മധ്യഅമേരിക്കൻ രാഷ്ട്രമായ പനാമയുടെ തലസ്ഥാന നഗരമാണ് പനാമ സിറ്റി. പനാമ കനാലിന്റെപസഫിക് സമുദ്ര പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്] 1519 ഓഗസ്റ്റ് 15ന് സ്പാനിഷ് ഗവർണറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും സ്പെയിനിലേക്ക് കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. യുനെസ്കോ 1997ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.
ഗ്രേറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഔട്ട്ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. തിയട്രോ നാസിയോണൽ എന്ന ദേശീയ നാടകശാല, ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം, പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ ഹെറോൺസ് പാലസ്, പ്ലാസാ കത്തീഡ്രൽ തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള ബ്രിഡ്ജ് ഒഫ് അമേരിക്കാസ് എന്ന പാലം പ്രസിദ്ധമാണ്.
ചിത്രശാല
സാൻഫ്രാൻസിസ്കോ പള്ളിയിലെ മണിമാളിക.
കാസ്കോ വിയോജോയിലെ ബോളിവർ മണ്ഡപം
പഴയ പനാമയുടെ അവശിഷ്ടങ്ങൾ
സാന്റ അന വിനോദകേന്ദ്രം
നവോസ്, പെരികോ, ഫ്ലാമെങ്കോ എന്നീ ദ്വീപുകളെ കരയുമായി ബന്ധിപ്പിക്കുന്ന പാത