ദി അഡ്വെഞ്ചെർസ് ഓഫ് ടോം സോയർ
ലോകപ്രശസ്ത അമേരിക്കൻ ഹാസ്യാത്മകസാഹിത്യകാരനായ മാർക് ട്വയിൻ രചിച്ച ക്ലാസ്സിക് നോവലുകളിൽ ഒന്നാണ് ദി അഡ്വെഞ്ചെർസ് ഓഫ് റ്റോം സോയർ. മാർക് ട്വയിന് ലോകപ്രശസ്തി നേടികൊടുക്കുന്നതിൽ ഒരു സുപ്രധാനമായ കാരണമായി ഈ നോവലിനെ വിലയിരുത്തപ്പെടുന്നു. മാർക് ട്വയിനിൻറെ മറ്റൊരു ക്ലാസ്സിക് നോവലാണ് ദി അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറിഫിൻ. മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള സാങ്കൽപിക ഗ്രാമമായ സെൻറ് പീറ്റേഴ്‌സ്ബർഗിൽ വളരുന്ന ടോംസോയർ എന്ന ബാലൻറെ കഥയാണ് നോവലിൻറെ ഉള്ളടക്കം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രസിക്കാൻവേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിർന്നവരെയും മാർക് ട്വയിൻ ലക്ഷ്യമിട്ടിരുന്നു. പിന്നിട്ടുപോയ ഒരു കുട്ടിക്കാലത്ത് തങ്ങൾ എങ്ങനെയായിരുന്നുവെന്ന് തിരിഞ്ഞുനോക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു കൃതിയാണിതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. താൻ വളർന്ന സ്ഥലമായതിനാലാണ് മിസ്സിസ്സിപ്പി നദിയുടെ തീരപ്രദേശം പശ്ചാത്തല നഗരമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. കഥാസംഗ്രഹം![]() മഹാവികൃതിയായ ടോം താമസിക്കുന്നത് അമ്മായി പോളിയോടും സഹോദരൻ സിടിനോടും ഒപ്പമാണ്. മിക്കപ്പോഴും എന്തെങ്കിലും വികൃതി കാണിച്ച് സ്കൂളിൽ പോകാതിരിക്കുന്ന ടോമിന് അമ്മായി കൊടുക്കുന്ന ശിക്ഷ മതിൽ വൈറ്റ് വാഷ് ചെയ്യാനാണ്. എന്നാൽ ഇത് വളരെ രസകരമായ ജോലിയായി അഭിനയിച്ച് കൂട്ടുകാരെ കബളിപ്പിച്ച് അവരിൽ നിന്നു പ്രതിഫലം വാങ്ങി അവരെക്കൊണ്ട് പണിയെടുപ്പിക്കലാണ് പതിവ്. എന്നിട്ട് ആ പ്രതിഫലം ഉപയോഗിച്ച് സൺഡേ സ്കൂളിൽ (ക്രിസ്ത്യൻ മതപഠനത്തിനായി ഞായറാഴ്ച്ച മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം) നിന്നു ബൈബിൾ വചനങ്ങൾ മനപ്പാഠമാക്കുമ്പോൾ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകൾ സംഘടിപ്പിക്കും. ടോം മറ്റൊരു ഗ്രാമത്തിൽ നിന്ന് തൻറെ ഗ്രാമത്തിലേക്ക് താമസം മാറ്റിയ ബെക്കി താച്ചർ എന്ന പെൺകുട്ടിയുമായി സ്നേഹത്തിലാകുന്നു. എന്നാൽ ടോം മുമ്പ് ഏമി പെൺകുട്ടിയെ അടുപ്പത്തിലായിരുന്നു എന്ന് മനസ്സിലാകുമ്പോൾ ബെക്കി ആ ബന്ധത്തിൽ നിന്നു പിന്മാറുന്നു. ബെക്കിയുമായി പിരിഞ്ഞതിനു ശേഷം ടോം ഗ്രാമത്തിലെ ഒരു മുഴുക്കുടിയന്റെ മകനായ ഹക്കിൾബെറിഫിനിനോടൊപ്പം രാത്രി ശ്‌മശാനഭൂമി സന്ദർശിക്കുന്നു. അവിടെ അവർ അന്ന് ഖബറടക്കിയ മൃതശരീരം കുഴിച്ചെടുത്തു വിൽക്കുന്ന ഡോ.റോബിൻസൺ, മഫ് പോട്ടർ, ഇൻജൻ ജോയ് എന്നിവർ തമ്മിലുള്ള അടിപിടിക്കു സാക്ഷിയാകുന്നു. അടിപിടിക്കിടയിൽ പോട്ടർ ബോധാരഹിതനായിപ്പോയി. അപ്പോൾ ഇൻജൻ ജോയ് ഡോ.റോബിൻസനെ കുത്തികൊലപ്പെടുത്തുകയും പിന്നീട് അത് പോട്ടറുടെ മേൽ കെട്ടിച്ചമക്കുകയും ചെയ്യുന്നു. ഈ കൊലപാതകത്തിനു സാക്ഷികളായിരുന്ന ടോമും ഹക്കിൾബെറിഫിനും ഇൻജൻ ജോയ് തങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭയന്ന് സത്യം തുറന്നുപറഞ്ഞില്ല. അതിനുശേഷം കടൽകൊള്ളക്കാരാകുക എന്ന ഉദ്ദേശ്യത്തോടെ ടോമും ഹക്കും ടോമിൻറെ സുഹൃത്ത് ജോയ് ഹാർപറും കൂടി ഒരു ദ്വീപിലേക്ക് ഒളിച്ചോടുന്നു. പുതുതായി ലഭിച്ച സ്വാതന്ത്ര്യം കൂട്ടുകാരോടൊത്ത് ആഘോഷിക്കുന്നതിനിടയിൽ നാട്ടുകാർ തങ്ങൾ മരിച്ചെന്നു കരുതി നദിയിൽ മൃതദേഹങ്ങൾ തിരയുകയാണെന്ന് മൂവരും തിരിച്ചറിഞ്ഞു. ടോം രഹസ്യമായി ഗ്രാമത്തിലെത്തി. അവർ മൂവരും മരിച്ചുവെന്നു കുരുതി ബന്ധുക്കളും മറ്റും അവരുടെ മരണാനന്തര ക്രിയകൾ നടത്തുവാൻ പോകുകയാണെന്ന് അവൻ മനസ്സിലാക്കി. പിന്നീട് തങ്ങളുടെ ശേഷക്രിയാദിനത്തിൽ അവർ ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ ടോം, സ്കൂളിൽ ബെക്കി അദ്ധ്യാപകന്റെ ഒരു പുസ്തകം നശിപ്പിച്ച കുറ്റം ഏറ്റെടുത്ത് പിന്നെയും ബെക്കിയുടെ ഇഷ്ടം പിടിച്ചുപറ്റുന്നു. കുറ്റബോധം സഹിക്കാനാവാതെ മഫ് പോട്ടറുടെ വിചാരണയിൽ ഇൻജൻ ജോയ്ക്കെതിരെ ടോം സാക്ഷി പറഞ്ഞു. കോടതി മഫ് പോട്ടർക്ക് ജാമ്യം നൽകി. വിചാരണ നടന്നുകൊണ്ടിരിക്കെ ഇൻജൻ ജോയ് കോടതിയിൽ നിന്നും ഒരു ജനലിലൂടെ രക്ഷപ്പെട്ടു. വേനൽക്കാലത്ത് നിധി തേടി ഒരു ഒറ്റപെട്ട ബംഗ്ലാവിൽ എത്തുന്ന ടോമും ഹക്കും ഇൻജൻ ജോയും കൂട്ടാളിയും കൊള്ളമുതൽ സൂക്ഷിക്കുന്നത് അതേ ബംഗ്ലാവിലാണെന്ന് മനസ്സിലാക്കുകയുണ്ടായി. തുടർന്ന് ഇൻജൻ ജോയുടെ കൊള്ളമുതലായ സ്വർണ്ണം തട്ടിയെടുക്കാൻ തക്കം നോക്കി ഹക്ക് അദ്ദേഹത്തെ എല്ലാ ദിവസവും പിന്തുടരുകയാണ്. ഇതിനിടയിൽ ഒരു ദിവസം ടോം ബെക്കിനോടും സഹപാഠികളോടുമോത്ത് മക്ഡോഗൾസ് ഗുഹയിലേക്ക് വിനോദയാത്ര പോയി. അവിടെവെച്ച് ടോമും ബെക്കും കൂട്ടംതെറ്റി ഗുഹയിലകപ്പെട്ടു. അതേദിനം രാത്രിയിൽ ഡോഗ്ലസ് എന്ന വിധവയെ ആക്രമിക്കാനുള്ള ഇൻജൻ ജോയുടെയും കൂട്ടാളിയുടെയും പദ്ധതി തകർത്ത് ഹക്ക് ഗ്രാമത്തിലെ അജ്ഞാത നായകനായി. ഗുഹയിൽ നിന്നു പുറത്തുകടക്കാനാകാതെ നിർജ്ജലീകരണവും വിശപ്പുമായി വലയുന്ന ടോമും ബെക്കും യാദൃച്ഛികമായി ഇൻജൻ ജോയെ കാണുന്നു. ഇത് പ്രശ്നങ്ങൾ ഗുരുതരമാക്കുമെങ്കിലും ടോം ഗുഹയിൽ നിന്നു പുറത്തുകടക്കാനുള്ള വഴി കണ്ടുപിടിച്ചു. ഇൻജൻ ജോയ് ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് അതേ ഗുഹയായിരുന്നു. ടോമിനെയും ബെക്കിനെയും കാണാതെ വിഷമത്തിലായിരുന്ന ഗ്രാമീണർ ഇരുവരും തിരിച്ചെത്തിയതോടെ ആഘോഷത്തിമിർപ്പിലായി. ഇൻജൻ ജോയ് ഗുഹയിലുണ്ടെന്നു മനസ്സിലാക്കുന്നതോടെ ന്യായാധിപൻ കൂടിയായ ബെക്കിയുടെ അച്ഛൻ താച്ചർ ഗുഹ അടക്കാൻ ഉത്തരവിട്ടു. ഒരാഴ്ച്ചക്കുശേഷം ടോമും ഹക്കും കൂടി ഗുഹയിൽ കടന്നു ജോയുടെ സ്വർണ്ണം കണ്ടെടുത്തു. അപ്പോഴേക്കും ഗുഹാമുഖം അടച്ചതിനാൽ പുറത്തിറങ്ങാൻ കഴിയാതെ ഇൻജൻ ജോയ് വിശപ്പ് സഹിക്കാനാകാതെ മരിച്ചുപ്പോയി. പിന്നീട് ഡോഗ്ലസ് വിധവ ഹക്കിനെ ദത്തെടുത്തു. ആദ്യം അതിനോട് ഹക്ക് എതിർപ്പ് പ്രകടിപ്പിക്കുമെങ്കിലും ഡോഗ്ലസിൻറെ കൂടെപ്പോയാൽ തൻറെ കൊള്ളസംഘത്തിൽ ചേർക്കാമെന്ന് ടോം വാക്കുകൊടുക്കുന്നതോടെ ഹക്ക് സമ്മതിക്കുന്നു. അവലംബം |
Portal di Ensiklopedia Dunia