തോമസ് മെർട്ടൺ
ഇരുപതാം നൂറ്റാണ്ടിലെ (ജനുവരി 31, 1915 - ഡിസംബർ 10, 1968) ഒരു അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനുമായിരുന്നു തോമസ് മെർട്ടൺ. ട്രാപ്പിസ്റ്റ് സന്യാസിയായി കെന്റക്കിയിലെ ഗെത്സമേനി ആശ്രമത്തിൽ ജീവിച്ച അദ്ദേഹം, കവിയും സാമൂഹ്യപ്രവർത്തകനും മതങ്ങളുടെ താരതമ്യപഠനത്തിൽ തത്പരനും ആയിരുന്നു. 1949-ൽ "ഫാദർ ലൂയീസ്" എന്ന പേരിൽ മെർട്ടൺ പൗരോഹിത്യാഭിഷേകം സ്വീകരിച്ചു.[1][2][3] ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കുപുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും മെർട്ടൺ എഴുതിയിട്ടുണ്ട്. ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ജനപ്രീതി നേടുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തസൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.[4][5] ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു അകല്പിതരചനകളിൽ(non-fiction) ഒന്നായി ആ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട്[6] മതാന്തരസംവാദങ്ങളെ മെർട്ടൺ ശക്തിയായി പിന്തുണച്ചു. തിബത്തൻ ആദ്ധ്യാത്മിക നേതാവ് ദലൈലാമ, ജപ്പാനിലെ സെൻ പാരമ്പര്യത്തിന്റെ ആധുനികവക്താവ് ഡി.ടി. സുസുക്കി, വിയറ്റ്നാമിലെ ബുദ്ധസന്യാസി തിക് നാത് ഹാൻ(Thich Nhat Hanh) എന്നിവരുൾപ്പെടെയുള്ള ഏഷ്യൻ ചിന്തകന്മാരുമായി ആശയവിനിമയം നടത്താൻ അദ്ദേഹം മുൻകൈ എടുത്തു. മെർട്ടന്റെ പല ജീവചരിത്രങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ജീവിതംബാല്യംന്യൂസിലാണ്ടിൽ നിന്നുള്ള ചിത്രകാരൻ ഓവൻ മെർട്ടന്റേയും ക്വാക്കർ മതവിഭാഗത്തിൽ പെട്ട അമേരിക്കൻ കലാകാരി റൂത്ത് ജെങ്കിൻസിന്റേയും പുത്രനായി[7] ഫ്രാൻസിലെ പ്രാദെസ് എന്ന സ്ഥലത്താണ് തോമസ് മെർട്ടൺ ജനിച്ചത്. പിതാവിന്റെ അഭിലാഷമനുസരിച്ച്, ആംഗ്ലിക്കൻ ജ്ഞാനസ്നാനമാണ് അദ്ദേഹത്തിനു നൽകപ്പെട്ടത്.[8] ചിത്രകാരനെന്ന നിലയിൽ ഓവൻ മെർട്ടന്റെ പ്രവർത്തനമേഖല യൂറോപ്പും അമേരിക്കയും ആയിരുന്നു. കലയുടെ ലോകത്ത് നിലയുറപ്പിക്കാൻ പാടുപെട്ടിരുന്ന അദ്ദേഹം, മകന്റെ ശൈശവത്തിൽ മിക്കവാറും ഒപ്പമുണ്ടായിരുന്നില്ല. മെർട്ടൻ ജനിച്ച വർഷം തന്നെ കുടുംബം അമേരിക്കയിലേയ്ക്കു കുടിയേറി. ജോൺ പോൾ എന്നു പേരുള്ള ഒരിളയ സഹോദരനും അദ്ദേഹത്തിനുണ്ടയിരുന്നു. മെർട്ടന്റെ അമ്മയുടെ മാതാപിതാക്കൾ അമേരിക്കയിലായിരുന്നു. അവിടെ, അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോൾ, 1921-ൽ അമ്മ ഉദരാർബുദം ബാധിച്ചു മരിച്ചു. ഒൻപതു വർഷത്തിനു ശേഷം മെർട്ടനു പതിനഞ്ചു വയസ്സുള്ളപ്പോൾ, പിതാവ് തലച്ചോറിനു അർബ്ബുദം ബാധിച്ചു മരിച്ചു. പിന്നെ മെർട്ടൻ വളർന്നതും വിദ്യാഭ്യാസം നേടിയതും അമേരിക്ക, ഫ്രാൻസ്, ബെർമുഡ, ഇംഗ്ലണ്ട് എന്നിങ്ങനെ പലയിടങ്ങളിൽ പലതരം വ്യക്തികളുടെ മേൽനോട്ടത്തിലും രക്ഷാകർതൃത്വത്തിലും ആണ്. ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ബാല്യം ആയിരുന്നു അദ്ദേഹത്തിന്റേത്. പിതാവിന്റെ സുഹൃത്തായിരുന്ന ഒരു ന്യൂസിലാണ്ടുകാരൻ ഡോക്ടറായിരുന്നു മെർട്ടന്റെ മുഖ്യ രക്ഷാകർത്താവ്.[9] കേംബ്രിഡ്ജ്മെർട്ടന്റെ കലാശാലാവിദ്യാഭ്യാസം തുടങ്ങിയത് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ ആയിരുന്നു. എന്നാൽ അവിടെ കഴിച്ച ഒരുവർഷം പഠനത്തിൽ ശ്രദ്ധിക്കാതെ കുത്തഴിഞ്ഞ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. അക്കാലത്ത് വിവാഹേതരമായി അദ്ദേഹത്തിനു ഒരു കുട്ടി ജനിച്ചതായി പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളിൽ നിന്ന് അദ്ദേഹം മുക്തനായത് രക്ഷാകർത്താവിന്റെ സഹായത്തോടെയാണ്. എന്നാൽ അതോടെ അദ്ദേഹത്തിനു കേംബ്രിഡ്ജിലെ പഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്കു പോകേണ്ടി വന്നു. കൊളൊംബിയാ1934-ൽ അമേരിക്കയിൽ വീണ്ടുമെത്തിയ മെർട്ടൻ ന്യൂയോർക്കിലെ കൊളൊംബിയാ സർവകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹം പഠനത്തിൽ ശോഭിക്കുകയും പ്രതിഭാശാലിയായ ഒരു യുവബുദ്ധിജീവി എന്ന നിലയിൽ അംഗീകാരം നേടുകയും ചെയ്തു. കമ്മ്യൂണിസം ഉൾപ്പെടെയുള്ള പ്രത്യയശാസ്ത്രങ്ങളുമായി അദ്ദേഹം ഇക്കാലത്ത് പരിചയപ്പെട്ടു. സന്യാസംഎന്നാൽ ഇക്കാലത്തു തന്നെ അദ്ദേഹം ഒരു പ്രത്യേകതരം പരിവർത്തനത്തിലൂടെ കടന്നുപോയി. അതേവരെ, ഏതെങ്കിലും ഒരു മതത്തോട് പ്രത്യേകമായ മമത പുലർത്താത്ത അജ്ഞേയവാദിയായിരുന്ന മെർട്ടൺ, 22-ആമത്തെ വയസ്സിനടുത്ത്, ക്രിസ്തുമതത്തിലേയ്ക്കും, പ്രത്യേകമായി കത്തോലിക്കാവിശ്വാസത്തിലേക്കും ആകർഷിക്കപ്പെടാൻ തുടങ്ങി. കൊളൊംബിയായിൽ ഗവേഷണബിരുദലബ്ധിയുടെ അടുത്തെത്തിയിരുന്ന അദ്ദേഹം ആ വഴിക്കു മുന്നോട്ടുപോകുന്നതിനു പകരം, സമീപത്തുള്ള ഒരു ഫ്രാൻസിസ്കൻ കലാലയത്തിൽ അദ്ധ്യാപകനാവുകയും, ന്യൂയോർക്കിലെ ഹാർലെം പ്രദേശത്ത് ക്രിസ്തീയ സാമൂഹ്യപ്രവർത്തനത്തിൽ മുഴുകുകയും ചെയ്തു. സന്യാസജീവിതത്തിലുള്ള താത്പര്യം വർദ്ധിച്ച മെർട്ടൺ ഫ്രാൻസിസ്കൻ സന്യാസസമൂഹത്തിൽ ചേരാനാണ് ആദ്യം തീരുമാനിച്ചത്. എങ്കിലും ഒടുവിൽ അദ്ദേഹം ചേർന്നത്, കടുത്ത തപോനിനിഷ്ഠയ്ക്ക് പേരുകേട്ടിരുന്ന സിസ്റ്റേർഷ്യൻ സഭയിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനു പുതിയ വഴിത്തിരിവു നൽകിക്കൊണ്ട് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചിട്ടു രണ്ടു ദിവസം കഴിഞ്ഞ്, 1941 ഡിസംബർ 9-ന് മെർട്ടൺ, കെന്റക്കി സംസ്ഥാനത്തെ ഗെത്സമേനിയിൽ സിസ്റ്റേർസിയന്മാരുടെ ട്രാപ്പിസ്റ്റ് ആശ്രമത്തിൽ ചേർന്നു. അപ്പോൾ അദ്ദേഹത്തിനു 26 വയസ്സുണ്ടായിരുന്നു. 1943 ഏപ്രിൽ മാസം, ബ്രിട്ടീഷ് വ്യോമസേനയിൽ അംഗമായിരുന്ന മെർട്ടന്റെ സഹോദരൻ ജോൺ പോൾ ഒരു വ്യോമാക്രമണദൗത്യത്തിനിടെ വിമാനം തകർന്നു മരിച്ചു. 'ഏഴെടുപ്പു മല'സന്യാസിയായി വർഷങ്ങൾക്കു ശേഷവും മെർട്ടൺ പറഞ്ഞത് തനിക്ക് സന്യാസജീവിതത്തിലേയ്ക്കുള്ള നിയുക്തിയെക്കുറിച്ച് അപ്പോഴും ഉറപ്പില്ലെന്നും എന്നാൽ എഴുത്തുകാരാനാകാനുള്ള നിയുക്തിയെക്കുറിച്ച് ഒട്ടും സംശയമില്ലെന്നും ആയിരുന്നു. 1946-ൽ ആശ്രമപ്രവേശനത്തിനു അഞ്ചു വർഷത്തിനു ശേഷം, 31 വയസ്സുള്ള മെർട്ടൺ തന്റെ അതേവരേയുള്ള ജീവിതത്തിന്റേയും ആത്മീയപരിവർത്തനത്തിന്റേയും കഥ, ആശ്രമാധികാരികളുടെ അനുമതിയോടെ എഴുതി തീർത്തു. അധികാരികളുടെ കർക്കശമായ സംശോധനക്കും നീക്കുപോക്കുകൾക്കും ശേഷമാണെങ്കിലും, 1948-ൽ "ദ സെവൻ സ്റ്റോറി മൗണ്ടൻ" (ഏഴെടുപ്പു മല) എന്ന പേരിൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു. ഏഴെടുപ്പുകളുള്ള മല എന്ന ആശയവും ഗ്രന്ഥനാമവും, ദാന്റേയുടെ ഡിവൈൻ കോമഡിയിലെ ശുദ്ധീകരണസ്ഥലസങ്കല്പത്തെ ആശ്രയിച്ചാണ്. "ഏഴെടുപ്പുമല" വിശ്വാസത്തിന്റെ ആത്മകഥ(an autobiography of faith) വിശേഷിക്കപ്പെട്ടു. ഘട്ടങ്ങളായി മെർട്ടന്റെ ജീവിതത്തിൽ സംഭവിച്ച ദാർശനികവും പ്രതിബദ്ധതാപരവുമായ പരിവർത്തനത്തിന്റെ കഥയാണ് ഈ കൃതി. ആത്മപ്രേമത്തിൽ നിന്നു തുടങ്ങി, കമ്മ്യൂണിസത്തിലും കത്തോലിക്കാവിശ്വാസത്തിലും കൂടി കടന്നു പോകുന്ന അദ്ദേഹം ഒടുവിൽ ആശ്രമജീവിതം കണ്ടെത്തുന്നു. ഏഴെടുപ്പുമലയുടെ പ്രസിദ്ധീകരണം വൻവിജയമായി. ആദ്യപതിപ്പ് 7500 പ്രതികൾ അച്ചടിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, പ്രീ-പബ്ലിക്കേഷൻ വില്പന തന്നെ ഇരുപതിനായിരം കവിഞ്ഞു. ഒടുവിൽ ആദ്യത്തെ ഹാർഡ് കവർ പതിപ്പു ആറുലക്ഷം പേപ്പർ ബാക്ക് പതിപ്പ് പത്തു ലക്ഷവും പ്രതികൾ വിറ്റഴിഞ്ഞു. അനേകം ഭാഷകളിൽ ഈ കൃതി പരിഭാഷപ്പെടുത്തപ്പെട്ടു. മെർട്ടനും അദ്ദേഹം അന്തേവാസി ആയിരുന്ന ഗെത്സമേനി ആശ്രമത്തിനും ഈ കൃതി ആഗോളപ്രശസ്തി നേടിക്കൊടുത്തു. പക്വതഗെത്സമേനിയിലെ അന്തേവാസിയായിരുന്ന ദീർഘമായ കാലയിളവിനുള്ളിൽ മെർട്ടൺ ഏഴെടുപ്പുമലയിൽ പ്രത്യക്ഷപ്പെടുന്ന വികാരജീവിയും അന്തർമുഖിയുമായ സന്യാസി എന്ന നിലയിൽ നിന്ന്, ധ്യനശീലനായ ഒരു എഴുത്തുകാരനും കവിയും ആയി മാറി. മറ്റു മതങ്ങളുമായി നടത്തിയ ക്രിയാത്മകമായ സംവാദങ്ങളും അമേരിക്കയിലെ വംശലഹളകളുടേയും വിയറ്റ്നാം യുദ്ധത്തിന്റേയും കാര്യത്തിൽ സ്വീകരിച്ച അഹിംസാപൂർവമായ നിലപാടിന്റേയും പേരിൽ 1960-കളിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അപ്പോഴേയ്ക്ക് അദ്ദേഹത്തിന്റെ ദർശനം വിശ്വശാന്തി, മനുഷ്യജാതികൾക്കിടയിലെ സഹവർത്തിത്വം, സാമൂഹ്യനീതി എന്നീ ആശയങ്ങളിലുറച്ച വിശാലമാനവികതയായി പരിണമിച്ചിരുന്നു. രാഷ്ട്രീയ മാനങ്ങളുള്ള ഒരു തരം തീവ്രത അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ആശയപരമായ സങ്കുചിതത്ത്വം ഇല്ലാത്ത അഹിംസാത്മക നിലപാടായിരുന്നു അത്. ലാളിത്യത്തിൽ അടിയുറച്ച ആ ദർശനത്തെ അദ്ദേഹം ക്രിസ്തീയസംവേദനം(Christian sensibility) എന്നു വിശേഷിപ്പിച്ചു. ലത്തീൻ അമേരിക്കയിലെ കത്തോലിക്കാ ലേഖകനായ ഏണെസ്റ്റോ കാർദെനലിനുള്ള ഒരു കത്തിൽ മെർട്ടൺ ഇങ്ങനെ എഴുതി: "കണിക്കില്ലാത്ത അധികാരം കയ്യാളി പരസ്പരം പോരടിക്കുന്ന വലിയ കുറ്റവാളികളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. ശുദ്ധഗതിക്കാരായ പക്ഷപാതികളേയും, പോലീസുകാരേയും, പാതിരിമാരേയും മുൻനിർത്തിയാണ് അവരുടെ പോരാട്ടം. അവർ പത്രങ്ങളേയും, ഇതര വാർത്താവിനിമയോപാധികളേയും നിയന്ത്രിക്കുകയും എല്ലാവരേയും തങ്ങളുടെ പോരാളികളാക്കുകയും ചെയ്യുന്നു."[10] ഏകാന്തജീവിതത്തിനുള്ള തീവ്രമായ അഭിലാഷം മെർട്ടണുണ്ടായിരുന്നു. 1965-ൽ അദ്ദേഹത്തിനു ഗെത്സമേനിയിൽ ഒരു പ്രത്യേക പർണ്ണശാല അനുവദിച്ചു കിട്ടി. അതിനകം രാഷ്ട്രാന്തരപ്രശസ്തി നേടുകയും, ലോകമൊട്ടാകെയുള്ള അനേകം പ്രശസ്തവ്യക്തികളുമായി നിരന്തരം കത്തിടപാടുകൾ നിലനിർത്തുകയും ചെയ്തിരുന്നെങ്കിലും ആശ്രമത്തിനു പുറത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളെ അധികാരികൾ നിയന്ത്രിച്ചു. ഇതേച്ചൊല്ലി അദ്ദേഹവും കാലാകാലങ്ങളിലെ ആശ്രമാധിപന്മാരും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. പ്രണയം1966 മേയ് മാസത്തിൽ, കഠിനമായ നടുവുവേദനയുടെ ചികിത്സക്കായി മെർട്ടൻ ഒരു ശസ്ത്രക്രിയക്കു വിധേയനായി. ലൂയിസ്‌വില്ലയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കെ അദ്ദേഹം തന്റെ പരിചരണത്തിന്റെ ചുമതലക്കാരിയായിരുന്നു അവിടത്തെ ഒരു വിദ്യാർത്ഥി-നഴ്സുമായി പ്രണയത്തിലായി. അവളെക്കുറിച്ച് അദ്ദേഹം കവിതകളെഴുതുകയും "എം-നെക്കുറിച്ചുള്ള മദ്ധ്യവേനൽ കുറിപ്പുകൾ" എന്ന രചനയിൽ ഈ ബന്ധത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്തു. ആ പെൺകുട്ടിയുമായി അഗാധപ്രണയത്തിലായ അദ്ദേഹത്തിനു തന്റെ സന്യാവൃതനിഷ്ഠയിൽ ഉറച്ചുനിൽക്കാൻ പണിപ്പെടേണ്ടി വന്നു. ഒടുവിൽ ആ ശ്രമത്തിൽ വിജയിച്ച അദ്ദേഹം സന്യാസവൃതവാഗ്ദാനം ആവർത്തിച്ചു കൊണ്ട് ആ ബന്ധം ഉപേക്ഷിച്ചു.[11] യാത്ര1968-ൽ പുതുതായി സ്ഥാനമേറ്റ ആശ്രമാധിപൻ ഫ്ലാവിയൻ ബേൺസ്, മെർട്ടണെ ഏഷ്യൻ രാഷ്ട്രങ്ങൾ സന്ദർശിക്കാൻ അനുവദിച്ചു. ആ യാത്രയിൽ ഇന്ത്യയിലെത്തിയ അദ്ദേഹം, മൂന്നു വട്ടം ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. തിബറ്റൻ ആത്മീയചിന്തകൻ ചത്രാൽ റിൻപോഞ്ചേയും അദ്ദേഹം കണ്ടു. ഡാർജിലിംഗിൽ മെർട്ടൺ തിബത്തിൽ നിന്നുള്ള പ്രവാസി സന്യാസിമാർക്കൊപ്പം എട്ടു ദിവസം നീണ്ട ഒരു ഏകാന്തധ്യാനത്തിലും പങ്കെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ അവസാനത്തേതായി കലാശിച്ച കത്തിൽ മെർട്ടൺ ഇങ്ങനെ എഴുതി: "ഈ പുതിയ സുഹൃത്തുക്കളുമായുള്ള ആശയവിനിമയം, ക്രിസ്തുവിലുള്ള വിശ്വാസവും അവന്റെ സാന്നിദ്ധ്യവും നൽകുന്ന സാന്ത്വനത്തിൽ എന്നെ ഉറപ്പിക്കുന്നു. അവൻ നാമെല്ലാവരുടേയും ഹൃദയങ്ങളിൽ വസിക്കുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷയും വിശ്വാസവും."[12] അക്കാലത്ത് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലെ പൊലോന്നൊരുവായും അദ്ദേഹം സന്ദർശിച്ചു. അവിടെ ഗൗതമബുദ്ധന്റെ ഒരു കൂറ്റൻ പ്രതിമയുടെ ദർശനം അദ്ദേഹത്തിനു വിചിത്രമായൊരു ആത്മീയാനുഭവം നൽകി. സന്യാസിയായി ഏഷ്യയിൽ കഴിയാൻ മെർട്ടൺ ആഗ്രഹിച്ചിരുന്നു എന്നു കരുതുന്നവരുണ്ട്. ജപ്പാനിൽ ക്യോട്ടോയിൽ അമേരിക്കൻ കവി സിദ് കോർമാനെ സന്ദർശിക്കാൻ മെർട്ടൻ പദ്ധതിയിട്ടിരുന്നു. എങ്കിലും ആ ലക്ഷ്യം സഫലമായില്ല. മരണം1968 ഡിസംബർ പത്താം തിയതി മെർട്ടൺ കത്തോലിക്കരും അല്ലാത്തവരുമായ സന്യാസികൾ തമ്മിലുള്ള ഒരു മതാന്തരസംവാദത്തിൽ പങ്കെടുക്കാൻ ബാങ്കോക്കിലെത്തി. അവിടെ, ഹോട്ടലിലെ കുളിമുറിയിൽ നിന്നു വെളിയിലേക്കിറങ്ങുമ്പോൾ മുറിയിലെ ഒരു ഫാൻ ക്രമീകരിക്കാൻ കൈനീട്ടിയ അദ്ദേഹം വൈദ്യുതാഘാതത്തിൽ മരിച്ചു.[13] 1941-ലെ സന്യാസവൃതസ്വീകരണത്തിനു കൃത്യം 27 വർഷങ്ങൾക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.[14] മെർട്ടന്റെ ഭൗതികശരീരം വിമാനമാർഗ്ഗം അമേരിക്കയിലെത്തിച്ച് ഗെത്സമേനി അശ്രമത്തിൽ സംസ്കരിച്ചു. അവലംബം
|
Portal di Ensiklopedia Dunia