2024 മുതൽ രത്നഗിരി സിന്ധുദുർഗ് മണ്ഡലത്തിൽ
നിന്നുള്ള ലോക്സഭാംഗവും
2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ ചെറുകിട, ഇടത്തരം സംരംഭക വകുപ്പ് മന്ത്രിയുമായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്[1][2]നാരായൺ റാണെ. (ജനനം:10 ഏപ്രിൽ 1952) ആറ് തവണ നിയമസഭയിലും ഒരു തവണ വീതം നിയമസഭ കൗൺസിലിലും
രാജ്യസഭയിലും അംഗമായിരുന്നു.
നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായ നാരായൺ റാണെ 1999 ഫെബ്രുവരി ഒന്ന് മുതൽ ഒക്ടോബർ 17 വരെ മഹാരാഷ്ട്രയുടെമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[3][4]
ജീവിതരേഖ
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ ചെമ്പൂരിൽ തത്തു സീതാറാം റാണെയുടേയും ലക്ഷ്മിഭായിയുടേയും മകനായി 1952 ഏപ്രിൽ പത്തിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടാതെ പതിനൊന്നാം ക്ലാസിൽ വച്ച് പഠനം നിർത്തി രാഷ്ട്രീയത്തിലേക്കിറങ്ങി.[5][6]
രാഷ്ട്രീയ ജീവിതം
1968-ൽ ശിവസേനയിൽ ചേർന്ന റാണെ ചെമ്പൂരിലെ തൻ്റെ പട്ടണത്തിൽ ശാഖാ പ്രമുഖനായിട്ടാണ് പൊതുരംഗത്ത് എത്തിയത്. 1985 മുതൽ 1990 വരെ ശിവസേന ടിക്കറ്റിൽ കൊപാർഗൺ മുൻസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1990-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാവിലോണിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി ഒന്ന് മുതൽ ഒക്ടോബർ 17 വരെ ചെറിയൊരു കാലയളവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
1968-ൽ തൻ്റെ പതിനാറാം വയസിൽ ശിവസേനയിൽ അംഗമായ റാണെ 2005-ൽ ഉദ്ദവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചു. തുടർന്ന് 2005-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന റാണെ മൂന്നു തവണ കാബിനറ്റ് വകുപ്പ് മന്ത്രിയായി.
1990, 1995, 1999, 2004, 2009 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ തുടർച്ചയായി ജയിച്ച് നിയമസഭാംഗമായ റാണെയ്ക്ക് 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാനായില്ല.[7][8]
പിന്നീട് 2016-2017 കാലയളവിൽ നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ് പാർട്ടിയിൽ നിന്നും
നിയമസഭ കൗൺസിലിൽ നിന്നും 2017-ൽ രാജിവച്ച് തൊട്ടടുത്ത വർഷം 2018-ൽ സ്വന്തമായി പാർട്ടി രൂപീകരിച്ചു
ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
2018 മുതൽ 2024 വരെ റാണെ ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭാംഗമായി. 2019 ഒക്ടോബർ 15ന് ബി.ജെ.പിയിൽ ചേർന്ന റാണെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ചെറുകിട ഇടത്തരം സംരഭക വകുപ്പ് മന്ത്രിയായിരുന്നു.
പ്രധാന പദവികളിൽ
1968 : ശിവസേന അംഗം
1985-1990 : മുനിസിപ്പൽ കൗൺസിലർ
1990 : നിയമസഭാംഗം, മാൽവൻ (1) (ശിവസേന)
1990-1995 : നിയമസഭയിലെ പ്രതിപക്ഷനേതാവ്
1995 : നിയമസഭാംഗം, മാൽവൻ (2) (ശിവസേന)
1996-1999 : സംസ്ഥാന റവന്യു വകുപ്പ് മന്ത്രി
1999 : മഹാരാഷ്ട്ര മുഖ്യമന്ത്രി
1999 : നിയമസഭാംഗം, മാൽവൻ (3) (ശിവസേന)
2004 : നിയമസഭാംഗം, മാൽവൻ (4) (ശിവസേന)
2005 : നിയമസഭയിൽ നിന്നും ശിവസേനയിൽ നിന്നും രാജിവച്ചു
2005 : കോൺഗ്രസ് പാർട്ടിയിൽ അംഗം
2005 : കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗം, മാൽവൻ (5)
2005-2008 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
2009 : നിയമസഭാംഗം, കൂടൽ (6)
2009 : സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
2009-2010 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
2010-2014 : സംസ്ഥാന വ്യവസായ, തുറമുഖ, തൊഴിൽ വകുപ്പ് മന്ത്രി
2014 : കൂടലിൽ നിന്ന് നിയമസഭയിലേയ്ക്ക് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
2015 : നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ ബാന്ദ്രയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
2016-2017 : നിയമസഭ കൗൺസിൽ അംഗം
2017 : കോൺഗ്രസ് വിട്ടു
2018 : മഹാരാഷ്ട്ര സ്വഭിമാൻ പക്ഷ എന്ന പുതിയ പാർട്ടി രൂപീകരിച്ചു
2018-2024 : രാജ്യസഭാംഗം
2019 : ബി.ജെ.പിയിൽ ചേർന്നു
2021-2024 : കേന്ദ്ര ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി