ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan). ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ് ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ[5].
ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
2011 ജുലൈ മാസത്തിൽ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഇവിടുത്തെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. [6]
യു.എൻ സമാധാന സേന
ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യു.എൻ സമാധാന സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. [6] ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമേഖലയായ പിബറിലാണ് സമാധാനസേനയുടെ പ്രവർത്തന കേന്ദ്രം.[6] 2013 ഏപ്രിലിലെ കണക്കനുസരിച്ച് സമാധാന സേനയുടെ ഭാഗമായി രണ്ടു ബറ്റാലിയനുകളിലായി ഇന്ത്യയുടെ 2200 സൈനികർ ദക്ഷിണ സുഡാനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. [6]
വിമത ആക്രമണങ്ങൾ
2013 ഏപ്രിൽ - വിമത ആക്രമണങ്ങളിൽ യു.എൻ. സമാധാന സേനയിലെ 5 ഇന്ത്യൻ പട്ടാളക്കാർ മരിക്കുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 സാധാരണക്കാരും കൊല്ലപ്പെട്ടു.[6]
വൈദേശിക ബന്ധം
2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.