കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21ന് ജനിച്ചു. ഗുൽബെർഗിലുള്ള ന്യൂട്ടൺ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുൽബെർഗിലുള്ള ഗവ. കോളേജിൽ നിന്ന് ബിരുദവും ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി പഠനം പൂർത്തിയാക്കി. ജസ്റ്റീസ് ശിവരാജ് പാട്ടീലിൻ്റെ കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.[11][12]
രാഷ്ടീയ ജീവിതം
കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ 1962-ൽ കോൺഗ്രസിൽ ചേർന്നു.
1972-ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഗുർമിട്ക്കൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2008 വരെ തുടർച്ചയായി ഒൻപത് തവണ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008) മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഖാർഗെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ രൂപീകൃതമായ മന്ത്രിസഭകളിൽ ഏഴ് തവണ കാബിനറ്റ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു.
മൂന്ന് തവണ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും കോൺഗ്രസ് വിജയിച്ച നിയമസഭ തിരഞ്ഞെടുപ്പുകളിൽ
1999-ൽ മുഖ്യമന്ത്രിയായ എസ്.എം.കൃഷ്ണയ്ക്ക് വേണ്ടിയും 2004-ൽ മുഖ്യമന്ത്രിയായ ധരംസിംഗിന് വേണ്ടിയും 2013-ൽ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് വേണ്ടിയും വഴിമാറുകയായിരുന്നു.
2009, 2014 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഗുൽബർഗ് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി. 2014 മുതൽ 2019 വരെ ലോക്സഭയിലെ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി നേതാവായി പ്രവർത്തിച്ചു.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുൽബെർഗിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ഉമേഷ്.ജി.യാദവിനോട് പരാജയപ്പെട്ടു.
2020-ൽ കർണ്ണാടകയിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഖാർഗെ 2021 മുതൽ 2022 വരെ രാജ്യസഭയിലെ കോൺഗ്രസിൻ്റെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.[13]
2022 ഒക്ടോബർ 17 ന്
കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് (എ.ഐ.സി.സി) നടന്ന വോട്ടേടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരിനെ പരാജയപ്പെടുത്തി എ.ഐ.സി.സിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.[14] 2022 ഡിസംബർ മൂന്നിന് നടന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം രാജി നിരാകരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഖാർഗയെ തന്നെ തുടരാൻ ചുമതലപ്പെടുത്തി[15]
പ്രധാന പദവികളിൽ
1962 : കോൺഗ്രസ് പാർട്ടി അംഗം
1969 : പ്രസിഡൻറ്, ഗുൽബെർഗ് സിറ്റി കോൺഗ്രസ് കമ്മിറ്റി
1972-2008 : നിയമസഭാംഗം, (9) ഗുർമിട്കൽ
1976 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
1978 : സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി
1980 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
1983 : സെക്രട്ടറി, കോൺഗ്രസ് നിയമസഭ കക്ഷി
1985 : നിയമസഭയിലെ പ്രതിപക്ഷ ഉപ-നേതാവ്
1988-1989 : വൈസ് പ്രസിഡൻറ്, കർണ്ണാടക പി.സി.സി
1989 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
1992 : സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി
1996-1999 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
1996-1999 : ലീഡർ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി
1999 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
2004 : സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
2005-2008 : കർണ്ണാടക പി.സി.സി, പ്രസിഡൻറ്
2008 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
2008-2009 : നിയമസഭാംഗം, ചിറ്റാപ്പൂർ (10)
2009 : ലോക്സഭാംഗം, ഗുൽബെർഗ്, (1)
2009-2013 : കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി
2013-2014 : കേന്ദ്ര റെയിൽവേ മന്ത്രി
2014 : ലോക്സഭാംഗം, ഗുൽബെർഗ്, (2)
2014-2019 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
2016-2019 : ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
2020-തുടരുന്നു : രാജ്യസഭാംഗം
2021-2022, 2022-തുടരുന്നു : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്[16][17][18]