നഗോയ
ടോക്കിയോ, യോകഹോമ, ഒസാക എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജപ്പാനിലെ നഗരമാണ് നഗോയ'Nagoya' (名古屋市 Nagoya-shi ) . മധ്യ ഹോൺഷൂവിലെ നോബി സമതലത്തിൽ, ഇസീ ഉൾക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗോയ ഹോൺഷൂ/ചുബു പ്രദേശത്തിലെ മുഖ്യ നഗരവും ഐകീപ്രവിശ്യയുടെ തലസ്ഥാനവുമാണ്. ജപ്പാനിലെ നഗരങ്ങളിൽ വലിപ്പത്തിൽ നാലാം സ്ഥാനമാണ് നഗോയയ്ക്കുള്ളത്. ഇവിടത്തെ ജനസംഖ്യ 2001-ൽ 21.7 ലക്ഷമായിരുന്നു [3] ഒസാകാ നഗരത്തിൽനിന്ന് സു. 136 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം രാജ്യത്തിലെ ഒരു പ്രധാന വ്യാവസായിക-ഗതാഗത കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ജപ്പാനിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നുകൂടിയായ നഗോയയിൽ വാണിജ്യപ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്. 1939-ൽ സ്ഥാപിതമായ നഗോയ സർവകലാശാലയുടെ ആസ്ഥാനം നഗോയയാണ്. അത്സൂതാദേവാലയം, നഗോയ കൊട്ടാരം, തോകുഗാവ മ്യൂസിയം, ഹിഗാഷിയാമ സസ്യോദ്യാനം, മൃഗശാല, സയൻസ് മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ മുഖ്യ ആകർഷണങ്ങൾ. 1907-ഓടെയാണ് നഗോയ ആധുനിക വികസനപ്രക്രിയയ്ക്കും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിനും വിധേയമായത്. ഇപ്പോൾ നിരവധി വൻ വ്യവസായസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, രാസവസ്തുക്കൾ മുതലായവയുടെ ഉത്പാദനം, ഇരുമ്പുരുക്ക് വ്യവസായം എന്നിവയാണ് ഈ നഗരത്തിലെ മുഖ്യ വ്യവസായങ്ങൾ. ഭക്ഷ്യോത്പന്നങ്ങൾ, ഘടികാരങ്ങൾ, വസ്ത്രം, പ്ലൈവുഡ്, പോഴ്സലീൻ തുടങ്ങിയവയുടെ ഉത്പാദന-വിപണനത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ഗണ്യമായ പുരോഗതി നേടിയിരിക്കുന്നു. 1891-ലെ ശക്തമായ ഭൂചലനവും രണ്ടാം ലോകയുദ്ധവും നഗോയ നഗരത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചെങ്കിലും സമഗ്രമായ നഗര ആസൂത്രണത്തിലൂടെ വളരെപ്പെട്ടെന്നുതന്നെ ഈ നഗരം പുനർ നിർമ്മിക്കപ്പെട്ടു. 'ബുള്ളറ്റ് ട്രെയിൻ' എന്നു വിളിക്കുന്ന അതിവേഗ തീവണ്ടിയും ടോക്യോ നഗരത്തെ നഗോയയുമായി ബന്ധിപ്പിക്കുന്ന ടോമി എക്സ്പ്രസ് വേയും കോബി നഗരവുമായി നഗോയയെ ബന്ധിപ്പിക്കുന്ന മീഷീൻ ഹൈവേയും നഗര പുനർനിർമിതിയുടെ ഭാഗമായാണ് നിർമ്മിക്കപ്പെട്ടത്. അവലംബം
|
Portal di Ensiklopedia Dunia