പഞ്ചാബിലെ കസൂർ ഗ്രാമത്തിൽ 1926 ൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ കൽക്കട്ടയിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ ഗുലേബക്കാവലിയിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുണ്ടുവന്നു. വിഭജനത്തിനുശേഷം പാകിസ്താനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് പാകിസ്താനിലേക്കു തിരിച്ചു പോവുകയും പ്രമുഖ പിന്നണിഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.