ബഹാവുള്ള
ബഹായി മതസ്ഥാപകനായ മിർസ ഹുസൈൻ അലിയുടെ സ്ഥാനപ്പേര് ആണ് ബഹാവുള്ള . `ദൈവത്തിന്റെ മഹത്ത്വം' എന്നാണ് ബഹാവുള്ള അഥവാ ബഹാവുള എന്ന അറബിപദത്തിന്റെ അർത്ഥം. ഇറാൻ രാജസഭയിലെ പ്രഗല്ഭനായ ഒരു മന്ത്രിയുടെ പുത്രനായി മാസ്സാനിൽ ജനിച്ചു. അസാധാരണ ബുദ്ധിശാലിയായിരുന്നു. തന്റെ ധിഷണാവൈഭവത്തിലും പാണ്ഡിത്യത്തിലും കൂടി പ്രസിദ്ധനായിത്തീർന്ന ബഹാവുള്ള പിതാവിനു ശേഷം മന്ത്രിപദം സ്വീകരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ലൗകികനേട്ടങ്ങളിൽ തത്പരനല്ലായിരുന്ന അദ്ദേഹം അവരുടെ അഭ്യർഥന നിരസിച്ചു. ഗവൺമെൻറിന്റെയും മുല്ലമാരുടെയും എതിർപ്പുകളെ വിഗണിച്ചുകൊണ്ട് ബഹാവുള്ള ബാബ് എന്ന മതപ്രവാചകന്റെ അനുയായിയായി. അദ്ദേഹം ബാബിനെ ദൈവാവതാരമായി അംഗീകരിച്ചു. ബാഗ്ദാദിലേക്കു നാടുകടത്തപ്പെട്ട ബഹാവുള്ള ദൈവമാർഗ്ഗത്തിൽ എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത ആൾ താനാണെന്നു പ്രഖ്യാപിക്കുകയും മനുഷ്യസമുദായത്തെ ഏകീകരിക്കുക എന്ന സന്ദേശത്തിന്റെ വാഹകനായി അതിന്റെ സാക്ഷാത്ക്കാരത്തിനായുള്ള പ്രവർത്തനത്തിൽ മുഴുകുകയുംചെയ്തു. അധികൃതരുടെ പീഡനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇദ്ദേഹം ക്രമേണ വിപുലമായ ജനപ്രീതി ആർജിച്ചു. മരണത്തിനു മുമ്പ് തന്റെ മൂത്ത പുത്രനായ അബ്ദുൾ ബഹായെ ബഹായിമതത്തിന്റെ വ്യാഖ്യാതാവായി ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. |
Portal di Ensiklopedia Dunia