മരിയ മിച്ചൽ
ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയും ലൈബ്രേറിയനും പ്രകൃതിശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു മരിയ മിച്ചൽ (/ məˈraɪə / ; [1] ഓഗസ്റ്റ് 1, 1818 - ജൂൺ 28, 1889).[2] 1847 -ൽ അവർ 1847 VI (ആധുനിക പദവി C/1847 T1) എന്ന ധൂമകേതു കണ്ടെത്തി, അത് പിന്നീട് അവരുടെ ബഹുമാനാർത്ഥം "മിസ് മിച്ചൽസ് കോമറ്റ്" എന്നറിയപ്പെട്ടു.[3] അവരുടെ കണ്ടെത്തലിന് 1848 ൽ ഡെൻമാർക്കിലെ ക്രിസ്റ്റ്യൻ എട്ടാമൻ രാജാവ് സ്വർണ്ണ മെഡൽ സമ്മാനം നൽകി. 1865 -ൽ വാസർ കോളേജിൽ ഒരു സ്ഥാനം സ്വീകരിച്ചതിനുശേഷം ഒരു ജ്യോതിശാസ്ത്രജ്ഞയും ജ്യോതിശാസ്ത്ര പ്രൊഫസറുമായി ജോലി ചെയ്ത ആദ്യത്തെ അറിയപ്പെടുന്ന വനിതയായി മിച്ചൽ മാറി.[4][5] അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിന്റെയും അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെയും ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കൂടിയായിരുന്നു അവർ.[4][6] ആദ്യ വർഷങ്ങൾ (1818-1846)![]() മരിയ മിച്ചൽ ഒരു ലൈബ്രറി തൊഴിലാളിയായ ലിഡിയ കോൾമാൻ മിച്ചലിന്റെയും സ്കൂൾ അധ്യാപകനും അമച്വർ ജ്യോതിശാസ്ത്രജ്ഞനുമായ വില്യം മിച്ചലിന്റെയും മകളായി അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തെ നാൻടുകെറ്റിൽ 1818 ഓഗസ്റ്റ് 1 ന് ജനിച്ചു.[8] പത്തു കുട്ടികളിൽ മൂന്നാമത്തെ ആളായ മിച്ചലും സഹോദരങ്ങളും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന ക്വാക്കർ വിശ്വാസത്തിലാണ് വളർന്നത്.[6] പിതാവ് തന്റെ എല്ലാ കുട്ടികൾക്കും പ്രകൃതിയെക്കുറിച്ചും ജ്യോതിശാസ്ത്രത്തെക്കുറിച്ചും പാഠങ്ങൾ പകർന്നു നൽകി, രണ്ട് ലൈബ്രറികളിലായുള്ള അമ്മയുടെ ജോലി അവർക്ക് വൈവിധ്യമാർന്ന അറിവിലേക്ക് പ്രവേശനം നൽകി.[9][10] ജ്യോതിശാസ്ത്രത്തിലും നൂതനമായ ഗണിതശാസ്ത്രത്തിലും മിച്ചൽ പ്രത്യേകിച്ചും താൽപ്പര്യവും കാണിച്ചു. ക്രോണോമീറ്ററുകൾ, സെക്സ്റ്റന്റുകൾ, ലളിതമായ റിഫ്രാക്റ്റിംഗ് ദൂരദർശിനികൾ, ഡോളണ്ട് ദൂരദർശിനികൾ എന്നിവയുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അവരുടെ പിതാവ് അവരെ പഠിപ്പിച്ചു.[8][9] പ്രാദേശിക നാവികരോടൊപ്പമുള്ള ജോലിയിലും രാത്രി ആകാശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലും മിച്ചൽ പലപ്പോഴും പിതാവിനെ സഹായിച്ചു.[8] മിച്ചലിന്റെ മാതാപിതാക്കളും മറ്റ് ക്വാക്കർമാരെപ്പോലെ വിദ്യാഭ്യാസത്തെ വിലമതിക്കുകയും ആൺകുട്ടികൾക്ക് ലഭിക്കുന്ന അതേ വിദ്യാഭ്യാസം പെൺകുട്ടികൾക്കും നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്തു. അവരുടെ പിതാവ് ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും താൽപ്പര്യമുള്ള ഒരു സമർപ്പിത പബ്ലിക് സ്കൂൾ അധ്യാപകനായിരുന്നു എന്നത് മിച്ചലിന്റെ ഭാഗ്യമായിരുന്നു; പ്രത്യേകിച്ചും ജ്യോതിശാസ്ത്രത്തിൽ താത്പര്യവും പ്രതിഭയും പ്രകടിപ്പിച്ച മിച്ചലിനും അദ്ദേഹത്തിന്റെമറ്റ് മക്കൾക്കും അദ്ദേഹം ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് പകർന്നുനൽകി.[9] കൂടാതെ, ഒരു തിമിംഗല തുറമുഖമെന്ന നിലയിൽ നാൻടുക്കറ്റിലെ നാവികരുടെ ഭാര്യമാർ, അവരുടെ ഭർത്താക്കന്മാർ കടലിൽ ആയിരിക്കുമ്പോൾ മാസങ്ങളോളം, അല്ലെങ്കിൽ ചിലപ്പോൾ വർഷങ്ങളോളം വീട്ടിൽ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാറുണ്ടായിരുന്നു, അങ്ങനെ ദ്വീപിൽ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അന്തരീക്ഷം വളർന്നു.[11] എലിസബത്ത് ഗാർഡ്നർ സ്മാൾ സ്കൂളിൽ ചേർന്നതിനുശേഷം, മിച്ചൽ പിതാവ് വില്യം മിച്ചൽ ആദ്യത്തെ പ്രിൻസിപ്പൽ ആയിരുന്ന നോർത്ത് ഗ്രാമർ സ്കൂളിൽ ചേർന്നു. ആ സ്കൂൾ സ്ഥാപിതമായി രണ്ട് വർഷങ്ങൾക്ക് ശേഷം, മിച്ചലിന് 11 വയസ്സുള്ളപ്പോൾ, അവരുടെ പിതാവ് ഹോവാർഡ് സ്ട്രീറ്റിൽ സ്വന്തമായി ഒരു സ്കൂൾ സ്ഥാപിച്ചു. അവിടെ അവർ ഒരു വിദ്യാർത്ഥിനിയും അതോടൊപ്പം പിതാവിന്റെ അദ്ധ്യാപക സഹായിയും ആയിരുന്നു.[12] വീട്ടിൽ, മിച്ചലിന്റെ പിതാവ് തന്റെ വ്യക്തിഗത ദൂരദർശിനി ഉപയോഗിച്ച് അവരെ ജ്യോതിശാസ്ത്രം പഠിപ്പിച്ചു.[13] 12 1/2 വയസ്സുള്ളപ്പോൾ, 1831 ൽ സൂര്യഗ്രഹണത്തിന്റെ കൃത്യമായ നിമിഷം കണക്കാക്കാൻ അവർ പിതാവിനെ സഹായിച്ചു.[14] [8] അവരുടെ പിതാവിന്റെ സ്കൂൾ അടച്ച ശേഷം അവർ 16 വയസ്സുവരെ യൂണിറ്റേറിയൻ മന്ത്രി സൈറസ് പിയേഴ്സിന്റെ യുവതികൾക്കുള്ള സ്കൂളിൽ ചേർന്നു.[6] പിന്നീട്, 1835 -ൽ സ്വന്തം സ്കൂൾ തുറക്കുന്നതിനുമുമ്പ് വരെ അവർ പിയേഴ്സിന്റെ അധ്യാപക സഹായിയായി ജോലി ചെയ്തു. മിച്ചൽ പരീക്ഷണാത്മക അധ്യാപന രീതികൾ വികസിപ്പിച്ചെടുത്തു.[6] പ്രാദേശിക പൊതു വിദ്യാലയങ്ങൾ പോലും കറുത്തവർക്കും വെള്ളക്കാർക്കുമായി വേർതിരിക്കപ്പെട്ടിരുന്ന കാലത്ത് വെള്ളക്കാരല്ലാത്ത കുട്ടികളെ സ്വന്തം സ്കൂളിൽ പ്രവേശിപ്പിക്കാൻ അവർ തീരുമാനിച്ചു.[15] 1836 -ൽ നാന്റക്കറ്റ് ഏഥീനിയത്തിന്റെ ആദ്യ ലൈബ്രേറിയനായി പ്രവർത്തിക്കാൻ തുടങ്ങിയ മിച്ചൽ, 20 വർഷം ഈ സ്ഥാനം വഹിച്ചു.[15][16] [6] സ്ഥാപനത്തിന്റെ പരിമിതമായ പ്രവർത്തന സമയം, യുഎസ് കോസ്റ്റ് സർവേയ്ക്കായി ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെയും ഭൂമിശാസ്ത്രപരമായ കണക്കുകൂട്ടലുകളുടെയും ഒരു പരമ്പരയിൽ പിതാവിനെ സഹായിക്കാനും സ്വന്തം വിദ്യാഭ്യാസം തുടരാനും അവരെ പ്രാപ്തയാക്കി.[6][5] മിച്ചലും അച്ഛനും പസഫിക് ബാങ്ക് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിർമ്മിച്ച ഒരു ചെറിയ നിരീക്ഷണാലയത്തിൽ സർവ്വേ നൽകിയ നാല് ഇഞ്ച് ഇക്വറ്റേറിയൽ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തി.[6][5] നെബുലകളും ഇരട്ട നക്ഷത്രങ്ങളും തിരയുന്നതിനു പുറമേ അവർ യഥാക്രമം നക്ഷത്രങ്ങളുടെ ഉയരം, ചന്ദ്രന്റെ സ്ഥാനം എന്നിവ കണക്കാക്കിക്കൊണ്ട് അക്ഷാംശങ്ങളും രേഖാംശങ്ങളും നിർമ്മിച്ചു.[6] 1843 -ൽ, മിച്ചൽ ക്വാക്കർ വിശ്വാസം ഉപേക്ഷിച്ച് യൂണിറ്റേറിയൻ തത്വങ്ങൾ പിന്തുടരാൻ തുടങ്ങിയെങ്കിലും ഇരുപത് വർഷങ്ങൾക്ക് ശേഷവും അവർ ഒരു യൂണിറ്റേറിയൻ പള്ളിയിൽ പോയിരുന്നില്ല. ക്വാക്കേഴ്സിൽ നിന്നുള്ള അവരുടെ മാറ്റം കുടുംബവുമായി അകൽച്ചയുണ്ടാക്കിയില്ല.[17] ഈ കാലയളവിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, കാരണം അവരുടെ ചില സ്വകാര്യ രേഖകൾ 1846 -ന് മുമ്പുള്ളതാണ്. 1846 ലെ ഗ്രേറ്റ് ഫയർ സമയത്ത് തന്റെ രേഖകൾ സ്വകാര്യമായി സൂക്ഷിക്കാൻ അവർ സ്വന്തം രേഖകൾ കത്തിച്ചതായിപറയുന്നു.[18] "മിസ് മിച്ചൽസ് കോമറ്റ്" (1846-1849) കണ്ടുപിടിത്തം![]() 1847 ഒക്ടോബർ 1 രാത്രി 10:50 ന്, മിച്ചൽ മൂന്ന് ഇഞ്ച് അപ്പർച്ചറും നാൽപത്തിയാറ് ഇഞ്ച് ഫോക്കൽ ലെങ്ത് ഉള്ള ഒരു ഡോളോണ്ട് റിഫ്രാക്റ്റിംഗ് ടെലിസ്കോപ്പ് ഉപയോഗിച്ച് 1847 VI (ആധുനിക പദവി C/1847 T1) ധൂമകേതു കണ്ടുപിടിച്ചു.[20][21] മുമ്പ് കാണാത്ത ഒരു അജ്ഞാത വസ്തു ആകാശത്തിലൂടെ പറക്കുന്നത് അവർ ശ്രദ്ധിച്ചു, അത് ഒരു ധൂമകേതുവാണെന്ന് അവൾ വിശ്വസിച്ചു.[5] ധൂമകേതു പിന്നീട് "മിസ് മിച്ചൽസ് കോമറ്റ്" എന്നറിയപ്പെട്ടു.[22][23] മിച്ചൽ തന്റെ പിതാവിന്റെ പേരിൽ 1848 ജനുവരിയിൽ സിലിമാൻസ് ജേർണലിൽ തന്റെ കണ്ടെത്തലിന്റെ ഒരു അറിയിപ്പ് പ്രസിദ്ധീകരിച്ചു.[24] അടുത്ത മാസം, അവർ ധൂമകേതുവിന്റെ ഭ്രമണപഥത്തിന്റെ കണക്കുകൂട്ടൽ സമർപ്പിച്ച്, യഥാർത്ഥ കണ്ടുപിടുത്തക്കാരനെന്ന അവകാശവാദം ഉറപ്പാക്കി.[24] ആ വർഷാവസാനത്തിൽ കണ്ടെത്തലിനും കണക്കുകൂട്ടലിനുമായി സെനെക്ക ഫാൾസ് കൺവെൻഷനിൽ മിച്ചൽ ആദരിക്കപ്പെട്ടു.[24] 1848 ഒക്ടോബർ 6 ന് ഡെൻമാർക്ക് രാജാവ് ക്രിസ്റ്റ്യൻ എട്ടാമൻ കണ്ടെത്തലിന് മിച്ചലിന് സ്വർണ്ണ മെഡൽ സമ്മാനം നൽകി.[25] മിച്ചലിന്റെ കണ്ടെത്തലിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഫ്രാൻസെസ്കോ ഡി വിക്കോ അതേ ധൂമകേതുവിനെ സ്വതന്ത്രമായി കണ്ടെത്തിയെങ്കിലും ആദ്യം യൂറോപ്യൻ അധികാരികളെ അറിയിച്ചതിനാൽ മിച്ചലിന്റെ കണ്ടെത്തലിനെതിരെ താൽക്കാലികമായി ഒരു ചോദ്യം ഉയർന്നു. എന്നാൽ ചോദ്യം മിച്ചലിന് അനുകൂലമായി പരിഹരിക്കപ്പെടുകയും അവർക്ക് തന്നെ സമ്മാനം നൽകുകയും ചെയ്തു.[26] [27] ജ്യോതിശാസ്ത്രജ്ഞരായ കരോലിൻ ഹെർഷൽ, മരിയ മാർഗരറ്റ് കിർച്ച് എന്നീ വനിതകൾ മാത്രമാണ് മിച്ചലിന് മുമ്പ് ധൂമകേതുവിനെ കണ്ടെത്തിയിട്ടുള്ളത്. 1848 -ൽ കത്ത് വഴിയാണ് അവാർഡ് അയച്ചതെങ്കിലും, 1849 മാർച്ച് വരെ മിച്ചലിന് നന്തുക്കറ്റിൽ അവാർഡ് ലഭിച്ചിരുന്നില്ല.[28] ഈ മെഡൽ ലഭിക്കുന്ന ആദ്യ അമേരിക്കക്കാരിയും ജ്യോതിശാസ്ത്രത്തിൽ അവാർഡ് ലഭിക്കുന്ന ആദ്യ വനിതയുമാണ് അവർ..[29][30][28] ഇന്റർമീഡിയറ്റ് വർഷങ്ങൾ (1849-1864)തന്റെ കണ്ടെത്തലിന്റെയും അവാർഡിനെയും തുടർന്നുള്ള ദശകത്തിൽ അവരെക്കുറിച്ച് എഴുതിയ നൂറുകണക്കിന് പത്ര ലേഖനങ്ങളിലൂടെ മിച്ചൽ ഒരു സെലിബ്രിറ്റിയായി.[24] [31] നാന്റകറ്റിലെ മിച്ചലിന്റെ വീട്ടിൽ, റാൽഫ് വാൾഡോ എമേഴ്സൺ, ഹെർമൻ മെൽവില്ലെ, ഫ്രെഡറിക് ഡഗ്ലസ്, സോജോർനർ ട്രൂത്ത് തുടങ്ങിയ അക്കാലത്തെ പ്രമുഖരായ നിരവധി അക്കാദമിക് വിദഗ്ധരെത്തി.[5][32] 1849 -ൽ മിച്ചൽ യുഎസ് നോട്ടിക്കൽ അൽമാനാക് ഓഫീസിൽ ഏറ്റെടുത്ത യുഎസ് കോസ്റ്റ് സർവേയ്ക്കായി ഒരു കമ്പ്യൂട്ടിംഗ്, ഫീൽഡ് റിസർച്ച് സ്ഥാനം സ്വീകരിച്ചു.[33][9][34] ഗ്രഹങ്ങളുടെ പ്രത്യേകിച്ച് ശുക്രന്റെ ചലനങ്ങൾ ട്രാക്കുചെയ്യുന്നതും നാവിഗേഷനിൽ നാവികരെ സഹായിക്കുന്നതിന് അവയുടെ സ്ഥാനങ്ങൾ പട്ടികപ്പെടുത്തുന്നതുമായിരുന്നു അവരുടെ ജോലി.[9] 1850 -ൽ അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിൽ ചേർന്ന അവർ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജോസഫ് ഹെൻറി ഉൾപ്പെടെയുള്ള നിരവധി അംഗങ്ങളുമായി സൗഹൃദം സ്ഥാപിച്ചു. മിച്ചൽ 1857 ൽ യൂറോപ്പിലേക്ക് പോയി. വിദേശത്തായിരുന്നപ്പോൾ, മിച്ചൽ സമകാലീന യൂറോപ്യൻ ജ്യോതിശാസ്ത്രജ്ഞരായ സർ ജോൺ കരോലിൻ ഹെർഷൽ, മേരി സോമർവില്ലെ എന്നിവരുടെ നിരീക്ഷണകേന്ദ്രങ്ങളിൽ പര്യടനം നടത്തി.[6] നഥാനിയേൽ ഹത്തോണും കുടുംബവുമൊത്തുള്ള യാത്ര തുടരുന്നതിന് മുമ്പ് അലക്സാണ്ടർ വോൺ ഹംബോൾട്ട്, വില്യം വീവെൽ, ആദം സെഡ്ജ്‌വിക്ക് എന്നിവരുൾപ്പെടെ നിരവധി പ്രകൃതിദത്ത തത്ത്വചിന്തകരുമായി അവർ സംസാരിച്ചു. [6] മിച്ചൽ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, പക്ഷേ അവരുടെ ജീവിതത്തിലുടനീളം തന്റെ കുടുംബത്തോട് അടുപ്പം പുലർത്തി, 1888 ൽ സഹോദരി കേറ്റിനോടും കുടുംബത്തോടും മസാച്ചുസെറ്റ്സിലെ ലിന്നിൽ താമസിക്കുകയുംചെയ്തു.[35] വാസർ കോളേജിലെ പ്രൊഫസർഷിപ്പ് (1865-1888)മിച്ചലിന് കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലെങ്കിലും, 1865 -ൽ വാസർ കോളേജിന്റെ സ്ഥാപകനായ മാത്യു വാസ്സർ അവളരെ വാസർ കോളേജിൽ ജ്യോതിശാസ്ത്ര പ്രൊഫസറായി നിയമിക്കുകയും, അങ്ങനെ മിച്ചൽ ജ്യോതിശാസ്ത്രത്തിന്റെ ആദ്യ വനിതാ പ്രൊഫസറാകുകയും ചെയ്തു.[36][7] ഫാക്കൽറ്റിയിൽ നിയമിതനായ ആദ്യ വ്യക്തിയായ മിച്ചൽ, വാസർ കോളേജ് ഒബ്സർവേറ്ററി ഡയറക്ടറായും തിരഞ്ഞെടുക്കപ്പെടുകയും രണ്ട് പതിറ്റാണ്ടിലേറെആ പദവിയിൽ തുടരുകയും ചെയ്തു.[37][19] പ്രൊഫസർ ആയിരിക്കുമ്പോൾ സയന്റിഫിക് അമേരിക്കൻ എന്ന ജ്യോതിശാസ്ത്ര കോളം മിച്ചൽ എഡിറ്റ് ചെയ്തു. [6] മിച്ചലിന്റെ മാർഗനിർദേശപ്രകാരം വാസർ കോളേജ് 1865 മുതൽ 1888 വരെ ഹാർവാർഡ് സർവകലാശാലയേക്കാൾ കൂടുതൽ വിദ്യാർത്ഥികളെ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ചേർത്തു.[26] 1869 -ൽ മിച്ചൽ മേരി സോമർവില്ലിനോടും എലിസബത്ത് കാബോട്ട് അഗാസീസിനോടും ഒപ്പം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളായി. ഹാനോവർ കോളേജ്, കൊളംബിയ യൂണിവേഴ്സിറ്റി, റട്ജേഴ്സ് ഫീമെയിൽ കോളേജ് എന്നിവ മിച്ചലിന് ഓണററി ബിരുദങ്ങൾ നൽകി. മിച്ചൽ അവരുടെ ക്ലാസ്സുകളിൽ തന്റെ പാരമ്പര്യേതര അധ്യാപന രീതികൾ പലതും പരിപാലിച്ചു: അവർ ഗ്രേഡുകളോ അഭാവമോ റിപ്പോർട്ട് ചെയ്തില്ല; ഒപ്പം ചെറിയ ക്ലാസുകൾക്കും വ്യക്തിഗത ശ്രദ്ധയ്ക്കും വേണ്ടി വാദിച്ചു; കൂടാതെ അവർ പാഠങ്ങളിൽ സാങ്കേതികവിദ്യയും ഗണിതവും ഉൾപ്പെടുത്തി.[7] അവരുടെ വിദ്യാർത്ഥികളുടെ കരിയർ ഓപ്ഷനുകൾ പരിമിതമാണെങ്കിലും, അവരുടെ ജ്യോതിശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം അവർ ഒരിക്കലും സംശയിച്ചിരുന്നില്ല. "ജ്യോതിശാസ്ത്രജ്ഞരെ ഉണ്ടാക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല, എന്നാൽ ആരോഗ്യകരമായ ചിന്താ രീതികളിലൂടെയുള്ള പരിശ്രമത്തിലൂടെ നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഊർജ്ജസ്വലമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" അവർ തന്റെ വിദ്യാർത്ഥികളോട് പറഞ്ഞു. "ചെറിയ കാര്യങ്ങളിൽ നമ്മൾ അസ്വസ്ഥരാകുമ്പോൾ, നക്ഷത്രങ്ങളെ നോക്കുന്നത് നമ്മുടെ സ്വന്തം താൽപ്പര്യങ്ങളുടെ നിസ്സാരത കാണിക്കും" അവർ പറഞ്ഞു.[38] മിച്ചലിന്റെ സ്വന്തം ഗവേഷണ താൽപ്പര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ അവർ എടുത്തു, അതോടൊപ്പം അവർ നെബുലകൾ, ഇരട്ട നക്ഷത്രങ്ങൾ, സൂര്യഗ്രഹണം എന്നിവ പഠിച്ചു.[39] [7] മിച്ചൽ തന്റെ നിരീക്ഷണങ്ങളെ ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തു.[39] ഫീൽഡിലും വാസർ കോളേജ് ഒബ്സർവേറ്ററിയിലും ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങളിൽ മിച്ചൽ പലപ്പോഴും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി.[39] 1868 -ൽ തന്നെ അവർ കണ്ണുകളാൽ സൗരകളങ്കങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയെങ്കിലും, അവരും അവരുടെ വിദ്യാർത്ഥികളും 1873 -ൽ എല്ലാ ദിവസവും സൌര കളങ്കങ്ങളുടെ ഫോട്ടോ എടുക്കാൻ തുടങ്ങി. [39] സൂര്യന്റെ ആദ്യത്തെ പതിവ് ഫോട്ടോഗ്രാഫുകളായിരുന്നു ഇവ. സൗരകളങ്കങ്ങൾ സൂര്യപ്രകാശത്തിലെ മേഘങ്ങളല്ല കാവിറ്റികളാം എന്ന സിദ്ധാന്തം അവതരിപ്പിക്കാൻ ഇത് അവരെ അനുവദിച്ചു. ജൂലൈ 29, 1878 ലെ പൂർണ്ണ സൂര്യഗ്രഹണം നിരീക്ഷിക്കാൻ മിച്ചലും അഞ്ച് സഹായികളും 4 ഇഞ്ച് ദൂരദർശിനിയുമായി ഡെൻവറിലേക്ക് യാത്ര ചെയ്തു.[24] അവരുടെ ശ്രമങ്ങൾ വസ്സാറിന്റെ ശാസ്ത്ര-ജ്യോതിശാസ്ത്ര ബിരുദധാരികളുടെ വിജയത്തിന് കാരണമായി. അവരുടെ ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾ ഹൂസ് ഹൂ ഇൻ അമേരിക്കയിൽ ഫീച്ചർ ചെയ്യപ്പെട്ടു.[7] കുറച്ചുകാലം വാസ്സറിൽ പഠിപ്പിച്ചതിനുശേഷം, പ്രശസ്തിയും പരിചയവും ഉണ്ടായിരുന്നിട്ടും, തന്റെ ശമ്പളം ചെറുപ്പക്കാരായ നിരവധി പുരുഷ പ്രൊഫസർമാരെക്കാൾ കുറവാണെന്ന് അവർ മനസ്സിലാക്കി. മിച്ചലും ഫാക്കൽറ്റിയിൽ ഉണ്ടായിരുന്ന ഒരേയൊരു സ്ത്രീ ആയ അലിഡ അവെറിയും ശമ്പള വർദ്ധനവിന് നിർബന്ധിക്കുകയും അത് നേടുകയും ചെയ്തു.[40][41] അവളുടെ മരണത്തിന് ഒരു വർഷം മുമ്പ് 1888 ൽ വിരമിക്കുന്നതുവരെ അവർ വാസ്സർ കോളേജിൽ പഠിപ്പിച്ചു. സാമൂഹ്യ ഇടപെടലുകൾ1841-ൽ, ഫ്രെഡറിക് ഡഗ്ലസ് തന്റെ ആദ്യ പ്രസംഗം നടത്തിയ നാന്റക്കറ്റിലെ അടിമത്ത വിരുദ്ധ കൺവെൻഷനിൽ മിച്ചല് പങ്കെടുത്തു, കൂടാതെ തെക്കൻ കോട്ടൺ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കാൻ വിസമ്മതിച്ചുകൊണ്ട് അവർ അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിൽ ഏർപ്പെടുകയും ചെയ്തു.[42] പിന്നീട് ഒരു പ്രൊഫസർ എന്ന നിലയിൽ അവർ നിരവധി സാമൂഹിക പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ വോട്ടവകാശം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ടു.[4] എലിസബത്ത് കാഡി സ്റ്റാൻടൺ ഉൾപ്പെടെയുള്ള വിവിധ വോട്ടർമാരുമായി അവർ സൗഹൃദം സ്ഥാപിച്ചു. 1873 -ൽ യൂറോപ്പിലേക്കുള്ള യാത്രയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മിച്ചൽ ദേശീയ വനിതാ പ്രസ്ഥാനത്തിൽ ചേർന്നു, വിദ്യാഭ്യാസ പരിഷ്കരണത്തിനും ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ പ്രോത്സാഹനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കൂട്ടായ്മയായ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് വുമൺ (AAW) തുടക്കം കുറിക്കാൻ മിച്ചലും സഹായിച്ചു.[6] കേംബ്രിഡ്ജ് സർവകലാശാലയിലെ ഗിർടൺ കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി പോരാടുന്ന ഇംഗ്ലീഷ് വനിതകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് "ദി ഹയർ എഡ്യുക്കേഷൻ ഓഫ് വുമൺ" എന്ന തലക്കെട്ടിൽ മിച്ചൽ അസോസിയേഷന്റെ ആദ്യ വനിതാ കോൺഗ്രസിനെ അഭിസംബോധന ചെയ്തു.[4][6] പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടിക്കൊണ്ട് മിച്ചൽ അവരുടെ വിദ്യാഭ്യാസം നേടുന്ന പുരുഷന്മാരുടെ വേതനം ലഘൂകരിക്കുക മാത്രമല്ല, കൂടുതൽ സ്ത്രീകളെ തൊഴിൽ ശക്തിയിൽ പ്രാപ്തരാക്കുകയും ചെയ്തു.[43] ശാസ്ത്രത്തിലും ഗണിതത്തിലും സ്ത്രീകൾക്കായി അവർ ശ്രദ്ധ ക്ഷണിക്കുകയും പ്രാദേശിക സ്കൂൾ ബോർഡുകളിൽ സേവിക്കുന്നതിനായി വനിതാ കോളേജുകളെയും വനിതാ പ്രചാരണങ്ങളെയും പിന്തുണയ്ക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[4][6] 1875 ലും 1876 ലും AAW- യുടെ പ്രസിഡന്റായി മിച്ചൽ സേവനമനുഷ്ഠിച്ചു.[4][6] സ്ത്രീകളുടെ പുരോഗതി വിശകലനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രത്തിന് ഒരു പ്രത്യേക സമിതി രൂപീകരിച്ച് നേതൃത്വം നൽകുന്നതിനായി പ്രസിഡന്റ് പദവി ഒഴിഞ്ഞ അവർ 1889 ൽ മരിക്കുന്നതുവരെ ആ സ്ഥാനം വഹിച്ചു.[4][6] മരണം![]() മിച്ചൽ 1889 ജൂൺ 28 ന് 70 ആം വയസ്സിൽ മസ്തിഷ്ക രോഗത്താൽ മസാച്യുസെറ്റ്സിലെ ലിന്നിൽ വച്ച് അന്തരിച്ചു. നന്തുക്കറ്റിലെ പ്രോസ്പെക്റ്റ് ഹിൽ സെമിത്തേരിയിൽ 411-ാം നമ്പറിൽ അവരെ അടക്കം ചെയ്തു.[44][45] അവരുടെ മരണ ശേഷം മരിയ മിച്ചൽ അസോസിയേഷൻ എന്ന സംഘടന ദ്വീപിലെ ശാസ്ത്രങ്ങളും മിച്ചലിന്റെ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനായി നാന്റക്കറ്റിൽ സ്ഥാപിതമായി.[6] അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, അക്വേറിയം, സയൻസ് ലൈബ്രറി, മരിയ മിച്ചലിന്റെ ഹോം മ്യൂസിയം, അവരുടെ ബഹുമാനാർത്ഥം ഒരു നിരീക്ഷണാലയം, മരിയ മിച്ചൽ ഒബ്സർവേറ്ററി എന്നിവ പ്രവർത്തിക്കുന്നു. [46] ദേശീയ വനിതാ ചരിത്ര പദ്ധതിയിലൂടെ 1989 -ൽ മിച്ചലിന് ദേശീയ വനിതാ ചരിത്ര മാസ ബഹുമതി നൽകി. 1994 -ൽ അവരെ നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[37] രണ്ടാം ലോകമഹായുദ്ധകാലത്തെ ലിബർട്ടി കപ്പലായ എസ്എസ് മരിയ മിച്ചൽ, ന്യൂയോർക്കിലെ മെട്രോ നോർത്ത് കമ്യൂട്ടർ റെയിൽറോഡിന്റെ (വാസർ കോളേജിനടുത്തുള്ള പോഫ്‌കീപ്പിയിലെ ഹഡ്‌സൺ ലൈൻ എൻഡ്‌പോയിന്റിനൊപ്പം) മരിയ മിച്ചൽ കോമറ്റ് എന്ന ട്രെയിൻ എന്നിവ അവരുടെ ബഹുമാനാർഥം പേര് നൽകിയവയാണ്. അവരുടെ ബഹുമാനാർത്ഥം ചന്ദ്രനിലെ ഒരു ഗർത്തത്തിന് അവരുടെ പേര് നൽകിയിട്ടുണ്ട്.[6] 2013 ആഗസ്റ്റ് 1 ന് ഗൂഗിൾ, മരിയ മിച്ചലിനെ ഒരു ഗൂഗിൾ ഡൂഡിൽ നൽകി ആദരിച്ചു, ഡൂഡിലിൽ മിച്ചലിനെ മേൽക്കൂരയുടെ മുകളിൽ നിന്നും ധൂമകേതുക്കളെ തേടി ദൂരദർശിനിയിലൂടെ നോക്കുന്നതായി കാർട്ടൂൺ രൂപത്തിൽ കാണിക്കുന്നു.[47] പ്രസിദ്ധീകരണങ്ങൾതന്റെ ജീവിതത്തിൽ, മിച്ചൽ റോയൽ സൊസൈറ്റി കാറ്റലോഗിൽ ഏഴ് ഇനങ്ങളും സില്ലിമാന്റെ ജേണലിൽ തന്റെ നിരീക്ഷണങ്ങൾ വിശദീകരിക്കുന്ന മൂന്ന് ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.[6] ഹവേഴ്സ് അറ്റ് ഹോം, സെഞ്ച്വറി, അറ്റ്ലാന്റിക് എന്നിവയിൽ മൂന്ന് ജനപ്രിയ ലേഖനങ്ങളും മിച്ചൽ രചിച്ചിട്ടുണ്ട്.[6] അവലംബം
ഓൺലൈൻ ഉറവിടങ്ങൾ
അച്ചടിച്ച ഉറവിടങ്ങൾ
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia