തിരു-കൊച്ചി
ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി. 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു. ഐക്യകേരളപ്രസ്ഥാനംഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ, മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് പൊതുവായി ഒരു സംസ്ഥാനം എന്ന അഭിപ്രായം പൊതുജനങ്ങൾക്കിടയിൽ ആവിർഭവിച്ചുതുടങ്ങിയിരുന്നു. പക്ഷേ തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്രരാജ്യങ്ങളായിരുന്നതും മലബാർ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണനിയന്ത്രണത്തിലുണ്ടായിരുന്നതും ഈ സാദ്ധ്യതയ്ക്കു തടസ്സമായി നിന്നു. 1921 മുതൽക്കു തന്നെ കോൺഗ്രസ് അതിന്റെ അഖിലകേരളസമ്മേളനങ്ങളെല്ലാം കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സംഘടിപ്പിച്ചിരുന്നതു്. ഈ സമ്മേളനങ്ങൾ മൂന്നു മേഖലകളിൽ നിന്നുമുള്ള പ്രവർത്തകർക്കു് തമ്മിൽ കാണാനും കൂട്ടായി തീരുമാനങ്ങളെടുക്കാനും അവസരം നൽകി. 1928 ഏപ്രിലിൽ എറണാകുളത്തുവെച്ച് നാട്ടുരാജ്യപ്രജാസമ്മേളനം എന്ന പേരിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ഒരു യോഗം നടന്നു. പ്രസ്തുതയോഗത്തിൽ അവർ ഐക്യകേരളപ്രമേയം എന്നൊരു രേഖ തയ്യാറാക്കി അംഗീകരിച്ചു. ഇതിനു തൊട്ടു പിന്നീടായി മേയിൽ പയ്യന്നൂർ വെച്ചു് ജവഹർലാൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ ഒരു രാഷ്ട്രീയസമ്മേളനം നടക്കുകയുണ്ടായി. സ്വതന്ത്രഭാരതം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തെ മൊത്തത്തിൽ ഒരു പ്രത്യേക പ്രവിശ്യയായി പുനഃസംഘടിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നു് ഈ സമ്മേളനം കോൺഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തോട് പ്രമേയം വഴി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി സുനിശ്ചിതമായതോടെ, ഐക്യകേരളപ്രസ്ഥാനത്തിനു ശക്തി വർദ്ധിച്ചു. കൊച്ചിയിലെ കേരളവർമ്മമഹാരാജാവ് 1946 ജൂലൈ 29നു് നിയമസഭയ്ക്കയച്ച ഒരു സന്ദേശത്തിൽ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് ഒരു ഐക്യകേരളം രൂപവൽക്കരിക്കുന്നതിനു് അനുകൂലാഭിപ്രായം പ്രകടിപ്പിച്ചു (തന്മൂലം അദ്ദേഹം 'ഐക്യകേരളത്തമ്പുരാൻ' എന്നറിയപ്പെടാൻ തുടങ്ങി). ഇതോടെ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഐക്യകേരളപ്രാപ്തിക്കുവേണ്ടി ഒരു സബ് കമ്മിറ്റിയുണ്ടാക്കി. കെ.പി. കേശവമേനോന്റെ അദ്ധ്യക്ഷതയിൽ 1946ൽ ചെറുതുരുത്തിയിൽ വെച്ച് ഈ സമിതി യോഗം ചേർന്നു. ഐക്യകേരളസമ്മേളനംചെറുതുരുത്തി യോഗത്തിന്റെ തീരുമാനപ്രകാരം 1947 ഏപ്രിലിൽ തൃശ്ശൂർ വെച്ച് പ്രഥമ ഐക്യകേരളസമ്മേളനം വിളിച്ചുകൂട്ടി. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അന്നേവരെ കേരളത്തിൽ നടന്നിട്ടുള്ള ഏതു സമ്മേളനത്തേക്കാളും പ്രാതിനിധ്യസ്വഭാവം ഈ പരിപാടിക്കുണ്ടായി. കൊച്ചി രാജാവു് സമ്മേളനത്തിൽ നേരിട്ടു സന്നിഹിതനാവുകയും ഐക്യകേരളസ്ഥാപനത്തിനെ സർവ്വാത്മനാ അനുകൂലിച്ചുകൊണ്ട് പ്രസംഗിക്കുകയും ചെയ്തു. ഈ യോഗം, കാലവിളംബം കൂടാതെ ഐക്യകേരളം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം പാസ്സാക്കി. പ്രമേയം പ്രാവർത്തികമാക്കാൻ 100 അംഗങ്ങളുള്ള ഒരു സ്ഥിരം സമിതിയേയും യോഗം തെരഞ്ഞെടുത്തു. 1949 ഫെബ്രുവരിയിൽ ആലുവായിലും നവംബറിൽ പാലക്കാട്ടും വച്ച് ഈ സമ്മേളനത്തിന്റെ അനുബന്ധസമ്മേളനങ്ങൾ നടന്നു. തിരു-കൊച്ചി രൂപപ്പെടുന്നുനാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാനപുന:സംഘാടനത്തിനും വേണ്ടി ഇന്ത്യാ ഗവണ്മെന്റിനു കീഴിൽ സ്റ്റേറ്റ്സ് മിനിസ്ട്രി എന്ന പേരിൽ ഒരു വകുപ്പ് രൂപം കൊണ്ടിരുന്നു. സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു ഇതിന്റെ തലവൻ. വകുപ്പിന്റെ നയപരിപാടികൾ ഐക്യകേരളപ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തി സുകരമാക്കി. അതിലേക്കുള്ള ആദ്യനടപടി എന്ന നിലയിൽ തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ച് തിരുവിതാംകൂർ-കൊച്ചി എന്ന പേരിൽ ഒരൊറ്റ സംസ്ഥാനമാക്കി. ഇതിനകം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ മലബാർ നേരിട്ട് ഇന്ത്യൻ യൂണിയന്റെ ഭാഗമായിത്തീർന്നിരുന്നു. 1949 ജൂലൈ ഒന്നാം തീയതിയാണു് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം നിലവിൽ വന്നതു്. തിരുവിതാംകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാർ സംയോജനപ്രമാണത്തിൽ സഹർഷം ഒപ്പുവെച്ചു. പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി തിരുവിതാംകൂർ രാജാവ് അവരോധിക്കപ്പെട്ടു. കൊച്ചി രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനു് 'ഉപരാജപ്രമുഖൻ' എന്ന പദവി നൽകാൻ ചിത്തിര തിരുനാൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം "സ്വന്തം പ്രജകൾക്കു് കൂടുതൽ വിശാലമായ ഒരു ജീവിതം കൈവരാൻ വേണ്ടി സമസ്താവകാശങ്ങളും ത്യജിക്കാൻ" സ്വയം സന്നദ്ധനായി. ഇരുരാജ്യങ്ങളിലേയും നിയമസഭകളും മന്ത്രിസഭകളും വിവിധ വകുപ്പുകളും മറ്റു ഭരണസംവിധാനങ്ങളും ഏകോപിപ്പിക്കപ്പെട്ട് പുതിയ സംസ്ഥാനത്തിന്റേതായി മാറി. നിയമനിർമ്മാണസഭ (സെക്രട്ടറിയേറ്റ്) അടക്കം തലസ്ഥാനം തിരുവനന്തപുരത്തും നീതിന്യായസംവിധാനത്തിന്റെ ആസ്ഥാനമായ ഹൈക്കോടതി എറണാകുളത്തും ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. സംസ്ഥാനത്തിന്റെ പേരിന്റെ ചുരുക്കം തിരു-കൊച്ചി (തിരുക്കൊച്ചി അല്ല) എന്നുമറിയപ്പെട്ടു. 1950 ജനുവരി ഒന്നിനു് തിരു-കൊച്ചിയെ സംസ്ഥാനമായി കേന്ദ്രസർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രിമാർനിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായി രാജപ്രമുഖൻ നിയമിച്ചുവന്നു. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മറ്റുമന്ത്രിമാരെയും രാജപ്രമുഖൻ നിയമിച്ചുവന്നു. ഇത്തരത്തിൽ അഞ്ച് മുഖ്യമന്ത്രിമാരാണു് തിരു-കൊച്ചി സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ഇവരിലാരും കാലാവധി പൂർത്തിയാക്കിയില്ലെന്നത് ശ്രദ്ധേയമാണ്.
ഉപവിഭാഗങ്ങൾതിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ എന്നിങ്ങനെ നാലുജില്ലകളാണ് തിരു-കൊച്ചിയിലുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നത്തെ കന്യാകുമാരി ജില്ലയുടെയും കൊല്ലം ജില്ലയിൽ ഇന്നത്തെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെയും കോട്ടയം ജില്ലയിൽ ഇന്നത്തെ എറണാകുളം, ഇടുക്കി ജില്ലകളുടെയും തൃശ്ശൂർ ജില്ലയിൽ ഇന്നത്തെ എറണാകുളം, പാലക്കാട് ജില്ലകളുടെയും ഭാഗങ്ങളുണ്ടായിരുന്നു. ആകെ മൊത്തം 36 താലൂക്കുകളാണുണ്ടായിരുന്നത്.
തിരു-കൊച്ചിയുടെ ഭരണചരിത്രം |
Portal di Ensiklopedia Dunia