ്രധാന കാരണത്തിലൊന്നാണ് ഇത്തരം പ്രതിരോധശേഷിയുള്ള രോഗകാരികൾ. മെത്തിസിലിൻ എന്ന ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി കാണിക്കുന്ന സ്റ്റാഫൈലോക്കോക്കസ് ഓറിയസ് പോലുള്ള രോഗകാരികൾ സമൂഹത്തിൽ തന്നെ കൂടുതലായി പരക്കുന്നുണ്ട്.
അനുചിതവും അധികവുമായ ആന്റീബയോട്ടിക് പ്രയോഗമാണ് രോഗകാരികൾക്ക് ഇത്തരം പ്രതിരോധശേഷി വർദ്ധിക്കാനുള്ള പ്രധാന കാരണം.[126]
സാർസ്
2003-ൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന തരം അസാധാരണ ന്യൂമോണിയ പാൻഡമിക് ആയി മാറുമോ എന്ന ഭീതിയുണ്ടായിരുന്നു. ഒരുതരം കൊറോണാ വൈറസ് ആണ് ഈ അസുഖത്തിന്റെ രോഗകാരി. ലോകാരോഗ്യ സംഘടനയുടെയും മറ്റും ഇടപെടൽ കാരണം രോഗം പകരുന്ന നിരക്ക് കുറയ്ക്കാനും പകർച്ചയ്ക്ക് തടയിടാനും പെട്ടെന്നു തന്നെ സാധിച്ചു. ഇത് ഈ പകർച്ചവ്യാധി പാൻഡെമിക് ആകാതിരിക്കാൻ കാരണമായി. പക്ഷേ ഈ അസുഖം തുടച്ചുനീക്കപ്പെട്ടിട്ടില്ല. ഇത് വീണ്ടും വരുവാൻ സാദ്ധ്യതയുണ്ട്.
ഇൻഫ്ലുവൻസ
വന്യ ജലപക്ഷികളാണ് ഇൻഫ്ലുവൻസ എ തരം വൈറസിന്റെ സ്വാഭാവിക വാഹകർ. ഇടയ്ക്കിടെ ഈ വൈറസ് മറ്റു സ്പീഷീസുകളിലേയ്ക്ക് പകരാറുണ്ട്. ഇത് വളർത്തുപക്ഷികളിൽ പകർച്ചവ്യാധി ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത് അപൂർവ്വമായി മനുഷ്യരിലേയ്ക്കും പകരും.[127][128]
എച്ച്.5എൻ.1 (പക്ഷിപ്പനി)
2004 ഫെബ്രുവരിയിൽ, പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) വൈറസിനെ വിയറ്റ്നാമിലെ പക്ഷികളിൽ കണ്ടെത്തി. ഇത് പുതിയ ഇനം വൈറസുകൾ പടരാനുള്ള സാദ്ധ്യതയെപ്പറ്റി ആശങ്കകൾക്കിടയാക്കി. മനുഷ്യരിലോ പക്ഷികളിലോ വച്ച് ഈ പക്ഷിപ്പനി വൈറസും മനുഷ്യരിൽ പടരുന്ന വൈറസും തമ്മിൽ സംയോജിക്കുകയാണെങ്കിൽ ഒരു പുതിയ ഇനം ഇൻഫ്ലുവൻസ വൈറസ് ഉണ്ടാവുകയും ഇത് മനുഷ്യരിൽ പെട്ടെന്ന് പടർന്നുപിടിക്കുകൗം അതി മാരകമാവുകയും ചെയ്യുമെന്നാണ് ഭീതി. ഇത്തരം പുതിയ ഇനം കാരണം ഒരു ആഗോള പാൻഡെമിക് ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.
2005 ഒക്റ്റോബറിൽ ഈ അസുഖം ടർക്കിയിൽ കണ്ടെത്തുകയുണ്ടായി. റഷ്യ, മംഗോളിയ, ചൈന എന്നിവിടങ്ങളിലും ഇതേ വൈറസിനെ കണ്ടെത്തിയിരുന്നു. റോമാനിയ, ഗ്രീസ് എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തപ്പെടുകയുണ്ടായി. ക്രൊയേഷ്യ, ബൾഗേറിയ, ബ്രിട്ടൻ എന്നിവിടങ്ങളിലും ഈ വൈറസ് ആണെന്നു സംശയിക്കുന്ന കേസുകൾ കാണപ്പെട്ടു.[129]
2007 നവംബറോടുകൂടി ധാരാളം എച്ച്5എൻ1 കേസുകൾ യൂറോപ്പിൽ സ്ഥിതീകരിച്ചു.[130] ഒക്റ്റോബർ വരെ 59 ആൾക്കാർ മാത്രമേ H5N1 കാരണം മരിച്ചിരുന്നുള്ളൂ. ഇത് പഴയ ഇൻഫ്ലുവൻസ പാൻഡെമിക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണമാണ്.
പക്ഷിപ്പനിയെ ഇതുവരെ പാൻഡെമിക് എന്ന ഗണത്തിൽ പെടുത്താൻ സാധിക്കില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് തുടർച്ചയായ രോഗപ്പകർച്ച ഇതുവരെ തുടങ്ങിയിട്ടില്ലാത്തതാണ് ഇതിനു കാരണം. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്കാണ് ഇതുവരെ രോഗപ്പകർച്ചയുണ്ടായിട്ടുള്ളത്.[131] തൊണ്ടയിലെയും ശ്വാസകോശത്തിലെയും റിസപ്റ്ററുകളുമായി സംയോജിച്ചാണ് സാധാരന ഇൻഫ്ലുവൻസ വൈറസുകൾ പകരുന്നതെങ്കിൽ പക്ഷിപ്പനി വൈറസുകൾക്ക് ശ്വാസകോശത്തിനുള്ളിൽ വളരെ ആഴത്തിലുള്ള റിസപ്റ്ററുകളുലൂടെയേ രോഗമുണ്ടാക്കാൻ സാധിക്കുന്നുള്ളൂ. ഇതാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരാതിരിക്കാനുള്ള പ്രധാന കാരണം.
ജൈവയുദ്ധതന്ത്രം
1346-ൽ പ്ലേഗ് ബാധ മൂലം മരിച്ച മംഗോൾ പോരാളികളുടെ ശരീരങ്ങൾ ക്രിമിയയിലെ സൈന്യത്താൽ വളയപ്പെട്ടിരുന്ന കാഫ (ഇപ്പോൾ തിയോഡോഷ്യ) എന്ന നഗരത്തിന്റെ കോട്ടയ്ക്കകത്തേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു. കോട്ടയുടെ ഉപരോധം നീണ്ടുപോയപ്പോൾ കോട്ടയ്ക്കുള്ളിലുള്ളവർക്കും അസുഖം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഈ നടപടി മൂലമാവണം യൂറോപ്പിൽ ബ്ലാക്ക് ഡെത്ത് എത്തിയതെന്ന് കരുതപ്പെടുന്നുണ്ട്.[132]
അമേരിക്കൻ ആദിവാസികൾ പഴയലോകത്തുനിന്നുള്ള പര്യവേഷകരുമായി ബന്ധത്തിൽ വന്നതിനുശേഷം മാരക പാൻഡെമിക്കുകൾക്കിരയായ കാര്യം പ്രസ്താവിച്ചിരുന്നുവല്ലോ? ഇതിൽ ഒരു തവണയെങ്കിലും അസുഖമുണ്ടാക്കിയത് ജൈവ യുദ്ധത്തിലൂടെയായിരുന്നു. ബ്രിട്ടീഷ് കമാൻഡർ ജെഫ്രി ആംഹെർസ്റ്റ്, സ്വിസ്സ്-ബ്രിട്ടീഷ് ഓഫീസർ കേണൽ ഹെൻട്രി ബൗക്വെസ്റ്റ് എന്നിവർ വസൂരി രോഗാണുക്കളുള്ള പുതപ്പുകൾ ആദിവാസികൾക്ക് നൽകുകയുണ്ടായി. 1763-ൽ പോണ്ടിയാക്കിന്റെ കലാപം എന്ന യുദ്ധത്തിന്റെ ഭാഗമായായിരുന്നു ഇത് ചെയ്തത്.[133] ഇതുമൂലം ആദിവാസികൾക്ക് രോഗബാധയുണ്ടായോ എന്ന കാര്യം വ്യക്തമല്ല.[134]
ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിന്റെ (1937–1945) കാലത്ത് ജപ്പാന്റെ സൈന്യത്തിന്റെ, 731-ആം യൂണിറ്റ് ആയിരക്കണക്കിന് ചൈനക്കാരിൽ ജൈവയുദ്ധപരീക്ഷണങ്ങൾ നടത്തുകയുണ്ടായി. യുദ്ധത്തിൽ ചൈനക്കാർക്കുമേൽ ജൈവായുധങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്ലേഗ് ബാധിച്ച എലിച്ചെള്ളുകൾ, രോഗാനുക്കളുള്ള വസ്തുക്കൾ എന്നിവ വിവിധ ലക്ഷ്യങ്ങൾക്കുമേൽ വിമാനത്തിൽ നിന്ന് വർഷിക്കുകയായിരുന്നു ചെയ്തിരുന്നത്. കോളറ, ആന്തറാക്സ്, പ്ലേഗ് എന്നീ അസുഖങ്ങൾ ബാധിച്ച് നാലുലക്ഷത്തോളം ചൈനക്കാരായ സാധാരണക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.[135]
1979-ൽ സോവിയറ്റ് യൂണിയനിലെ സ്വെർഡ്ലോവ്സ്ക് (യെകാറ്ററിംഗ്ബർഗ്) എന്ന പട്ടണത്തിൽ യുദ്ധാവശ്യത്തിനായി നിർമിച്ച ആന്തറാക്സ് സ്പോറുകൾ പുറത്തുപോവുകയുണ്ടായി. ഈ സംഭവത്തിനെ ബയോളജിക്കൽ ചെർണോബിൽ എന്ന് വിളിക്കാറുണ്ട്.[136] 1980-കളുടെ അവസാനസമയത്ത് ചൈനയിൽ ഒരു ജൈവയുദ്ധസന്നാഹത്തിൽ ഇത്തരം ചോർച്ചയുണ്ടായിട്ടുള്ളതായി സംശയിക്കുന്നു. രക്തസ്രാവമുണ്ടാക്കുന്ന തരം പനി രണ്ടുതവണ ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്.[137] 2009 ജനുവരിയിൽ അൾജീരിയയിൽ അൽ ക്വൈദ നടത്തിവന്ന ഒരു പരിശീലന പദ്ധതിയിൽ പങ്കെടുത്തിരുന്ന നാല്പതുപേർ പ്ലേഗ് ബാധിച്ച് മരണമടഞ്ഞിരുന്നു. ഇവർ ജൈവ ആയുധങ്ങൾ വികസിപ്പിക്കുകയായിരുന്നു എന്നാണ് ചില വിദഗ്ദ്ധർ കരുതുന്നത്.[138] ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അൾജീരിയൻ ആരോഗ്യ മന്ത്രാലയം ഇത് നിഷേധിക്കുകയുണ്ടായി. [139]
↑Stéphane Barry and Norbert Gualde, in L'Histoire n° 310, June 2006, pp.45–46, say "between one-third and two-thirds"; Robert Gottfried (1983). "Black Death" in Dictionary of the Middle Ages, volume 2, pp.257–67, says "between 25 and 45 percent".
↑Stein CE, Birmingham M, Kurian M, Duclos P, Strebel P (2003). "The global burden of measles in the year 2000—a model that uses country-specific indicators". J. Infect. Dis. 187 (Suppl 1): S8–14. doi:10.1086/368114. PMID12721886. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
↑Man and Microbes: Disease and Plagues in History and Modern Times; by Arno Karlen
↑Arnebeck, Bob (January 30, 2008). "A Short History of Yellow Fever in the US". Benjamin Rush, Yellow Fever and the Birth of Modern Medicine. Archived from the original on 2007-11-07. Retrieved 04-12-2008. {{cite web}}: Check date values in: |accessdate= (help)
↑Dixon, Never Come to Peace, 152–55; McConnell, A Country Between, 195–96; Dowd, War under Heaven, 190. For historians who believe the attempt at infection was successful, see Nester, Haughty Conquerors", 112; Jennings, Empire of Fortune, 447–48.