പ്രീജ ശ്രീധരൻ
ഇന്ത്യയുടെ ഒരു ദീർഘദൂര ഓട്ടക്കാരിയാണ് പ്രീജ ശ്രീധരൻ (1982 മാർച്ച് 13, മുല്ലക്കാനം, കേരളം) . 2010-ൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 5000 മീറ്ററിൽ വെള്ളിയും നേടി[1]. 2006-ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5,000 , 10,000 മീറ്റർ ഓട്ട മത്സരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ജീവിതരേഖകേരളത്തിലെ ഇടുക്കി ജില്ലയിൽ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് , നടുവിലാത്ത് രമണിയുടേയും ശ്രീധരന്റെയും മകളായി 1982 മാർച്ച് 13 ന് ജനിച്ചു. പ്രീതിയും പ്രദീപും സഹോദരങ്ങൾ. പിതാവ് പ്രീജയുടെ ചെറുപ്പത്തിലേ മരിച്ചു . പ്രാഥമിക വിദ്യാഭ്യാസം രാജാക്കാട് ഗവ.ഹൈസ്കൂളിലായിരുന്നു. ഒൻപത്, പത്ത് ക്ലാസ്സുകളിലെ പഠനം തൊടുപുഴ മുട്ടം ഹൈസ്കൂളിൽ. രാജാക്കാട് സ്കൂളിൽ കായികാധ്യാപകനായിരുന്ന രണേന്ദ്രനാണ് പ്രീജയുടെ മികവ് കണ്ടെത്തിയത്. തൊടുപുഴ മുട്ടം ഹൈസ്കൂളിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റമായപ്പോൾ പ്രീജയേയും അവിടെ ചേർത്തു പരിശീലനം തുടർന്നും നൽകി. പാലാ അൽഫോൻസ കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അവിടെ തങ്കച്ചൻ മാത്യുവിന്റെ ശിക്ഷണത്തിൽ പ്രീജ മികച്ച കായിക പ്രതിഭയായി വളർന്നു. ദീർഘദൂര ഓട്ടക്കാരിയാകുന്നതും അവിടെ വെച്ചാണ്. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ ഹെഡ് ക്ലർക്കായി ഇപ്പോൾ ജോലി ചെയ്യുന്നു. നേട്ടങ്ങൾഏഷ്യൻ ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പ്, ഇന്റർയൂനിവേഴ്സിറ്റി മീറ്റ്, സാഫ്ഗെയിംസ് എന്നിവയിൽ സ്വർണ്ണം ഉൾപ്പെടെ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ പ്രീജ കൈവരിച്ചിട്ടുണ്ട്. 31 മിനിറ്റ് 50.47 സെക്കൻഡിലാണ് പ്രീജ ഗ്വാങ്ചൌ ഏഷ്യാഡില് 10000 മീറ്റർ ഓട്ടം പൂർത്തിയാക്കി സ്വർണം കരസ്ഥമാക്കിയത്. ഇതോടെ തന്റെ തന്നെ പേരിലുള്ള 32:04.41 സെക്കൻഡിന്റെ ദേശീയ റെക്കോഡ് തിരുത്താനും പ്രീജയ്‌ക്കായി. ദോഹ ഏഷ്യാഡില് അഞ്ചാം സ്‌ഥാനമായിരുന്നു പ്രീജയ്ക്ക്. 2010 കോമൺവെൽത്ത് ഗെയിംസിൽ പ്രീജക്ക് മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല. ഗ്വാങ്ചൌ ഏഷ്യാഡിൽതന്നെ 5000 മീറ്ററിൽ വെള്ളിയും പ്രീജയ്ക്ക് ലഭിക്കുകയുണ്ടായി . 2011 ജൂലൈയിൽ അർജുന അവാർഡിന് അർഹയായി.[2] അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia