നാൻസി പെലോസി
അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും സാമാജികയുമാണ് നാൻസി പട്രീഷ്യ പെലോസി. 2019 ജനുവരി മുതൽ അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായി സേവനമനുഷ്ഠിക്കുന്നു. മുൻപ് 2007 മുതൽ 2011 വരെ സ്പീക്കർ സ്ഥാനം വഹിച്ചിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയായ അവർ അങ്ങനെ അമേരിക്കൻ ചരിത്രത്തിൽ ഒരു വനിതയ്ക്ക് എത്താൻ കഴിഞ്ഞ് ഏറ്റവും വലിയ പദവിക്ക് ഉടമയായി .[1] [2] പ്രസിഡന്റ് പദവിയുടെ പിന്തുടർച്ചാക്രമത്തിൽ സഭാ സ്പീക്കർ എന്ന നിലയിൽ, കമല ഹാരിസ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ, ഉപരാഷ്ട്രപതിക്ക് തൊട്ടുപിന്നാലെ പെലോസി രണ്ടാം സ്ഥാനത്തായിരുന്നു.[3] അവർ ഡമോക്രാറ്റിക് പാർട്ടി അംഗമാണ്. 1987 ലാണ് പെലോസി ആദ്യമായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ൽ അവർ പതിനേഴാം തവണ തിരഞ്ഞെടുക്കപ്പെട്ടു. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടുന്ന കാലിഫോർണിയയിലെ പന്ത്രണ്ടാമത്തെ കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിക്കുന്നു. 2003 മുതൽ പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ നേതാവാണ്. കോൺഗ്രസിൽ ഒരു പാർട്ടിക്ക് നേതൃത്വം നൽകിയ ആദ്യ വനിതയാണ് ഇവർ. റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം വഹിക്കുമ്പോൾ ന്യൂനപക്ഷ നേതാവായും (2003–2007, 2011–2019), ഡെമോക്രാറ്റിക് ഭൂരിപക്ഷ കാലഘട്ടത്തിൽ സ്പീക്കർ ആയും (2007–2011, 2019 - ഇന്നുവരെ) സ്ഥാനം വഹിച്ചു. ഇറാഖ് യുദ്ധത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച പെലോസി, 2005 ൽ സാമൂഹ്യ സുരക്ഷയെ ഭാഗികമായി സ്വകാര്യവൽക്കരിക്കാനുള്ള ബുഷ് അഡ്മിനിസ്ട്രേഷന്റെ ശ്രമവും എതിർത്തു. ആദ്യത്തെ സ്പീക്കർഷിപ്പിനിടെ അഫോർഡബിൾ കെയർ ആക്റ്റ്, ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്കരണം, ഉപഭോക്തൃ സംരക്ഷണ നിയമം, ഡോന്റ് ആസ്ക് ഡോന്റ് റ്റെൽ ആൿറ്റ്, അമേരിക്കൻ റിക്കവറി ആൻഡ് റീ-ഇന്വെസ്റ്റ്മെന്റ് ആക്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2010 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനപ്രതിനിധിസഭയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് 2011 ജനുവരിയിൽ പെലോസിക്ക് സ്പീക്കർഷിപ്പ് നഷ്ടപ്പെട്ടു. എന്നിരുന്നാലും, സഭ ഡെമോക്രാറ്റിക് കോക്കസിന്റെ നേതാവെന്ന നിലയിലുള്ള തന്റെ സ്ഥാനം നിലനിർത്തി, ന്യൂനപക്ഷ നേതാവായി. 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. [4] അതിനുശേഷം, 2019 ജനുവരി 3 ന് 116-ാമത് കോൺഗ്രസ് വിളിച്ചപ്പോൾ, പെലോസി വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1955 ൽ സാം റെയ്ബർണിന് ശേഷം ഈ സ്ഥാനത്തേക്ക് മടങ്ങിവരുന്ന ആദ്യത്തെ മുൻ സ്പീക്കറായി. 2019 സെപ്റ്റംബർ 24 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വാദം കേൾക്കുന്നതായി പെലോസി പ്രഖ്യാപിച്ചു. അവലംബം
|
Portal di Ensiklopedia Dunia