ബെഗ്രാം
അഫ്ഗാനിസ്താനിൽ കാബൂളിന് 50 കിലോമീറ്റർ വടക്കുള്ള ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ് ബെഗ്രാം അഥവാ ബഗ്രാം. പർവാൻ പ്രവിശ്യയിലെ ചാരികാറിന് 8 കിലോമീറ്റർ കിഴക്കായി പഞ്ച്ശീർ, ഘോർബന്ദ് നദികളുടെ സംഗമസ്ഥാനത്ത് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. പുരാതനകാലത്ത് കപിസ എന്നറിയപ്പെട്ടിരുന്ന ഇവിടമാണ് അഫ്ഗാനിസ്താനിലെ ആദ്യകാലസാമ്രാജ്യങ്ങൾ തലസ്ഥാനമാക്കിയിരുന്നത്. അലക്സാണ്ടർ സ്ഥാപിച്ച പുരാതനനഗരമായ അലക്സാണ്ട്രിയ കപിസ ഇവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. കുശാനരുടെ കാലത്തെയും പ്രധാന പട്ടണമായിരുന്നു ഇവിടം. എന്നാൽ കാലക്രമേണ കപീസയുടെ പ്രതാപം നശിക്കുകയും അതിന്റെ സ്ഥാനത്ത് കാബൂൾ, ഈ മേഖലയിലേയും, അഫ്ഗാനിസ്താനിലെത്തന്നെയും പ്രധാനനഗരമായി മാറുകയും ചെയ്തു.[1][2] അമേരിക്കൻ സേനയുടെ ഒരു വ്യോമത്താവളം ഇന്ന് ബെഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട്. ചരിത്രംബി.സി. 329-ലാണ് അലക്സാണ്ടർ ഇവിടെയെത്തിയെത്തുകയും ഘോർബന്ദ് നദിക്ക് അഭിമുഖമായി നഗരം സ്ഥാപിക്കുകയും ചെയ്തത്.[3] ചരിത്രാവശിഷ്ടങ്ങൾ800 x 450 മീറ്റർ വിസ്തൃതിയുള്ള ഈ ചരിത്രാവശിഷ്ടസമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ബർജ്-ഇ അബ്ദുള്ള എന്ന പുരാതന കോട്ട സ്ഥിതി ചെയ്യുന്നു. ഇത് ഹഖാമനി സാമ്രാജ്യകാലത്തെയാണെന്ന് കരുതപ്പെടുന്നു. തെക്കുവശത്ത് ഒരു വലിയ കെട്ടിടത്തിന്റെ അവശിഷ്ടമുണ്ട്. ഇതൊരു കൊട്ടാരമായിരുന്നിരിക്കണം. ഇവിടത്തെ കെട്ടിടങ്ങളുടെ ചുമരുകൾ കൽത്തറക്കു മുകളിൽ ചതുരാത്തിലുള്ള മണ്ണിഷ്ടികകൾ (വെയിലത്തുണക്കിയത്) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗ്രീക്ക് ശൈലിയാണ്. മതിലുകളിൽ ചതുരാകൃതിയിലുള്ള തൂണുകൾ കെട്ടി ശക്തിപ്പെടുത്തുന്ന ഗ്രീക്ക് ശൈലിയും ഇവിടെക്കാണാം. ബെഗ്രാമിന് 4 കിലോമീറ്റർ വടക്കായി ഷൊട്ടോറാക്കിൽ പുരാതനകാലത്ത് ഒരു ബുദ്ധവിഹാരം നിലനിന്നിരുന്നു. 1936-ൽ ഫ്രഞ്ച് പുരാവസ്തുഗവേഷകരാണ് ഈ വിഹാരം ഖനനം ചെയ്തെടുത്തത്. വിഹാരത്തിന് അടുത്തായി പത്തോളം സ്തൂപങ്ങളുമുണ്ടായിരുന്നു.[1]. കരകൗശലവസ്തുക്കൾകരകൗശലവസ്തുക്കളുടെ വൻ ശേഖരവും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സെറാപിസ്/ഹെറാക്കിൾസിന്റെ ഒരു വെങ്കലപ്രതിമ, ഹാർപോക്രേറ്റ്സിന്റെ പ്രതിമ, ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങൾ, ചൈനീസ് ലാക്വർ പാത്രങ്ങൾ, പാശ്ചാത്യ സ്ഫടികപ്പാത്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. സ്ഫടികപ്പാത്രങ്ങളിൽ 18 സെന്റീമീറ്റർ ഉയരമുള്ള വളരെ സുതാര്യമായതും ചിത്രപ്പണികളോടും കൂടിയ ഒന്നും ലഭിച്ചിട്ടൂണ്ട്. ഇതിൽ പുരാതനമഹാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ അലക്സാണ്ട്രിയയിലെ ഫറവോ വിളക്കുമാടം ആലേഖനം ചെയ്തിട്ടുണ്ട്. കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വസ്തുക്കൾ ബി.സി.ഇ. ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിലെയാണെന്ന് കണക്കാക്കപ്പെടുന്നു. കാബൂൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ വസ്തുക്കൾ 1990-കളുടെ ആദ്യം അവിടെ നിന്ന് കൊള്ളയടിക്കപ്പെട്ടതിനാൽ, ഇവ ഇന്ന് എവിടെയാണെന്ന് വ്യക്തമായ അറിവില്ല[ക][1]. ചില വസ്തുക്കൾ പാരീസിലെ മ്യൂസി ഗുയിമെറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പുരാവസ്തുഖനനം1936-46 കാലത്ത് ഫ്രഞ്ച് പുരാവസ്തുഗവേഷകർ ഭാഗികമായി ഖനനം നടത്തിയിരുന്നു. 1974-ൽ ഇന്ത്യൻ ഗവേഷകർ ഖനനം പുനരാരംഭിക്കുന്നതിന് അഫ്ഗാനിസ്താൻ സർക്കാരുമായി കരാറിലേർപ്പെട്ടെങ്കിലും ഖനനം നടന്നില്ല[1]. ചിത്രശാല
കുറിപ്പുകൾക.^ കാബൂൾ മ്യൂസിയത്തിലെ പല അമൂല്യവസ്തുക്കളും താലിബാൻ തീവ്രവാദികൾ നശിപ്പിച്ചിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ വിവരം ഇനിയും പൂർണമായി അറീഞ്ഞിട്ടില്ല. മിക്കവാറും വസ്തുക്കളും പാകിസ്താൻ വഴി രാജ്യത്തിന് പുറത്തേക്ക് കടത്തിയതായാണ് അനുമാനിക്കപ്പെടുന്നത്. ചില ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങൾ, ഒരു പാകിസ്താനി കച്ചവടക്കാരൻ, ലണ്ടൻ ആസ്ഥാനമായുള്ള ഒരു ഇടനിലക്കാരന് വിൽക്കുകയും പിന്നീട് അത് പാരീസിലെ ഗുയിമെറ്റ് മ്യൂസിയത്തിലേക്ക് ദാനം ചെയ്യപ്പെടുകയും ചെയ്തു. പാകിസ്താനിലെ ഒരു മുൻ ആഭ്യന്തരമന്ത്രി, ഇത്തരത്തിലുള്ള ഒരു ആനക്കൊമ്പ് ശീൽപ്പം ഒരു ലക്ഷം ഡോളറിന് വാങ്ങിയതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്[1]. അവലംബം
|
Portal di Ensiklopedia Dunia