പൂനാ കരാർ
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉണ്ടാവേണ്ട രാഷ്ട്രീയസാഹചര്യങ്ങളിൽ , അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഉടലെടുത്ത തർക്കത്തിനൊടുവിൽ ഉണ്ടായ ഒത്തുതീർപ്പാണ് പൂനാ പാക്ട് അഥവാ പൂനാക്കരാർ. തർക്കം പ്രധാനമായും ന്യൂനപക്ഷ ജനങ്ങൾക് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കായി വാദിച്ച ഡോ. ബി. ആർ. അംബേദ്കറും അതിനെ എതിർത്ത മഹാത്മാ ഗാന്ധിയും തമ്മിലായിരുന്നു. അയിത്തജാതിക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങളും പ്രതിനിധികളും എന്നത് അംബേദ്‌കർക്ക് ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് ഒത്തുതീർപ്പ്. 1932 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് പ്രഖ്യാപിച്ച ഒരു വിജ്ഞാപനമാണ് കമ്മ്യൂണൽ അവാർഡ്. അത് അയിത്തജാതിക്കാർക്ക് ചില പ്രത്യേക നിയമ പരിരക്ഷകൾ നല്കുന്ന ഒന്നായിരുന്നു. കമ്മ്യൂണൽ അവാർഡ് നെ എതിർത്ത് കൊണ്ട് ഗാന്ധിജി പൂനയിലെ യാർവാദ ജയിലിൽ മരണം വരെ നിരാഹാരം തുടങ്ങി. ഡോ. ബി ആർ അംബേദ്‌കർ , ബ്രിടീഷ് ഭരണത്തിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത നിയമസഭാ പ്രാതിനിധ്യ ഭരണപരിരക്ഷ ആയിരുന്നു കമ്മ്യൂണൽ അവാർഡ്. ഇന്ത്യയിലെ അയിത്തജാതിക്കാർ ജാതിഹിന്ദുക്കളിൽ നിന്നും വ്യതിരിക്തരും ജാതി ഹിന്ദുക്കളിൽ നിന്നും സാമൂഹികവും രാഷ്ട്രീയവുമായി വളരെയധികം പീഡനങ്ങൾ നേരിടുന്നവർ ആയതിനാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആ വിഭാഗത്തിന്റെ സാമൂഹിക രാഷ്ട്രീയ സുരക്ഷക്ക് പ്രത്യേക നിയമസഭാ പരിരക്ഷ വേണം എന്ന് ഡോ ബി ആർ അംബേദ്‌കർ നിർദ്ദേശിച്ചു. ഇതിന് പ്രകാരം ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക് ഡൊണാൾഡ് അന്ന് പ്രത്യേക നിയോജക മണ്ഡലവും പൊതുതെരഞ്ഞെടുപ്പിൽ വോട്ടും അയിത്തജാതികൾക്ക് അനുവദിച്ചു. എന്നാൽ അയിത്തജാതികൾക്കായി പ്രത്യേക പ്രതിനിധി വേണ്ട എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ആകെ മൂന്നു സമുദായങ്ങളെ മാത്രമേ - ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവരെ മാത്രമേ - താൻ അംഗീകരിക്കൂ എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഭരണഘടനയിൽ ഈ മൂന്നു സമുദായങ്ങൾക്ക് മാത്രമേ പ്രാതിനിധ്യം പാടുള്ളൂ എന്ന് ഗാന്ധിജി പറഞ്ഞു. ക്രിസ്ത്യാനികൾക്കോ ആംഗ്ലോ-ഇന്ത്യൻസിനോ പട്ടികജാതികൾക്കോ ഭരണഘടനയിൽ സ്ഥാനമൊന്നും പാടില്ലെന്നും അവർ പൊതു സമൂഹത്തിലേക്ക് സ്വയം ലയിക്കണം എന്നും പറഞ്ഞു. സിഖ് കാർക്കും മുസ്ലിങ്ങൾക്കും പ്രത്യേക പ്രാതിനിധ്യം ഭരണഘടനയിൽ ഏർപ്പെടുത്തുന്നതിനെ ഗാന്ധിജി അനുകൂലിച്ചു പൂനായിലെ യെർവാദ ജയിലിലായിരുന്ന ഗാന്ധിജി 1932 സെപ്തം 19 മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചു. അയിത്തജാതിക്കാർക്കുവേണ്ടി ഡോ: അംബേദ്കർ നേടിയെടുത്ത കമ്മ്യൂണൽ അവാർഡ് പിൻവലിക്കണമെന്നതായിരുന്നു ഗാന്ധിജിയുടെ ആവശ്യം. അതിനു വേണ്ടി യാർവാദ ജയിലിൽ മരണം വരെ അദ്ദേഹം നിരാഹാരം തുടങ്ങി. ഗാന്ധിജി മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഡോ ബി ആർ അംബേദ്‌കർ ഏറ്റെടുക്കേണ്ടി വരും എന്ന നിലയിൽ ആയി കാര്യങ്ങൾ. ഒടുവിൽ ഡോ: അംബേദ്കർക്ക് ഒരു ഒത്തുതീർപ്പിന് തയ്യാറാകേണ്ടി വന്നു. 1932 സെപ്തംബർ 24 ന് ശനിയാഴ്ച വൈകിട്ട് 5ന് യെർവാദ ജയിൽ അങ്കണത്തിൽ വച്ച് ഹിന്ദുക്കളുടെ പ്രതിനിധിയായി മദൻ മോഹൻ മാളവ്യ തുടങ്ങിയവരും, അയിത്തജാതിക്കാരുടെ (ദളിതർ) പ്രതിനിധിയായി ഡോ: അംബേദ്കറും ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. ഗാന്ധിജി ഉപവാസം പിൻവലിക്കുകയും ചെയ്തു. പ്രാദേശിക നിയമസഭകളിൽ 148 സീറ്റുകളും, കേന്ദ്ര നിയമസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നുള്ള ഹിന്ദുക്കളുടെ സീറ്റിന്റെ 10% വും അധ:സ്ഥിത വിഭാഗങ്ങൾക്ക് നൽകി കൊണ്ട് സീറ്റുകളുടെ മൊത്തം എണ്ണം തീരുമാനമായി. കമ്മ്യൂണൽ അവാർഡ് പ്രകാരം അധ:സ്ഥിത വർഗ്ഗക്കാർക്ക് അസംബ്ലിയിലേയ്ക്കുള്ള അവരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് സവർണ്ണ ഹിന്ദുക്കളോടൊപ്പം വോട്ടു ചെയ്യാനും അവകാശമുണ്ടായിരുന്നു. അവലംബം |
Portal di Ensiklopedia Dunia